June 04, 2026 |
Share on

ചൈനീസ് വിദ്യാർത്ഥികളുടെ വീസ നിരോധിക്കാനൊരുങ്ങി യുഎസ് ; കമ്മ്യൂണിസ്റ്റ് പാർട്ടി ബന്ധം പരിശോധിക്കും

വിദേശവിദ്യാർത്ഥികളോടുള്ള അവ​ഗണന തുടർന്ന് ട്രംപ് ഭരണകൂടം

അമേരിക്കയിലുള്ള വിദേശ വിദ്യാർത്ഥികളുടെ വീസയുമായി ബന്ധപ്പെട്ട് കർശന നിലപാട് തുടർന്ന് ട്രംപ് ഭരണകൂടം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചൈനീസ് വിദ്യാർത്ഥികളുടെ വീസ അടിയന്തിരമായി റദ്ദാക്കുമെന്നാണ് ഇപ്പോൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചിരിക്കുന്നത്.

ഹോങ്കോങ്ങിൽ നിന്നുള്ള വിദ്യാർത്ഥികളുടേത് ഉൾപ്പെടെ ചൈനയിൽ നിന്നുള്ള ഭാവിയിലെ എല്ലാ വിദ്യാർത്ഥികളുടെയും വീസ അപേക്ഷകൾക്ക് മേലുള്ള സൂക്ഷ്മപരിശോധന വർദ്ധിപ്പിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വീസ നിയമങ്ങൾ കർശനമാക്കുകയാണെന്നും മാർക്കോ റൂബിയോ പറഞ്ഞു. അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളിൽ അധികം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. രണ്ടാം സ്ഥാനത്ത് ചൈനയാണ്.

മാർക്കോ റൂബിയോയുടെ പുതിയ പ്രഖ്യാപനം യുഎസ് സർവകലാശാല കാമ്പസുകളിൽ ആശങ്കയുണ്ടാക്കുമെന്നും ചൈനയുടെ പ്രതികാര നടപടിക്ക് കാരണമാകുമെന്നുമാണ് കണക്കാക്കപ്പെടുന്നതെന്ന് വിശകലന വിദ​ഗ്ധർ അഭിപ്രായപ്പെടുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, എത്ര വിദ്യാർത്ഥികളെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവരെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും യുഎസ് ഭരണകൂടം ഉദ്ദേശിക്കുന്ന നിർണ്ണായക മേഖലകൾ ഏതൊക്കെയാണെന്നും റൂബിയോ വ്യക്തമാക്കിയിട്ടില്ല. ഭൗതിക ശാസ്ത്രം പോലുള്ള മേഖലകളെയാണ് യുഎസ് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമേരിക്കയിൽ നിന്ന് പരിശീലനം ലഭിച്ച ശാസ്ത്രജ്ഞരെ ചൈന റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്.

നിലവിൽ യുഎസിൽ 275,000 ചൈനീസ് വിദ്യാർത്ഥികളുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020 ൽ ചൈനീസ് സൈനിക സർവകലാശാലകളുമായി ബന്ധം നിലനിർത്തുന്ന ആയിരത്തിലധികം ചൈനീസ് വിദ്യാർത്ഥികളുടെ വീസ യുഎസ് ഇതിനകം റദ്ദാക്കിയിരുന്നു. ആ നിരോധനം ഇപ്പോഴും നിലവിലുണ്ട്. അതേസമയം, പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ മകൾ ഉൾപ്പെടെയുള്ളവർ യുഎസിൽ പഠിക്കാൻ എത്തിയിട്ടുണ്ട്.

വ്യാപാര തർക്കങ്ങളും ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും മൂലം യുഎസ്-ചൈന സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎസിന്റെ പുതിയ നീക്കം. അഞ്ച് വർഷത്തിനുള്ളിൽ 50,000 അമേരിക്കൻ വിദ്യാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ചൈന ബന്ധം ലഘൂകരിക്കാൻ ശ്രമിച്ചിരുന്നു. യുഎസിലെ ചൈനീസ് വിദ്യാർത്ഥികളെ അപേക്ഷിച്ച് വളരെ കുറച്ച് അമേരിക്കക്കാർ മാത്രമാണ് ചൈനയിൽ പഠിക്കുന്നത്.

അമേരിക്കൻ പൗരന്മാരെ ഓൺലൈനിൽ സെൻസർ ചെയ്യുന്ന തൊഴിലിൽ ഉൾപ്പെട്ടിരിക്കുന്ന വിദേശ ഉദ്യോഗസ്ഥർക്ക് യുഎസ് വീസ നിഷേധിക്കുമെന്നും റൂബിയോ പറഞ്ഞു. യുഎസ് മണ്ണിലാണെങ്കിൽ പോലും ചില ഉള്ളടക്കങ്ങൾ തടയാൻ യുഎസ് സോഷ്യൽ മീഡിയ കമ്പനികളിൽ സമ്മർദ്ദം ചെലുത്താൻ വിദേശ സർക്കാരുകൾ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം വിമർശിച്ചു.

സെൻസർഷിപ്പായി കാണുന്ന ഫേസ്ബുക്ക്, എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ തീവ്ര വലതുപക്ഷ ഉള്ളടക്കം നിയന്ത്രിച്ചതിന് ബ്രസീൽ പോലുള്ള രാജ്യങ്ങളെയും യൂറോപ്പിലെ ചില രാജ്യങ്ങളെയും ട്രംപ് ഭരണകൂടം വിമർശിച്ചിട്ടുണ്ട്. ചൈനീസ് വിദ്യാർത്ഥി വീസകളിലും വിദേശ സെൻസർഷിപ്പിലും അമേരിക്ക കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കുന്നു, ഇത് അക്കാദമിക് തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും നയതന്ത്ര സംഘർഷങ്ങൾ വഷളാക്കുമെന്നും ആശങ്ക ഉയർത്തുന്നു.

ക്യാമ്പസിലെ പാലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളുടെ പേരില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ തന്നെ നാടുകടത്തില്‍ ഭീഷണി നേരിടുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള വീസ നിയമങ്ങളും ഭരണകൂടം കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ശനമാക്കിയിരുന്നു.

Content Summary: us revoke visas of Chinese students, says Marco Rubio

Leave a Reply

Your email address will not be published. Required fields are marked *

×