ഒരു സിനിമയെ കുറിച്ചുള്ള വിവരണത്തില്‍ ആദിമധ്യാന്ത്യം അതിലെയൊരു കഥാപാത്രത്തെ മാറ്റി നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, സിനിമയെക്കാള്‍ വളര്‍ന്നു പോയിരിക്കുന്നു ആ കഥാപാത്രമെന്നര്‍ത്ഥം. ഉള്ളൊഴുക്കിനെക്കാള്‍ വളര്‍ന്നു നില്‍ക്കുകയാണ് ഉര്‍വശി.
മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നു. നല്ല കഥാപാത്രങ്ങള്‍ കുറയുന്നു. ഒരു ആര്‍ട്ടിസ്റ്റിന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച് വാചാലരാകാന്‍ പ്രേക്ഷകര്‍ക്ക് അവസരം കിട്ടുന്നില്ല. തൊണ്ണൂറുകളില്‍ പ്രതിഭയുള്ള കളിക്കാര്‍ ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ ആരാധകര്‍ അവരുടെ എല്ലാ പ്രതീക്ഷകളും ഏല്‍പ്പിച്ചിരുന്നത് സച്ചിനുമേലായിരുന്നു. സച്ചിന്‍ ടീമിനെ ജയിപ്പിക്കുമോയെന്ന ആകാംക്ഷയല്ല, ജയിപ്പിക്കും എന്ന വിശ്വാസമായിരുന്നു. ഉള്ളൊഴുക്കില്‍ ഉര്‍വശിയുടെ മേലുണ്ടായിരുന്നതും ആകാംക്ഷയല്ല, വിശ്വാസം തന്നെയായിരുന്നു. മലയാളത്തിലെ മഹാനടന്മാരില്‍ ഉള്‍പ്പെടെ തോന്നാതിരുന്ന വിശ്വാസം.
ലീലാമ്മ പല അടരുകളുള്ള കഥാപാത്രമാണ്. സൂക്ഷ്മമായ വായനയിലേ ലീലമ്മയെ നമുക്ക് പിടികിട്ടത്തുള്ളൂ. ലീലാമ്മ സൃഷ്ടിക്കുന്ന ഭാവങ്ങളിലൂടെയാണ് അവര്‍ തന്റെ മുന്നിലുള്ളവരെ-അത് പ്രേക്ഷകരാകാം, മരണ വീട്ടിലെ സ്വന്ത-ബന്ധു ജനങ്ങളോ നാട്ടുകാരോ ആകാം-നിയന്ത്രിക്കുന്നതും തനിക്ക് വിധേയരാക്കുന്നതും.
ഉര്‍വശിക്കൊരു പ്രത്യേകതയുണ്ട്. ഇമേജിന്റെ ഭാരമില്ലാത്ത അഭിനേത്രിയാണവര്‍. വളരെ കുറിച്ച് ആര്‍ട്ടിസ്റ്റുകളാണ് ആ കാറ്റഗറിയിലുള്ളത്. കെപിഎസി ലളിത, മീന, സുകുമാരി എന്നിവരെ ഉദ്ദാഹരണമെടുക്കുക. പ്രേക്ഷകനെ കബളിപ്പിക്കുമവര്‍. മുന്‍ധാരണകള്‍ ഉടച്ചു കളയും. തലയണമന്ത്രത്തിലെയും പൊന്മുട്ടയിടുന്ന താറാവിലെയും കാഞ്ചനയും സ്‌നേഹലതയും, ഭരതത്തിലെയും സുഖമോ ദേവിയിലെയും ദേവിമാര്‍, സ്വാഗതത്തിലെ ഫിലോമിന, മഴവില്‍ക്കാവടിയിലെ ആനന്ദവല്ലിയും യോദ്ധയിലെ ദമയന്തിയും, കാക്കത്തൊള്ളായിരത്തിലെ രേവതി, കടിഞ്ഞൂല്‍ക്കല്യാണത്തിലെ ഹൃദയകുമാരി, മുഖചിത്രത്തിലെ സാവിത്രിക്കുട്ടി, ഉത്സവമേളത്തിലെ കനകപ്രഭ, കിഴക്കന്‍ പത്രോസിലെ ചാള മേരി, മൈഡിയര്‍ മുത്തച്ഛനിലെ ക്ലാര, ലാല്‍സലാമിലെ അന്നമ്മ, വെങ്കലത്തിലെ തങ്കമണി, കളിപ്പാട്ടത്തിലെ സരോജ, കുടുംബവിശേഷത്തിലെ ഗീത, മിഥുനത്തിലെ സുലോചന, സ്ഫടികത്തിലെ തുളസി… ബഹുമുഖമുള്ള കഥാപാത്രങ്ങള്‍ ചെയ്ത കാര്യത്തില്‍ അവരെത്ര സമ്പന്നയാണ്. അതു തന്നെയാണവരുടെ വിജയം. ഉര്‍വശി ചെയ്യുന്ന കഥാപാത്രത്തിന്റെ സ്വഭാവം മുന്‍കൂട്ടി പ്രവചിക്കുക അസാധ്യം. ഉര്‍വശിക്ക് എന്തും വഴങ്ങും, ഏത് ഭാവവും, വേഷവും.
ഉര്‍വശി ലീലാമ്മയാകുമ്പോള്‍ സംഭവിക്കുന്നത്, ആ കഥാപാത്രത്തിനുമേലുള്ള ആശയക്കുഴപ്പം അവസാനം വരെ നിലനില്‍ക്കുന്നുവെന്നതാണ്. പാര്‍വതിയുടെ അഞ്ജുവിനെ നമുക്ക് പിടികിട്ടും. ആ തരത്തിലാണ് കഥാപാത്രമൊരുക്കിയിട്ടുള്ളത്. അഞ്ജുവിന്റെ കാര്യത്തില്‍ രണ്ട് തരം അഭിപ്രായങ്ങള്‍ക്ക് അവസരമുണ്ട്. ആദ്യാവസാനം ലീലാമ്മയുടെ കാര്യത്തില്‍ ശരി തെറ്റുകളുടെ ഹരണത്തിന് കഴിയാതെ പോകുന്നുണ്ടെങ്കില്‍ അത് ഉര്‍വശിയുടെ മിടുക്കാണ്.
താനെന്തെന്ന് മറ്റുള്ളവര്‍ക്ക് പിടി കിട്ടാത്തവിധം സ്വയം പൊതിഞ്ഞു പിടിച്ചു പെരുമാറുന്ന ലീലാമ്മയെ അവരുടെ മുഖഭാവങ്ങളിലൂടെ വേണം മനസിലാക്കിയെടുക്കാന്‍. ആ അമ്മ/ അമ്മായിമ്മയുടെ ഉള്ളൊഴുക്കിന്റെ പ്രകമ്പനങ്ങള്‍ അവരുടെ മുഖത്തുണ്ടാകുന്നുണ്ട്. അത് പ്രേക്ഷകന് വ്യക്തമാകാത്തവിധം കാണിക്കുന്ന മാജിക്കാണ് ഉര്‍വശി ചെയ്തിരിക്കുന്നത്.
സ്‌ക്രീനില്‍ കൂടുതല്‍ തവണയും തെളിയുന്നത് ലീലാമ്മയുടെ മുഖമാണ്. അവരില്‍ നിന്നും ഒഴിഞ്ഞു നടക്കാന്‍ തോന്നിപ്പിക്കും വിധം പ്രേക്ഷകനെ അസ്വസ്ഥതപ്പെടുത്തുകയാണ്. ലീലാമ്മ ഒരു റിയാലിറ്റിയാണെന്നും നമുക്ക് മുന്നില്‍ അവരുണ്ടെന്നുമുള്ള യഥാതഥമായ അന്തരീക്ഷം ഒരുക്കുകയാണ് ഉര്‍വശി ചെയ്തിരിക്കുന്നത്. മകനോടും മകളോടും മരുമകളോടും ബന്ധുക്കാരോടും സ്വന്തം സഹോദരിയോടുമെല്ലാം ലീലാമ്മയുടെ പെരുമാറ്റം ശ്രദ്ധിക്കണം, ഒരു പാളിയില്‍ മാത്രം നിന്നുകൊണ്ടുള്ള അഭിനയമല്ല. ഇരിട്ടും വെളിച്ചവും മാറിമാറി വരുന്നൊരാളുടെ മനസിന്റെ പ്രതിഫലനങ്ങള്‍ പോലെ, സൂക്ഷ്മതലത്തിലുള്ള ഭാവവ്യത്യാസങ്ങള്‍ ഉര്‍വശി ചെയ്തു വച്ചിരിക്കുന്നത് എത്രയനായാസമായിട്ടാണ്.
നല്ല അഭിനേതാക്കള്‍ കളിമണ്ണ് പോലെയാണ്,സ്വന്തമായൊരു ആകൃതിയില്ല, ഓരോ അച്ചിനനുസരിച്ച് രൂപമാറ്റം വരികയാണ്. ലീലാമ്മയെന്ന അച്ചിലേക്ക് കയറുമ്പോള്‍ പൂര്‍ണമായും ലീലാമ്മയായി മാറുകയാണ് ഉര്‍വശി. ലീലാമ്മയിലെപ്പോഴെങ്കിലും ഉര്‍വശിയെ കാണാന്‍ കഴിഞ്ഞിരുന്നങ്കില്‍, ആ കഥാപാത്രം അത്രയും അസ്വസ്ഥതയുണ്ടാക്കില്ലായിരുന്നു.
. urvashi and ullozhukku movie directed by christo tomy review
Content Summary; urvashi and ullozhukku movie directed by christo tomy review