ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടയില്‍ ഇറാന് നേരെ വീണ്ടും യുഎസ് വ്യോമാക്രമണം. ഈ ആക്രമണത്തിനെതിരേ ഇറാന് ശക്തമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. സമാധാനം പുനഃസ്ഥാപിക്കാന്‍ നടത്തിയ എല്ലാ നയതന്ത്ര ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ടെഹ്റാന് വെല്ലുവിളിച്ചിരിക്കുന്നത്. ഞായറാഴ്ച അന്താരാഷ്ട്ര സമയം രാത്രി 9 മണിയോടെയാണ് ഇറാന് മേല്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റകോം) പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചത്. ഹോര്‍മുസ് കടലിടുക്കിലൂടെ സര്‍വീസ് നടത്തുന്ന വാണിജ്യ കപ്പലുകള്‍ക്കും സാധാരണക്കാര്‍ക്കും നേരെയുള്ള ഇറാന്റെ ആക്രമണം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് സെന്റകോം വ്യക്തമാക്കി. ഇറാന് സേനയെ അടിച്ചമര്‍ത്തുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും യുഎസ് സേന അറിയിച്ചു.
യുഎസ് ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലുടനീളമുള്ള യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന് ഞായറാഴ്ച തിരിച്ചടി നല്കി. കൂടാതെ ഹോര്‍മുസ് കടലിടുക്ക് തങ്ങള്‍ വീണ്ടും അടച്ചതായും ഇറാന് പ്രഖ്യാപിച്ചു. എന്നാല്‍, കടലിടുക്കിലൂടെ ചില കപ്പലുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ടെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കുന്നത്. ശനിയാഴ്ച രാത്രി മാത്രം 140 ഓളം കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഈ ആഴ്ച മാത്രം മുന്നൂറിലധികം ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തതായി യുഎസ് അവകാശപ്പെടുമ്പോള്‍ ജോര്‍ദാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങള്‍ തങ്ങള്‍ തകര്‍ത്തതായി ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡും അവകാശപ്പെടുന്നു. ഏപ്രിലിന് ശേഷം ഇതാദ്യമായാണ് സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറിന് നേരെയും, മെയ് മാസത്തിന് ശേഷം യുഎഇയ്ക്കു നേരെയും ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ സൈനിക താവളങ്ങളായ സിറിക്, ബന്ദര്‍ അബ്ബാസ് തുറമുഖ നഗരങ്ങളിലും സമീപത്തെ ഖേഷ്ം ദ്വീപിലും സ്ഫോടനങ്ങളും മിസൈല്‍ ആക്രമണങ്ങളും ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
യുഎസ് ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാന്റെ വിദേശകാര്യ മന്ത്രാലയം, പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള മാസങ്ങളുടെ അധ്വാനമാണ് അമേരിക്ക തകര്‍ത്തതെന്ന് കുറ്റപ്പെടുത്തി. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളില്‍ യുഎസ് ഇടപെടുന്നതാണ് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നതെന്നും ഇറാന് ആരോപിച്ചു. കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒമാന്റെ തലസ്ഥാനമായ മസ്കറ്റില്‍ ശനിയാഴ്ച ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം ഒമാന്‍ മേലുള്ള യുഎസിന്റെ പ്രത്യക്ഷവും പരോക്ഷവുമായ സമ്മര്‍ദ്ദമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ചയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഏകപക്ഷീയമായ കരാറുകളുടെ കാലം കഴിഞ്ഞെന്നും, വാക്ക് പാലിച്ചില്ലെങ്കില്‍ അതിന്റെ വില നല്‍കേണ്ടി വരുമെന്നും ഇറാന്റെ ചീഫ് നെഗോഷ്യേറ്റര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ഫെബ്രുവരി അവസാന വാരം ആരംഭിച്ച ഈ യുദ്ധം ആഗോള സാമ്പത്തിക രംഗത്ത് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ധനവില വര്‍ദ്ധനവിനും ആഗോള പണപ്പെരുപ്പത്തിനും ഇത് കാരണമായി. നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ ട്രംപിന് പെട്രോള്‍ വില വര്‍ദ്ധനവ് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. യുഎസ്-ഇറാന് താല്‍ക്കാലിക കരാര്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞിരുന്നെങ്കിലും, പുതിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ടോക്കിയോയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ അസംസ്കൃത എണ്ണവില 3.5 ശതമാനത്തിലധികം വര്‍ദ്ധിച്ച് ബാരലിന് 74 ഡോളറിന് മുകളിലെത്തി.
ലോകത്തിലെ എണ്ണ, ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇവിടെ സ്ഥിരമായി ഫീസ് ഈടാക്കാനുള്ള സംവിധാനം കൊണ്ടുവരാന്‍ ഇറാന് ശ്രമിക്കുന്നുണ്ട്. തങ്ങളുടെ അനുമതിയില്ലാതെ കപ്പലുകള്‍ യാത്ര ചെയ്യരുതെന്നും ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേഖലയിലെ യുഎസിന്റെ നിയമവിരുദ്ധ സൈനിക നീക്കങ്ങള്‍ കാരണം നിലവില്‍ കടലിടുക്കിലൂടെയുള്ള ഗതാഗതം സാധ്യമല്ലെന്നും, സ്ഥിരത കൈവരുന്നതോടെ പെര്‍മിറ്റുകള്‍ നല്‍കുമെന്നും ഇറാന്റെ പേര്‍ഷ്യന്‍ ഗള്‍ഫ് സ്ട്രെയിറ്റ് അതോറിറ്റി അറിയിച്ചു. എന്നാല്‍ ഇറാന്റെ ഭീഷണികള്‍ക്കിടയിലും കപ്പലുകളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാന്‍ തങ്ങളുടെ സൈന്യം സന്നദ്ധമാണെന്ന് യുഎസ് വ്യക്തമാക്കി. സുരക്ഷാ ഭീഷണിയുണ്ടെങ്കിലും ഒമാന്‍ സമീപമുള്ള വിപുലീകരിച്ച തെക്കന്‍ പാത ഇരുവശത്തേക്കുമുള്ള ഗതാഗതത്തിനായി തുറന്നിട്ടിട്ടുണ്ടെന്ന് യുഎസ് നാവികസേനയുടെ നേതൃത്വത്തിലുള്ള ജോയിന്റ് മാരിടൈം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കപ്പലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Content Summary; The US military launched fresh airstrikes against Iran over the Strait of Hormuz standoff, triggering a rise in global oil prices and stalling peace efforts
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.