യുക്രെയ്നിയന്‍ പ്രതിരോധത്തിന്റെ വീര്യവും യുദ്ധക്കളത്തിലെ അത്യാധുനിക സാങ്കേതികവിദ്യയും കോര്‍ത്തിണക്കി നിര്‍മ്മിച്ച ‘കില്‍ഹൗസ്’ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം റിലീസ് ചെയ്തു. സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ക്ലാസിക് യുദ്ധചിത്രമായ ‘സേവിംഗ് പ്രൈവറ്റ് റയാന്റെ’ ആധുനിക ഡ്രോണ്‍ യുഗപ്പതിപ്പായിട്ടാണ് ഈ സിനിമ വിശേഷിപ്പിക്കപ്പെടുന്നത്. ഈ ആഴ്ച റിലീസ് ചെയ്ത ചിത്രത്തില്‍ യുക്രെയ്നിലെ മുന്‍ സൈനിക രഹസ്യാന്വേഷണ മേധാവി കിറിലോ ബുഡാനോവ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്.
യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന ഒരു രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നാണ് സംവിധായകന്‍ ലുബോമിര്‍ ലെവിറ്റ്സ്‌കി ഈ ചിത്രത്തിനുള്ള പ്രചോദനം ഉള്‍ക്കൊണ്ടത്. റഷ്യന്‍ ആക്രമണത്തില്‍ പരിക്കേറ്റ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയെ, ആകാശത്ത് നിന്നും ഡ്രോണ്‍ വഴി അയച്ച ‘എന്നെ പിന്തുടരൂ’ എന്ന കുറിപ്പിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് നയിച്ച അതിശയിപ്പിക്കുന്ന സംഭവമാണ് സിനിമയ്ക്ക് ആധാരമായത്. ഈ സംഭവത്തെക്കുറിച്ച് ‘ഫോളോ മി’ എന്ന പേരില്‍ ലെവിറ്റ്സ്‌കി നേരത്തെ ഒരു ഹ്രസ്വ ഡോക്യുമെന്ററി നിര്‍മ്മിച്ചിരുന്നു. അതിന് ലഭിച്ച ജനശ്രദ്ധയാണ് 1.1 ദശലക്ഷം ഡോളര്‍ ചിലവില്‍ ഒരു പൂര്‍ണരൂപത്തിലുള്ള ചലച്ചിത്രം നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് കരുത്തായത്.
രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം കഴിഞ്ഞ വര്‍ഷം കീവ് മേഖലയിലാണ് ചിത്രീകരിച്ചത്. റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയ 12 വയസ്സുകാരിയെ രക്ഷിക്കാനുള്ള ദൗത്യമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചിത്രീകരണം പലപ്പോഴും തടസ്സപ്പെട്ടിരുന്നുവെന്നും മിസൈല്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടേണ്ടി വന്നിട്ടുണ്ടെന്നും ചിത്രത്തില്‍ വേഷമിട്ട അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഓഡ്രി മാക്അല്‍പൈന്‍ സാക്ഷ്യപ്പെടുത്തുന്നു.
അത്യാധുനിക യുദ്ധമുറകളുടെ നേര്‍ക്കാഴ്ചയാണ് ചിത്രം സമ്മാനിക്കുന്നത്. യുക്രെയ്ന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ‘ഷാര്‍ക്ക്’ ഡ്രോണുകളും മറ്റ് അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും സിനിമയില്‍ പ്രധാന പങ്കുവഹിക്കുന്നു. സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി യഥാര്‍ത്ഥ യുദ്ധ ഡ്രോണുകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. യുക്രെയ്‌നിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളായ എസ്.ബി.യു, ഡി.ഐ.യു എന്നിവയുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഹംവി, മാക്‌സ്‌പ്രോ വാഹനങ്ങളും ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ചിത്രീകരണത്തിനായി സൈന്യം വിട്ടുനല്‍കി.
യഥാര്‍ത്ഥ സൈനികരും പ്രൊഫഷണല്‍ നടന്മാരും തോളോട് തോള്‍ ചേര്‍ന്ന് അഭിനയിച്ചു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. ചിത്രത്തില്‍ സൈനികനായി വേഷമിട്ട നടന്‍ ഡെനിസ് കപുസ്റ്റിന്‍ ചിത്രീകരണത്തിന് ശേഷം യഥാര്‍ത്ഥ ജീവിതത്തിലും സൈന്യത്തിന്റെ ഡ്രോണ്‍ ഓപ്പറേറ്ററായി സേവനമനുഷ്ഠിക്കാന്‍ ചേര്‍ന്നു.
കീവില്‍ നടന്ന സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വസ്തുതയും ഫിക്ഷനും മനോഹരമായി കലര്‍ത്തിയ ഈ ചിത്രം അതീവ ദേശസ്നേഹം ഉണര്‍ത്തുന്നതാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. യുക്രെയ്‌നിയന്‍ സൈനികര്‍ കേവലം അതിര്‍ത്തി കാക്കുക മാത്രമല്ല, മറിച്ച് ശത്രുമേഖലയില്‍ കടന്നുചെന്ന് സാധാരണക്കാരെ രക്ഷിക്കാനുള്ള വലിയ പോരാട്ടത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് ചിത്രം പറയുന്നത്. അമേരിക്കയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്നതിനായി ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പും നെറ്റ്ഫ്‌ലിക്‌സ് പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കായി മിനി സീരീസും അണിയറയില്‍ ഒരുങ്ങുകയാണ്.
Content Summary: Ukraine releases ‘Killhouse,’ a high-octane war thriller.Inspired by real-life rescue missions.drone-age answer to ‘Saving Private Ryan
This post was last modified on April 27, 2026 8:19 am
Leave a Comment