വാഷിംഗ്ടൺ പോസ്റ്റിന് എതിരെ സൈബറാക്രമണം മാധ്യമപ്രവർത്തകരുടെ ഇമെയിൽ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. വിദേശ സർക്കാരുകൾ ആവാം ഇതിന് പിന്നിലെന്ന് നിഗമനത്തിലാണ് വാഷിംഗ്ടൺ പോസ്റ്റ് അധികൃതർ. മാധ്യമപ്രവർത്തകരുടെ മൈക്രോസോഫ്റ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായും ഇമെയിലിൽ സൂക്ഷിച്ചിരുന്ന വിവരങ്ങൾ പരിശോധിച്ചതായും ജീവനക്കാരെ കമ്പനി അധികൃതർ അറിയിച്ചു.
ദേശീയ സുരക്ഷ, സാമ്പത്തികനയം എന്നീ വിഷയങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടർമാരുടെ ഔദ്യോഗിക വിവരങ്ങളിലേക്കാണ് ഇവർ പ്രവേശനം നേടിയത്. ഇവർക്ക് പുറമേ ചൈനയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടർമാരെയും ലക്ഷ്യം വച്ചിരുന്നു. ജീവനക്കാരുടെ ഇമെയിൽ ആക്സസ് ചെയ്യാനും വിവരങ്ങൾ ചോർത്താനുമായുള്ള ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി പോസ്റ്റിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ മാറ്റ്സ് മുറെ ഒരു മെമോയിലൂടെയാണ് ജീവനക്കാരെ അറിയിച്ചത്. ചുരുക്കം ചില മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകളെ മാത്രം ലക്ഷ്യം വച്ചാണ് ഈ ആക്രമണം നടന്നതെന്നും മാറ്റ്സ് മുറെ വ്യക്തമാക്കി. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് കമ്പനി ഈ വിവരം കണ്ടെത്തിയത്. ഇതോടെ കമ്പനി അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. മാറ്റ്സ് മുറെ വാൾ സ്ട്രീറ്റ് ജേർണലിന്റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന സമയത്തും സമാനമായ ഒരു സംഭവമുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ മൈക്രോസോഫ്റ്റ് ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്ത ജീവനക്കാരെ തൊട്ടടുത്ത ദിവസം തന്നെ ഈ വിവരം ധരിപ്പിക്കുകയും മറ്റുള്ളവരോട് ഈ വിഷയം ചർച്ച ചെയ്യരുതെന്ന് പറയുകയും ചെയ്തിട്ടുണ്ട്. വിദേശ ഗവൺമെന്റുകൾ മറ്റു രാജ്യങ്ങളിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ വഴിയാണ് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, നിയമപാലകർ എന്നിവരുടെ മൈക്രോ സോഫ്റ്റ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. വിലപ്പെട്ടതും സെൻസിറ്റീവുമായ വിവരങ്ങൾ സൂക്ഷിക്കാൻ സാധ്യതയുള്ള ഒരു വിഭാഗമായത് കൊണ്ടാണ് ന്യൂസ് റിപ്പോർട്ടർമാരെ അവർ ലക്ഷ്യം വയ്ക്കുന്നത്. ഇക്കാര്യം മുൻനിർത്തി മാധ്യമപ്രവർത്തകർക്കും മനുഷ്യാവകാശ പ്രവർത്തകരുടെയും നീക്കങ്ങൾ പലപ്പോഴും നിരീക്ഷിച്ചിട്ടുണ്ട്.
2020 വരെ പഴക്കമുള്ള വിവരങ്ങൾ ഹാക്കിങ്ങിലൂടെ ഇമെയിൽ ആക്സസ് ചെയ്ത് പരിശോധിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. തായ്വാൻ, ചൈനയിലെ ഉയ്ഗൂർ വംശീയ വിഭാഗം തുടങ്ങി ചൈനയുമായി ബന്ധപ്പെട്ട പല വിവരങ്ങളാണ് കൂടുതലായി പരിശോധിച്ചത്. ചൈനയുടെ താത്പര്യങ്ങൾക്ക് പ്രയോജനകരാമാകുന്ന വിധത്തിലുള്ള വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാക്ക് ചെയ്തതെന്ന് ന്യൂസ് കോർപ്പിന്റെ സൈബർ സുരക്ഷാ കൺസൾട്ടന്റ് വ്യക്തമാക്കി. വിവരങ്ങൾ കൈമാറുന്നതിനും മറ്റുമായി സിഗ്നൽ പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാവാൻ സാധ്യതക്കുറവാണ്. ഡിജിറ്റൽ സംവിധാനങ്ങൾ സുരക്ഷിതമാക്കാനുള്ള കൂടുതൽ നടപടികൾ ജീവനക്കാർ സ്വീകരിക്കണമെന്നും മുറെ ജീവനക്കാരെ അറിയിച്ചു.
content summary: Cyberattack on Washington Post Targets Journalists’ Email Accounts