ഇറാനില്‍ കൂടുതല്‍ നാശമുണ്ടാക്കി അമേരിക്ക, ഗള്‍ഫ് മേഖലയില്‍ തിരിച്ചടിച്ച് ടെഹ്‌റാന്‍, സൗദിക്ക് ഹൂതി ഭീഷണി

ഇറാന്റെ തന്ത്രപ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ 'പിക്കാക്സ് മൗണ്ടന്‍' ഉടന്‍ ആക്രമിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

US Iran War

യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമൂട്ടല്‍ കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 50 പേര്‍ കൊല്ലപ്പെടുകയും 500-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതുവെന്നാണ് ഇറാന്‍ പറയുന്നത്. ഏറ്റുമുട്ടല്‍ തുടര്‍ച്ചയായ 11-ാം ദിവസത്തിലേക്ക് കടന്നതോടെ തെക്കന്‍, പടിഞ്ഞാറന്‍ ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വീണ്ടും കനത്ത ബോംബാക്രമണം നടത്തി. മറുപടിയായി ബഹ്റൈന്‍, കുവൈറ്റ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.

ഇറാനിലെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ തബ്രിസിന് സമീപമുള്ള സൈനിക കേന്ദ്രത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ കനത്ത ആക്രമണമുണ്ടായെന്ന് ഇറാനിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. തലസ്ഥാനമായ ടെഹ്റാന്റെ പടിഞ്ഞാറന്‍, കിഴക്കന്‍, വടക്കുകിഴക്കന്‍ മേഖലകളിലും അമേരിക്കന്‍ ആക്രമണങ്ങളെ ഇറാന്‍ പ്രതിരോധിച്ചിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസ് കടലിടുക്കിലുള്ള ഇറാന്‍ ഭീഷണി ഇല്ലാതാക്കാനാണ് തങ്ങളുടെ തുടര്‍ച്ചയായ ആക്രമണങ്ങളെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെടുമ്പോള്‍, ഇരുപക്ഷവും സാധാരണക്കാര്‍ ആശ്രയിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ഇസ്രയേലിലും ലെബനനിലും ഉള്ള വിദേശ തൊഴിലാളികളും കപ്പല്‍ ജീവനക്കാരും ഈ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, യുദ്ധത്തില്‍ പരിക്കേറ്റ യു.എസ് സൈനികരുടെ എണ്ണം 500 കടന്നതായി മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു.

ഇറാന്റെ തന്ത്രപ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ നതാന്‍സിന് സമീപമുള്ള ‘പിക്കാക്‌സ് മൗണ്ടന്‍’ മേഖല ലക്ഷ്യമാക്കി ഉടന്‍ ആക്രമണം ഉണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂഗര്‍ഭ തുരങ്ക സമുച്ചയങ്ങള്‍ അടങ്ങുന്ന, അമേരിക്കയുടെ ശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് പോലും എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയാത്ത തരത്തില്‍ സുരക്ഷിതമായ മേഖലയാണിത്. എന്നാല്‍, ആണവനിലയങ്ങള്‍ക്കോ മറ്റ് അതീവ സുരക്ഷ കേന്ദ്രങ്ങള്‍ക്കോ നേരെ ആക്രമണം ഉണ്ടായാല്‍ അത് യുദ്ധം മേഖലയിലാകെ പടരുന്നതിന് തുല്യമായിരിക്കുമെന്ന് ഇറാനിയന്‍ സൈന്യത്തിന്റെ ‘ഖാതം അല്‍-അന്‍ബിയ’ സെന്‍ട്രല്‍ ഹെഡ്ക്വാട്ടേഴ്‌സ് മുന്നറിയിപ്പ് നല്‍കി. അത്തരമൊരു നീക്കം ഉണ്ടായാല്‍ യു.എസിന്റെയും അതിന്റെ സഖ്യകക്ഷികളുടെയും എല്ലാ താല്‍പ്പര്യങ്ങളും തങ്ങളുടെ ശക്തമായ തിരിച്ചടിയുടെ ലക്ഷ്യസ്ഥാനങ്ങളാകുമെന്ന് ഇറാന്‍ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിന് പുറമെ ചെങ്കടല്‍ മേഖലയിലും സംഘര്‍ഷം വ്യാപിക്കുകയാണ്. യെമനിലെ ഇറാന്‍ അനുകൂല ഹൂതി വിമതര്‍ സൗദി അറേബ്യയ്ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതോടെ സൗദിയിലെ യാന്‍ബു തുറമുഖത്ത് നിന്ന് ഏഷ്യയിലേക്ക് ക്രൂഡ് ഓയിലുമായി പുറപ്പെട്ട രണ്ട് ടാങ്കറുകള്‍ ചെങ്കടലില്‍ നിന്ന് സൂയസ് കനാല്‍ വഴി തിരിച്ചുവിട്ടു. ചെങ്കടലിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ബാബ് അല്‍-മന്ദേബ് ഉപരോധിക്കാന്‍ ഹൂതികള്‍ മുതിര്‍ന്നാല്‍ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തടസ്സങ്ങള്‍ രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില രണ്ട് ശതമാനത്തിലധികം വര്‍ധിച്ച് ബ്രെന്റ് ക്രൂഡ് വില ബാരലിന് 91 ഡോളറിന് മുകളിലെത്തി.

ഇറാനെതിരെയുള്ള യുദ്ധത്തിനായി അമേരിക്ക ഇതുവരെ ഏകദേശം 37.5 ശതകോടി ഡോളര്‍ ചെലവഴിച്ചതായി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. സൈനിക ആവശ്യങ്ങള്‍ക്കായി 95 ശതകോടി ഡോളറിന്റെ അധിക ബജറ്റ് പാക്കേജ് പാസാക്കാന്‍ ട്രംപ് ഭരണകൂടം തയാറെടുക്കുകയാണ്. നയതന്ത്ര തലത്തില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശ്രമങ്ങള്‍ ആരംഭിക്കുകയും എല്ലാ വിഭാഗങ്ങളോടും സംയമനം പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നാണ് ഓവല്‍ ഓഫീസില്‍ വച്ച് ട്രംപ് പ്രതികരിച്ചത്. അതേസമയം, ലെബനന്‍ നേതാവ് ജോസഫ് ഔണുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ്, ലെബനനെ സഹായിക്കുമെന്നും നാല് പതിറ്റാണ്ടിന് ശേഷം അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് ലെബനനിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കുമെന്നും പ്രഖ്യാപിച്ചു.

Content Summary; US launches 11th night of strikes on Iran as regional tensions escalate. Red Sea tanker disruptions, and rising oil prices

This post was last modified on July 22, 2026 6:28 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment