പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ സംഘർഷവും ഇസ്രയേൽ-ഇറാൻ ഏറ്റുമുട്ടലും തുടരുന്നതിനിടെ, സൗദി അറേബ്യയുമായി 30 വർഷത്തെ സിവിൽ ആണവ സഹകരണ കരാറിന് (123 Agreement) അമേരിക്ക ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാർ പ്രാബല്യത്തിൽ വന്നാൽ, സൗദിയുടെ ആദ്യ സമഗ്ര സിവിൽ ആണവോർജ പദ്ധതിക്ക് അമേരിക്കൻ സാങ്കേതികവിദ്യയും സ്വകാര്യ കമ്പനികളുടെ നിക്ഷേപവും ലഭിക്കും. അതേസമയം, നിയന്ത്രിത യൂറേനിയം സമ്പുഷ്ടീകരണത്തിന് (Uranium Enrichment) അനുമതി നൽകാനുള്ള സാധ്യതയാണ് ഈ കരാറിനെ അന്താരാഷ്ട്ര തലത്തിൽ വിവാദമാക്കുന്നത്.
കരാർ അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരത്തിനായി സമർപ്പിക്കാനാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്. കോൺഗ്രസിന്റെ നിയമപരമായ പരിശോധനയും അംഗീകാരവും പൂർത്തിയായ ശേഷമേ കരാർ പ്രാബല്യത്തിൽ വരികയുള്ളൂ.
വിദഗ്ധരുടെ വിലയിരുത്തലിൽ, ഇത് ഒരു സാധാരണ ഊർജ സഹകരണ കരാറല്ല. അമേരിക്ക-ഇറാൻ മത്സരം, ചൈനയും റഷ്യയും പശ്ചിമേഷ്യയിൽ വർധിപ്പിക്കുന്ന സ്വാധീനം, ആഗോള ഊർജസുരക്ഷ, ആണവ വ്യാപന നിയന്ത്രണം (Non-Proliferation) എന്നിവയെല്ലാം ഈ കരാറിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്.
എന്താണ് 123 കരാർ?
അമേരിക്കയുടെ ആണവോർജ നിയമത്തിലെ (Atomic Energy Atc) സെക്ഷൻ 123 പ്രകാരമുള്ള സിവിൽ ആണവ സഹകരണ കരാറാണ് ‘123 എഗ്രിമെന്റ്.’ അമേരിക്ക മറ്റൊരു രാജ്യത്തിന് ആണവ റിയാക്ടർ സാങ്കേതികവിദ്യ, ഇന്ധന വിതരണം, ഉപകരണങ്ങൾ, പരിശീലനം തുടങ്ങിയവ നൽകണമെങ്കിൽ ആദ്യം ഈ കരാർ നിർബന്ധമായും ഉണ്ടാകണം. ഇന്ത്യയും 2008-ൽ അമേരിക്കയുമായി 123 കരാർ ഒപ്പുവെച്ചിരുന്നു. അതാണ് പിന്നീട് ഇന്ത്യ-അമേരിക്ക സിവിൽ ആണവ സഹകരണത്തിന് വഴിയൊരുക്കിയത്.

കരാർ പ്രാബല്യത്തിൽ വന്നാൽ അമേരിക്കൻ കമ്പനികൾക്ക് സൗദിയിൽ ആണവ വൈദ്യുത നിലയങ്ങൾ നിർമിക്കാം. അമേരിക്കൻ സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കാനാകും. സൗദിയിലെ യൂറേനിയം നിക്ഷേപങ്ങൾ യു.എസും സൗദിയും സംയുക്തമായി പഠിക്കും. പഠനഫലത്തെ അടിസ്ഥാനമാക്കി നിയന്ത്രിത യൂറേനിയം സമ്പുഷ്ടീകരണത്തിന് അനുമതി നൽകുന്ന കാര്യവും പരിഗണിക്കും. കരാറിന്റെ കാലാവധി 30 വർഷമായിരിക്കും.
അമേരിക്കൻ കമ്പനികളായ വെസ്റ്റിങ്ഹൗസ്, ജിഇ വെർനോവ തുടങ്ങിയവയ്ക്ക് ഈ കരാർ ബില്യൺ ഡോളറുകളുടെ പുതിയ വിപണി തുറക്കുമെന്നാണ് വിലയിരുത്തൽ.
സൗദിയുടെ ആണവ പദ്ധതി
സൗദിയുടെ വിഷൻ 2030 സാമ്പത്തിക പദ്ധതിയുടെ ഭാഗമാണ് ആണവോർജ പദ്ധതി. ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിനായി കത്തിക്കുന്ന ക്രൂഡ് ഓയിൽ കുറയ്ക്കുകയും കൂടുതൽ എണ്ണ കയറ്റുമതി ചെയ്ത് വരുമാനം വർധിപ്പിക്കുകയുമാണ് സൗദിയുടെ ലക്ഷ്യം. സാമ്പത്തിക വൈവിധ്യവത്കരണം (Economic Diversification) ശക്തമാക്കുക, 2060-ഓടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്ന ശുദ്ധ ഊർജ സ്രോതസുകൾ വികസിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു.
