ചരിത്രത്തിലാദ്യം, യുകെ സ്പൈ ഏജൻസി മേധാവിയായി ആദ്യ വനിത; ആരാണ് ബ്ലെയ്സ് മെട്രെവെലി?

എംഐ 6 ന്റെ 18ാമത്തെ മേധാവിയായാണ് ബ്ലെയ്സ് മെട്രെവെലിയെത്തുന്നത്

യുകെയുടെ വിദേശ രഹസ്യാന്വേഷണം വിഭാ​ഗമായ എംഐ 6 ന്റെ 116 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങി കെയർ സ്റ്റാർമർ ​ഗവൺമെന്റ്. എംഐ 6 ന്റെ 18ാമത്തെ മേധാവിയായി യുകെയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെത്തുന്നു. 1999ൽ സീക്രട്ട് ഇന്റലിജൻസ് സർവീസിൽ ചേർന്ന ബ്ലെയ്സ് മെട്രെവെലിയാണ് എംഐ 6 ന്റെ ആദ്യ വനിത മേധാവിയായി ചുമതലയേൽക്കാനൊരുങ്ങുന്നത്.

മെട്രെവെലിയുടെ നിയമനം ഒരു ചരിത്രമാണെന്നും യുകെയുടെ രഹസ്യാന്വേഷണം വിഭാ​ഗം വളരെ നിർണായകമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന അവസരത്തിലാണ് എംഐ 6 ന്റെ തലപ്പത്തേക്ക് മെട്രെവെലി എത്തുന്നതെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ​പറഞ്ഞതായി ദ ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

യുകെയുടെ സമുദ്രാതിർത്തിയിലേക്ക് ശത്രു രാജ്യങ്ങൾ ചാരക്കപ്പലുകൾ അയയ്ക്കുന്നുണ്ട്. അത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള അക്രമണകാരികളാലും പൊതു സേവനങ്ങളെ തടസ്സപ്പെടുത്താൻ സൈബർ ഗൂഢാലോചനകൾ നടത്തുന്ന ഹാക്കർമാരായാലും യുണൈറ്റഡ് കിംങ്ഡം വലിയ രീതിയിലുള്ള ഭീഷണികൾ നേരിടുകയാണ്, കെയർ സ്റ്റാർമർ കൂട്ടിച്ചേർത്തു.

47 കാരിയായ ബ്ലെയ്സ് മെട്രെവെലി നിലവിൽ സാങ്കേതികവിദ്യ, ഇന്നൊവേഷൻ തുടങ്ങിയ വിഭാ​ഗങ്ങളുടെ ചുമതലയുള്ള എംഐ 6 ന്റെ ക്യു വിഭാ​ഗത്തിലെ ഡയറക്ടർ ജനറലാണ്. കൗണ്ടർ-ഇന്റലിജൻസ് ഏജൻസിയായ എംഐ 5 ലും ഡയറക്ടറായി ചുമതല വഹിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് സോഷ്യൽ ആന്ത്രോപോളജി പഠനം പൂർത്തിയാക്കിയ മെട്രെവെലി തന്റെ കരിയറിൽ ഭൂരിഭാഗവും ചെലവഴിച്ചത് മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമായിരുന്നു.

എംഐ 6 നെ നയിക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനവും അതിലുപരി ഈ അവസരം ഒരു ബഹുമതിയായി കാണുന്നുവെന്നും മെട്രെവെലി അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിന് MI5, GCHQ എന്നിവയ്‌ക്കൊപ്പം എംഐ6 ഉം ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും തങ്ങളുടെ ധീരരായ ഓഫീസർമാർ, ഏജന്റുമാർ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരുമായി ആ പ്രവർത്തനം തുടരാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മെത്രെവെലി പറഞ്ഞു.

1909 ൽ സ്ഥാപിതമായതിനുശേഷം എംഐ 6ന് ഇന്നുവരെ ഒരു വനിതാ മേധാവി ഉണ്ടായിട്ടില്ല. അതേസമയം, എംഐ 5നും ജിസിഎച്ച്ക്യുവിനും വനിതാ മേധാവികൾ വന്നിട്ടുണ്ട്. ജിസിഎച്ച്ക്യു നിലവിൽ ആദ്യ വനിതയായ ആനി കീസ്റ്റ്-ബട്‌ലറുടെ നേതൃത്വത്തിലാണ്. എംഐ6 മേധാവിയെ ചീഫ് എന്നതിന് പകരം പരമ്പരാഗതമായി സി എന്നാണ് അറിയപ്പെടുന്നത്. ജെയിംസ് ബോണ്ട് സിനിമയിൽ ജൂഡി ഡെഞ്ചിന്റെ എം എന്ന കഥാപാത്രത്തെയാണ് മെട്രെവെലി ഓർമിപ്പിക്കുന്നതെന്ന് സിനിമാപ്രേമികൾ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

സ്ഥാനമൊഴിയുന്ന എംഐ 6 തലവൻ റിച്ചാർഡ് മൂർ അഞ്ച് വർഷം ഇൻ്റലിജൻസ് വിഭാ​ഗത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഇന്റലിജൻസ് മേധാവികൾക്ക് പരമാവധി സേവനമനുഷ്ഠിക്കാൻ കഴിയുന്നത് അഞ്ച് വർഷമാണ്. എംഐ6 ന്റെ തലവനായി എത്തുന്നതിന് മുൻപ് തുർക്കിയിലെ നയതന്ത്രജ്ഞനും അംബാസഡറുമായിരുന്നു റിച്ചാർഡ് മൂർ.

Content Summary: UK intelligence service MI6 appoints first female chief; who is Blaise Metreweli?

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment