അമേരിക്കന്‍ തീരുവ; സ്വര്‍ണ വില ഇനിയും ഉയര്‍ന്നേക്കും

ഈ വര്‍ഷം സ്വര്‍ണവിലയില്‍ ഗണ്യമായ വര്‍ദ്ധനവാണ് കാണിക്കുന്നത്, അതിനിയും കൂടും

ആഗോള സ്വര്‍ണ വിപണയിലും വലിയ പ്രത്യാഘാതമുണ്ടാക്കി അമേരിക്കയുടെ തീരുവ ഉയര്‍ത്തല്‍. ഒരു കിലോ സ്വര്‍ണ്ണക്കട്ടികളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നികുതിയാണ് ആഗോള സ്വര്‍ണ്ണ വിപണിയെ സാരമായി ബാധിക്കാന്‍ പോകുന്നത്. പ്രത്യേകിച്ച് സ്വര്‍ണ്ണ ശുദ്ധീകരണത്തിനും വ്യാപാരത്തിനുമുള്ള പ്രധാന കേന്ദ്രമായ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഇത് വളരെ മോശമായി ബാധിക്കും. ഒപ്പം തന്നെ ലോക വിപണിയില്‍ സ്വര്‍ണത്തിന്റെ വില കുതിച്ചു കയറാനും കാരണമാകും.

ഒരു കിലോയും 100 ഔണ്‍സും ഭാരമുള്ള സ്വര്‍ണ്ണ ബാറുകള്‍ ഒരു പ്രത്യേക കസ്റ്റംസ് കോഡിന് കീഴില്‍ തരംതിരിക്കണമെന്നാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) ഏജന്‍സിയുടെ ഉത്തരവ്. ഇത്തരത്തില്‍ വര്‍ഗ്ഗീകരിക്കുന്നതിലൂടെ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണ ബാറുകള്‍ താരിഫുകള്‍ക്കോ ലെവികള്‍ക്കോ വിധേയമാകും, അതായത് ഇറക്കുമതിക്കാര്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതിയോ തീരുവയോ നല്‍കേണ്ടിവരും. ജൂലൈ 31 ലെ ഒരു റൂളിംഗ് ലെറ്റര്‍ ഉദ്ധരിച്ചാണ് ഇക്കാര്യങ്ങള്‍ ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് തങ്ങളുടെ വ്യാപാര നയങ്ങള്‍ ഇത്തരം റൂളിംഗ് ലെറ്ററുകള്‍ വഴിയാണ് വ്യക്തമാക്കുന്നതെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറക്കുമതി സ്വര്‍ണം താരിഫുകള്‍ക്ക് വിധേയമാക്കി പ്രത്യേക കസ്റ്റംസ് കോഡിന് കീഴില്‍ തരംതിരിക്കാനുള്ള സിബിപി തീരുമാനം വിപണിക്കും വ്യാപര മേഖലയ്ക്കും അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. ട്രംപ് ഭരണകൂടം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന തീരുവ വര്‍ദ്ധനവ് ബാധകമായ ഇനങ്ങളില്‍ സ്വര്‍ണം ഉള്‍പ്പെടുത്തില്ലെന്നായിരുന്നു പൊതുവില്‍ പ്രതീക്ഷിച്ചിരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഫ്യൂച്ചര്‍ മാര്‍ക്കറ്റായ കോമെക്‌സില്‍ (കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) ട്രേഡിംഗിന്റെ സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റായി കണക്കാക്കുന്നത് ഒരു കിലോയുടെ സ്വര്‍ണ്ണ ബാറുകളാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് അമേരിക്കയിലേക്കുള്ള സ്വര്‍ണ്ണ കയറ്റുമതിയുടെ ഒരു പ്രധാന ഭാഗം ഒരു കിലോ സ്വര്‍ണ്ണ ബാറുകളാണ്. സ്വിസ് സ്വര്‍ണ്ണ കയറ്റുമതിയുടെ സുപ്രധാന വിപണിയായ യുഎസില്‍ സിബിപിയുടെ താരിഫ് തീരുമാനം ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കും. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്വര്‍ണ്ണ മേഖലയിലും യുഎസുമായുള്ള വ്യാപാര ബന്ധത്തിലും താരിഫ് തീരുമാനം കാര്യമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ കഴിഞ്ഞയാഴ്ച ട്രംപ് ഭരണകൂടം 39 ശതമാനം തീരുവ പ്രഖ്യാപിച്ചതോടെ വാഷിംഗ്ടണും ബേണും(സ്വിസ് തലസ്ഥാനം) തമ്മിലുള്ള ബന്ധം വഷളായി. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് യുഎസിലേക്കുള്ള ഏറ്റവും വലിയ കയറ്റുമതികളില്‍ ഒന്നാണ് സ്വര്‍ണ്ണം. അമേരിക്ക-സ്വിറ്റ്‌സര്‍ലന്‍ഡ് സ്വര്‍ണ്ണ വ്യാപാരത്തിന് ഏറ്റ മറ്റൊരു പ്രഹരമാണ് താരിഫ് വര്‍ദ്ധനവ് എന്നാണ് സ്വിസ് അസോസിയേഷന്‍ ഓഫ് മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് ഓഫ് പ്രെഷ്യസ് മെറ്റല്‍സിന്റെ പ്രസിഡന്റ് ക്രിസ്റ്റോഫ് വൈല്‍ഡ് പറയുന്നത്. സ്വര്‍ണ്ണത്തിനുമേല്‍ ചുമത്തുന്ന അധിക നികുതി, മഞ്ഞ ലോഹത്തിനായുള്ള ആവശ്യം നിറവേറ്റുന്നത് ബുദ്ധിമുട്ടാക്കുമെന്നാണ് വൈല്‍ഡ് നല്‍കുന്ന മുന്നറിയിപ്പ്.

