പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള മൂന്നാം എൻഡിഎ സർക്കാറിന്റെ ആദ്യ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലൈ 23 ന് പാർലമെൻ്റിൽ അവതരിപ്പിച്ചു. സഖ്യ കക്ഷികൾ ഭരിക്കുന്ന ആന്ധ്രപ്രദേശ്, ബീഹാർ തുടങ്ങിയ രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനങ്ങൾക്കായി പ്രഖ്യാപനങ്ങളും ഈ ബജറ്റിൽ ഉണ്ട്. എപിയുടെ പുതിയ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് 15,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ, വരുമാനം വർദ്ധിപ്പിക്കുന്നതിന്, ദീർഘകാല മൂലധന നേട്ട നികുതി 10% ൽ നിന്ന് 12.5% ആയി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. തൊഴിൽ വർദ്ധനവിനെ ആകർഷിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. പുതിയ നികുതി വ്യവസ്ഥയാണ് കേന്ദ്ര ബജറ്റിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ഒപ്പം കാർഷിക മേഖലയടക്കം ഒമ്പത് മേഖലകൾക്ക് ഇത്തവണ ബജറ്റിൽ ഇടമുണ്ട്. union budget 2024
വില കൂടുന്നതും കുറയുന്നതും
ബജറ്റിൽ ചില സാധനകളുടെ തീരുവ തുക ഉയർത്തിയിട്ടുണ്ട്, അതേ സമയം ചിലതിന്റെ തീരുവ തുക കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സ്വർണ ഉൾപ്പടെയുള്ളതിന് വില കുറയുകയും പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾക്ക് വില ഉയരുകയും ചെയ്യും. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകൾ, മൊബൈൽ ഫോണുകൾ, ഇറക്കുമതി ചെയ്ത സ്വർണം, വെള്ളി, തുകൽ ഉൽപ്പന്നങ്ങൾ സമുദ്രവിഭവങ്ങൾ എന്നിവയ്ക്കും വില കുറയും. ഫെറോണിക്കൽ, ബ്ലിസ്റ്റർ കോപ്പർ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്.
തൊഴിലും നൈപുണ്യവും
അഞ്ച് വർഷ കാലയളവിൽ ഒരു കോടി യുവാക്കളെ മികച്ച കമ്പനികളിൽ ഇൻ്റേൺ ചെയ്യാൻ പ്രാപ്തരാക്കുന്ന ഇൻ്റേൺഷിപ്പ് പദ്ധതിയും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആദ്യമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് വേതന പിന്തുണ ഉൾപ്പെടെയുള്ള തൊഴിൽ-ലിങ്ക്ഡ് ഇൻസെൻ്റീവുകൾ കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും നൽകും. 1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ സ്ഥാപിക്കുമെന്നും 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ അധിഷ്ഠിത പരിശീലനം നൽകുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ വാഗ്ദാനം ചെയ്തു. നാല് കോടി യുവാക്കൾക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കുമെന്നും ഇതിനായി അഞ്ചുവർഷത്തേക്ക് 2 ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്നും അഞ്ചുവർഷത്തേക്ക് 2 ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. നൈപുണ്യ വികസനം കൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതാണോ വിദ്യാഭ്യസ മേഖല നേരിടുന്ന പ്രതിസന്ധികൾ ?
എംഎസ്എംഇയും മാനുഫാക്ചറിംഗ് സപ്പോർട്ടും
എംഎസ്എംഇകൾക്കും ഉൽപ്പാദന മേഖലയ്ക്കും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. മെഷിനറി വാങ്ങുന്നതിന് ക്രെഡിറ്റ് ഗ്യാരൻ്റി പദ്ധതികളും ടേം ലോണുകളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, MSME-കൾക്ക് സാങ്കേതിക പിന്തുണാ പാക്കേജുകളും ലഭ്യമാകും. ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ (SIDBI) MSME ക്ലസ്റ്ററുകൾക്കായി 24 പുതിയ ശാഖകൾ തുറക്കും.
സാമ്പത്തിക സംരംഭങ്ങൾ
ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യുഷനുകളിൽ ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മുദ്ര വായ്‌പ എടുത്തവരുടെ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തി. ഗ്രാമീണമേഖലകളിലെ വികസനത്തിന് 2.66 ലക്ഷം കോടി രൂപ വകയിരിത്തിയിട്ടുണ്ട്. ഗ്രാമീണ, നഗര മേഖലകളിൽ മൂന്ന് കോടി വീടുകൾ നിർമിക്കും. കുടുംബ പെൻഷൻ വാങ്ങുന്നവർക്ക് നികുതിയിളവ് വർദ്ധിപ്പിക്കാനാണ് തീരുമാനം. 15,000 രൂപയിൽ നിന്ന് 25,000 രൂപ വരെയാക്കി ഉയർത്തി.
