യുക്രെയന്‍- പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കിയും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ച ഉടക്കി പിരിഞ്ഞതോടെ ആശങ്കയില്‍ യൂറോപ്പ്. റഷ്യയുമായി ചങ്ങാത്തം ഉണ്ടാക്കിയിരിക്കുന്ന ട്രംപിന്റെ പുതിയ നീക്കങ്ങള്‍ എങ്ങനെയെല്ലാം ഇനി യുക്രെയ്ന്‍ അധിനിവേശത്തെയും യൂറോപ്പിന്റെ സമാധാനത്തെയും ബാധിക്കുമെന്നത് ആശങ്കാജനകമാണ്. മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പെന്നപോലെ പറഞ്ഞുകൊണ്ടിരിക്കുന്ന ട്രംപ്, സെലന്‍സ്‌കിയുടെ ‘ ധിക്കാര’ത്തിന് പിന്നാലെ വീണ്ടും ഇതേ ഭീഷണി മുഴക്കിയിട്ടുണ്ട്. മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുന്ന ചൂതാട്ടമാണ് സെലന്‍സ്‌കി നടത്തുന്നതെന്നാണ് യു എസ് പ്രസിഡന്റ് ഭീഷണിയുടെ സ്വരത്തില്‍ ആരോപിക്കുന്നത്. അതേസമയം, സെലന്‍സ്‌കിക് തെറ്റ് തിരുത്താനുള്ള അവസരവും ട്രംപ് നല്‍കുന്നുണ്ട്. സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തങ്ങളുടെ അടുക്കലേക്ക് മടങ്ങി വരണമെന്നാണ് ഉപദേശം. നിലവിലെ സംഘര്‍ഷം, റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കുന്നതില്‍ യുക്രെയ്ന് കിട്ടിക്കൊണ്ടിരുന്ന അമേരിക്കന്‍ സൈനിക സഹായത്തെയും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.
അമേരിക്ക കണ്ണുവച്ചിരിക്കുന്ന യുക്രെയ്നിലെ അപൂര്‍വ ധാതുവിഭവങ്ങളുടെ പങ്കാളിത്തത്തെ സംബന്ധിച്ച് തുടങ്ങിയ വൈറ്റ് ഹൗസ് ചര്‍ച്ച പെട്ടെന്നാണ് വഴി തിരിഞ്ഞതും പ്രകോപനപരമായതും. സെലന്‍സ്‌കിയില്‍ നിന്നുണ്ടാകുന്നത് മര്യാദയില്ലാത്ത പെരുമാറ്റമാണെന്നും മൂന്നാം ലോക മഹായുദ്ധത്തിനായി ചൂതാട്ടം നടത്തുകയാണ് യുക്രെയ്ന്‍ പ്രസിഡന്റ് എന്നുമായിരുന്നു ട്രംപിന്റെ ആരോപണം. ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സെലന്‍സ്‌കിക്ക് നേരെ രൂക്ഷമായ ആക്ഷേപങ്ങളാണ് ചൊരിഞ്ഞത്. അമേരിക്ക ചെയ്തു തന്നിട്ടുള്ള ഉപകാരങ്ങള്‍ക്ക് എപ്പോഴെങ്കിലും സെലന്‍സിക് നന്ദി പറഞ്ഞിട്ടുണ്ടോയെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തല്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി വിട്ടുവീഴ്ച്ചയിക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയായിരുന്നു സെലന്‍സ്‌കി. പുടിനെ ‘ കൊലയാളി’ എന്നാണ് സെലന്‍സ്‌കി വിളിച്ചത്. റഷ്യന്‍ അധിനിവേശം മൂലം ഞങ്ങള്‍ക്കുണ്ടായ നാശനഷ്ടം എത്രത്തോളം ഉണ്ടെന്ന് കാണണമെങ്കില്‍ യുക്രെയ്‌നിലേക്ക് വരാന്‍ സെലന്‍സ്‌കി, ജെഡി വാന്‍സിനോട് പറഞ്ഞു. ഇതോടെ വാക്കുതര്‍ക്കം കൂടുതല്‍ രൂക്ഷമായി. പബ്ലിസിറ്റി ടൂറുകള്‍ നടത്തുകയാണ് സെലന്‍സ്‌കി ചെയ്യുന്നതെന്നായിരുന്നു വാന്‍സിന്റെ പരിഹാസം.
ധാതു ഖനനത്തിനായി സംയുക്ത നിക്ഷേപ ഫണ്ട്് സ്വരൂപിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളില്‍ യുക്രെയ്‌നിന്റെ ആവശ്യങ്ങളേക്കാള്‍ യുഎസ് താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു. അമേരിക്കയുടെ താത്പര്യത്തില്‍ സൃഷ്ടിക്കുന്ന ഈ കരാര്‍ യുക്രെയ്ന്റെ 10 തലമുറകളെ കടക്കാരാക്കുമെന്ന് അവരുടെ ഉദ്യോഗസ്ഥര്‍ ആശങ്ക പറഞ്ഞു.
ചര്‍ച്ച പരാജയപ്പെട്ടതോടെ ആശങ്കയുടെതായൊരു അന്തരീക്ഷം ഉറഞ്ഞുകൂടിയിട്ടുണ്ട്. യുക്രെയ്ന്‍-അമേരിക്ക ബന്ധം ഉലയുന്നതു മാത്രമല്ല, റഷ്യയുടെ ഇനിയുള്ള നീക്കങ്ങളും ഭയമുണ്ടാക്കുന്നതാണ്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റും ഫ്രഞ്ച് പ്രസിഡന്റും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നേതാക്കള്‍ യുക്രെയ്ന്് പിന്തുണ അറിയിച്ചിട്ടുണ്ട്. അവരെല്ലാം ട്രംപിന്റെ പെരുമാറ്റത്തെ വിമര്‍ശിക്കുകയാണ്. ചേരിതിരിവ് കൂടുതല്‍ രൂക്ഷമാവുകയാണ്.
വൈറ്റ് ഹൗസ് ചര്‍ച്ച പരാജയമായതിനെ തുടര്‍ന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന വാര്‍ത്ത സമ്മേളനവും റദ്ദാക്കിയിരുന്നു. പിന്നാലെ ട്രംപ് ഒരു പ്രസ്താവന പുറത്തിറക്കി. അതില്‍ ആരോപിക്കുന്നത്, സമാധാന ചര്‍ച്ചകള്‍ക്ക് സെലന്‍സ്‌കിക്ക് താത്പര്യം ഇല്ലെന്നാണ്. ധാതുവിഭവങ്ങളുടെ പങ്കാളിത്തവുമായി കരാറിലും ഇരു രാജ്യങ്ങളും ഒപ്പിട്ടിട്ടില്ലെന്നും ട്രംപ് പ്രസ്താവനയില്‍ പറയുന്നുണ്ട്.
സെലെന്‍സ്‌കിക്ക് സമാധാനം ഉണ്ടാക്കുന്നതിനു പകരം, ചര്‍ച്ചകളില്‍ സ്വാധീനം ചെലുത്താന്‍ യുഎസ് ഇടപെടല്‍ ഉപയോഗിക്കുന്നതിലാണ് താത്പര്യമെന്നാണ് പ്രസ്താവനയില്‍ ട്രംപ് കുറ്റപ്പെടുത്തുന്നത്. ആര്‍ക്കെങ്കിലും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാക്കുന്നതിലല്ല, സമാധാനം പുലരുന്നതില്‍ മാത്രമാണ് തനിക്ക് താത്പര്യം എന്നാണ് ട്രംപ് സ്വയം മേന്മ പറയുന്നത്. ഓവല്‍ ഓഫീസിലെ സെലെന്‍സ്‌കിയുടെ പെരുമാറ്റത്തിലും അദ്ദേഹം നീരസം പ്രകടിപ്പിക്കുന്നുണ്ട്. യുക്രെയ്ന്‍ പ്രസിഡന്റില്‍ നിന്നുണ്ടായത് ഓവല്‍ ഓഫിസിനോടുള്ള അനാദരവാണെന്നും ട്രംപ് പരാതിപ്പെടുന്നുണ്ട്.
അമേരിക്കയുടെ മധ്യസ്ഥതയില്‍, റഷ്യയും യുക്രെയ്നും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിലേക്കുള്ള ആദ്യപടിയാണെന്നായിരുന്നു വെള്ളിയാഴ്ച്ചത്തെ ചര്‍ച്ചയ്ക്ക് ട്രംപ് നല്‍കിയ വ്യാഖ്യാനം. യഥാര്‍ത്ഥത്തില്‍ യുക്രെനുമായുള്ള വിവാദ ധാതു വിഭവ ഇടപാടിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായിരുന്നു അമേരിക്കയുടെ ആദ്യ പരിഗണന. രണ്ട് ഭാഗങ്ങളായിട്ടായിരുന്നു ചര്‍ച്ച ആവിഷ്‌കരിച്ചിരുന്നത്. ആദ്യം ഓവല്‍ ഓഫിസില്‍ വച്ച് പരസ്യമായൊരു ചര്‍ച്ച. അതിനുശേഷം സെലന്‍സ്‌കിയുമായി ട്രംപിന്റെ രഹസ്യ ചര്‍ച്ച. എന്നാല്‍ ആദ്യഘട്ട ചര്‍ച്ച അലസിയതോടെ, അടച്ചിട്ട വാതിലിനു പിന്നില്‍ നടത്താനിരുന്ന ചര്‍ച്ച ഉപേക്ഷിച്ചു.
അതേസമയം, ലക്ഷ്യം കാണാതെയുള്ളൊരു ചര്‍ച്ചയാണ് നടന്നതെങ്കിലും, അമേരിക്കയ്ക്കും വൈറ്റ് ഹൗസിനും നന്ദി പറഞ്ഞാണ്, ആ അധ്യായം സെലന്‍സ്‌കി അവസാനിപ്പിച്ചിരിക്കുന്നത്. ‘നന്ദി അമേരിക്ക, നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ഈ സന്ദര്‍ശനത്തിന് നന്ദി… യുക്രെയ്‌ന് നീതിയും ശാശ്വതവുമായ സമാധാനം ആവശ്യമാണ്, അതിനായി ഞങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു.’ എന്നായിരുന്നു സെലന്‍സ്‌കി എക്‌സില്‍ കുറിച്ചത്. Ukraine gambling with world war three, Trump’s-warning after the failed talks with Zelenskyy
Content Summary; Ukraine gambling with world war three, Trump’s-warning after the failed talks with Zelenskyy