രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ വലിയ വഴിത്തിരിവുകളൊന്നും ഉണ്ടാക്കാതെ യുക്രെയ്ന്‍-റഷ്യ ചര്‍ച്ച അവസാനിച്ചു. അബുദാബിയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന രണ്ടാം ദിവസത്തെ ചര്‍ച്ചകളാണ് വ്യാഴാഴ്ച അവസാനിച്ചത്. നിര്‍ണായക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ചില സുപ്രധാന തീരുമാനങ്ങള്‍ ഈ യോഗത്തില്‍ കൈക്കൊണ്ടിട്ടുണ്ടെന്നാണ് വിവരം.
ഇരുപക്ഷവും തങ്ങളുടെ പക്കലുള്ള 157 യുദ്ധത്തടവുകാരെ വീതം പരസ്പരം കൈമാറാന്‍ സമ്മതിച്ചു എന്നതാണ് ഈ ചര്‍ച്ചയിലെ ഏറ്റവും ശ്രദ്ധേയമായ ഫലം. കഴിഞ്ഞ നാല് വര്‍ഷമായി തുടരുന്ന യുദ്ധത്തിനിടയില്‍ മാസങ്ങള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികള്‍ ഇത്രയും ഗൗരവകരമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നത്. വ്യാഴാഴ്ച നടന്ന ചര്‍ച്ചകള്‍ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. ഇതിന് മുന്‍പ് ബുധനാഴ്ച നടന്ന ത്രികക്ഷി ചര്‍ച്ച അഞ്ചര മണിക്കൂറോളം നീണ്ടിരുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇനിയും ഒരുപാട് ജോലികള്‍ ബാക്കിയുണ്ട് എന്നായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം വിറ്റ്‌കോഫിന്റെ പ്രതികരണം. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചര്‍ച്ചകളില്‍ സജീവമായിരുന്നു.
മുന്‍പത്തെ അപേക്ഷിച്ച് ഇത്തവണ ഇരുരാജ്യങ്ങളും തങ്ങളുടെ മുതിര്‍ന്ന സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയാണ് ചര്‍ച്ചകള്‍ക്കായി അയച്ചത്. ഇത് ചര്‍ച്ചയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നു എന്നാണ് യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫീസ് മേധാവി കിറിലോ ബുഡാനോവ് പറഞ്ഞത്. സമാധാന ചര്‍ച്ചകള്‍ തുടരുമെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയും വ്യക്തമാക്കി. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും മുന്നോട്ടുള്ള നീക്കം ശുഭകരമാണെന്നുമാണ് റഷ്യന്‍ പ്രതിനിധി കിറില്‍ മിത്രീവ് പ്രതികരിച്ചത്.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും സമാധാന കരാറിലെത്താന്‍ പ്രധാനമായും രണ്ട് തടസ്സങ്ങളാണുള്ളതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അതില്‍ പ്രധാനം റഷ്യയുടെ കടുത്ത നിലപാടാണ്. കിഴക്കന്‍ ഡോണ്‍ബാസ് മേഖല മുഴുവന്‍ വിട്ടുനല്‍കണമെന്ന വാശിയിലാണ് പുടിന്‍. കൂടാതെ യുക്രെയ്ന്റെ സൈനിക ശക്തി പരിമിതപ്പെടുത്തണമെന്നും പാശ്ചാത്യ സൈന്യത്തെ വിലക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നു.
നിലവിലെ യുദ്ധമുഖത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും തങ്ങളുടെ ശക്തമായ പ്രതിരോധ മേഖലകളായ നഗരങ്ങളില്‍ നിന്ന് പിന്മാറില്ലെന്നും യുക്രെയ്ന്‍ വ്യക്തമാക്കുന്നു.
ശക്തമായ തണുപ്പും യുക്രെയ്ന്റെ കനത്ത പ്രതിരോധവും കാരണം റഷ്യന്‍ മുന്നേറ്റം ഈ വര്‍ഷം സാവധാനത്തിലാണ്. എന്നിരുന്നാലും, യുക്രെയ്ന്റെ ഊര്‍ജ്ജ സംവിധാനങ്ങള്‍ക്ക് നേരെ റഷ്യ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. ഇത് രാജ്യത്തിന്റെ പല ഭാഗങ്ങളെയും ഇരുട്ടിലാക്കുകയും ജനങ്ങളുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
Content Summary; US-led Ukraine-Russia peace talks in UAE end without breakthrough
This post was last modified on February 6, 2026 12:43 pm
Leave a Comment