യുഎസിൽ മയക്കുമരുന്ന് കടത്ത് പ്രോത്സാഹിപ്പിച്ച് ഇന്ത്യയും ചൈനയും, ആരോപണവുമായി ഇന്റലിജൻസ് റിപ്പോർട്ട്

ട്രംപിന്റെ താരിഫ് പരിഷ്കരണം നിലവിൽ വരാൻ ഒരാഴ്ച ബാക്കി നിൽക്കെയാണ് അമേരിക്കയുടെ റിപ്പോർട്ട് പുറത്തുവരുന്നത്

അമേരിക്കയിലെ ക്രിമിനൽ സംഘടനകൾക്ക് നിയമവിരുദ്ധമായി ഫെന്റനൈൽ മരുന്നുകളുടെ ഉത്പാദനത്തിനായി രാസവസ്തുക്കൾ എത്തിച്ചു കൊടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയ്ക്കൊപ്പം ഇന്ത്യയെ കൂടി ഉൾപ്പെടുത്തി അമേരിക്ക. യുഎസ് ഇന്റലിജൻസ് വിഭാഗത്തിന്റെ ആനുവൽ ത്രഡ് അസസ്മെന്റ് റിപ്പോർട്ടിലാണ് ഫെന്റനൈൽ വിതരണത്തിൽ ഇരു രാജ്യങ്ങളുടെയും പങ്ക് വ‍ർദ്ധിച്ചു വരുന്നതായി വിലയിരുത്തുന്നത്. ട്രംപിന്റെ താരിഫ് പരിഷ്കരണം നിലവിൽ വരാൻ ഒരാഴ്ച ബാക്കി നിൽക്കെയാണ് അമേരിക്കയുടെ റിപ്പോർട്ട് പുറത്തുവരുന്നത്. ചൈനയും ഇന്ത്യയും സ്വന്തം രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന രാജ്യങ്ങളാണെന്ന് അമേരിക്ക ആരോപിച്ചു.

മറ്റു സിന്തറ്റിക് ഓപിയോയിഡുകൾക്കൊപ്പം ഫെന്റനൈലും അമേരിക്കയിലേക്ക് കടത്തപ്പെടുന്ന ഏറ്റവും മാരകമായ മയക്കുമരുന്നാണ്. 2024 ഡിസംബർ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 52,000ത്തോളം മരണങ്ങൾ​ക്കാണ് ഓപിയോയിഡുകൾ മൂലം സംഭവിച്ചിട്ടുള്ളതായും യുഎസ് ഇന്റലിജൻസ് കമ്മ്യൂണിറ്റിയുടെ ത്രെറ്റ് അസസ്മെന്റ് റിപ്പോർട്ട് പറയുന്നു. മെക്സികോ ആസ്ഥാനമായുള്ള ക്രിമിനൽ സംഘടനകളായ സിനലാവോ കാർട്ടൽ, ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ എന്നിവയാണ് മയക്കുമരുന്നുകളുടെ ഉത്പാദനത്തിലും വിതരണത്തിലും ആധിപത്യം പുലർത്തുന്നത്. ഇവ ഉത്പാദനത്തിനായുള്ള വസ്തുക്കൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്ത്യയെയുമാണ്. മയക്കുമരുന്ന് കടത്തുകാർക്ക് നേരിട്ടും അല്ലാതെയും സഹായങ്ങൾ നൽകി കൊണ്ട് ചൈന ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയിൽ മയക്കുമരുന്ന് കടത്ത് പ്രോത്സാഹിപ്പിക്കുന്നു. നിയമവിരുദ്ധ ഫെന്റൻൈൽ രാസവസ്തുക്കളുടെയും ഗുളികകൾ പൊടിക്കുന്ന ഉപകരണങ്ങളുടെയും പ്രാഥമിക വിതരണക്കാർ ചൈനയാണ്, തൊട്ടു പിന്നിൽ ഇന്ത്യയാണെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിന്റെ ഓഫീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.

അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആയിരുന്നു ഫൈന്റനൈൽ ഉത്പാദനത്തിനുള്ള രാസവസ്തുക്കളുടെ വിതരണത്തിൽ ചൈനയും ഇന്ത്യയും മുൻപന്തിയിലാണന്ന് കണ്ടെത്തുന്നത്. ഇന്ത്യ ആസ്ഥാനമായുള്ള ഒരു കെമിക്കൽ മാനുഫാക്ചറിംഗ് കമ്പനിയും അതിന്റെ മൂന്ന് എക്സിക്യൂട്ടിവുകളും അനധികൃതമായി യുഎസിൽ മരുന്ന് വിതരണം നടത്തിയതായി കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ന്യൂയോക്ക് സിറ്റിയിൽ വച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഓപിയോയിഡ് ഫെന്റനൈൽ നിർമ്മിക്കാൻ മയക്കുമരുന്ന് കാർട്ടലുകൾ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വിതരണത്തിൽ ഇന്ത്യ ചൈനയ്ക്കൊപ്പം എത്തുന്നത് ആദ്യമായാണ്. കഴിഞ്ഞ വർഷത്തെ വിലയിരുത്തൽ റിപ്പോർട്ടിൽ വളരെ കുറച്ചു മാത്രം വിതരണം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇന്ത്യ. എന്നാൽ അന്നും ചൈന പ്രാഥമിക വിതരണക്കാരായിരുന്നുവെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. ഫെബ്രുവരി ഒന്നിന് അമേരിക്കയിലേക്ക് ലഹരി എത്തിക്കുന്നുവെന്നാരോപിച്ച് ചൈനയ്ക്ക് 10 ശതമാനം അധികം തീരുവയും അതിർത്തിയിൽ മതിയായ നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ചൈനയ്ക്കും മെക്സിക്കോയു മേൽ 25 ശതമാനം തീരുവയും ചുമത്തിയിരുന്നു. അതേ സമയം ട്രംപ് പുതുതായി പ്രഖ്യാപിച്ച, ഏപ്രിൽ രണ്ട് മുതൽ പ്രാബല്യത്തിൽ വരാൻ പോകുന്ന പരസ്പര ഇറക്കുമതി താരിഫുകളിൽ ചിലത് ഒഴിവാക്കാൻ ഒരു സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കാൻ ഇന്ത്യ യുഎസുമായി ചർച്ചകൾ നടത്തി വരികയാണ്.

content summary: US intelligence reports point out that India and China are the top countries supplying fentanyl in the USA

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment