അടിയന്തര മാനുഷിക സഹായം ലഭിച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. യുഎൻ ഹുമാനിറ്റേറിയൻ തലവൻ ടോം ഫ്ലെച്ചർ ബിബിസിയുടെ റേഡിയോ 4നോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 11 ആഴ്ച നീണ്ടു നിന്ന സഹായ ഉപരോധം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബെഞ്ചമിൻ നെതന്യാഹു പിൻവലിച്ചത്.
ഉപരോധത്തിൽ അയവുവരുത്തിയിട്ടും ഗാസയിലേക്ക് അഞ്ചു ട്രക്കുകൾ മാത്രമേ ഇസ്രായേൽ കടത്തിവിടുന്നുള്ളൂ. ഗാസയിലെ 2.1 ദശലക്ഷം പലസ്തീനികളുടെ അടിയന്തര ആവശ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ സഹായം ‘സമുദ്രത്തിലെ ഒരു തുള്ളി’ മാത്രമാണെന്ന് യുഎന്‍ പറയുന്നു. യു.എസ്, കാനഡ, ഫ്രാൻസ്, യു.കെ എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇസ്രായേൽ ഉപരോധത്തിൽ അയവ് വരുത്തിയത്. കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾ വഹിച്ചുകൊണ്ട് അഞ്ച് ട്രക്കുകൾ മാത്രമാണ് തിങ്കളാഴ്ച ഗാസയിലേക്ക് പ്രവേശിച്ചതെന്നും ആവശ്യമുള്ളവരിലേക്ക് ഇതുവരെ സഹായം എത്തിയിട്ടില്ലെന്നും യു.എൻ ഹുമാനിറ്റേറിയൻ മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു.
‘ഞങ്ങൾക്ക് അവരെ സമീപിക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14000 കുഞ്ഞുങ്ങൾ മരിക്കും. പോഷകാഹാരക്കുറവ് കാരണം കുട്ടികൾക്ക് ഭക്ഷണം നൽകാൻ കഴിയാത്ത അമ്മമാർക്ക് കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ വലിയ അപകടസാധ്യതകൾ കാണുന്നു. മാനുഷിക പിന്തുണയിൽ അടിയന്തര വർധനവ് വരുത്തണം’ ബി.ബി.സിയുടെ റേഡിയോ 4നോട് ടോം ഫ്ലെച്ചർ വ്യക്തമാക്കി. കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണവും പോഷകാഹാരവും നിറച്ച 100 ട്രക്കുകൾ കൂടി ഇന്ന് ഗാസയിലേക്ക് എത്തിക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രതീക്ഷിക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ 14000 കുഞ്ഞുങ്ങളെയും രക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ടോം ഫ്ലെച്ചർ കൂട്ടിച്ചേർത്തു. ഗാസയിലെ ഇസ്രായേലിന്റെ ക്രൂരമായ നടപടികളെ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ അപലപിക്കുകയും മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സംയുക്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സംഘർഷ സ്ഥലത്തെ ആവശ്യങ്ങൾ വിലയിരുത്തുന്നതിനായി മെഡിക്കൽ സെന്ററുകൾ സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ വിഭാഗമാണ് ഈ വിവരം കണ്ടെത്തിയത്.
സാധാരണക്കാരുടെ ജീവന്‍ അപഹരിക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടയില്‍ അവശ്യവസ്തുക്കളുടെ ക്ഷാമ സാധ്യത വര്‍ദ്ധിച്ചുവരുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേൽ പ്രതിരോധ സേനയുടെ നിർദേശ പ്രകാരമാണ് സഹായ ഉപരോധം ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. എന്നാൽ ഈ സഹായ വിതരണത്തിന്റെ ചുമതല ഹമാസ് ഏറ്റെടുത്താൽ നടപടിയെടുക്കുമെന്നും ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. മാർച്ചിൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നതിന്റെ ഭാഗമായി ഗാസയിലേക്കുള്ള ഭക്ഷണം, വൈദ്യുതി, ഇന്ധനം, മെഡിസിൻ, എന്നിവയെല്ലാം ഇസ്രയേൽ നിർത്തി വച്ചിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തു വന്നിരുന്നു
content summary: UN warns that without urgent aid, 14,000 babies in Gaza could die within the next 48 hours.