അമേരിക്കയുടെ യഥാർത്ഥ ലക്ഷ്യം
ഊർജ സഹകരണത്തിനപ്പുറം അമേരിക്കയ്ക്ക് വ്യക്തമായ ജിയോപൊളിറ്റിക്കൽ ലക്ഷ്യങ്ങളുണ്ട്.
സൗദിയുടെ ആണവ പദ്ധതിയിൽ ചൈനയും റഷ്യയും നേരത്തെ താതപര്യം പ്രകടിപ്പിച്ചിരുന്നു. റഷ്യയുടെ റോസ്തം (Rosatom), ചൈനയുടെ ചൈന നാഷണൽ ന്യൂക്ലിയർ കോർപറേഷൻ (China National Nuclear Corporation -CNNC) എന്നിവ സൗദിയുടെ പദ്ധതികളിൽ പങ്കാളികളാകാൻ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിൽ സൗദിയുടെ ആണവ പദ്ധതിയെ അമേരിക്കൻ സാങ്കേതികവിദ്യയിലേക്ക് തിരിച്ച് കൊണ്ടുവരികയാണ് വാഷിങ്ടണിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ആണവ റിയാക്ടർ, സുരക്ഷാ സംവിധാനം, ഇന്ധന വിതരണം, ദീർഘകാല പരിപാലനം എന്നിവ ഉൾപ്പെടെ പതിറ്റാണ്ടുകൾ നീളുന്ന ബില്യൺ ഡോളർ മൂല്യമുള്ള കരാറുകളാണ് അമേരിക്കൻ കമ്പനികളെ കാത്തിരിക്കുന്നത്.
ഇസ്രയേൽ, സൗദി, ഗൾഫ് രാജ്യങ്ങൾ എന്നിവയെ അമേരിക്കയുടെ സുരക്ഷാ വലയത്തിനുള്ളിൽ കൂടുതൽ ഉറപ്പിച്ചു നിർത്താനുള്ള ശ്രമമായും ഈ കരാറിനെ കാണുന്നു.

യൂറേനിയം സമ്പുഷ്ടീകരണം വിവാദമാകുന്നത് എന്തുകൊണ്ട്?
ഇതാണ് കരാറിലെ ഏറ്റവും വിവാദ വിഷയമായി മാറിയിരിക്കുന്നത്. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന യൂറേനിയത്തിൽ U-235 എന്ന ഐസോടോപ്പിന്റെ അളവ് വളരെ കുറവാണ്. ആണവ റിയാക്ടറുകളിൽ ഉപയോഗിക്കണമെങ്കിൽ അതിന്റെ സാന്ദ്രത ഏകദേശം 3% മുതൽ 5% വരെ വർധിപ്പിക്കണം. ഇതാണ് യൂറേനിയം സമ്പുഷ്ടീകരണം. എന്നാൽ ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് 90 ശതമാനത്തിലേറെ സമ്പുഷ്ടീകരിച്ചാൽ, അത് ആണവായുധ നിർമാണത്തിനും ഉപയോഗിക്കാനാകും. അതുകൊണ്ടാണ് ഈ സാങ്കേതികവിദ്യയെ ഇരട്ട ഉപയോഗ സാങ്കേതികവിദ്യ (dual-use technology) എന്ന് വിശേഷിപ്പിക്കുന്നത്.
യു.എ.ഇ കരാറിൽ നിന്ന് വ്യത്യാസമെന്ത്?
2009-ൽ യു.എ.ഇയുമായി അമേരിക്ക ഒപ്പുവെച്ച കരാർ ഗോൾഡ് സ്റ്റാൻഡേഡ് എഗ്രിമെന്റെ (Gold Standard Agreemetn) എന്നാണ് അറിയപ്പെടുന്നത്. അതിൽ യൂറേനിയം സമ്പുഷ്ടീകരണം പൂർണമായി നിരോധിച്ചിരുന്നു. പ്ലൂട്ടോണിയം പുനഃസംസ്‌കരണത്തിനും വിലക്കുണ്ടായിരുന്നു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (IAEA) കർശന പരിശോധനകൾ അംഗീകരിച്ചിരുന്നു. എന്നാൽ സൗദിയുമായുള്ള പുതിയ കരാറിൽ ഇതേ നിലവാരത്തിലുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇതാണ് അമേരിക്കൻ കോൺഗ്രസിലും ആയുധനിയന്ത്രണ വിദഗ്ധർക്കിടയിലും ആശങ്ക ഉയർത്തുന്നത്.
അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) രാജ്യങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് ഉറപ്പാക്കുന്ന പരിശോധനാ സംവിധാനമാണ്. സൗദി ഇതുവരെ ഐഎഇഎയുടെ അധിക പ്രോട്ടോകോൾ (additional protocol) പൂർണമായി അംഗീകരിച്ചിട്ടില്ലെന്നതാണ് മറ്റൊരു ചർച്ചാവിഷയം. ഈ പ്രോട്ടോക്കോൾ അംഗീകരിച്ചാൽ കൂടുതൽ വിപുലമായ പരിശോധനകൾ നടത്താൻ ഐഎഇഎയ്ക്ക് കൂടുതൽ അധികാരം ലഭിക്കും.
