അഹമ്മദി നെജാദ് എന്ന സര്‍പ്രൈസ്; ഇറാനില്‍ അമേരിക്കയ്ക്കും ഇസ്രയേലിനും പാളിയ പദ്ധതി

മൊസാദ് ആയിരുന്നു ഇത്തരമൊരു നീക്കത്തിന് പിന്നില്‍, അത് വിജയിപ്പിക്കാമെന്നും അവര്‍ വിശ്വസിച്ചിരുന്നു, പക്ഷേ...

Mahmoud Ahmadinejad

ഇറാന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിന് പിന്നാലെ, ആ രാജ്യത്തിന്റെ ഭരണം ‘അകത്തുനിന്നുള്ള ആരെങ്കിലും’ ഏറ്റെടുക്കുന്നതാണ് നല്ലതെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി പ്രസ്താവിച്ചത്. എന്നാല്‍ അത്തരമൊരു ഭരണമാറ്റത്തില്‍ ഇറാന്റെ അധികാരം ആരെ ഏല്‍പ്പിക്കണം എന്ന കാര്യത്തില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും മനസ്സില്‍ ഒരു നേതാവുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളെ ആസ്പദമാക്കി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് മറ്റാരുമായിരുന്നില്ല, കടുത്ത ഇസ്രയേല്‍-അമേരിക്കന്‍ വിരുദ്ധ നിലപാടുകളിലൂടെ ലോക ശ്രദ്ധനേടിയ മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹമ്മദി നെജാദ് ആയിരുന്നു അത്.

ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വികസിപ്പിച്ചെടുത്തതും അഹമ്മദി നെജാദുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്തതുമായ ഈ അതീവ രഹസ്യവും സാഹസികവുമായ പദ്ധതി പക്ഷേ, വിചാരിച്ചതുപോലെ മുന്നോട്ട് പോയില്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. യുദ്ധത്തിന്റെ ആദ്യദിനം ടെഹ്റാനിലെ അഹമ്മദി നെജാദിന്റെ വീടിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ഈ ആക്രമണം മുന്‍ പ്രസിഡന്റിനെ വകവരുത്താനായിരുന്നില്ല, പകരം അദ്ദേഹത്തെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയതായിരുന്നു. ആക്രമണത്തില്‍ നിന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, ഈ വധശ്രമത്തിന് സമാനമായ അനുഭവത്തോടെ ഭരണമാറ്റ പദ്ധതികളില്‍ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. അതിനുശേഷം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തതിനാല്‍ നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ എവിടെയാണെന്നതിനെക്കുറിച്ചോ വ്യക്തമായ വിവരങ്ങളില്ല.

അഹമ്മദി നെജാദിനെപ്പോലെ ഒരു തീവ്രനിലപാടുകാരനെ ഇറാനെ നയിക്കാന്‍ അമേരിക്കയും ഇസ്രയേലും തിരഞ്ഞെടുത്തു എന്നത് രാഷ്ട്രീയ ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. 2005 മുതല്‍ 2013 വരെ ഇറാന്റെ പ്രസിഡന്റായിരുന്ന കാലയളവില്‍ ‘ഇസ്രയേലിനെ ലോക ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കണം’ എന്ന് ആഹ്വാനം ചെയ്ത വ്യക്തിയാണ് അദ്ദേഹം. ഇറാന്റെ ആണവ പദ്ധതികളെ ശക്തമായി പിന്തുണയ്ക്കുകയും അമേരിക്കയെ നിരന്തരം വിമര്‍ശിക്കുകയും ചെയ്ത അദ്ദേഹം, രാജ്യത്തിനകത്തെ വിയോജിപ്പുകളെ കടുത്ത രീതിയിലാണ് അടിച്ചമര്‍ത്തിയിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് ഇറാന്റെ ഇപ്പോഴത്തെ ഭരണകൂടവുമായി അദ്ദേഹം കടുത്ത ഭിന്നതയിലാവുകയും അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതോടെ ഔദ്യോഗിക നേതൃത്വം അദ്ദേഹത്തെ കര്‍ശന നിരീക്ഷണത്തിലാക്കുകയായിരുന്നു.

ഇറാനിലെ മതഭരണകൂടത്തെ താഴെയിറക്കാന്‍ ഇസ്രയേല്‍ തയ്യാറാക്കിയ വിവിധ ഘട്ടങ്ങളുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. വെനസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടിയതും അതിനുശേഷം അവിടെ വന്ന പുതിയ താല്ക്കാലിക ഭരണകൂടം വൈറ്റ് ഹൌസുമായി സഹകരിക്കാന്‍ തയ്യാറായതും പോലുള്ള ഒരു മാതൃക ഇറാനിലും നടപ്പിലാക്കാന്‍ ട്രംപ് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അഹമ്മദി നെജാദിനെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും ഗാര്‍ഡിയന്‍ കൗണ്‍സില്‍ വിലക്കിയിരിക്കുകയാണ്. കിഴക്കന്‍ ടെഹ്റാനിലെ നാര്‍മക് പ്രദേശത്തുള്ള സ്വന്തം വീട്ടില്‍ അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ആദ്യദിന ആക്രമണത്തില്‍ അദ്ദേഹത്തിന് കാവല്‍ നിന്നിരുന്ന (യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ തടവിലാക്കിയിരുന്ന) ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അംഗങ്ങള്‍ കൊല്ലപ്പെടുകയും അഹമ്മദി നെജാദ് മോചിതനാവുകയും ചെയ്തതായി പിന്നീട് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഹമ്മദി നെജാദിന് പാശ്ചാത്യ രാജ്യങ്ങളുമായി രഹസ്യ ബന്ധമുണ്ടെന്ന തരത്തിലുള്ള സൂചനകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. 2019-ല്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഒരു ‘പ്രവര്‍ത്തിയുടെ മനുഷ്യനാണെന്ന്’ അദ്ദേഹം പുകഴ്ത്തി സംസാരിച്ചിരുന്നു. കൂടാതെ, 2023-ലും 2024-ലും ഇസ്രയേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗ്വാട്ടിമാല, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചതും സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ ജൂണില്‍ ഇസ്രയേല്‍ ഇറാനെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ അഹമ്മദി നെജാദ് പുലര്‍ത്തിയ നിശബ്ദതയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇറാനിലെ ഭരണകൂടത്തെ തകര്‍ക്കാന്‍ വ്യോമാക്രമണങ്ങളും കുര്‍ദിഷ് വിഭാഗങ്ങളുടെ പിന്തുണയോടെയുള്ള ആഭ്യന്തര അസ്ഥിരതയും വഴി ഒരു ‘ബദല്‍ സര്‍ക്കാര്‍’ രൂപീകരിക്കാനാണ് ഇസ്രയേല്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വ്യോമാക്രമണങ്ങള്‍ക്കും പരമോന്നത നേതാവിന്റെ വധത്തിനും അപ്പുറം ഇസ്രയേല്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. ഇറാന്റെ പ്രതിരോധ ശേഷിയെ അമേരിക്കയും ഇസ്രയേലും തെറ്റായി വിലയിരുത്തുകയായിരുന്നു എന്ന് വ്യക്തമാണ്. എങ്കില്‍പ്പോലും തങ്ങളുടെ ദശകങ്ങളുടെ ഇന്റലിജന്‍സ് വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഈ പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നെങ്കില്‍ അത് വിജയകരമാകുമായിരുന്നു എന്നാണ് ഇപ്പോഴും മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയ വിശ്വസിക്കുന്നത്.

Content Summary: Reports reveal a stunning, secret plan by the US and Israel to install former hard-line President Mahmoud Ahmadinejad as Iran’s leader following a major military operation aimed at regime change.

This post was last modified on May 20, 2026 2:44 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment