June 04, 2026 |
Share on

ഇറാന്‍ യുദ്ധം: ഹോര്‍മുസ് പൂര്‍ണമായി അടയ്ക്കുമെന്ന് ടെഹ്‌റാന്‍, ഊര്‍ജ പ്രതിസന്ധി അതീവ ഗുരുതരമാകുന്നു

ലോകം ഇതുവരെ കാണാത്ത അവസ്ഥയിലേക്കാണ് എണ്ണ-വാതക ക്ഷാമം രൂക്ഷമാകുന്നത്‌

യുഎസ്- ഇസ്രയേല്‍ സഖ്യം ഇറാനെതിരേ തുടരുന്ന യുദ്ധത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നു;

തിരിച്ചടി ഗുരുതരമായിരിക്കുമെന്ന് ഇറാന്‍

ഇറാനിലെ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പ്രഖ്യാപിച്ചു.

തങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ ആക്രമിക്കപ്പെട്ടാല്‍, അമേരിക്കന്‍ ഓഹരി പങ്കാളിത്തമുള്ള കമ്പനികളെ നശിപ്പിക്കുമെന്നും യുഎസ് സൈനിക താവളങ്ങളുള്ള രാജ്യങ്ങളിലെ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ‘തകര്‍ന്ന ഊര്‍ജ്ജ നിലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നത് വരെ കടലിടുക്ക് തുറക്കില്ല’ എന്ന് ഇറാന്‍ വ്യക്തമാക്കി.

ലോകം കൂടുതല്‍ ഗുരുതരാവസ്ഥയില്‍

ലോകത്തെ അഞ്ചിലൊന്ന് ക്രൂഡ് ഓയില്‍ കടന്നുപോകുന്ന ഈ പാത അടയുന്നത് ആഗോള ഇന്ധന വില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്. കുടിവെള്ളത്തിനായി സമുദ്രജല ശുദ്ധീകരണ പ്ലാന്റുകളെ ആശ്രയിക്കുന്ന ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ ഇറാന്റെ ഭീഷണി ഗുരുതരമായി ബാധിക്കും.

യുദ്ധഭീഷണിയെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഓഹരി വിപണിയില്‍ 60 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി. ക്രൂഡ് ഓയില്‍ വില ബാരലിന് 113 ഡോളര്‍ വരെ ഉയര്‍ന്നു.

ആഗോള ഊര്‍ജ്ജ പ്രതിസന്ധി 1970-കളേക്കാള്‍ ഭീകരം

ലോകം നിലവില്‍ അഭിമുഖീകരിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധി മുന്‍കാലങ്ങളിലെ എല്ലാ റെക്കോര്‍ഡുകളെയും ഭേദിക്കുന്നതാണെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐഇഎ) മേധാവി ഫത്തീഹ് ബിറോളിന്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യം 1973-ലെയും 1979-ലെയും പ്രശസ്തമായ എണ്ണ പ്രതിസന്ധികളേക്കാളും, റഷ്യ-യുക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച വാതക പ്രതിസന്ധിയേക്കാളും അതീവ ഗുരുതരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എണ്ണ ലഭ്യതയിലെ ഇടിവ്

70-കളിലെ രണ്ട് വലിയ എണ്ണ പ്രതിസന്ധികളിലും കൂടി ഏകദേശം ഒരു കോടി ബാരല്‍ എണ്ണയാണ് പ്രതിദിനം വിപണിയില്‍ കുറഞ്ഞതെങ്കില്‍, ഇന്നത്തെ പ്രതിസന്ധിയില്‍ അത് 1.1 കോടി ബാരലായി ഉയര്‍ന്നിരിക്കുന്നു.

വാതക പ്രതിസന്ധി

യുക്രെയ്ന്‍ അധിനിവേശ സമയത്ത് യൂറോപ്പിന് 75 ബി.സി.എം വാതകം നഷ്ടമായ സ്ഥാനത്ത്, നിലവിലെ സാഹചര്യത്തില്‍ അത് 140 ബി.സി.എം ആയി വര്‍ദ്ധിച്ചു. അതായത് മുന്‍പുണ്ടായതിനേക്കാള്‍ ഏകദേശം ഇരട്ടി നഷ്ടം.

ചരിത്രത്തിലെ രണ്ട് വലിയ എണ്ണ പ്രതിസന്ധികളും ഒരു വാതക വിപണി തകര്‍ച്ചയും ഒരേസമയം സംഭവിച്ചാലുണ്ടാകുന്ന അത്രയും വലിയ ആഘാതമാണ് ഇപ്പോള്‍ ലോകം നേരിടുന്നതെന്ന് ഫത്തീഹ് ബിറോള്‍ വ്യക്തമാക്കി.

ബ്രിട്ടന്റെ അടിയന്തര യോഗം

യുദ്ധം മൂലം ഉണ്ടായേക്കാവുന്ന സാമ്പത്തിക തകര്‍ച്ച ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ അടിയന്തര യോഗം വിളിച്ചു.

വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ പലസ്തീനികളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

യുഎസ് നിലപാട്

‘യുദ്ധം അവസാനിപ്പിക്കാന്‍ ചിലപ്പോള്‍ അത് രൂക്ഷമാക്കേണ്ടി വരും’ എന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രതികരിച്ചു.

ലെബനനിലെ മരണസംഖ്യ

ലെബനനില്‍ ഇതുവരെ 118 കുട്ടികളടക്കം 1024 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സമാധാന ശ്രമങ്ങള്‍

മധ്യപൂര്‍വ്വേഷ്യയിലെ മരണങ്ങളും ദുരിതങ്ങളും മനുഷ്യരാശിക്കേറ്റ കളങ്കമാണെന്ന് പോപ്പ് ലിയോ മാര്‍പ്പാപ്പ പറഞ്ഞു. എത്രയും വേഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Content Summary: US Israel war on Iran Updates; Iran threaten completely close hormuz, World is facing an unprecedented energy crisis.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×