അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളാണ് വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നത്;
റഷ്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം
ഇറാനിലെ ഇസ്ഫഹാനിലുള്ള റഷ്യന്‍ കോണ്‍സുലേറ്റിന് നേരെ നടന്ന ഷെല്ലാക്രമണത്തില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിവരം. ഗവര്‍ണറുടെ ഭരണകാര്യാലയം ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിനിടയിലാണ് കോണ്‍സുലേറ്റിനും ആഘാതമേറ്റതെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖറോവ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇതിനിടയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇറാന്റെ മസൂദ് പെസെഷ്‌കിയനുമായി ഫോണില്‍ സംസാരിക്കുകയും ശത്രുത അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഹോര്‍മുസ് കടലിടുക്കിലെ പോര്
ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിന്യസിക്കാനുള്ള ഇറാന്റെ നീക്കത്തിനെതിരേ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന് പിന്നാലെ 16 ഇറാനിയന്‍ മൈന്‍-ലേയിംഗ് കപ്പലുകള്‍ യുഎസ് സൈന്യം നശിപ്പിച്ചതായി സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കടലിടുക്ക് തുറന്നുതന്നെ ഇരിക്കുമെന്ന് ഉറപ്പാക്കാന്‍ അമേരിക്ക കൂടുതല്‍ സൈനിക നീക്കങ്ങള്‍ ആലോചിക്കുന്നുണ്ട്.
ആക്രമണം ശക്തമാക്കി ഇസ്രയേല്‍
ടെഹ്റാനിലെയും തബ്രിസിലെയും സൈനിക ആസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിവരികയാണ്. ഈ യുദ്ധത്തില്‍ ഇതുവരെ 1,300-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായും ഏകദേശം 10,000 സിവില്‍ കേന്ദ്രങ്ങള്‍ തകര്‍ന്നതായും ഇറാന്റെ യുഎന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറാവാനി പറഞ്ഞു. ടെഹ്റാനിലെ എണ്ണ സംഭരണശാലകള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തെത്തുടര്‍ന്ന് നഗരത്തില്‍ വിഷപ്പുകയും ആസിഡ് മഴയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെയുള്ള ആക്രമണം താല്‍ക്കാലികമായി നിര്‍ത്താന്‍ അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
യുഎസിന്റെ പുതിയ ലക്ഷ്യങ്ങള്‍
ഇറാന്‍ പൂര്‍ണ്ണമായും നിരുപാധികം കീഴടങ്ങുന്നത് വരെ യുദ്ധം തുടരുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി. ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ തകര്‍ക്കാനാണ് ഇപ്പോള്‍ അമേരിക്കന്‍ സൈന്യം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, ഇറാന്റെ പക്കലുള്ള യുറേനിയം ശേഖരം പിടിച്ചെടുക്കാന്‍ അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിനെ ഇറാനിലേക്ക് അയക്കുന്ന കാര്യവും ട്രംപ് ഭരണകൂടം പരിഗണിക്കുന്നുണ്ട്.
റഷ്യയുടെ നിലപാട്
അമേരിക്കന്‍ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ഇറാനുമായി പങ്കുവെക്കുന്നു എന്ന വാര്‍ത്തകള്‍ റഷ്യ നിഷേധിച്ചു.
യുക്രെയ്‌ന്റെ സഹായം
ഇറാനിയന്‍ ഡ്രോണുകളെ വെടിവെച്ചിടാനുള്ള സാങ്കേതിക വിദ്യകള്‍ കൈമാറാന്‍ യുക്രേനിയന്‍ വിദഗ്ധര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചു.
പരിക്കേറ്റ യുഎസ് സൈനികര്‍
യുദ്ധം തുടങ്ങിയത് മുതല്‍ 140 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും ഇതില്‍ 8 പേരുടെ പരിക്ക് ഗുരുതരമാണെന്നും പെന്റഗണ്‍ അറിയിച്ചു.
ഇറാന്റെ പ്രതികരണം
അമേരിക്കന്‍ സൈന്യത്തിന് നേരെ ഇറാന്‍ ആക്രമണം ആസൂത്രണം ചെയ്യുന്നു എന്നത് കള്ളമാണെന്നും, ഇസ്രയേലിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് അമേരിക്ക ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
Content Summary: US-Israel War On Iran Updates; Donald Trump says US destroyed 10 ‘inactive mine laying vessels in hormuz strait
This post was last modified on March 11, 2026 8:57 am
Leave a Comment