April 17, 2025 |
Share on

ജനാധിപത്യത്തില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്ക് ട്രംപ് രാജ്യത്തെ കൊണ്ടു പോകുന്നു

പൗരസ്വാതന്ത്ര്യം ഇല്ലാതാകുന്ന അമേരിക്ക

യുഎസില്‍ പൗരസ്വാതന്ത്ര്യം താഴേക്ക് കൂപ്പ്കുത്തിയതിനാല്‍ രാജ്യത്തിനെ സിവിക്കസ് മോണിറ്റര്‍ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി അന്താരാഷ്ട്ര പൗരാവകാശ സംഘടനയായ സിവിക്കസ് അറിയിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറ്റലി, പാകിസ്ഥാന്‍ സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. Civicus Monitor Watchlist 

ലോകമെമ്പാടുമുള്ള പൗരന്മാരുടെ പ്രവര്‍ത്തനത്തെയും സിവില്‍ സമൂഹത്തെയും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സിവിക്കസ്. 198 രാജ്യങ്ങളിലെ പൗരസ്വാതന്ത്ര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്ന സംഘടന ആശങ്കാജനകമായ വിഷയങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അത് നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. സിംബാവെ, അര്‍ജന്റീന, യുഎഇ, എല്‍ സാല്‍വദോര്‍ എന്നിവയാണ് മുന്‍പ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന രാജ്യങ്ങള്‍.

സമാധാനപരമായ കൂടിച്ചേരല്‍, അഭിപ്രായ പ്രകടനം, ഒത്തുചേരല്‍ തുടങ്ങി പൗരസ്വാതന്ത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലംഘനം നേരിടുന്നുവെന്ന് ആശങ്കയുണര്‍ത്തുന്ന രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിവിക്കസിന്റെ സഹ ജനറല്‍ സെക്രട്ടറി മന്‍ദീപ് തിവാന പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനാധിപത്യ മാനദണ്ഡങ്ങള്‍ക്കും ആഗോള സഹകരണത്തിനും മേലുള്ള ട്രംപ് ഭരണകൂടത്തിന്റെ ആക്രമണമാണ് പട്ടികയില്‍ യുഎസിനെ ഉള്‍പ്പെടുത്താന്‍ കാരണമെന്നും സിവിക്കസ് അറിയിച്ചു. ഫെഡറല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടല്‍, ട്രംപിന്റെ വിശ്വസ്തരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കല്‍, ലോകാരോഗ്യ സംഘടന, യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള പിന്‍വാങ്ങല്‍ , ഫെഡറല്‍, വിദേശ സഹായങ്ങള്‍ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ യുഎസ് സര്‍ക്കാരിന്റെ സമീപകാല നടപടികള്‍ ചൂണ്ടിക്കാട്ടുകയും ഇവയെല്ലാം ഭരണഘടനാപരമായ സ്വാതന്ത്യത്തെ ഹനിക്കുന്നതാണെന്നും സിവിക്കസ് കൂട്ടിച്ചേര്‍ത്തു.

നിരീക്ഷണ പട്ടികയ്ക്ക് പുറമെ രാജ്യങ്ങളുടെ പൗരാവകാശത്തെ അവലോകനം ചെയ്യാന്‍ തുറന്ന മനോഭാവം, ഇടുങ്ങിയത്, തടസപെടുത്തുന്നത്, അടിച്ചമര്‍ത്തല്‍ എന്നിങ്ങനെ അഞ്ച് റേറ്റിങ്ങുകളും സംഘടന രൂപപ്പെടുത്തിയിരുന്നു. നിലവില്‍ പൗരാവകാശ സ്വാതന്ത്ര്യത്തില്‍ യുഎസ് ഇടുങ്ങിയ ചിന്താഗതിയുള്ള റേറ്റിങ്ങിലാണുള്ളത്. ട്രംപിന്റെ ആദ്യ ടേമില്‍ തടസം നില്‍ക്കുന്നത് എന്ന റേറ്റിങ്ങിലാണ് യുഎസ് ഉള്‍പ്പെട്ടിരുന്നതെന്നും മന്‍ദീപ് തിവാന പറഞ്ഞു. ട്രംപ് ഭരണകൂടം മൗലികാവകാശങ്ങളെയും വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും പറയുന്നുണ്ടെങ്കിലും സര്‍ക്കാരിനോട് യോജിച്ച് നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് അത് ലഭിക്കുന്നതെന്നും മന്‍ദീപ് തിവാന പറഞ്ഞു.

യുഎസ് ഇപ്പോള്‍ പിന്തുടരുന്ന നയങ്ങളെക്കുറിച്ചുള്ള ആശങ്കയും മന്‍ദീപ് തിവാന ഉയര്‍ത്തിയിട്ടുണ്ട്. ഒരുകാലത്ത് ജനാധിപത്യമൂല്യങ്ങള്‍ മുറുകെ പിടിച്ചിരുന്ന രാജ്യം അപകടകരമായ മാതൃകയാണ് നിലവില്‍ പിന്തുടരുന്നതെന്നും ഇത് സ്വേച്ഛാധിപത്യ ഭരണമായി മാറുമെന്നും മന്‍ദീപ് തിവാന ആരോപിച്ചു. Civicus Monitor Watchlist 

Content Summary: US placed on international watchlist due to worsening civic freedoms
us civic freedoms 

Leave a Reply

Your email address will not be published. Required fields are marked *

×