January 18, 2025 |
Share on

പലസ്തീൻ അനുകൂല ലേഖനം ഇന്ത്യൻ വിദ്യാർത്ഥിക്ക് യുഎസ് എംഐടിയുടെ സസ്പെൻഷൻ

അമേരിക്കയിലെ കോളേജുകളിൽ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമാവുകയാണെന്ന് ആരോപിച്ച പ്രഹ്ലാദ് കോളേജിന്റെ നടപടി വിചിത്രമാണെന്നും എല്ലാ വിദ്യാർത്ഥികളും ജാ​ഗരൂകരാകണമെന്നും വ്യക്തമാക്കി

പലസ്തീനെ അനുകൂലിക്കുന്ന ലേഖനം എഴുതിയതിന്റെ പേരിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ യുഎസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സസ്പെൻഡ് ചെയ്ത സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രഹ്ലാദ് അയ്യങ്കാർ എന്ന പിഎച്ച്ഡി വിദ്യാർത്ഥിയെയാണ് സർവ്വകലാശാല സസ്പെൻഡ് ചെയ്തിരിക്കുന്നത്. 2026 ജനുവരി വരെയാണ് പ്രഹ്ലാദിന്റെ സസ്പെൻഷൻ. കഴിഞ്ഞ മാസം കോളേജ് മാ​ഗസിനായ റിട്ടൺ റെവല്യൂഷനിൽ പലസ്തീന് അനുകൂലമായി ഒരു ലേഖനം പ്രഹ്ലാദ് എഴുതിയിരുന്നു. പസിഫിസം എന്ന വിഷയത്തിലാണ് പലസ്തീൻ അനുകൂല പ്രബന്ധം പ്രഹ്ലാദ് എഴുതിയത്. Prahlad Iyengar

ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതാണ് ലേഖനമെന്ന് ആരോപിച്ച് സർവ്വകലാശാല മാ​ഗസിൻ നിരോധിക്കുകയും ചെയ്തു. ഇലക്ട്രോണിക് എഞ്ചിനീയറിങ്ങ് ആന്റ് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ പ്രഹ്ലാദിന്റെ റിസർച്ച് ഫെല്ലോഷിപ്പും റദ്ദാക്കിയിട്ടുണ്ട്. പ്രഹ്ലാദിന്റെ ലേഖനം എംഐടിയിൽ അക്രമാസക്തവും വിനാശകരവുമായ പ്രതിഷേധത്തിന് ആഹ്വാനെ കൊടുക്കുന്നതാണെന്ന് എംഐടിയിലെ സ്റ്റുഡന്റ് ലൈഫ് ഡീൻ ഡേവിഡ് വാറൻ റാൻഡൽ മാ​ഗസിൻ എഡിറ്റർക്ക് അയച്ച ഇമെയിലിൽ പറയുന്നു.

ഈ ലേഖനം എഴുതിയതിന്റെ പേരിൽ എന്നെ പുറത്താക്കുകയും എഴുതിതിനെ നിരോധിക്കുകയും ചെയ്തതിലൂടെ ക്യാമ്പസിലെ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും അവകാശങ്ങളെയാണ് ഇല്ലാതാക്കിയിരിക്കുന്നതെന്നും പ്രഹ്ലാദ് അയ്യങ്കാർ പറഞ്ഞു. കോളേജ് ‘അധികൃതർ ഞാൻ തീവ്രവാദത്തെ അനുകൂലിക്കുന്നുവെന്ന് പറയുന്നു. തന്നെ തീവ്രവാദിയായി കുറ്റപ്പെടുത്തി നടപടി സ്വീകരിച്ചതിന് കാരണം മാ​ഗസിനിലെ ചിത്രങ്ങളാണെന്നും ആ ചിത്രങ്ങൾ താൻ നൽകിയതല്ലെന്നും’ പ്രഹ്ലാദ് പറ‍ഞ്ഞു.

അമേരിക്കയിലെ കോളേജുകളിൽ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമാവുകയാണെന്ന് ആരോപിച്ച പ്രഹ്ലാദ് കോളേജിന്റെ നടപടി വിചിത്രമാണെന്നും എല്ലാ വിദ്യാർത്ഥികളും ജാ​ഗരൂകരാകണമെന്നും വ്യക്തമാക്കി. പലസ്തീൻ അനുകൂല പ്രകടനം നടത്തിയതിന് കഴിഞ്ഞ വർഷവും പ്രഹ്ലാദ് സസ്പെൻഷൻ നേരിട്ടിരുന്നു. അതേസമയം, പ്രഹ്ലാദിന്റെ ലേഖനത്തെ പിന്തുണച്ചു കൊണ്ട് സർവ്വകലാശാല കോയിലിഷൻ രം​ഗത്തുവന്നു. ശാന്തിയെയും സമാധാനത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ് പ്രഹ്ലാദിന്റെ ലേഖനമെന്ന് സർവ്വകലാശാല കോയിലിഷൻ അഭിപ്രായപ്പെട്ടു. പ്രഹ്ലാദിന്റെ പുറത്താക്കിയ നടപടി വിവേചനപരമാണെന്നും ഉടൻ തന്നെ തീരുമാനം പിൻവലിക്കണമെന്നും സർവ്വകലാശാല കോയിലിഷൻ ആവശ്യപ്പെട്ടു.

മാ​ഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പലസ്തീനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായ പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീന്റെ ലോ​ഗോ ഉണ്ടായിരുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ രേഖകൾ പ്രകാരം അത് ഭീകര സംഘടനയാണെന്നും സർവ്വകലാശാല മറുപടി നൽകി.

‘പ്രഹ്ലാദ് അയ്യങ്കാറിനെതിരായ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏറ്റ കനത്ത പ്രഹരമാണ്. എംഐടിയുടെ അഡ്മിൻ യുദ്ധ ലാഭം കൊയ്യുന്നവരുമായി ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. പലസ്തീൻ അനുകൂല ലേഖനം അവർക്ക് സഹിക്കാനാവില്ല’, പ്രഹ്ലാദിന്റെ അഭിഭാഷകൻ എറിക് ലീ എക്സിൽ കുറിച്ചു. പ്രഹ്ലാദിനെതിരെയുള്ള നടപടിയെ തുടർന്ന് യുഎസിലെ കോളേജുകളിൽ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. Prahlad Iyengar

Content summary:
US MIT suspends Indian student for pro-Palestinian essay

Prahlad Iyengar US MIT pro-Palestinian essay protest 
×