June 04, 2026 |
Share on

ഇറാനിയന്‍ എണ്ണ ചൈനയിലേക്കും പാകിസ്ഥാനിലേക്കും കടത്തി;ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎസ് ഉപരോധം

ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ തടസ്സപ്പെടുത്താനുള്ള ശ്രമം

ഇറാനിയന്‍ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് സൗകര്യമൊരുക്കി എന്നാരോപിച്ച്, രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 50 ല്‍ അധികം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കപ്പലുകള്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. വരുണ്‍ പൂല, സോണിയാ ശ്രേഷ്ഠ എന്നീ ഇന്ത്യന്‍ പൗരന്മാരാണ് ഉപരോധം നേരിടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്സ് കണ്‍ട്രോള്‍ (OFAC) ആണ് ഉപരോധം പ്രഖ്യാപിച്ചത്. ശതകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഇറാനിയന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സഹായിച്ചവരെയാണ് ഉപരോധം ബാധിക്കുക. ഈ വരുമാനം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും യുഎസ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്നുവെന്ന് വാഷിംഗ്ടണ്‍ ആരോപിക്കുന്നു.

‘ഇവര്‍ കൂട്ടമായി ശതകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള പെട്രോളിയവും, പെട്രോളിയം ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ വഴിയൊരുക്കി. ഇതിലൂടെ ഇറാനിയന്‍ ഭരണകൂടത്തിനും യുഎസിനെ ഭീഷണിപ്പെടുത്തുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമുള്ള പിന്തുണയും വരുമാനമാര്‍ഗവുമാണ് തുറന്ന് കൊടുക്കുന്നത്.’

ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ തടസ്സപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിലവിലുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം. ഇറാനിലെ എണ്ണ, പെട്രോകെമിക്കല്‍ കയറ്റുമതി ശൃംഖല തകര്‍ക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. ‘ഇറാനിലെ ഊര്‍ജ്ജ കയറ്റുമതി യന്ത്രത്തിലെ പ്രധാന ഘടകങ്ങള്‍ തകര്‍ത്ത് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഇറാനിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറയ്ക്കുകയാണ്’ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റിനെ ഉദ്ധരിച്ചുള്ള പ്രസ്താവനയില്‍ പറയുന്നു.

യുഎസിന്റെ പ്രസ്താവന പ്രകാരം, മാര്‍ഷല്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്ത ബെര്‍ത്ത ഷിപ്പിംഗ് ഇന്‍ക്. (Bertha Shipping Inc.) എന്ന കമ്പനിയുടെ ഉടമയാണ് വരുണ്‍ പൂല. ഈ കമ്പനി കോമറോസ് പതാകയുള്ള പാമിര്‍ എന്ന കപ്പലാണ് പ്രവര്‍ത്തിപ്പിക്കുന്നത്. 2024 ജൂലൈ മുതല്‍ ഈ കപ്പല്‍ ഏകദേശം നാല് ദശലക്ഷം ബാരല്‍ ഇറാനിയന്‍ ദ്രവീകൃത പെട്രോളിയം ഗ്യാസ് (LPG) ചൈനയിലേക്ക് കടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപരോധം നേരിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരയായ സോണിയാ ശ്രേഷ്ഠയാണ് വേഗാ സ്റ്റാര്‍ ഷിപ്പ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമ. ഈ കമ്പനി കോമറോസ് പതാകയുള്ള നെപ്റ്റ എന്ന കപ്പലാണ് ഉപയോഗിക്കുന്നത്. ഈ കപ്പല്‍ 2025 ജനുവരി മുതല്‍ ഇറാനില്‍ നിന്നുള്ള LPG (ദ്രവീകൃത പെട്രോളിയം ഗ്യാസ്) പാകിസ്ഥാനിലേക്ക് കടത്തിയതായി ആരോപിക്കപ്പെടുന്നു.

ഉപരോധം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി, ഈ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ളതോ, യുഎസ് പൗരന്മാരുടെ കൈവശമോ നിയന്ത്രണത്തിലോ ഉള്ള എല്ലാ സ്വത്തുക്കളും മരവിപ്പിച്ചു.

കൂടാതെ, ഉപരോധം നേരിടുന്ന ഒന്നോ അതിലധികമോ വ്യക്തികള്‍ക്ക് 50 ശതമാനമോ അതിലധികമോ ഉടമസ്ഥതയുള്ള ഏതൊരു സ്ഥാപനവും ഈ ഉപരോധത്തിന് വിധേയമായിരിക്കും യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്സ് കണ്‍ട്രോള്‍ വ്യക്തമാക്കി.

Content Summary: US sanctions Indian citizens for smuggling Iranian oil to China and Pakistan

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×