പശ്ചിമേഷ്യൻ സംഘർഷവുമായുള്ള ബന്ധം
ഈ കരാർ പ്രഖ്യാപിക്കപ്പെടുന്ന സമയം തന്നെയാണ് അതിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നത്. നിലവിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമാണ്. ഇറാന്റെ ആണവ പദ്ധതി വീണ്ടും ആഗോള ആശങ്കയായി തുടരുകയാണ്. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ആഗോള എണ്ണവിതരണത്തെ ബാധിക്കുന്നു. ചെങ്കടലിൽ ഹൂതി ആക്രമണങ്ങൾ തുടരുന്നു. ഇസ്രയേൽ-ഇറാൻ ഏറ്റുമുട്ടൽ മേഖലയിൽ അസ്ഥിരത വർധിപ്പിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ സൗദിയെ അമേരിക്കയുടെ ദീർഘകാല സുരക്ഷാ-സാമ്പത്തിക പങ്കാളിയായി ഉറപ്പിക്കുന്ന നീക്കമായാണ് ഈ കരാറിനെ വിശകലന വിദഗ്ധർ കാണുന്നത്.

ഇറാനെ എങ്ങനെ ബാധിക്കും?
‘ഇറാൻ ആണവായുധം വികസിപ്പിച്ചാൽ, സൗദിയും അതേ വഴി പിന്തുടരും’ എന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുമ്പ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഈ കരാർ ഇറാന്റെ സുരക്ഷാ കണക്കുകൂട്ടലുകളെ നേരിട്ട് സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
ഇറാൻ ആണവ പദ്ധതി കൂടുതൽ വേഗത്തിലാക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പശ്ചിമേഷ്യയിൽ ആണവ മത്സരത്തിന് തുടക്കമാകാനും സാധ്യതയുണ്ട്. തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും സമാന സാങ്കേതിക അവകാശങ്ങൾ ആവശ്യപ്പെടാനുള്ള സാധ്യതയുമുണ്ട്.
അമേരിക്കയിൽ ഉയരുന്ന വിമർശനം
അമേരിക്കയുടെ ദീർഘകാല ആണവ വ്യാപന നിയന്ത്രണ നയത്തിന് തിരിച്ചടിയാകുമെന്നാണ് ആയുധനിയന്ത്രണ വിദഗ്ധരും ചില കോൺഗ്രസ് അംഗങ്ങളും ചൂണ്ടിക്കാട്ടുന്നത്. പശ്ചിമേഷ്യയിൽ പുതിയ ആണവ മത്സരത്തിന് വഴിയൊരുങ്ങുമെന്ന ആശങ്കയും ഉയരുന്നു. സൗദി ഭാവിയിൽ ആയുധ ശേഷിയിലേക്ക് നീങ്ങുമെന്ന ആശങ്കയും പൂർണമായി തള്ളിക്കളയാനാകില്ല. ‘Gold Standard’ മാതൃകയിൽ നിന്ന് അമേരിക്ക പിന്നോട്ടുപോകുകയാണെന്ന വിമർശനവും ശക്തമാണ്.
ഇനി എന്ത്?
കരാർ യു.എസ് കോൺഗ്രസിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. അവിടെ യൂറേനിയം സമ്പുഷ്ടീകരണത്തിനുള്ള വ്യവസ്ഥകൾ, IAEA പരിശോധനാ മാനദണ്ഡങ്ങൾ,
ആണവ വ്യാപന നിയന്ത്രണ സുരക്ഷാ ഉറപ്പുകൾ, അമേരിക്കൻ ദേശീയ സുരക്ഷാ താത്പര്യങ്ങൾ എന്നിവ വിശദമായി പരിശോധിക്കപ്പെടും. കോൺഗ്രസ് എതിർപ്പ് ഉയർത്തിയാൽ കരാറിൽ ഭേദഗതികൾ ആവശ്യപ്പെടുകയോ അംഗീകാരം വൈകുകയോ ചെയ്യാൻ സാധ്യതയുണ്ട്.
കരാർ നിലവിലെ രൂപത്തിൽ പ്രാബല്യത്തിൽ വന്നാൽ, അത് സൗദിയുടെ വൈദ്യുതി ഉത്പാദന പദ്ധതികളെ മാത്രമല്ല, പശ്ചിമേഷ്യയിലെ ശക്തിസന്തുലിതാവസ്ഥയെയും ആഗോള ആണവ നയത്തെയും ദീർഘകാലം സ്വാധീനിക്കാൻ സാധ്യതയുണ്ട്.
Content Summary: The United States is preparing to sign a 30-year civil nuclear cooperation agreement (123 Agreement) with Saudi Arabia amid escalating tensions with Iran.