March 15, 2025 |
Jijo P. Ulahannan
Jijo P. Ulahannan
Share on

യുഎസ്-ചൈന ടെക് മത്സരവും ഡീപ്സീക്കും: എല്‍എല്‍എം വിപ്ലവം ഡിജിറ്റല്‍ പവര്‍ ഡൈനാമിക്‌സിനെ എങ്ങനെ ബാധിക്കുന്നു

ചിപ്പ് നിര്‍മ്മാണത്തില്‍ കൂടി ചൈനീസ് കമ്പനികള്‍ മേല്‍ക്കൈ നേടിയാല്‍ എഐ സാങ്കേതികവിദ്യയുടെ പവര്‍ഹൗസ് ആകും ചൈന

ഡീപ്സീക്കിന്റെ R1 എന്ന ഓപ്പണ്‍ സോഴ്സ് ഭാഷാ മോഡലിന്റെ പ്രഖ്യാപനം അമേരിക്കയും ചൈനയും തമ്മില്‍ നിലവിലുള്ള സാമ്പത്തിക, സാങ്കേതിക ശീതസമരത്തിന്റെ വഴിയിലെ ഒരു നാഴികക്കല്ലാണ്. ഈ ഘട്ടം ചൈനയുടെ എഐ സാങ്കേതിക മേന്മയെക്കുറിച്ചുള്ള ലോകമെമ്പാടുമുള്ള കാഴ്ച്ചപ്പാടിനെ വെല്ലുവിളിക്കുകയും, ആഗോള കയറ്റുമതി നിയന്ത്രണങ്ങളുടെയും സാങ്കേതിക നിയന്ത്രണങ്ങളുടെയും ഫലപ്രാപ്തിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.US-China tech competition and deepseek: how the LLM affects digital power dynamics

ചൈനയുടെ എഐ പുരോഗതി പാശ്ചാത്യ സാങ്കേതികവിദ്യയെ വളരെയധികം ആശ്രയിക്കുന്നതായാണ് പലപ്പോഴും ആഖ്യാനം ചെയ്യപ്പെടുന്നത്. നൂതന സെമികണ്ടക്ടറുകളിലും കമ്പ്യൂട്ടിംഗ് പവറിലും കര്‍ശനമായ കയറ്റുമതി നിയന്ത്രണങ്ങള്‍ വരുത്തുന്നത് നിര്‍മ്മിതബുദ്ധി ഗവേഷണത്തില്‍ ചൈനയുടെ പുരോഗതിയെ ഗണ്യമായി മന്ദഗതിയിലാക്കുമെന്നായിരുന്നു അനുമാനം. എന്നിരുന്നാലും, മത്സരാധിഷ്ഠിതമായ ഒരു ഓപ്പണ്‍ സോഴ്സ് മോഡലുമായി ഷെജിയാങ്ങിലെ ഹാങ്ഷൗ ആസ്ഥാനമായി ഡീപ്സീക്ക് വന്നത് ഈ ധാരണയെ അപ്പാടെ മടിക്കഴിഞ്ഞു. ഇതിന്റെ സഹസ്ഥാപകനായ ലിയാങ് വെന്‍ഫെങ് 2023ല്‍ മാത്രമാണ് ഈ കമ്പനി സ്ഥാപിച്ചത്. ബാഹ്യ നിയന്ത്രണങ്ങള്‍ക്കിടയിലും സ്വന്തം എഐ മോഡലുകള്‍ വികസിപ്പിക്കാനും പരിഷ്‌കരിക്കാനുമുള്ള കഴിവ് ചൈന നേടിക്കഴിഞ്ഞു എന്നതാണ് ഇതിന്റെ സാങ്കേതിക രാഷ്ട്രീയ മാനം.

ഓപ്പണ്‍എഐ, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ വികസിപ്പിച്ച പ്രൊപ്രൈറ്ററി മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, ഏതൊരാള്‍ക്കും സ്വന്തമായി എഐ മോഡല്‍ വികസിപ്പിക്കാന്‍ കഴിയുന്ന ഓപ്പണ്‍ സോഴ്സ് എഐ മോഡല്‍ ആണ് ഡീപ്സീക്ക് പുറത്തുവിട്ടത്. ഇതിന്റെ സോഴ്‌സ് കോഡ് ലഭ്യമായതിനാല്‍ സ്വതന്ത്രമായി പരിഷ്‌കരിക്കാനും മെച്ചപ്പെടുത്താനും വിന്യസിക്കാനും കഴിയും. എഐ ശേഷിയുടെ ഈ ജനാധിപത്യവല്‍ക്കരണം സാങ്കേതിക നിയന്ത്രണത്തിനായുള്ള പരമ്പരാഗത സമീപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. പ്രധാന സാങ്കേതികവിദ്യകളിലേക്കുള്ള മറ്റ് രാജ്യങ്ങളുടെ കടന്നുവരവ് നിയന്ത്രിക്കുന്നതില്‍ ആശ്രയിക്കുന്ന അമേരിക്കയ്ക്ക് അത്യാധുനിക എഐ മോഡലുകളുടെ വ്യാപനം നിയന്ത്രിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി തീരും എന്നതാണ് ഇതിന്റെ മറ്റൊരു ഫലം.

chinees tech

എഐയില്‍ ചൈന നടത്തുന്ന നിക്ഷേപം ഈ അടുത്ത കാലത്ത് തുടങ്ങിയതല്ല എങ്കിലും ഭാഷാ മോഡലുകളിലെ അതിന്റെ പുരോഗതിയുടെ തന്ത്രപരമായ പ്രത്യാഘാതങ്ങള്‍ ആഴമേറിയതാണ്. സൈനിക ഉപയോഗങ്ങള്‍ മുതല്‍ വിവരയുദ്ധം, സാമ്പത്തിക മത്സരക്ഷമത വരെയുള്ള മേഖലകളില്‍ വലിയ ഭാഷാ മോഡലുകള്‍ (LLM-കള്‍) നിര്‍ണായകമായി മാറിയിരിക്കുന്നു. ഈ മേഖലയില്‍ ചൈന അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുമ്പോള്‍, ഡിജിറ്റല്‍ ശക്തിയുടെ സന്തുലിതാവസ്ഥയിലെ ഒരു മാറ്റത്തെ ഇത് സൂചിപ്പിക്കുന്നു. ഓപ്പണ്‍ സോഴ്സ് എഐ അഭിവൃദ്ധി പ്രാപിക്കുന്നത് തുടരുകയാണെങ്കില്‍, എഐ വികസനത്തില്‍ അമേരിക്കയുടെ പരമ്പരാഗത മേല്‍ക്കോയ്മ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇല്ലാതായേക്കാം.

ഡീപ്സീക്കിനെ പിന്തുടര്‍ന്ന് ചൈനീസ് എഐ ഭീമന്മാരായ ആലിബാബ, മൂണ്‍ഷോട്ട് എന്നിവരും മികച്ച എഐ മോഡലുകളുമായി വന്ന് പാശ്ചാത്യ രാജ്യങ്ങളുടെ കുത്തകയെ വെല്ലുവിളിച്ചു കഴിഞ്ഞു. ഇനി ബായിഡു, ടെന്‍സെന്റ് എന്നിവരുടെ മോഡലുകളും, വാവേയ്, എസ്എംഐസി പോലുള്ളവരുടെ ഐസി ചിപ്പുകളും ഒക്കെ വരുമെന്ന വാര്‍ത്തകളും പരക്കുന്നുണ്ട്. ചിലര്‍ ഇത് അമേരിക്കന്‍ വലതുപക്ഷത്തിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ ട്രംപ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ചൈനയുടെ ഒരു മുന്നറിയിപ്പായി കാണുമ്പോള്‍, മറ്റ് ചിലര്‍ ചൈന രണ്ട് ദശകങ്ങളായി നടത്തിയ ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളുടെ സ്വാഭാവിക പരിണാമം മാത്രമായി കരുതുന്നു. 2017-ല്‍ ചൈന പ്രഖ്യാപിച്ച എഐ പദ്ധതി 2030-ഓടെ എഐയില്‍ ലോകത്തെ വലിയ ശക്തിയാകുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.

ചിപ്പ് നിര്‍മ്മാണത്തില്‍ കൂടി ചൈനീസ് കമ്പനികള്‍ മേല്‍ക്കൈ നേടിയാല്‍ എഐ സാങ്കേതികവിദ്യയുടെ പവര്‍ഹൗസ് ആയി ചൈന മാറാനും ഇടയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ഇതിനാവശ്യമുള്ള ഉയര്‍ന്ന ക്ഷമതയുള്ള ജിപിയു ചിപ്പുകള്‍ ചൈനയ്ക്ക് നല്‍കുന്നതില്‍ നിന്ന് തായ്‌വാന്‍ കമ്പനിയായ ടിഎസ്എംസിയെ (TSMC) അമേരിക്ക വിലക്കിയത്. എന്‍വീഡിയ (NVIDIA) ഡിസൈന്‍ ചെയ്ത ഈ പ്രോസസറുകള്‍ ചൈന സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങള്‍ വഴി ഒളിച്ച് കടത്തിയതായും, എഐ മോഡല്‍ പരിശീലത്തിനായി ഡാറ്റ മോഷ്ടിച്ചതായും ഒക്കെ ഉള്ള ആരോപണങ്ങള്‍ വന്നു കഴിഞ്ഞു. ഇതൊക്കെ അവര്‍ മികച്ച മോഡല്‍ ഉണ്ടാക്കിയതിന്റെ സ്വാഭാവിക പ്രതികാരണങ്ങള്‍ ആണെങ്കിലും ഇതില്‍ മുന്നേറ്റം ഉണ്ടാക്കിയ ഓപ്പണ്‍എഐ ഇന്ത്യയിലടക്കം ഡാറ്റ മോഷണത്തിനും, കോപ്പിറൈറ്റ് ലംഘനത്തിനും കേസുകള്‍ നേരിട്ട് കൊണ്ടിരിക്കുകയെന്ന വിരോധാഭാസവും നമുക്ക് മുന്നിലുണ്ട്. എന്തായാലും ഈ ആരോപണങ്ങളോട് ചൈനയോ, അവിടുത്തെ കമ്പനികളോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. നിര്‍മ്മിതബുദ്ധി രംഗത്തെ പ്രഗല്‍ഭനായ ആന്‍ഡ്രൂ ഇങ്ങിന്റെ (Andrew Ng) അഭിപ്രായത്തില്‍ ഡീപ്സീക്കിന്റെ പുരോഗതിയെക്കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഒരു റോഷാക്ക് ടെസ്റ്റ് (Rorschach Test) ആണ്. അത് പലരെയും അവരുടെ സ്വന്തം അനുഭവം വച്ച് ഡീപ്സീക്കിനെ നേട്ടത്തെ വ്യാഖ്യാനിക്കാന്‍ പ്രേരിപ്പിക്കുന്നു.

ചൈനയ്ക്കും അമേരിക്കയ്ക്കും അപ്പുറത്തേക്ക് ഇതിന്റെ പ്രത്യാഘാതങ്ങള്‍ വ്യാപിക്കും. ആഗോളതലത്തില്‍ എഐ കൂടുതല്‍ പ്രാപ്യമായിത്തീരുമ്പോള്‍ മറ്റ് രാജ്യങ്ങളും സംഘടനകളും സ്വന്തം തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കായി നൂതന ഭാഷാ മോഡലുകളെ ഉപയോഗപ്പെടുത്താനുള്ള കഴിവ് നേടും. ഒരു ഓപ്പണ്‍ സോഴ്‌സ് അഡ്വാന്‍സ്ഡ് റീസണിംഗ് മോഡല്‍ എല്ലാവര്‍ക്കും പ്രാപ്യമാണ് എന്നത് എഐ ആപ്ലിക്കേഷന്‍ ഉണ്ടാകുന്നവര്‍ക്ക് മെച്ചമാണ്. ഓപ്പണ്‍ സോഴ്സ് എഐയുടെ ഉയര്‍ച്ച നിലവിലുള്ള ആഗോള സാങ്കേതിക ശ്രേണിയെ തടസ്സപ്പെടുത്തുകയും കൂടുതല്‍ ബഹുധ്രുവ ഡിജിറ്റല്‍ ലാന്‍ഡ്സ്‌കേപ്പ് സൃഷ്ടിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള എഐ വിന്യാസത്തെ ചുറ്റിപ്പറ്റിയുള്ള ഭരണം, സുരക്ഷ, നൈതിക പരിഗണനകള്‍ എന്നിവയെക്കുറിച്ച് ഈ മാറ്റം പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

deepseek

ഡീപ്സീക്കിന്റെ ആവിര്‍ഭാവം, എഐ വികസനം ഇനി ഏതാനും പ്രബലരായ ശക്തികളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു. കയറ്റുമതി നിയന്ത്രണങ്ങളും വ്യാപാര നിയന്ത്രണങ്ങളും ഇനിയും സെമികണ്ടക്ടര്‍ വിതരണ ശൃംഖലകളെ സ്വാധീനിച്ചേക്കാം, എന്നാലും എഐ മേഖലയിലെ അറിവിന്റെയും നവീകരണത്തിന്റെയും വ്യാപനം മന്ദഗതിയിലാക്കുന്നതില്‍ അവ ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. എഐ മേധാവിത്വത്തിനായുള്ള മത്സരം ഇനിയും തുടരുമെങ്കിലും തന്ത്രപരമായ കാഴ്ചപ്പാട്, തുറന്ന സഹകരണം, പൊരുത്തപ്പെടുത്തല്‍ എന്നിവ കൂടുതലായി ലോകരാജ്യങ്ങള്‍ക്കിടയില്‍ ആവശ്യമായി വരും.

ആഗോള എഐ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യതകള്‍

എഐ മേഖലയിലെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ഈ മത്സരത്തില്‍ കുറഞ്ഞ കംപ്യൂട്ടിംഗ് ശേഷി മാത്രം ആവശ്യമുള്ള ഓപ്പണ്‍ സോഴ്‌സ് മോഡലുകള്‍ വരുന്നത് ഇന്ത്യയ്ക്ക് ഒരു വലിയ അവസരമാണ് ഒരുക്കുന്നത്. ആഗോള സോഫ്റ്റ് വെയര്‍ വ്യവസായ സേവന മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്ക് എഐ ഹാര്‍ഡ് വെയര്‍ മേഖലയില്‍ അനുബന്ധ മേഖലകളിലേക്കും കടക്കാനുള്ള സാധ്യത ഇതുവഴി തെളിയുന്നു. ഇത്തവണ നമുക്ക് സാധിച്ചില്ലെങ്കില്‍ നമ്മള്‍ ആഗോള സാങ്കേതികവിദ്യയുടെ ഉപയോക്താക്കള്‍ മാത്രമായി തുടരും.

ഉയര്‍ന്ന ശേഷിയുള്ള എഐ മോഡലുകളുടെ പരിശീലനത്തിന് വേണ്ട ചെലവ് കുറയുമെന്നതും, വിലയേറിയ ജിപിയു മെഷീനുകള്‍ വേണ്ടിവരില്ല എന്നതും ഭാവിയില്‍ നമുക്ക് യോജിച്ച മോഡലുകള്‍ വികസിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികളും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കളമൊരുക്കും. നമ്മുടെ ഗവേഷണ വികസന പങ്കാളിത്തം കൂട്ടേണ്ടി വരുമെന്ന് മാത്രം.

ഇന്ത്യയ്ക്ക് നിലവില്‍ അനുകൂലമായ നിരവധി ഘടകങ്ങളുണ്ട്. യുപിഐ, ആധാര്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കായി നിര്‍മ്മിച്ച വന്‍തോതിലുള്ള ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡാറ്റയിലേക്കും ഡിജിറ്റല്‍ സേവനങ്ങളിലേക്കും അഭൂതപൂര്‍വമായ ആക്‌സെസ് നല്‍കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രവര്‍ത്തകരും അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവും ചേര്‍ന്ന് എഐ വികസനത്തിനുള്ള അടിസ്ഥാനം ഒരുക്കുന്ന ഒരു സാഹചര്യം ഇവിടെയുണ്ട്. അവര്‍ക്ക് വേണമെന്ന് വിചാരിച്ചാല്‍ സ്വന്തമായി ജെനറേറ്റീവ് എഐ മോഡല്‍ ഉണ്ടാക്കാം എന്നൊരു സന്ദേശമാണ് ഡീപ്‌സീക്ക് നല്‍കുന്നത്. ഒരു ചിപ്പിന് ഇരുപത്തിയഞ്ച് ലക്ഷത്തിലധികം വില വരുന്ന ജിപിയു ഇല്ലെങ്കിലും കാര്യം നടത്താമെന്ന് മൊബൈല്‍ ഫോണ്‍ മുതല്‍ സെര്‍വറുകള്‍ വരെ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന മോഡലുകള്‍ നല്‍കുന്ന ഡീപ്‌സീക്ക് തെളിയിച്ചു കഴിഞ്ഞു.

ചരിത്രപരമായി നോക്കിയാല്‍ സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നതില്‍ ഇന്ത്യ മികവ് പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അടിസ്ഥാന സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുന്നതില്‍ അപൂര്‍വ്വമായി മാത്രമേ ഇന്ത്യ വിജയിച്ചിട്ടുള്ളൂ. ഈ സാഹചര്യം മാറേണ്ട സമയമായിരിക്കുന്നു. നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കമ്പനികളും സവിശേഷമായ വെല്ലുവിളികള്‍ നേരിടാന്‍ പ്രത്യേക എഐ മോഡലുകള്‍ വികസിപ്പിക്കേണ്ടിരിക്കുന്നു. ഉദാഹരണത്തിന്:

– ഇന്ത്യയുടെ ഭാഷാപരമായ വൈവിധ്യം കൈകാര്യം ചെയ്യുന്ന ഭാഷാ മാതൃകകള്‍.
– ലോ-ബാന്‍ഡ്വിഡ്ത്തിനും ഇടവിട്ടുള്ള കണക്റ്റിവിറ്റിക്കുമായി ഒപ്റ്റിമൈസ് ചെയ്ത എഐ സിസ്റ്റങ്ങള്‍
– വിവിധ തലങ്ങളില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ സാക്ഷരത കണക്കിലെടുക്കുന്ന മോഡലുകള്‍

അടിസ്ഥാന സൗകര്യ മേഖലയില്‍ നമ്മള്‍ ധാരാളം പരിമിതികളെ അഭിമുഖീകരിക്കുന്നുണ്ടെന്നത് ചൈനീസ് മാതൃക പിന്തുടരുകയാണെങ്കില്‍ അതിനെ മറികടക്കുന്ന കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവേണ്ടതാണ്. ഉദാഹരണത്തിന് ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കമ്പ്യൂട്ടിങ്ങില്‍ നമുക്കുള്ള പരിമിതികള്‍ മറികടക്കാന്‍ ഇന്ത്യന്‍ ഗവേഷകരും കമ്പനികളും പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് കാര്യക്ഷമമായ മോഡലുകളെ പരിശീലിപ്പിക്കുന്നതിനുള്ള പുതിയ സമീപനങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. കാര്യക്ഷമതയിലുള്ള ഈ ശ്രദ്ധ ആഗോള എഐ വികസനത്തിന് ഇന്ത്യയുടെ സംഭാവനയായി മാറിയേക്കാം.

deepseek

എന്നാല്‍ നമ്മള്‍ ഇക്കാര്യത്തില്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയെങ്കില്‍ മാത്രമേ അവസരം മുതലെടുക്കാനാവൂ. ഇതിനായി ഇന്ത്യ നിരവധി പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്:

1. റിസര്‍ച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍

സ്‌പെഷ്യലൈസ്ഡ് എഐ കമ്പ്യൂട്ടിംഗ് ക്ലസ്റ്ററുകളും ഡാറ്റാ സെന്ററുകളും നിര്‍മ്മിക്കുന്നത് കേവലം ആവശ്യം മാത്രമല്ല ഒപ്റ്റിമൈസ് ചെയ്ത ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുന്നത് നമ്മുടെ തനതായ ആവശ്യങ്ങള്‍ക്കും പരിമിതികള്‍ മറികടക്കാനും അത്യാവശ്യമാണ്.

2. നൈപുണ്യ വികസനം

ഇന്ത്യ നിരവധി ടെക്നോളജി ബിരുദധാരികളെ സൃഷ്ടിക്കുന്നുണ്ടെങ്കിലും എഐ സാങ്കേതികവിദ്യയില്‍ പ്രത്യേക കഴിവുകള്‍ ഉള്ള ഒരു വിഭാഗത്തെ വികസിപ്പിക്കേണ്ടത് ഇക്കാലത്ത് നിര്‍ണായകമാണ്. ഇതിന് വ്യവസായവും അക്കാദമിക രംഗവും തമ്മിലുള്ള ദൃഢമായ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ സാധിക്കൂ. സ്‌കൂള്‍ തലം മുതല്‍ കോഡിങ്, എഐ, സംരംഭകത്വം, തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നല്‍കേണ്ടത് ആവശ്യമാണ്.

3. നയപരമായ സമീപനവും ചട്ടക്കൂടും

എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ സന്തുലിതമായ സമീപനം ഉണ്ടാകാന്‍ എഐ ഗവേണന്‍സ് സംബന്ധിച്ച നൈതിക ചട്ടക്കൂടുകള്‍ നമ്മള്‍ വികസിപ്പിക്കേണ്ടതുണ്ട്. ഈ ചട്ടക്കൂടുകള്‍ ആഗോളതലത്തില്‍ മത്സരക്ഷമമായി നിലകൊള്ളുമ്പോള്‍ തന്നെ നമ്മുടെ മൂല്യങ്ങളെയും മുന്‍ഗണനകളെയും പ്രതിഫലിപ്പിക്കുന്നതായിരിക്കണം.

4. ഡാറ്റാ സ്ട്രാറ്റജി

ഇന്ത്യയുടെ വിശാലമായ ഡിജിറ്റല്‍ ഫുട്പ്രിന്റ് നമ്മുടെ ദേശീയ സമ്പത്താണ്. സ്വകാര്യത പരിരക്ഷിക്കുന്നതോടൊപ്പം ഉത്തരവാദിത്തത്തോടെ ഡാറ്റ ഉപയോഗത്തിനായി ചട്ടക്കൂടുകള്‍ വികസിപ്പിക്കുന്നത് എഐ വികസനത്തിന് നിര്‍ണായകമാണ്. ഇല്ലെങ്കില്‍ കോപ്പിറൈറ്റ്, ബൗദ്ധിക സ്വത്തവകാശങ്ങള്‍, എന്നിവയുടെയെല്ലാം സംരക്ഷണം നമുക്ക് ഉറപ്പാക്കാന്‍ കഴിയാതെ വരും.

മറ്റെവിടെയെങ്കിലും വികസിപ്പിച്ചെടുത്ത ഭാഷാ മാതൃകകള്‍ അനുവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതിനുപകരം, നമ്മുടെ തദ്ദേശീയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന പ്രത്യേക പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിലാവണം ഇന്ത്യയുടെ ശ്രദ്ധ. ഭാരതീയ ഭാഷകളെ കൃത്യമായി കൈകാര്യം ചെയ്യുന്ന ഭാഷ മോഡലുകള്‍ നിലവില്ലാത്ത സാഹചര്യത്തില്‍ താഴെപ്പറയുന്ന കാര്യങ്ങളില്‍ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും:

– പരിമിതമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള പരിതസ്ഥിതികളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന എഐ സിസ്റ്റങ്ങള്‍
– ഇന്ത്യന്‍ ഭാഷകള്‍ കൃത്യമായി മനസ്സിലാക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്ന മോഡലുകള്‍.
– ഡിജിറ്റല്‍ ഡിവൈഡ് നികത്തുകയും അടുത്ത നൂറ് കോടി ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുകയും ചെയ്യുന്ന പരിഹാരങ്ങള്‍.

സ്വന്തം എഐ സങ്കേതങ്ങള്‍ ഉണ്ടാവുന്നതിന്റെ സാമ്പത്തിക നേട്ടങ്ങള്‍ വളരെ വലുതാണ്. ഒരു ആഭ്യന്തര എഐ വ്യവസായം സൃഷ്ടിക്കുന്നതിനുമപ്പുറം, വളര്‍ന്നുവരുന്ന വിപണികള്‍ക്കായി രൂപകല്‍പ്പന ചെയ്ത എഐ സൊല്യൂഷനുകള്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിയും. സോഫ്റ്റ്വെയര്‍ വികസനത്തിലും സിസ്റ്റം ഇന്റഗ്രേഷനിലും ഇന്ത്യയുടെ ശക്തികളുമായി ഒത്തുചേരുന്ന ഒരു ട്രില്യണ്‍ ഡോളര്‍ അവസരമായി ഇതിനെ കണ്ടാല്‍ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഇത് കാരണമാകും.

കേന്ദ്രീകൃത നിക്ഷേപം, ദിശാബോധമുള്ള നയങ്ങള്‍, തന്ത്രപരമായ നിര്‍വ്വഹണം എന്നിവയിലൂടെ ഒരു സാങ്കേതിക സേവന ശക്തി എന്ന നിലയില്‍ നിന്ന് ആഗോള എഐ ഇന്നൊവേഷന്‍ ഹബ്ബായി മാറാന്‍ ഇന്ത്യയ്ക്ക് കഴിയും. ഇപ്പോള്‍ അതിനായി പരിശ്രമിക്കാനുള്ള സമയമാണ്.US-China tech competition and deepseek: how the LLM affects digital power dynamics

Content Summary: US-China tech competition and deepseek: how the LLM affects digital power dynamics

Jijo P. Ulahannan

Jijo P. Ulahannan

പ്രൊഫസര്‍, ഗവ. കോളേജ് കാസര്‍ഗോഡ്

More Posts

×