‘യു.ഡി.എഫ് ജയിക്കും, ഭരണത്തില്‍ വരും… ഉറപ്പ്, ഉറപ്പ്, ഉറപ്പ്…’ എ.കെ. ആന്റണി

തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരു പത്രസമ്മേളനം മാത്രമാണ് ഞാന്‍ നടത്തിയത്

ഇത്തവണ യു.ഡി.എഫ് ജയിച്ച് ഭരണത്തില്‍ വരും എന്ന കാര്യത്തില്‍ തനിക്ക് ഒരു സംശയവുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ഉറപ്പിച്ച് പറയുന്നു. എത്ര സീറ്റുകള്‍ കിട്ടും എന്ന നമ്പര്‍ ഗേം കളിക്കാന്‍ ഞാന്‍ തയ്യാറല്ല എന്നും അദ്ദേഹം പറഞ്ഞു. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി തുടര്‍ച്ചയായ ചര്‍ച്ചകളിലൂടെയാണ് സ്ഥാനാര്‍ത്ഥികള്‍ നിശ്ചയിക്കപ്പെട്ടത്. വളരെ ജനാധിപത്യ രീതിയില്‍ തന്നെയാണ് അത് നടത്തിയിട്ടുള്ളത്.

തെങ്ങ് ചിഹ്നത്തിലാണ് താന്‍ ആദ്യമായി മത്സരിക്കുന്നത്. പിന്നീട് കൈപ്പത്തി ചിഹ്നത്തില്‍ ആയിരുന്നു മത്സരിച്ചിരുന്നത്. അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് താന്‍. എല്ലാ തവണയും ദൃഢപ്രതിജ്ഞയാണ് ചെയ്തത്. ചേര്‍ത്തലയില്‍ ഞാന്‍ മത്സരിക്കുമ്പോള്‍ ശിവഗിരിയും എന്‍എസ്എസും എന്നെ നഖശിഖാന്തരം എതിര്‍ത്ത് പരസ്യമായി പ്രചരണം നടത്തിയിരുന്നു. പക്ഷേ ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തു. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നത് പൊതുജനങ്ങള്‍ ഇന്നും എന്നെ അംഗീകരിക്കുന്നു എന്നുള്ളതിലാണ്.

സാങ്കേതികവിദ്യ വളര്‍ന്നതോടുകൂടി നിരീക്ഷണം ജനങ്ങളില്‍ കൂടിയിരിക്കുന്നു. മലയാള ഭാഷാപ്രയോഗങ്ങള്‍ പരിധിവിട്ടു പ്രയോഗിക്കുന്നത് ഇന്ന് എത്ര കുറവാണ്. ആദ്യകാലങ്ങളില്‍ ദൃശ്യമാധ്യമ രംഗങ്ങളൊക്കെ സജീവമായി വരുന്നതിനുമുമ്പ് ഇതിലും എത്രയോ മോശമായാണ് പല പൊതുവേദികളിലും പ്രമുഖ നേതാക്കള്‍ ഭാഷാപ്രയോഗങ്ങള്‍ നടത്തിയിട്ടുള്ളത്. അത്ര ശക്തമായ ഭാഷാപ്രയോഗങ്ങളൊന്നും ഇന്നില്ല എന്ന് ഒരു പഴയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നുള്ള നിലയില്‍ എനിക്ക് പറയുവാന്‍ സാധിക്കും.

തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരു പത്രസമ്മേളനം മാത്രമാണ് ഞാന്‍ നടത്തിയത്. എനിക്ക് പറയാനുള്ളതെല്ലാം അന്ന് ഞാന്‍ പറഞ്ഞു. അതുതന്നെയാണ് പിന്നീട് പലരും ആവര്‍ത്തിച്ചു പറഞ്ഞതും. കെപിസിസി ഓഫീസില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇന്നുള്ളത്. ഊര്‍ജ്ജസ്വലരായ നേതാക്കള്‍ ധാരാളം ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. യുവാക്കളായ ജനസംരംഭകരായ നേതാക്കളും ധാരാളമായി കോണ്‍ഗ്രസില്‍ ഉണ്ട്. ഇതിന്റെ അഭാവം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ട് എന്നുള്ളതാണ് ഏറ്റവും അപചയം.

എന്റെ ആദ്യ പത്രസമ്മേളനത്തില്‍ ഞാനൊരു കാര്യം ചൂണ്ടിക്കാണിക്കുകയുണ്ടായി. തുടര്‍ഭരണം ഉണ്ടാവുകയാണെങ്കില്‍ അത് ഏറ്റവും വലിയ ദുരന്തമായി മാറും എന്നതായിരുന്നു അത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകരരുത് എന്നതാണ് തന്റെ ആഗ്രഹം. ശക്തമായ പ്രതിപക്ഷം എന്നും ഭരിക്കുന്നവര്‍ക്ക് ഊര്‍ജ്ജം ആയിരിക്കും. അത് കാലങ്ങളായി നമ്മുടെ കേരളത്തില്‍ നടക്കുന്നുണ്ട്. എന്റെ പത്രസമ്മേളനം കഴിഞ്ഞ ഉടനെ ഒരു പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് എന്നെ വിളിച്ച് പറഞ്ഞത് ഞാന്‍ ഓര്‍ക്കുകയാണ്. ഞങ്ങളുടെ മനസ്സിലുള്ള കാര്യമാണ് താങ്കള്‍ പറഞ്ഞത് എന്ന്.

പ്രായം നമ്മള്‍ തിരിച്ചറിയണം. ദുരന്തത്തില്‍ നിന്നും നമ്മള്‍ പിന്‍വലിക്കേണ്ട സമയമുണ്ട് എന്ന് സ്വയം തിരിച്ചറിയണം. ഞാനത് തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയങ്ങളില്‍ നിന്നെല്ലാം ഞാന്‍ പിന്മാറുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഞാന്‍ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഒന്നും പ്രസംഗിക്കുവാന്‍ പോകുന്നില്ല. ഞാന്‍ പറഞ്ഞ വാക്കുകളെല്ലാം പ്രചരണത്തിന്റെ വലിയ ശബ്ദങ്ങളായി മാറിയതില്‍ ഞാന്‍ സന്തോഷിക്കുന്നു.

Content Summary: UDF victory is certain in Kerala: senior congress leader A.K. Antony

This post was last modified on April 7, 2026 5:46 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment