അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിയമനിര്‍മാണ സഭയില്‍ വലിയ വിജയം സമ്മാനിച്ചു കൊണ്ട് അദ്ദേഹത്തിന്റെ നികുതി ബില്ല് വ്യാഴാഴ്ച ജനപ്രതിനിധി സഭ അംഗീകരിച്ചു. 214ന് എതിരെ 218 വോട്ടുകളോടെ പാസായ ബില്ല് നികുതി ബില്ല് ഡൊമോക്രാറ്റ് ഭരണാധികാരികളുടെ കാലത്തെ നയങ്ങളെ അട്ടിമറിച്ച് സാധാരണക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദുചെയ്യുന്നതാണ്. ആദായ നികുതിയില്‍ എല്ലാവര്‍ക്കും ഗുണകരമാകുമ്പോഴും വലിയ ധനവാന്മാരെ പിന്തുണയ്ക്കുന്ന ഈ ബില്ലില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ച് വിടാനും അതിര്‍ത്തിയില്‍ വലിയ മതില്‍ പണിയാനുമെല്ലാം പണം വകയിരുത്തിയിട്ടുണ്ട്. അമേരിക്കന്‍ സ്വാതന്ത്ര ദിനമായ ജൂലായ് നാലിന്, വെള്ളിയാഴ്ച, ബില്ല് ഒപ്പിടാന്‍ പാകത്തിന് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുക എന്ന ലക്ഷ്യത്തില്‍ ട്രംപ് വിജയം കണ്ടു.
ഡെമോക്രാറ്റ് പ്രതിനിധികള്‍ ഏകകണ്ഠമായി നിരാകരിച്ച ബില്ല് പാസാകുമോ എന്ന കാര്യത്തില്‍ അവസാന നിമിഷം വരെ ട്രംപിനും കൂട്ടര്‍ക്കും ആശങ്കയുണ്ടായിരുന്നു. പല വിധ ചര്‍ച്ചകള്‍ക്കും സമവായങ്ങള്‍ക്കും അവസാനം രണ്ട് റിപബ്ലിക്കന്‍ പ്രതിനിധികളുടെ എതിര്‍പ്പോടെ ബില്ല് പാസായി. കെന്റകി പ്രതിനിധിയായ തോമസ് മാസിയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരായി കമല ഹാരിസിന് വോട്ട് ചെയ്ത പെന്‍സില്‍വാനിയ പ്രതിനിധിയായ ബ്രയാന്‍ ഫിറ്റ്സ്പാട്രികുമാണ് ബില്ലിനെ എതിര്‍ത്ത റിപബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍.
”നമ്മള്‍ വളരെയധികം കാത്തിരുന്നു, പലരും കുറേ ദിവസങ്ങളായി ഉറങ്ങിയിട്ട്, പക്ഷേ ഈ ദിവസം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ പ്രധാന ദിവസമാണ്.”-റിപബ്ലിക്കന്‍ പ്രതിനിധിയായ സ്പീക്കര്‍ മൈക് ജോണ്‍സണ്‍ വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പായി പറഞ്ഞു. ‘ഈ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ല് രാജ്യത്തെ മുമ്പത്തേക്കാള്‍ കൂടുതല്‍ കരുത്തുറ്റതും സുരക്ഷിതവും അഭിവൃദ്ധിയുള്ളതുമാക്കും, എല്ലാ അമേരിക്കക്കാര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധതരത്തില്‍ കുടിയേറ്റക്കാരെ നാടുകടത്താനും ട്രംപ് ആദ്യം പ്രസിഡന്റായിരുന്നപ്പോള്‍ മുതല്‍ ശ്രമിക്കുന്ന മെക്സിക്കല്‍ അതിര്‍ത്തിയിലെ മതില്‍ സാക്ഷാത്കരിക്കാനും ഐസ് എന്നറിയപ്പെടുന്ന യു.എസ് ഇമിഗ്രേഷന്‍സ് ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന് വളരെ കൂടുതല്‍ ഫണ്ടനുവദിക്കാനും ഈ ബില്ല് മൂലം സാധിക്കും. ഐസ് നടത്തുന്ന റെയ്ഡുകളുടെ പേരിലാണ് കാലിഫോര്‍ണിയായിലും ചിക്കാഗോയിലും വലിയ പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്ന് വന്നത്. ജോ ബിദന്റെ കാലത്ത് ഇലക്ട്രിക് കാറുകള്‍ക്കും പാരമ്പ്യരേതര ഊര്‍ജ്ജ പദ്ധതികള്‍ക്കും മറ്റ് ഹരിത വാതക സാങ്കേതിക വിദ്യകള്‍ക്കും വലിയ നീക്കിയിരിപ്പ് മാറ്റിവച്ച് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനായി യു.എസ് സര്‍ക്കാര്‍ തുടങ്ങി വച്ച പദ്ധതികള്‍ക്കൊക്കെ ഈ ബില്ല് തിരിച്ചടിയാകും.
വന്‍ ധനാഢ്യര്‍ക്കു കൂടുതല്‍ പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ആദായനികുതിയില്‍ നല്‍കുന്ന വമ്പിച്ച ഇളവ് യു.എസ് ഖജനാവിനുണ്ടാക്കുന്ന നഷ്ടം പരിഹരിക്കാന്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും നല്‍കിക്കൊണ്ടിരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് കവറേജായ മെഡിക് എയ്ഡും പോഷകാഹാര പദ്ധതിയും വേണ്ടെന്ന് വയ്ക്കാനും ഈ നികുതി നിര്‍ദ്ദേശിക്കുന്നു. ദശലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്കാണ് ഇതുമൂലമുള്ള പ്രയോജനങ്ങള്‍ നഷ്ടമാകുന്നത്.
അമേരിക്കയുടെ ബജറ്റ് കമ്മി കുത്തനെ വര്‍ദ്ധിക്കുന്ന, വിലക്കയറ്റവും വായ്പകള്‍ക്കുള്ള പലിശയും കുത്തനെ കൂടാന്‍ ഇടയാക്കുന്ന ബില്ലായതിനാലാണ് ഇതിനെ എതിര്‍ക്കുന്നത് എന്ന് തോമസ് മാസി എക്സില്‍ എഴുതി. മെഡിക്എയ്ഡ് വേണ്ടെന്ന് വയ്ക്കുന്നത് അടക്കമുള്ള ബില്ലിലെ പലനിര്‍ദ്ദേശങ്ങളും താന്‍ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തിനെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ ബില്ലിനെതിരായി വോട്ടു ചെയ്യുന്നുവെന്ന് ബ്രയാന്‍ ഫിറ്റ്സ്പാട്രിസ് പ്രഖ്യപനത്തില്‍ അറിയിച്ചു. ‘വണ്‍ ബിഗ്, അഗ്ലി ബില്‍’ എന്നായിരുന്നു ഡെമോക്രാറ്റുകളുടെ ഈ ബില്ലിനോടുള്ള പ്രതികരണം. ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനുള്ള സകല പരിപാടികളും ഒഴിവാക്കി വന്‍പണക്കാര്‍ക്ക് നികുതി ഇളവ് നല്‍കുന്ന ബില്ലാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.
എട്ടുമണിക്കൂറും 44 മിനുട്ടും നീണ്ടു നിന്ന, അമേരിക്കന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രസംഗങ്ങളിലൊന്നിലൂടെ, ബില്ല് പാസാകുന്നത് തടയാനുള്ള അവസാന ശ്രമം സഭയിലെ മൈനോരിറ്റി ലീഡറായ ഡെമോക്രാറ്റ് അംഗം ഹക്കീം ജഫ്രീസ് നടത്തി. ‘ഇത് അസാധാരണമാണ്. ഇത് എല്ലാ അമേരിക്കക്കാര്‍ക്ക് നേരെയും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എല്ലാം നേരെയുള്ള അതിക്രമമാണ്. എനിക്കിത് അവിശ്വസിനീയമായി തോന്നുന്നു, ഇതിലുള്ളതെല്ലാം വൃത്തികെട്ടതാണ്. വണ്‍ ബിഗ് അഗ്ലി ബില്‍’-അദ്ദേഹം പറഞ്ഞു.
‘സാമ്പത്തിക, സാമൂഹ്യസുരക്ഷയില്ലാത്ത അമേരിക്കക്കാരുടെ വായില്‍ നിന്ന് ഭക്ഷണം പിടിച്ച് പറയ്ക്കുന്ന ബില്ലാണിത്, നാമീ ചെയ്യുന്നത് അത്യന്തം അസാധാരണമായ കാര്യമാണ്. അത്യന്തം അസാധാരണം. ഇത് അമേരിക്കന്‍ ജനതയ്ക്ക് മേല്‍ മുമ്പൊരിക്കലും ഇല്ലാതിരുന്നിട്ടുള്ള ആക്രമണമാണ്, ബഹുമാനപ്പെട്ട സ്പീക്കര്‍, സഹസ്രകോടിപതികളായ നിങ്ങളുടെ സാമ്പത്തിക സ്രോതസുകള്‍ക്ക് നികുതി ഇളവ് കൊടുക്കാനാണ് ഏറ്റവും പാവപ്പെട്ട ജനതയ്ക്ക് മേല്‍ ഈ ആക്രമണം നടത്തുന്നത്. ഈ സംവിധാനത്തെ കുറിച്ചോര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു. ഈ ബില്ല് പാസാവുകയാണെങ്കില്‍ ഈ രാജ്യമിനി അമേരിക്കയല്ല, അമേരിക്ക ഇതിനേക്കാള്‍ തീര്‍ച്ചയായും മെച്ചപ്പെട്ട ഇടമാണ്.”-വൈകാരികമായ പ്രസംഗത്തില്‍ ഹക്കീം ജഫ്രീസ് കൂട്ടിച്ചേര്‍ത്തു. US House of Representatives passed Donald Trump’s sweeping tax and spending bill
Content Summary; US House of Representatives passed Donald Trump’s sweeping tax and spending bill
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.