യുഎസ്‌ എഫ്-1 വിസ: മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

പുതിയ നിയമ പ്രകാരം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുഎസില്‍ അനുവദനീയമായ താമസകാലാവധി നാല് വര്‍ഷമായി പരിമിതപ്പെടുത്തും

US F1 Visa Rules changes affected indian students

എഫ്-1 വിസയില്‍ അമേരിക്കയിലെത്തി വിദ്യാഭ്യാസം നടത്തുന്ന മൂന്ന് ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന പുതിയ വിസ പരിഷ്‌കരണങ്ങളുമായി യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്). സെപ്റ്റംബര്‍ 15 മുതലാണ് പുതിയ നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നത്.

പുതിയ നിയമ പ്രകാരം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുഎസില്‍ അനുവദനീയമായ താമസകാലാവധി നാല് വര്‍ഷമായി പരിമിതപ്പെടുത്തും. സെപ്തംബര്‍ പകുതിയോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരാനാണ് സാധ്യത. അതിനുശേഷം മാത്രമേ നിയമത്തിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും, നിലവില്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം.

നിലവില്‍, പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കോഴ്‌സ് പൂര്‍ത്തിയാകുന്നതുവരെ അമേരിക്കയില്‍ നിയമപരമായി തുടരാന്‍ അനുവാദം നല്‍കിയിരുന്ന ‘ഡ്യൂറേഷന്‍ ഓഫ് സ്റ്റാറ്റസ്'(യോഗ്യത കാലാവധി) എന്ന വ്യവസ്ഥയാണ് ഡി.എച്ച്.എസ് പുതിയ ഉത്തരവിലൂടെ റദ്ദാക്കിയത്. ഇതോടെ വിദേശ വിദ്യാര്‍ത്ഥികള്‍ യു.എസില്‍ തങ്ങാനുള്ള നിയമപരമായ വ്യവസ്ഥകളില്‍ മാറ്റമുണ്ടാകും. ദീര്‍ഘകാല കോഴ്സുകള്‍ ചെയ്യുന്നവര്‍ താമസകാലാവധി നീട്ടിക്കിട്ടുന്നതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടിയും വരും.

മുമ്പ് എഫ് (വിദ്യാര്‍ത്ഥി വിസ), ജെ (എക്‌സ്ചേഞ്ച് വിസിറ്റര്‍ വിസ) വിസകളിലുള്ളവര്‍ക്ക് അവരുടെ കോഴ്‌സ് കാലാവധി നീളുകയാണെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ശുപാര്‍ശയോടെ തടസ്സമില്ലാതെ താമസം നീട്ടാമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം, അക്കാദമിക് പ്രോഗ്രാമിന്റെ ദൈര്‍ഘ്യത്തിന് തുല്യമായ നിശ്ചിത കാലയളവിലേക്ക് മാത്രമായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇത് പരമാവധി നാല് വര്‍ഷമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഇതോടെ നാല് വര്‍ഷത്തിലധികം സമയമെടുക്കുന്ന പിഎച്ച്.ഡി, മെഡിക്കല്‍, അല്ലെങ്കില്‍ മറ്റ് ഗവേഷണ കോഴ്സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ താമസകാലാവധി നീട്ടുന്നതിനായി യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന് (യുഎസ് എസി ഐ എസ്) ഔദ്യോഗികമായി അപേക്ഷ നല്‍കേണ്ടി വരും. കൂടാതെ, പഠനത്തിന് ശേഷം രാജ്യം വിടുന്നതിനോ വിസ പദവി മാറ്റുന്നതിനോ ഉള്ള ഗ്രേസ് പീരിയഡ് 60 ദിവസത്തില്‍ നിന്ന് 30 ദിവസമായി പകുതിയായി കുറച്ചിട്ടുമുണ്ട്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയും നിയമ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2025 ജനുവരിയിലെ കണക്കനുസരിച്ച് യു.എസില്‍ മൂന്ന് ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും സ്റ്റെം (STEM -സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) മേഖലകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലാണ് പഠിക്കുന്നത്. 2024-ല്‍ മാത്രം 90,129 ഇന്ത്യക്കാര്‍ക്കാണ് എഫ് വിസ ലഭിച്ചത്.

അമേരിക്കന്‍ ഇമിഗ്രേഷന്‍ സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കാനും വിസ ദുരുപയോഗം തടയുന്നതിനും ദേശീയ സുരക്ഷ ശക്തമാക്കുന്നതിനുമാണ് ഈ പരിഷ്‌കരണമെന്നാണ് യു.എസ് സര്‍ക്കാരിന്റെ വാദം. ഇമിഗ്രേഷന്‍ സംവിധാനത്തെ ദുരുപയോഗം ചെയ്ത് വിദ്യാര്‍ത്ഥികള്‍ കോഴ്‌സുകള്‍ മാറി മാറി ചേര്‍ന്നുകൊണ്ട് അനിശ്ചിതകാലമായി രാജ്യത്ത് തുടരുന്നത് തടയാനാണ് ഈ നടപടിയെന്ന് ഡി.എച്ച്.എസ് സെക്രട്ടറി മാര്‍ക്ക് വെയ്ന്‍ മുള്ളിന്‍ പറഞ്ഞു. നിലവിലുള്ള വിസ ഉടമകള്‍ പുതിയ സംവിധാനത്തിലേക്ക് സ്വയമേവ മാറുമെന്നും അന്നു മുതല്‍ ഇവരുടെ താമസകാലാവധി പരമാവധി നാല് വര്‍ഷമായി നിജപ്പെടുത്തുമെന്നും ഡി.എച്ച്.എസ് വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ നിയമം ഒപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗിനെയും(ഒപിടി) ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.പുതിയ നിയമപ്രകാരം ഒ.പി.ടി പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ലെങ്കിലും, വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഒ.പി.ടി കാലയളവിലും എഫ്-1 വിസ കാലാവധി നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും. നിലവിലുള്ള 12 മാസത്തെ പോസ്റ്റ്-കംപ്ലീഷന്‍ ഒ.പി.ടിയും സ്റ്റെം ബിരുദധാരികള്‍ക്കുള്ള 24 മാസത്തെ സ്റ്റെം ഒ.പി.ടി നീട്ടലും വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും ലഭ്യമാണ്. എങ്കിലും, താമസകാലാവധി അവസാനിക്കുന്ന ഘട്ടത്തില്‍ ഒ.പി.ടിയും സ്റ്റെം ഒ.പി.ടിയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ അന്തിമ നിയമത്തില്‍ ഇനിയും പൂര്‍ണ്ണമായ വ്യക്തത വന്നിട്ടില്ല. ഒ.പി.ടിക്ക് അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ യു.എസ് വിട്ടുപോകേണ്ടി വരില്ലെന്നാണ് ആശ്വാസകരമായൊരു കാര്യമായി വിദഗ്ധര്‍ പറയുന്നത്.

ഈ നിയമം നിലവില്‍ വരുമ്പോള്‍ ഒ.പി.ടിക്കോ സ്റ്റെം ഒ.പി.ടിക്കോ അപേക്ഷ നല്‍കിയിട്ടുള്ള അല്ലെങ്കില്‍ അടുത്ത 6 മാസത്തിനുള്ളില്‍ അപേക്ഷിക്കാനിരിക്കുന്ന നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം എഫ്-1 സ്റ്റാറ്റസ് എക്‌സ്റ്റെന്‍ഷന്‍ അപേക്ഷ നല്‍കേണ്ടി വരില്ലെന്ന് യുഎസ് ഉദ്യോഗസ്ഥരും പറയുന്നുണ്ട്.

Content Summary; New US DHS regulations cap F-1 student visas at four years, eliminating ‘Duration of Status’. Over 3 lakh Indian students set to face administrative challenges and uncertainty

This post was last modified on July 19, 2026 4:55 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment