ഇറാന്റെ ഭീഷണിയില്ലാതെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാന്‍ അമേരിക്ക പ്രഖ്യാപിച്ച ‘പ്രൊജക്റ്റ് ഫ്രീഡം’ എന്ന സൈനിക ദൗത്യത്തിന് തിരിച്ചടി നേരിട്ടതിനു പിന്നിലെ വിവരങ്ങള്‍ പുറത്ത്. അമേരിക്കയുടെ തന്നിഷ്ടത്തിന് നിന്നു കൊടുക്കാന്‍ സൗദി അറേബ്യ തയ്യാറായില്ല എന്നതാണ് ട്രംപം ഭരണകൂടത്തിന് പ്രതികൂലമായത്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയത്ത് ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ യു.എസ് വ്യോമ-നാവിക സേനകളെ വിന്യസിക്കാനായിരുന്നു പെന്റഗണിന്റെ പദ്ധതി. എന്നാല്‍ ഇതിനായി തങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ സൗദി അറേബ്യ അനുമതി നിഷേധിച്ചു. ഇതോടെ ദൗത്യം ആരംഭിച്ച് 48 മണിക്കൂറിനുള്ളില്‍ ട്രംപ് ഭരണകൂടത്തിന് അത് നിര്‍ത്തിവെക്കേണ്ടി വന്നു. ദൗത്യവുമായി മുന്നോട്ട് പോകുന്നതിന് മുന്‍പ് അമേരിക്ക സൗദിയുമായി ആലോചനകള്‍ നടത്തിയിരുന്നില്ല എന്നതാണ് സൗദിയെ പ്രകോപിപ്പിച്ചത്.
ഓപ്പറേഷന്‍ ആരംഭിച്ച മെയ് 4-നും അതിനുശേഷമുള്ള ദിവസങ്ങളിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ അതീവ ഗുരുതരമായ ഫോണ്‍ സംഭാഷണങ്ങള്‍ നടന്നു. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, മിഡില്‍ ഈസ്റ്റ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജാറെഡ് കുഷ്‌നര്‍ എന്നിവരും സൗദി രാജകുമാരനെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനിന്നു. യു.എസിന് വ്യോമപാത നല്‍കിയാല്‍ തങ്ങള്‍ക്കെതിരെ ഇറാന്റെ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന ഭയവും, അമേരിക്കന്‍ പദ്ധതി മേഖലയില്‍ വീണ്ടുമൊരു യുദ്ധത്തിന് കാരണമാകുമെന്ന ആശങ്കയുമാണ് സൗദിയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് വാഷിംഗ്ടണിലെ അറബ് ഗള്‍ഫ് സ്റ്റേറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്‌കോളര്‍ ഹുസൈന്‍ ഇബിഷിനെ ഉദ്ധരിച്ച് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതു മുതല്‍, സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് സൗദി ശ്രമിച്ചുകൊണ്ടിരുന്നത്. തുടക്കത്തില്‍ അവര്‍ അമേരിക്കയ്‌ക്കൊപ്പം ആയിരുന്നു. എന്നാല്‍ ശത്രുവിന് നല്‍കിയ സൈനികവും നയതന്ത്രപരവുമായ പിന്തുണയ്ക്ക് സൗദിയോട് ഇറാന്‍ പ്രതികാരം ചെയ്തു. ഇറാന്റെ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നതിനെക്കാള്‍ സൗദിയെ ഭയപ്പെടുത്തിയത് അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണോത്സുകമായ നയങ്ങള്‍ ഗള്‍ഫ് മേഖലയെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടുമെന്ന ബോധ്യമാണ്. അതോടെ സൗദി പല നിര്‍ണായക ഘട്ടങ്ങളിലും ട്രംപിനെതിരെ നിലകൊണ്ടു. അമേരിക്ക തങ്ങളെ എപ്പോള്‍ വേണമെങ്കിലും കൈയൊഴിയാമെന്ന ആശങ്കയും വിശ്വസിക്കാന്‍ കൊള്ളാത്ത പങ്കാളിയാണെന്ന ചിന്തയും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ശക്തമാണ്. 2019-ല്‍ സൗദിയിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയപ്പോള്‍ ട്രംപ് തിരിച്ചടിക്കാന്‍ തയ്യാറാകാതിരുന്നതാണ് ഈ അവിശ്വാസത്തിന് തുടക്കമിട്ടത്.
