July 18, 2026 |
Share on

ചൈന-യുഎസ് ധാതുതര്‍ക്കം; ഇന്ത്യയ്ക്ക് നേട്ടമാകുന്നു

ചൈനയും ലോകവും തമ്മിലുള്ള’ പോരാട്ടം

അപൂര്‍വ ധാതുക്കളെച്ചൊല്ലി ചൈനയുമായി അമേരിക്ക ആരംഭിച്ച ഏറ്റവും പുതിയ താരിഫ് തര്‍ക്കം, യുഎസ്-ഇന്ത്യ വ്യാപാരക്കരാര്‍ ത്വരിതപ്പെടുത്താന്‍ സാധ്യതയെന്ന് ഡല്‍ഹിയിലെ പ്രമുഖ വ്യാപാര നയ ഗവേഷണ സ്ഥാപനം (GTRI) അഭിപ്രായപ്പെട്ടു.

അപൂര്‍വ ധാതുക്കളുടെ കയറ്റുമതിയില്‍ ചൈന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതും യുഎസ്-ചൈന വ്യാപാരയുദ്ധം രൂക്ഷമായതും, ബദല്‍ വിതരണ ശൃംഖലകള്‍ക്കായി വിശ്വസ്ത പങ്കാളികളെ തേടാന്‍ വാഷിംഗ്ടണിനെ നിര്‍ബന്ധിതരാക്കുകയാണ്. കാര്‍, ഇലക്ട്രോണിക്‌സ്, പ്രതിരോധ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്ന അപൂര്‍വ ധാതുക്കളുടെ 80 ശതമാനവും നിയന്ത്രിക്കുന്നത് ചൈനയാണ്. ഈ സാഹചര്യത്തില്‍, ‘ചൈനയും ലോകവും തമ്മിലുള്ള’ പോരാട്ടത്തില്‍ സഖ്യകക്ഷിയായി ഇന്ത്യയെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമാണ്.

താരിഫ് ഇളവും ട്രംപിന്റെ നിലപാടും

ജിടിആര്‍ഐയുടെ വിലയിരുത്തല്‍ അനുസരിച്ച്, ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ വേഗത്തിലാകാനും ഇന്ത്യക്ക് 16-18 ശതമാനം താരിഫ് ഇളവ് ലഭിക്കാനും സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യക്ക് 50% യുഎസ് താരിഫുകള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇതിന് പിന്നിലെ പ്രധാന കാരണം, റഷ്യന്‍ എണ്ണ വാങ്ങുന്നത് യുക്രെയ്ന്‍ യുദ്ധത്തിന് സഹായമാകുന്നു എന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണമാണ്. ട്രംപിന്റെ മുന്‍ നിലപാടുകള്‍ക്കപ്പുറം വാഷിംഗ്ടണ്‍ ആഗ്രഹിക്കുന്നതിനാല്‍ കരാര്‍ പെട്ടെന്ന് നടപ്പായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കാര്‍ഷികം, ഡിജിറ്റല്‍ വ്യാപാരം, ഇ-കൊമേഴ്സ്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ തങ്ങളുടെ പ്രധാന താല്‍പ്പര്യങ്ങളില്‍ ഇന്ത്യ ഉറച്ചുനില്‍ക്കണമെന്ന് ജിടിആര്‍ഐ മുന്നറിയിപ്പ് നല്‍കുന്നു. തന്ത്രപരമായ സ്വയംഭരണം പരിമിതപ്പെടുത്തുന്ന ചൈന വിരുദ്ധ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നും തിങ്ക് ടാങ്ക് ആവശ്യപ്പെട്ടു. മെഡിക്കല്‍ ഉപകരണങ്ങള്‍, ഡയറി ഉല്‍പ്പന്നങ്ങള്‍, സാങ്കേതിക സേവനങ്ങള്‍ എന്നിവയില്‍ കൂടുതല്‍ വിപണി പ്രവേശനം നേടാന്‍ അമേരിക്ക ശ്രമിക്കാന്‍ സാധ്യതയുണ്ട്.

ആറാം ഘട്ട ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ സംഘം ഈ ആഴ്ച അമേരിക്കയിലെത്തും. ട്രംപിന്റെ കൈയൊപ്പും ‘മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, നിങ്ങള്‍ മഹാനാണ്’ എന്ന സന്ദേശവുമുള്ള ഫോട്ടോ അംബാസഡര്‍ സെര്‍ജിയോ ഗോര്‍ മോദിക്ക് സമ്മാനിച്ചത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സൂചനയായി വിലയിരുത്തപ്പെടുന്നു.

ഇരു രാജ്യങ്ങള്‍ക്കും ചൈനയുമായുള്ള വിതരണ ശൃംഖലകളിലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ കരാര്‍ സഹായിക്കുമെന്നും, തങ്ങളുടെ ഉല്‍പ്പാദന വ്യവസായത്തിനായുള്ള വിതരണ ശൃംഖല സുരക്ഷിതമാക്കുക എന്നതാണ് യുഎസ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Summary: US-China rare earth tiff benefits India

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×