June 13, 2026 |
Share on

‘ട്രംപിനെയും രാജ്യത്തെയും ഇഷ്ടമല്ല’; ദക്ഷിണാഫ്രിക്കൻ അംബാസിഡറെ പുറത്താക്കി യുഎസ്

ഇനി അമേരിക്കയിലേക്ക് ക്ഷണിക്കില്ലെന്ന് മാർക്കോ റൂബിയോ

യുഎസിനെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വെറുക്കുന്നുവെന്നാരോപിച്ച ദക്ഷിണാഫ്രിക്കൻ അംബാസിഡർ ഇബ്രാഹിം റസൂലിനെ പുറത്താക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ദക്ഷിണാഫ്രിക്കൻ അംബാസിഡറെ ഇനി അമേരിക്കയിലേക്ക് ക്ഷണിക്കില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എക്സിൽ കുറിച്ചു.

ഇബ്രാഹിം റസൂൽ വംശീയവാദിയായ രാഷ്ട്രീയക്കാരനാണെന്നും യുഎസിനെയും ട്രംപിനെയും വെറുക്കുകയും ചെയ്യുന്നുവെന്നും മാർക്കോ റൂബിയോ ആരോപിച്ചു. യുഎസിന് റസൂലുമായി ചർച്ച ചെയ്യാൻ ഒന്നുമില്ലെന്നും അദ്ദേഹത്തെ നോൺ ​ഗ്രാറ്റായി കണക്കാക്കുന്നുവെന്നും മാർക്കോ റൂബിയോ പറഞ്ഞു.

വിഷയത്തിൽ റൂബിയോയോ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ ഔദ്യോ​ഗിക വിശദീകരണം നൽകിയിട്ടില്ല. അതേസമയം, ദക്ഷിണാഫ്രിക്കൻ തിങ്ക് ടാങ്ക് വെബിനാറിന്റെ ഭാ​ഗമായി റസൂൽ നടത്തിയ പ്രസം​ഗത്തിൽ ട്രംപ് ഭരണകൂടം സ്വീകരിച്ച നയങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നു. അതാണ് അംബാസിഡറെ പുറത്താക്കാനുള്ള യുഎസിന്റെ നീക്കത്തിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ വെള്ളക്കാരുടെ ഭൂരിപക്ഷത്തെക്കുറിച്ചും ജർമൻ തിരഞ്ഞെടുപ്പിലെ ഇലോൺ മസ്കിന്റെ സ്വാധീനത്തെക്കുറിച്ചും റസൂൽ സംസാരിച്ചിരുന്നു. റസൂലിന്റെ പ്രസം​ഗത്തിന്റെ സ്ക്രീൻഷോട്ട് കൂടി റൂബിയോ എക്സ് പോസിറ്റിൽ പങ്കുവെച്ചിരുന്നു.

യൂറോപ്പിലെ വലതുപക്ഷ നേതാക്കളുമായുള്ള മസ്കിന്റെ ബന്ധങ്ങളെക്കുറിച്ചും റസൂൽ പറഞ്ഞിരുന്നു. നെൽസൺ മണ്ടേലയുടെ ആഫ്രിക്കൻ നാഷണൽ കോൺ​ഗ്രസിലെ അം​ഗമാണ് മുൻ വർണവിവേചന പ്രവർത്തകൻ കൂടിയായ ഇബ്രാഹിം റസൂൽ. വളരെ അപൂർവ്വമായാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംബാസിഡർമാരെ പുറത്താക്കുന്നത്. എന്നിരുന്നാലും താഴ്ന്ന റാങ്കിലുള്ള നയതന്ത്രജ്ഞരെ പലപ്പോഴും പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിക്കാറുണ്ട്.

ഫെബ്രുവരിയിൽ, വെളുത്ത വംശജരായ കർഷകരിൽ നിന്ന് ഭൂമി പിടിച്ചെടുക്കാൻ അനുവദിക്കുന്ന നിയമം ചൂണ്ടിക്കാട്ടി ട്രംപ് ദക്ഷിണാഫ്രിക്കയ്ക്കുള്ള യുഎസ് സഹായം മരവിപ്പിച്ചിരുന്നു . സുരക്ഷാ കാരണങ്ങളാൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് യുഎസിലേക്ക് പലായനം ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു കർഷകനെയും ക്ഷണിക്കുന്നെന്നും, അവർക്ക് പൗരത്വം നൽകാനുള്ള ദ്രുത മാർഗം ഒരുക്കുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചിരുന്നു.

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ കര്‍ഷകരെ യു.എസിലേക്ക് വരാന്‍ ക്ഷണിച്ച ട്രംപ് അവരുടെ ഭൂമി സര്‍ക്കാര്‍ കൈയടക്കുകയാണെന്നും അതിനാല്‍ അവര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.

ട്രംപിന്റെ അനുയായിയും ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസയുടെ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. അവരുടെ ഭൂനയങ്ങള്‍ വംശീയമാണെന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്.

ഭൂരിഭാഗം കൃഷിഭൂമിയും ഇപ്പോഴും വെള്ളക്കാരുടെ ഉടമസ്ഥതയിലായതിനാലും, പരിഷ്‌കരണത്തിനുള്ള സമ്മര്‍ദം സർക്കാർ നേരിടുന്നതിനാലും, ഭൂവുടമസ്ഥത ദക്ഷിണാഫ്രിക്കയില്‍ ഇപ്പോഴും ഒരു സെന്‍സിറ്റീവ് വിഷയമായി തുടരുകയാണ്.

Content Summary: US expels South African ambassador Ebrahim Rasool, by saying he hates America

South African ambassador Ebrahim Rasool us 

Leave a Reply

Your email address will not be published. Required fields are marked *

×