റഷ്യന്‍ എണ്ണ കപ്പല്‍ ക്യൂബയിലേക്ക്; തൊടാതെ യുഎസ് കോസ്റ്റ് ഗാര്‍ഡ്

ക്യൂബയ്ക്ക് മേല്‍ കര്‍ശന ഉപരോധം ഏര്‍പ്പെടുത്തിരിക്കുകയായിരുന്നു ട്രംപ് ഭരണകൂടം

Russian Oil tanker to cuba

മാസങ്ങളായി നേരിടുന്ന കടുത്ത ഊര്‍ജ്ജ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായി ക്യൂബന്‍ തീരത്തേക്കൊരു റഷ്യന്‍ എണ്ണ ടാങ്കര്‍ അടുക്കുന്നു. ട്രംപ് ഭരണകൂടം കര്‍ശന ഉപരോധം ഏര്‍പ്പെടുത്തിയതോടെയായിരുന്നു ക്യൂബയുടെ ജീവിതം ഇരുട്ടിലായി പോയത്. എന്നാല്‍ അതേ അമേരിക്കന്‍ ഭരണകൂടം റഷ്യന്‍ കപ്പലിനെ തീരം തൊടാന്‍ അനുവദിക്കുകയാണ്. അസംസ്‌കൃത എണ്ണയുമായി എത്തുന്ന റഷ്യന്‍ ടാങ്കറിന് ക്യൂബന്‍ തീരത്തടുക്കാന്‍ യുഎസ് കോസ്റ്റ് ഗാര്‍ഡ് അനുവാദം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

റഷ്യന്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ‘അനാറ്റോളി കൊളോഡ്കിന്‍’ എന്ന ടാങ്കറില്‍ ഏകദേശം 7,30,000 ബാരല്‍ എണ്ണയുണ്ടെന്നാണ് കണക്കാക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ ഈ കപ്പല്‍ ക്യൂബന്‍ അതിര്‍ത്തിക്ക് തൊട്ടടുത്തെത്തിയതായി ഷിപ്പ്-ഡാറ്റാ ദാതാക്കളായ ‘മറൈന്‍ ട്രാഫിക്’ അറിയിച്ചു. കപ്പല്‍ തിങ്കളാഴ്ച രാത്രിയോടെ ക്യൂബയിലെ മറ്റാന്‍സാസ് തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ധനശേഖരം വറ്റിക്കഴിഞ്ഞ ക്യൂബന്‍ സര്‍ക്കാരിന് റഷ്യന്‍ എണ്ണയുടെ വരവ് ആഴ്ചകളോളം പിടിച്ചുനില്‍ക്കാന്‍ കരുത്തേകും. സാമ്പത്തിക തകര്‍ച്ചയുടെ അരികിലെത്തിയ ക്യൂബന്‍ ഭരണകൂടത്തിന് മേല്‍ വാഷിംഗ്ടണ്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന് ഇത് അല്പം അയവ് വരുത്തുകയും, റഷ്യയുമായുള്ള ദീര്‍ഘകാല സഖ്യം ഇപ്പോഴും ശക്തമാണെന്ന് തെളിയിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ജനുവരി മുതല്‍ ക്യൂബയ്ക്ക് ചുറ്റും അമേരിക്ക എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ക്യൂബയ്ക്ക് ഇന്ധനം എത്തിക്കുന്ന രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയും, മുമ്പ് ഒരു ടാങ്കറിനെ യുഎസ് കപ്പലുകള്‍ തടഞ്ഞ് തിരിച്ചയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍, റഷ്യന്‍ കപ്പലിനെ തടയാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ മേഖലയില്‍ ഉണ്ടായിരുന്നിട്ടും, അവയ്ക്ക് തടയാനുള്ള ഉത്തരവ് വൈറ്റ് ഹൗസ് നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്. ഫ്‌ളോറിഡ തീരത്ത് റഷ്യയുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണോ ഈ തീരുമാനമെന്ന് വ്യക്തമല്ല.

റഷ്യ നേരത്തെ തന്നെ ക്യൂബയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഉപരോധങ്ങള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ ഉപരോധം കാരണം ക്യൂബയില്‍ നിത്യേനയുള്ള പവര്‍കട്ടും ഭക്ഷണക്ഷാമവും രൂക്ഷമാണ്. ഇതിനിടെ, ഇറാന്‍ യുദ്ധത്തിന് ശേഷം താന്‍ ക്യൂബയെ ലക്ഷ്യം വയ്ക്കുമെന്നും സൈനിക ശക്തി ഉപയോഗിക്കുമെന്നും പ്രസിഡന്റ് ട്രംപ് പ്രസ്താവന നടത്തിയിരുന്നു. ക്യൂബയില്‍ ഭരണമാറ്റം വേണമെന്നാണ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെയും നിലപാട്.

റഷ്യയില്‍ നിന്നുള്ള ഈ എണ്ണ ഡീസല്‍, പെട്രോള്‍, വിമാന ഇന്ധനം എന്നിവയായി ശുദ്ധീകരിച്ചെടുക്കാന്‍ ഏകദേശം മൂന്നാഴ്ചയോളം സമയമെടുക്കും. രാജ്യത്തെ ട്രക്കുകള്‍ക്കും കാര്‍ഷിക ഉപകരണങ്ങള്‍ക്കും വൈദ്യുത നിലയങ്ങള്‍ക്കും ആവശ്യമായ ഡീസല്‍ ലഭിക്കുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് ചെറിയ ശമനമുണ്ടാകും. എന്നിരുന്നാലും, ഇത് ക്യൂബയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു ശാശ്വത പരിഹാരമല്ലെന്നും കുറച്ചു സമയം കൂടി ലഭിക്കാന്‍ മാത്രമേ സഹായിക്കൂ എന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Content Summary: US allowed a Russian tanker full of crude oil to reach Cuba. after months of an effective oil blockade by the Trump administration

This post was last modified on March 30, 2026 8:14 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment