November 07, 2024 |
Share on

ഗാസയില്‍ 10 ലക്ഷം പേര്‍ പട്ടിണിയിലാണെന്ന്‌ ഐക്യരാഷ്ട്രസഭ

ഡബ്ല്യുഎഫ്പിയുടെ കണക്കനുസരിച്ച്, ഗാസയ്ക്കുള്ള സഹായം സമീപമാസങ്ങളില്‍ നിന്ന് ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്

ഒക്ടോബര്‍ ആദ്യം മുതല്‍ ഭക്ഷ്യസാധനങ്ങളുടെ വരവ് നിലച്ചതോടെ വടക്കന്‍ ഗാസയിലെ ഏകദേശം 10 ലക്ഷം മനുഷ്യര്‍ പട്ടിണിയുടെ പിടിയിലാണെന്നു വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയ്ക്കുള്ള സഹായവിതരണങ്ങളില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് ഇത്തരമൊരു ഭയാനകമായ സാഹചര്യം ഉടലെടുത്തത്. ഓഗസ്റ്റില്‍ 700 ട്രക്കുകളാണ് ഗാസയിലേക്ക് വന്നതെങ്കില്‍, സെപ്തംബറില്‍ 400 ട്രക്കുകള്‍ മാത്രമാണ് ഗാസയിലെത്തിയത്. അധിനിവേശ വെസ്റ്റ് ബാങ്കിനും ജോര്‍ദാനും ഇടയിലുള്ള അലന്‍ബി ക്രോസിംഗിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതാണ് സഹായം കുറയാന്‍ കാരണമായി പറയുന്നത്.

ഡബ്ല്യുഎഫ്പിയുടെ കണക്കനുസരിച്ച്, ഗാസയ്ക്കുള്ള സഹായം സമീപമാസങ്ങളില്‍ നിന്ന് ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതുമൂലം ഒക്ടോബറില്‍ ഭക്ഷണപ്പൊതികളുടെ വിതരണം നിര്‍ത്തിവയ്ക്കുന്ന അവസ്ഥയിലേക്ക് സംഘടന എത്തി.

‘വിശപ്പ് അതിരൂക്ഷമായി തുടരുന്നു, പട്ടിണിയുടെ ഭീഷണി നിലനില്‍ക്കുന്നു. സഹായം പുനരാരംഭിച്ചില്ലെങ്കില്‍, മേഖലയിലെ ദുര്‍ബലരായ ജനങ്ങള്‍ക്ക് അവശ്യമായ ഭക്ഷണം കിട്ടാതെ വരും’; ഡബ്ല്യുഎഫ്പി ലോകത്തെ ഓര്‍മിപ്പിക്കുകയാണ്.

മധ്യ ഗാസയില്‍, മാവിന്റെയും ഇന്ധനത്തിന്റെയും ക്ഷാമം കാരണം ഇവിടെയുള്ള ബേക്കറികളും പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. ദേര്‍ അല്‍-ബാലയിലെ അല്‍-ബന്ന ബേക്കറിയും സദ്ന ബേക്കറിയും അടച്ചിട്ടിരിക്കുന്നത് ഇവിടുത്തെ ഭക്ഷണക്ഷാമം രൂക്ഷമാക്കുന്നുണ്ട്. മാവിന്റെ അഭാവം പലസ്തീനികളുടെ പ്രധാന ഭക്ഷണമായ റൊട്ടിയുടെ ക്ഷാമത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നാണ് ബേക്കറി ജീവനക്കാര്‍ പറയുന്നത്. ബ്രെഡും മറ്റ് ഭക്ഷണസാധനങ്ങളും കിട്ടാതെ താമസക്കാര്‍ വിഷമിക്കുകയാണ്. ഗാസയിലെ മനുഷ്യരിപ്പോള്‍ പുറത്തു നിന്നുള്ള മാനുഷിക സഹായങ്ങളെ ആശ്രയിച്ചാണ് അവരുടെ ജീവിതം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ ബേക്കറികള്‍ അടച്ചുപൂട്ടുന്നത് ഭക്ഷണത്തിന്റെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുകയാണ്. അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യം ഗാസയില്‍ വരും ആഴ്ചകളില്‍ വ്യാപകമായ പട്ടിണിക്കും ക്ഷാമത്തിനും ഇടയാക്കുമെന്നാണ് മാനുഷിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

2024 മാര്‍ച്ചിന് ശേഷം ഗാസയിലേക്കുള്ള സഹായങ്ങളുടെ അളവില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ കുറവാണ് ഈ സെപ്റ്റംബറില്‍ ഉണ്ടായിരിക്കുന്നതെന്നാണ് യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (OCHA) പറയുന്നത്. ഒക്ടോബര്‍ 6 മുതല്‍ വടക്കന്‍ ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ സൈനിക നീക്കങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുന്നതിനാല്‍, ഗാസയില്‍ ഉയര്‍ന്നുവരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും സഹായം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സമൂഹം വലിയ സമ്മര്‍ദ്ദം അഭിമുഖീകരിക്കുന്നുണ്ട് നിലവില്‍. ഗാസയുടെ വിശപ്പ് മാറ്റുന്നതില്‍ ലോകം പരാജയപ്പെടുകയാണെങ്കില്‍, ഏറ്റവും മോശമായ വാര്‍ത്തകളായിരിക്കും കേള്‍ക്കേണ്ടി വരിക.  UN Says 10 lakh People in Gaza Face Starvation

Content Summary; UN Says 10 lakh People in Gaza Face Starvation

Advertisement