ഇറാന്‍ വിഷയത്തില്‍ അമേരിക്കയുടെ മുന്‍ഗണനകളില്‍ നിന്നും മാറി തങ്ങളുടേതായ നയതന്ത്ര നീക്കങ്ങളുമായി സൗദി മുന്നോട്ട് പോവുകയാണ്. ചൈനയുടെയും പാകിസ്താന്റെയും സഹായത്തോടെ 2023-ല്‍ ഇറാനുമായി ഉണ്ടാക്കിയ നയതന്ത്ര ബന്ധം വഴി സൗദി അധികൃതര്‍ ഇപ്പോള്‍ ഇറാനുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം, ഇറാന്റെ മിസൈല്‍ ശേഖരം, പ്രാദേശിക മിലിഷ്യകള്‍ക്കുള്ള പിന്തുണ എന്നിവയാണ് ആണവ പ്രശ്‌നത്തേക്കാള്‍ വലിയ ഭീഷണിയായി സൗദി കാണുന്നത്. ഇതേ തുടര്‍ന്ന് സൗദി വിദേശകാര്യ മന്ത്രി ഈ ആഴ്ച ചൈന സന്ദര്‍ശിക്കുന്നുമുണ്ട്.
അതേസമയം, യുദ്ധകാലത്ത് പ്രാദേശിക ശക്തികള്‍ക്കിടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രദ്ധിച്ചിരുന്നു. യുദ്ധത്തിന് മുന്‍പ് ഇതിന്റെ അപകടങ്ങളെക്കുറിച്ച് ട്രംപിന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, യുദ്ധം തുടങ്ങിയ ശേഷം ഇറാന്റെ ഭരണം തകര്‍ക്കും വരെ പോരാടാന്‍ ട്രംപിനെ പ്രേരിപ്പിച്ചതായും പറയപ്പെടുന്നു (സൗദി ഇത് നിഷേധിച്ചിട്ടുണ്ട്). യുദ്ധത്തില്‍ ഇറാന്റെ ശക്തി പ്രകടമായതോടെ അദ്ദേഹം സമാധാന ചര്‍ച്ചകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തി. യുദ്ധത്തിനിടയില്‍ യു.എ.ഇയുമായി ചേര്‍ന്ന് സൗദി ഇറാനെതിരെ രഹസ്യ തിരിച്ചടികള്‍ നടത്തിയിരുന്നെങ്കിലും യു.എ.ഇയെ പോലെ യുദ്ധം വലുതാക്കാന്‍ സൗദിക്ക് താല്പര്യമില്ലായിരുന്നു. എന്നാല്‍ ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളേക്കാള്‍ ആക്രമണാത്മകമായ നിലപാടാണ് സൗദി സ്വീകരിച്ചത്. ജൂണ്‍ 14-ന് പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തലിന് അപ്പുറത്തേക്ക് ഇറാനുമായി ഒരു ശാശ്വത കരാറിലെത്താന്‍ ട്രംപ് ശ്രമിക്കുമ്പോള്‍, വീണ്ടുമൊരു യുദ്ധമുണ്ടായാല്‍ തങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ക്കായി ഗള്‍ഫ് രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
അമേരിക്കന്‍ വക്താവ് അന്ന കെല്ലി സൗദിയുമായി മികച്ച ബന്ധമാണുള്ളതെന്ന് അവകാശപ്പെടുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പ്രകടമാണ്. കഴിഞ്ഞ മാസം മിയാമിയില്‍ സൗദി സംഘടിപ്പിച്ച നിക്ഷേപക ഫോറത്തില്‍ വെച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ വിലകുറച്ചു കണ്ടുവെന്നും ഇപ്പോള്‍ അദ്ദേഹം തന്നെ വണങ്ങുകയാണെന്ന രീതിയിലും ട്രംപ് പരസ്യമായി പരിഹസിച്ചിരുന്നു. കൂടാതെ, യു.എസ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാര്‍ക്കോ റൂബിയോ കഴിഞ്ഞ ആഴ്ച ഗള്‍ഫ് സന്ദര്‍ശിച്ചപ്പോള്‍ ബഹ്റൈന്‍, കുവൈറ്റ്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും സൗദി അറേബ്യയെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ബഹ്റൈനില്‍ വെച്ച് നടന്ന സംയുക്ത കൂടിക്കാഴ്ചയില്‍ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി റൂബിയോ ചര്‍ച്ച നടത്തുകയും സഖ്യം ശക്തമായി തുടരുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ സൗദിക്ക് ആശ്വാസമാണെങ്കിലും യുദ്ധം ഉയര്‍ത്തിയ പ്രധാന പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമായിട്ടില്ല. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് നിയന്ത്രണാധികാരം നല്‍കുന്നതാണ് പുതിയ കരാര്‍. ഇത് വരുംകാലത്ത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് മേല്‍ ഇറാന്റെ ഭീഷണിയായി നിലനില്‍ക്കുമെന്ന് മുന്‍ യു.എസ് അംബാസഡര്‍ മൈക്കല്‍ റാറ്റ്‌നി നിരീക്ഷിക്കുന്നു. കൂടാതെ ഇറാന്റെ മിസൈലുകളെക്കുറിച്ചോ മിലിഷ്യകളെക്കുറിച്ചോ കരാറില്‍ പരാമര്‍ശമില്ല. 2018-ല്‍ ട്രംപ് ഏകപക്ഷീയമായി പിന്മാറിയ ഒബാമ കാലത്തെ ആണവ കരാര്‍ വീണ്ടെടുക്കാന്‍ ട്രംപിന് സാധിക്കുമോ എന്നതിലും സംശയമുണ്ട്. ജൂണ്‍ 18-ന് വിയന്നയില്‍ നടന്ന ഫോറത്തില്‍ സൗദി വിദേശകാര്യ മന്ത്രി അമേരിക്ക-ഇറാന്‍ ധാരണാപത്രത്തെ സ്വാഗതം ചെയ്‌തെങ്കിലും, കരാറിന്റെ ഭാഗമായി ഇറാന്റെ പുനര്‍നിര്‍മ്മാണത്തിനായി ഫണ്ട് നല്‍കാന്‍ സൗദി ഇതുവരെ തയ്യാറായിട്ടില്ല.
ഇത്രയൊക്കെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സാമ്പത്തിക ബന്ധങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടില്ല. സൗദിയില്‍ സിവിലിയന്‍ ആണവ പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ കോണ്‍ഗ്രസിന്റെ അംഗീകാരത്തിനായി ട്രംപ് ഉടന്‍ സമര്‍പ്പിച്ചേക്കും. എന്നാല്‍ ഇത് സൗദി ആണവായുധം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുമോ എന്ന് ഇസ്രയേലിനും ചില യു.എസ് ജനപ്രതിനിധികള്‍ക്കും ആശങ്കയുണ്ട്. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കിക്കൊണ്ടുള്ള കരമാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. കൂടാതെ അമേരിക്കന്‍ ആയുധങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവായി സൗദി തുടരുകയാണ്. ട്രംപിന്റെ മരുമകന്‍ ജാറെഡ് കുഷ്‌നര്‍ക്ക് സൗദി ഫണ്ടില്‍ നിന്നും 2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ലഭിച്ചതുള്‍പ്പെടെയുള്ള വ്യക്തിപരമായ ബന്ധങ്ങളും ഇതിന് പിന്നിലുണ്ട്. എങ്കിലും മിഡില്‍ ഈസ്റ്റിലെ മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ അമേരിക്കയുടെ വിശ്വസ്ത പങ്കാളിയെന്ന പദവിയില്‍ നിന്നും സൗദി അറേബ്യ പതുക്കെ അകലുകയാണെന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
Content Summary; Explore how Saudi Arabia’s refusal to grant airspace for ‘Project Freedom’ forced the Trump administration to halt its Red Sea mission, exposing deep cracks in the US-Saudi alliance amid Iran tensions
This post was last modified on July 2, 2026 2:50 pm
Leave a Comment