തീ കൊളുത്തിയ പങ്കാളിയും ഗുരുതരാവസ്ഥയിൽ
ഒളിമ്പിക്‌സ് അത്‌ലറ്റ് റെബേക്ക ചെപ്‌റ്റെഗി പെട്രോൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. രണ്ട് ദിവസങ്ങൾക്ക് മുൻപ് പങ്കാളി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇക്കഴിഞ്ഞ പാരീസ് ഒളിംപിക്സിൽ പങ്കെടുത്തിരുന്ന ഉഗാണ്ടൻ ഒളിമ്പിക് അത്‌ലറ്റിന് ഞായറഴ്ച ഉണ്ടായ ആക്രമണത്തെ തുടർന്ന് കെനിയയിലെ ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്നു. ശരീരത്തിന്റെ 80% പൊള്ളലേറ്റ റെബേക്ക വ്യാഴാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
എൽഡോറെറ്റ് നഗരത്തിലെ മോയി ടീച്ചിംഗ് ആൻഡ് റഫറൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന റെബേക്കയുടെ മരണവിവരം പുറത്തുവിട്ടത് വക്താവ് ഓവൻ മെനാച്ച് ആണ്. ഏത് സാഹചര്യത്തിലും തനിക്ക് കൂട്ടായി നിന്നിരുന്ന മകളെ നഷ്ട്ടമായെന്ന് പിതാവ് ജോസഫ് ചെപ്‌റ്റെഗെ പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, റബേക്കയുടെ പങ്കാളി ഡിക്‌സൺ എൻഡീമ മരങ്കാച്ച്, ട്രാൻസ്-എൻസോയയിലെ പടിഞ്ഞാറൻ കൗണ്ടിയിലെ എൻഡെബെസിലെ വീട്ടിൽ വച്ച് ഞായറാഴ്ച പെട്രോൾ ഒഴിക്കുകയായിരുന്നു. വീടിന് പുറത്ത് ദമ്പതികൾ വഴക്കിടുന്നത് അയൽക്കാർ കേട്ടതായി ട്രാൻസ്-എൻസോയ കൗണ്ടി പോലീസ് കമാൻഡർ ജെറമിയ ഒലെ കോസിയോം റിപ്പോർട്ട് ചെയ്തു. വഴക്കിനിടെ, എൻഡീമ ഒരു ദ്രാവകം റബേക്കെയ്ക്ക് നേരെ ഒഴിക്കുകയും പിന്നീട് തീകൊളുത്തുകയും ചെയ്തു. എൻഡീമയ്ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇപ്പോൾ റബേക്കയെ പ്രവേശിപ്പിച്ച അതേ ആശുപത്രിയിൽ ചികിത്സയിലാണ്.
അത്‌ലറ്റിക് പരിശീലന കേന്ദ്രത്തിന് സമീപം ട്രാൻസ്-എൻസോയയിൽ ഭൂമി വാങ്ങി പുതിയ വീട് പണിതിരുന്നു. ആക്രമണത്തിന് മുൻപ് വീടു പണിത ഭൂമിയെ ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായി ലോക്കൽ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം പാരീസ് ഒളിമ്പിക്‌സിലെ മാരത്തണിൽ 44-ാം സ്ഥാനത്തെത്തിയ റബേക്ക, കഴിഞ്ഞ വർഷം ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 14-ാം സ്ഥാനത്തായിരുന്നു. 2022-ൽ, തായ്‌ലൻഡിൽ നടന്ന വേൾഡ് മൗണ്ടൻ ആൻഡ് ട്രയൽ റണ്ണിംഗ് ചാമ്പ്യൻഷിപ്പിൽ മൗണ്ടൻ റേസ് നേടിയിരുന്നു.
സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ കെനിയയിൽ സ്ഥിരമായി കൊണ്ടിരിക്കുകയാണ്. 2022-ൽ 34% സ്ത്രീകളെങ്കിലും ശാരീരിക പീഡനം നേരിട്ടുള്ളതായി രാജ്യത്ത് നടത്തിയ ഒരു സർവേയിൽ ചൂണ്ടികാണിക്കുന്നു. ” ഗാർഹിക പീഡനം നേരിട്ട് അതിദാരുണമായി കൊല്ലപ്പെട്ട ഞങ്ങളുടെ അത്‌ലറ്റ് റെബേക്ക ചെപ്‌റ്റെഗെയുടെ വിയോഗത്തിൽ ഞങ്ങൾ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സ്ത്രീകൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങളിൽ ഞങ്ങൾ അപലപിക്കുന്നു. റബേക്കയുടെ മരണത്തിൽ ഞങ്ങൾ നീതി ആവശ്യപ്പെടുകയാണ്. ” ഉഗാണ്ടയുടെ അത്‌ലറ്റിക്‌സ് ഫെഡറേഷൻ എക്‌സിൽ കുറിച്ചു.
Content summary; Ugandan Olympic runner Rebecca Cheptegei, 33, has died after her partner set her on fire.