കൃഷിയും ഗ്രാമവികസനവും
2024ലെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 32 ഫീൽഡ്, ഹോർട്ടികൾച്ചർ വിളകൾക്കായി അത്യുത്പാദനശേഷിയുള്ള, കാലാവസ്ഥയെ പ്രതിരോധിക്കുന്ന 109 വിത്തുകളും സർക്കാർ പുറത്തിറക്കും. കാർഷിക മേഖലയുടെ വളർച്ച ലക്ഷ്യംവെച്ചുള്ള ഗവേഷണത്തിന് പ്രാധാന്യം നൽകും. സ്വകാര്യമേഖലയെയും ഉൾപ്പെടുത്തിയായിരിക്കും വിളകൾ അടക്കം വികസിപ്പിക്കുക. രണ്ടുവർഷംകൊണ്ട് രാജ്യത്തെ ഒരുകോടി കർഷകർക്ക് ജൈവ കൃഷിക്കായി സർട്ടിഫിക്കേഷനും ബ്രാൻഡിങ്ങും നൽകും.
അടിസ്ഥാന സൗകര്യങ്ങളും പ്രാദേശിക വികസനവും
ആന്ധ്രാപ്രദേശിന് 15,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബീഹാറിന് പുതിയ വിമാനത്താവളങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, കായിക അടിസ്ഥാന സൗകര്യ വികസനം എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി അനുവദിച്ചു. ബിഹാറിൽ രണ്ട് ക്ഷേത്ര ഇടനാഴിക്ക് പദ്ധതി. നളന്ദ സർവകലാശാലയുടെ വികസനത്തിന് മുൻഗണന നൽകും. അതെ സമയം സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 2024-25 മുതൽ രണ്ടുവർഷത്തേക്ക്, 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യം തഴയപ്പെട്ടു. പ്രത്യേക സാമ്പത്തിക പാക്കേജിന് പുറമെ എയിംസ്, വിഴിഞ്ഞം തുറമുഖ വികസനം തുടങ്ങിയവയ്ക്കും ബജറ്റിൽ പരിഗണന ലഭിച്ചിട്ടില്ല.
പണപ്പെരുപ്പവും സാമ്പത്തിക വളർച്ചയും
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ “തിളങ്ങുന്ന അപവാദം” എന്ന് വിശേഷിപ്പിക്കുമ്പോൾ, പണപ്പെരുപ്പ നിരക്ക് 4 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഉപഭോക്തൃ വസ്തുക്കൾ, റിയൽ എസ്റ്റേറ്റ്, വാഹന മേഖലകൾ എന്നിവയ്ക്ക് പ്രയോജനം ചെയ്യുന്ന, തൊഴിൽ സൃഷ്ടിക്കുന്നതിലും ഉപഭോഗം വർദ്ധിപ്പിക്കുന്നതിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കൃഷി, തൊഴിൽ, സമഗ്ര വികസനം, നിർമ്മാണവും സേവനങ്ങളും, നഗരവികസനം, ഊർജം, അടിസ്ഥാന സൗകര്യം, ഇന്നൊവേഷൻ ആൻഡ് ആർ ആൻഡ് ഡി, വരും തലമുറക്ക് വേണ്ടിയുളള പരിഷ്‌കാരങ്ങൾ എന്നിങ്ങനെ 9 വിഭാഗങ്ങൾക്ക് കൂടുതൽ ഊന്നൽ ലഭിച്ചിട്ടുണ്ട്.
സ്ത്രീകളും സാമൂഹ്യക്ഷേമവും
സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനപ്പെടുന്ന പദ്ധതികൾക്കായി 3 ലക്ഷം കോടി രൂപ അനുവദിച്ചു. കൂടുതൽ വനിതാ ഹോസ്റ്റലുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. സാമൂഹ്യക്ഷേമം പ്രചരിപ്പിക്കുന്നതിനായി, PMGKAY (പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന) പദ്ധതി അഞ്ച് വർഷത്തേക്ക് നീട്ടി, ഇത് 80 കോടിയിലധികം ആളുകൾക്ക് പ്രയോജനം ചെയ്യും.
Content summary; Finance minister Nirmala Sitharaman announced a new tax regime, along with key reforms union budget 2024