മഹാരാഷ്ട്രയിലെ അര്‍ബന്‍ മാവോയിസ്റ്റ് ബില്‍: ജനാധിപത്യ പ്രതിഷേധങ്ങളെല്ലാം അടിച്ചമര്‍ത്താനുള്ള ബി.ജെ.പിയുടെ പുതിയ ആയുധം

ലജിസ്‌ളേറ്റീവ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ ബില്‍ നിയമമാക്കും

* ഏത് പ്രതിഷേധവും നിയമ വിരുദ്ധ പ്രവര്‍ത്തിയായി വ്യാഖ്യാനിക്കാം
* അറസ്റ്റിന് വാറണ്ട് വേണ്ട, ജാമ്യം നിഷേധിക്കാം
* ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയും
* എഴുത്തും പ്രസംഗവും കലാപ്രവര്‍ത്തിയും സോഷ്യല്‍ മീഡിയ പോസ്റ്റുമെല്ലാം കുറ്റമാകാം

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ പുതിയ ‘മഹാരാഷ്ട്ര പ്രത്യേക പൊതു സുരക്ഷ’ (എം.എസ്.പി.എസ്) ബില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ശബ്ദവോട്ടോടെ പാസായതോടെ സംസ്ഥാന ഭരണകൂടത്തിനെതിരായ ജനാധിപത്യ പ്രക്ഷോഭങ്ങളെ വരെ അടിച്ചമര്‍ത്താനും സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെ കഠിനമായ നിയമകുരുക്കില്‍ പെടുത്തി അറസ്റ്റ് ചെയ്യാനും പുതിയ ആയുധം കൂടി ഭരണകൂടത്തിന് ലഭിച്ചിരിക്കുകയാണ്. ഫട്നാവിസ് ഉപമുഖ്യമന്ത്രിയായിരിക്കേ അവതരിപ്പിച്ച ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് നിയമസഭയില്‍ പുനരവതരിപ്പിച്ചത്. ലജിസ്ളേറ്റീവ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ ഗവര്‍ണര്‍ ഒപ്പിട്ട് ബില്‍ നിയമമാക്കി മാറ്റും.

ബില്ലിന്റെ ലക്ഷ്യങ്ങള്‍

‘ഇടത്പക്ഷ തീവ്രവാദ സംഘടനകളുടേയും സമാനസ്വഭാവമുള്ളവയുടേയും ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ്’ ബില്ല് ലക്ഷ്യമിടുന്നതെന്ന് പറയുന്നു. ‘നക്സലിസം സൃഷ്ടിക്കുന്ന ഉപദ്രവം നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളില്‍ മാത്രമല്ല, നഗര പ്രദേശങ്ങളിലും ഇവരുടെ അനുബന്ധ സംഘടനകള്‍ വഴി വര്‍ദ്ധിക്കുകയാണ്’ ബില്ല് പറയുന്നു. ഈ അനുബന്ധ സംഘടനകള്‍ നക്സല്‍ പോരാളികള്‍ക്ക് താവളമൊരുക്കുകയും മറ്റ് സൗകര്യങ്ങള്‍ നല്‍കുകയും ചെയ്യുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു. ‘ന്കസല്‍ ഉപദ്രവത്തെ കൈകാര്യം ചെയ്യാന്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ അപര്യാപ്തമാണ്’-ബില്ല് ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ ഭാഗമായി ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ പൊതുസുരക്ഷാ നിയമങ്ങള്‍ ഉണ്ടാക്കുകയും 48 നക്സല്‍ അനുബന്ധ സംഘടനകളെ നിരോധിക്കുകയും ചെയ്തുവെന്നും ബില്ല് പറയുന്നു.

ബില്ലിലെ വ്യവസ്ഥകള്‍

ഈ നിയമം വഴി സര്‍ക്കാരിന് സംശയമുള്ള ഏത് സംഘടനയേയും ‘നിയമ വിരുദ്ധ സംഘടന’യായി പ്രഖ്യാപിക്കാം. സംശയമുള്ള ഏതൊരാളെയും ശിക്ഷിക്കാനുള്ള നാല് തരം കുറ്റകൃത്യങ്ങളും നിയമം ചൂണ്ടിക്കാണിക്കുന്നു. 1. ഇത്തരം നിയമ വിരുദ്ധ സംഘടനയില്‍ അംഗമായാല്‍, 2.അംഗമല്ലെങ്കിലും ഈ നിയമവിരുദ്ധ സംഘടനയ്ക്ക് വേണ്ടി ധനസഹാഹരണം നടത്തിയാല്‍, 3. നിയമവിരുദ്ധ സംഘടന കൈകാര്യം ചെയ്യുകയും അതില്‍ സഹായിക്കുകയോ ചെയ്താല്‍, 4. ഏതെങ്കിലും ‘നിയമവിരുദ്ധ പ്രവര്‍ത്തി’ ചെയ്താല്‍. രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെ തടവും രണ്ട് മുതല്‍ അഞ്ച് ലക്ഷം വരെ പിഴയുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ള ശിക്ഷകള്‍. കടുത്ത ശിക്ഷ ലഭിക്കുക ‘നിയമ വിരുദ്ധ പ്രവര്‍ത്തി’ക്കാണ്. ഏഴ് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും.

ഈ കുറ്റകൃത്യങ്ങളില്‍ ചെയ്തതായി പോലീസിന് തോന്നിയാല്‍ വാറണ്ടില്ലാതെ അറസ്റ്റു ചെയ്യുകയും ജാമ്യം നിഷേധിക്കുകയും ചെയ്യാം.

ക്രമസമാധാനത്തിനും സൈര്യജീവിതത്തിനും അപടകമാണെന്ന് പോലീസിനും ഭരണകൂടത്തിനും തോന്നുന്ന എന്തും ഈ ബില്ലിന്റെ വ്യാഖ്യാനമനുസരിച്ച് ‘നിയമ വിരുദ്ധ പ്രവര്‍ത്തി’യാകാം. പൊതുപ്രസംഗമോ, എഴുത്തോ, സൂചനകളോ, കലാരൂപങ്ങളോ, പൊതുഇടങ്ങില്‍ പതിച്ച പോസ്റ്ററുകളോ, പെയിന്റിങ്ങുകളോ എന്തും ഇതിന്റെ പരിഗണനയില്‍ വരും. ക്രമസമാധാനം നിലനിര്‍ത്തുന്നതിന് തടസമാകുന്നതും, ഭരണനിര്‍വ്വഹണത്തിന് തടസമാകുന്നതും, നിയമപാലനത്തിന് നിയുക്തരായ സ്ഥാപനങ്ങളും ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ളതും ആയ എന്തും ‘നിയമവിരുദ്ധ പ്രവര്‍ത്തിയാകും’. ഇതനുസരിച്ച് ഒരു പ്രതിഷേധ സമരമോ ഘെരാവോയോ ജാമ്യം നിഷേധിക്കപ്പെടുന്ന ഏഴ് വര്‍ഷത്തെ തടവിന് കാരണമാകാം.

പൊതുജനങ്ങള്‍ക്ക് ഭയമോ സംശയമോ സൃഷ്ടിക്കുന്ന പ്രവര്‍ത്തികളോ അക്രമമോ നശീകരണപ്രവര്‍ത്തികളോ ചെയ്യുന്നതും അതിനായി പ്രചരണം നടത്തുന്നതും കുറ്റകരമാണ്. നിയമലംഘടനം പ്രോത്സാഹിപ്പിക്കുന്നതും അതിനായി ആഹ്വാനം ചെയ്യുന്നതും അതിനായി പണപ്പിരിവ് നടത്തുന്നതും നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുന്നു.

സംയുക്ത സെലക്ട് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍

ഇരുപത്തിയഞ്ചംഗ സെലക്ട് കമ്മിറ്റിയുടെ അധ്യക്ഷന്‍ ബി.ജെ.പി നേതാവായ റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവാന്‍കുലേയായിരുന്നു. മൂന്ന് ഭേദഗതികളാണ് അവര്‍ മുന്നോട്ട് വച്ചത്.

ഒന്ന്: ബില്ലിന്റെ പേരുമാറ്റമാണ് ആദ്യത്തെ നിര്‍ദ്ദേശം. കൂടുതല്‍ ശക്തവും വ്യക്തമായ രീതിയില്‍ ‘അര്‍ബന്‍ നക്സലിസത്തെ നശിപ്പിക്കുന്നതിന് ല്ക്ഷ്യം വച്ചുകൊണ്ടുള്ള ഈ ബില്‍’ എന്നാരംഭിക്കുകയും ‘വ്യക്തികളുടേയും സംഘടനകളുടേയും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ എന്നതിനനെ ‘ഇടത്പക്ഷ തീവ്രവാദ സംഘടനകളുടേയും സമാന സംഘടനകളുടേയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ എന്ന് കൂടുതല്‍ വ്യക്തമാക്കുന്നു.

രണ്ട്: ബില്ലിന്റെ 5(2) വകുപ്പില്‍ പറയുന്ന ‘മൂന്ന് പേരടങ്ങുന്ന ഉപദേശക സമിതി രൂപീകരിക്കും, അവര്‍ ഹൈക്കോടതി ജഡ്ജികളോ തതുല്യ യോഗ്യതയുള്ളവരോ ആയിരിക്കും, സര്‍ക്കാര്‍ ഇവരെ നിയമിക്കുകയും അതിലൊരാളെ അധ്യക്ഷനായി തീരുമാനിക്കുകയും ചെയ്യും’ നിര്‍ദ്ദേശം ഭേദഗതി ചെയ്തു. പുതിയ ബില്ലില്‍ ‘ഉപദേശക സമിതിയുടെ അധ്യക്ഷന്‍ ഹൈക്കോടതി ജഡ്ജിയോ റിട്ട.ജഡ്ജിയോ ആയിരിക്കും. മറ്റ് രണ്ട് അംഗങ്ങളില്‍ ഒരാള്‍ റിട്ട.ജഡ്ജിയും മറ്റേയാള്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഹൈക്കോടതി പ്ലീഡറായിരിക്കും’.

മൂന്ന്: 15(2) വകുപ്പിലാണ് മൂന്നാം ഭേദഗതി. ഈ നിയമത്തിന്റെ കീഴിലുള്ള കേസുകള്‍ അന്വേഷിക്കേണ്ടത് സബ് ഇന്‍സ്പെക്ടര്‍ റാങ്കിന് താഴെയല്ലാത്ത പോലീസ് ഉദ്യോഗസ്ഥനായിരിക്കും എന്നതില്‍ മാറ്റം വരുത്തി ഡെപ്യൂട്ടി സൂപ്രണ്ടിന് താഴെയല്ലാത്ത റാങ്കുള്ള പോലീസുദ്യോഗസ്ഥനായിരിക്കണം എന്നാക്കി. Urban maoist bill in Maharashtra: BJP’s new strategy to suppress all democratic protests 

Content Summary: Urban maoist bill in Maharashtra: BJP’s new strategy to suppress all democratic protests

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment