July 08, 2025 |

യുഎസ്-ചൈന തീരുവ യുദ്ധം; ഇരു രാജ്യങ്ങളുടെയും വിട്ടുവീഴ്ചയ്ക്ക് പിന്നിലെ ലക്ഷ്യമെന്ത്?

രണ്ട് മുൻനിര സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധം വലിയ രീതിയിൽ ചർച്ചയായിരുന്നു

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും നടത്തിയ ചർച്ചയിൽ ഏകദേശ ധാരണയുണ്ടായതായി റിപ്പോർട്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ പുരോഗതി കൈവരിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. നീണ്ട ചർച്ചകൾക്കൊടുവിൽ ചൈനയും അമേരിക്കയും ഞായറാഴ്ച ഒരു കരാറിലെത്തിയതായി യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ സൂചിപ്പിച്ചു.

ഇരു രാജ്യങ്ങളും തമ്മിൽ രഹസ്യ ചർച്ച ആരംഭിച്ചതിന് പിന്നാലെ ചർച്ചയിൽ വലിയ പുരോഗതിയുണ്ടായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി വ്യക്തമാക്കിയിരുന്നു. തീരുവ യുദ്ധം സംബന്ധിച്ച് ഞായറാഴ്ച നടന്ന ചർച്ച തീർത്തും സൗഹാര്‍ദപരമായിരുന്നത് കൊണ്ട് തന്നെ ചർച്ചയുടെ വിശദാംശങ്ങൾ ഇന്ന് പുറത്തു വന്നേക്കുമെന്നാണ് സൂചന. ട്രംപ് തന്റെ താരിഫ് നയം പുറത്തിറക്കിയതിനുശേഷം യുഎസും ചൈനയും സ്തംഭനാവസ്ഥയിലായതിനാൽ, സംഘർഷങ്ങൾ ലഘൂകരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ട്രഷറി സെക്രട്ടറി ഈ ആഴ്ച ആദ്യം വ്യക്തമാക്കിയിരുന്നു.

ചൈനീസ് ഇറക്കുമതികൾക്ക് അമേരിക്ക 145 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായി ചൈന അമേരിക്കയ്ക്ക് മേൽ 125 ശതമാനം തീരുവ ചുമത്തികയും കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ലോകത്തിലെ രണ്ട് മുൻനിര സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധം വലിയ രീതിയിൽ ചർച്ചയായിരുന്നു. ചൈനയ്ക്ക് മേൽ യുഎസ് ചുമത്തിയിരിക്കുന്ന തീരുവ 80 ശതമാനമായി കുറയ്ക്കാൻ തയ്യാറാണെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് ഒഫീഷ്യലിൽ കുറിച്ചിരുന്നു. കരാർ ചൈന കൂടി അം​ഗീകരിച്ചാലാണ് ഇത് നടപ്പിലാക്കൂവെന്ന് പിന്നീട് വൈറ്റ് ഹൗസ് അറിയിച്ചു.

ചൈനയിൽ നിന്നുള്ള ചരക്കുകളുടെ വരവ് കുറയുകയും യുഎസ് തുറമുഖങ്ങളിൽ ഇവ ഇറക്കുമതി ചെയ്യുമ്പോൾ ഈടാക്കുന്ന തുകയിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്തത് അമേരിക്കയ്ക്ക് തിരിച്ചടിയായിരുന്നു. ഇത് അമേരിക്കൻ ഉത്പന്നങ്ങളുടെ വിലകൾ വർദ്ധനവിനും കാരണമായി തീർന്നു. ഇതോടെയാണ് വ്യാപാരനയങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനത്തിലേക്ക് അമേരിക്ക എത്തിയതെന്നാണ് സൂചന. ട്രംപിന്റെ വ്യാപാര യുദ്ധം മൂലം വർഷാവസാനത്തോടെ രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഇരട്ടിയായി 4 ശതമാനമാകുമെന്ന് ഗോൾഡ്മാൻ സാച്ച്സ് വിശകലന വിദഗ്ധർ കഴിഞ്ഞ ആഴ്ച അവസാനം പറഞ്ഞിരുന്നു, ഇത് ഭരണകൂടത്തിന് ഒരു വെല്ലുവിളിയാണ്.

ഈ തീരുവ യുദ്ധം തുടരുന്നത് യുഎസിന് വെല്ലുവിളിയാണ്. ചൈനയുമായുള്ള ട്രംപിന്റെ വ്യാപാരയുദ്ധം വർദ്ധിച്ചുവരുന്നതിന്റെ ആഘാതം ഇതിനകം തന്നെ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ കുത്തനെ ഇടിവ് വന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാൾമാർട്ട്, ടാർഗെറ്റ് തുടങ്ങിയ വ്യാപാരികളും ഉത്പന്നങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുമെന്നും വിലക്കയറ്റം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ ഉയർന്ന താരിഫുകൾ ചൈനയുടെ ഉൽപ്പാദന മേഖലയെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരുന്നു. 16 മാസങ്ങൾക്കിടയിൽ ആദ്യമായാണ് ചൈനയുടെ ഉത്പാദനമേഖല അനിശ്ചിതത്തിലായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും ചർച്ചയ്ക്കൊരുങ്ങിയത്.

content summary: US-China Trade Talks, Why Both Nations Are Eager to End the Deadlock

Leave a Reply

Your email address will not be published. Required fields are marked *

×