July 12, 2025 |
Share on

ഇതുവരെ മനുഷ്യർ കണ്ടിട്ടില്ലാത്ത നിറം; ഒലോയുമായി യുഎസ് ​ഗവേഷകർ

അഞ്ച് ​ഗവേഷകരാണ് പരീക്ഷണത്തിലൂടെ പുതിയ നിറം കണ്ടെത്തിയിരിക്കുന്നത്

ലേസറുകളുടെ നൂതന സാങ്കേതികവിദ്യ ഉപയോ​ഗിച്ച് ഇതുവരെ മനുഷ്യർ കണ്ടിട്ടില്ലാത്ത നിറം കണ്ടെത്തിയതായി അവകാശപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ​ഗവേഷകർ. ലേസർ റെറ്റിനയിലെ വ്യക്തി​ഗത കോശങ്ങളെ ഉത്തേജിപ്പിക്കുകയും മനുഷ്യരെ അവരുടെ സാധാരണ ദൃശ്യ പരിധിക്കപ്പുറം കാണാൻ സാധിക്കുമെന്ന് ​ഗവേഷകർ അഭിപ്രായപ്പെട്ടതായി ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. കണ്ടെത്തിയ പുതിയ നിറത്തിന് ഒലോ എന്നാണ് പേര് നൽകിയിരിക്കുന്നത്.

പരീക്ഷണത്തിന്റെ വിശദാംശങ്ങൾ ഏപ്രിൽ 18ന് സയൻസ് അഡ്വാൻസസ് മാ​ഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നു. അഞ്ച് ​ഗവേഷകരാണ് പരീക്ഷണത്തിലൂടെ പുതിയ നിറം കണ്ടെത്തിയിരിക്കുന്നത്. പുതിയ നിറം നീല-പച്ച നിറങ്ങളുടേതുമായി സാമ്യമുള്ളതായും ​ഗവേഷകർ പറയുന്നു.

ഗവേഷണത്തിന്റെ തുടക്കം മുതൽ തന്നെ ഇത് പൂർണ്ണമായും പുതിയൊരു നിറമായി കാണപ്പെടുമെന്ന് ഞങ്ങൾ പ്രവചിച്ചിരുന്നു. പക്ഷേ തലച്ചോറ് എങ്ങനെ പ്രതികരിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ​ഗവേഷണം അതിശയിപ്പിക്കുന്നതായിരുന്നു, ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറായ റെൻ എൻജി പറഞ്ഞതായി ​ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ കൃത്യമായ നിറം എന്താണെന്ന് മോണിറ്ററിലോ പേപ്പറിലോ കാണിക്കാൻ കഴിയുന്നതല്ലെന്ന് ടീമിലെ വിഷൻ ശാസ്ത്ര‍ജ്ഞനായ ഓസ്റ്റിൻ റൂർദ പറഞ്ഞു. ഇത് സാധാരണ നിറത്തിനെ പോലെയല്ലെന്നും ജനങ്ങൾക്ക് എന്നാണ് ഇത് കാണാൻ കഴിയുന്നതെന്ന് ഉറപ്പ് പറയാൻ കഴിയുന്നതല്ലെന്നും റൂർദ പറഞ്ഞു.

ഒലോ നിറം വിആർ സാങ്കേതികവിദ്യക്ക് അതീതമാണ്. സ്മാർട്ട് ഫോണിലോ ടിവി സ്ക്രീനിലോ ഈ നിറത്തിനെ കാണാൻ സാധിക്കില്ല. ഈ പരീക്ഷണം പുതിയതായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതിന്റെ മൂല്യം വളരെ വലുതാണ്. കണ്ണിലെ എം കോണുകൾ സജീവമാകുമ്പോൾ മാത്രം കാണുന്ന കൂടുതൽ തീവ്രമായ പച്ചയോട് സാമ്യമുള്ള നിറമാണിത്. ലണ്ടൻ സർവകലാശാലയിലെ സെന്റ് ജോർജ്ജ് സിറ്റിയിലെ വിഷൻ സയന്റിസ്റ്റായ ജോൺ ബാർബർ ദി ഗാർഡിയനോട് പറഞ്ഞു.

പ്രകാശം റെറ്റിനയിലെ കോണുകൾ എന്നറിയപ്പെടുന്ന പ്രത്യേക കോശങ്ങളിൽ പതിക്കുമ്പോഴാണ് മനുഷ്യർക്ക് നിറം മനസ്സിലാകുന്നത്. ഇത് മൂന്ന് തരത്തിലാണുള്ളത്. എൽ കോണുകൾ (നീണ്ട തരംഗദൈർഘ്യം), എം കോണുകൾ (ഇടത്തരം), എസ് കോണുകൾ (ഹ്രസ്വ). ഓരോന്നും പ്രകാശ സ്പെക്ട്രത്തിന്റെ വ്യത്യസ്ത ഭാഗങ്ങളോട് പ്രതികരിക്കുന്നു.

Content Summary: u.s Scientists Say They’ve Discovered a Color No One Has Ever Seen Before

Tags:

Leave a Reply

Your email address will not be published. Required fields are marked *

×