ഈ വര്‍ഷം ആദ്യം, ട്രംപിന്റെ ‘വിമോചന ദിന’ താരിഫ് പ്രഖ്യാപനങ്ങള്‍ക്ക് മുന്നോടിയായി വ്യാപാരികള്‍ യുഎസിലേക്ക് സ്വര്‍ണ്ണം എത്തിക്കാന്‍ തിരക്കുകൂട്ടിയിരുന്നു. തന്മൂലം സ്വര്‍ണശേഖരത്തില്‍ കോമെക്‌സില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി. അതേസമയം ലണ്ടനില്‍ താല്‍ക്കാലിക സ്വര്‍ണ്ണ ക്ഷാമത്തിന് കാരണമായതായും ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നു.

സ്വര്‍ണ്ണത്തിന്റെ ആഗോള വ്യാപാര പ്രവാഹത്തെ ത്രികോണാകൃതിയില്‍ രേഖപ്പെടുത്താം. സ്വിറ്റ്‌സര്‍ലന്‍ഡ്-ലണ്ടന്‍-ന്യൂയോര്‍ക്ക്. വലിയ സ്വര്‍ണ്ണക്കട്ടികള്‍ ലണ്ടനും ന്യൂയോര്‍ക്കിനും ഇടയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് വഴി സഞ്ചരിക്കുന്നു. ഈ ത്രികോണ വ്യാപാര പ്രവാഹം ആഗോള സ്വര്‍ണ്ണ വിപണിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ നിര്‍ണായക പങ്കിനെയാണ് എടുത്തുകാണിക്കുന്നത്. വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്വര്‍ണ്ണം ശുദ്ധീകരിക്കുന്നതിനും രൂപപ്പെടുത്തുന്നതിനും പുനര്‍വിതരണം ചെയ്യുന്നതിനുമുള്ള ഒരു കേന്ദ്രമായി സ്വിറ്റ്‌സര്‍ലന്‍ഡിനെ കാണാം. ലണ്ടന്‍, ന്യൂയോര്‍ക്ക് വിപണികളില്‍ വ്യത്യസ്ത വലിപ്പത്തിലുള്ള സ്വര്‍ണ ബാറുകളാണ് ഉപയോഗിക്കുന്നത്. ലണ്ടനില്‍ 400 ട്രോയ് ഔണ്‍സ് ബാര്‍ ആണ്(ഏകദേശം ഒരു ഇഷ്ടികയുടെ വലുപ്പം). അതേസമയം ന്യൂയോര്‍ക്കില്‍ ഏകദേശം ഒരു സ്മാര്‍ട്ട്ഫോണിന്റെ വലുപ്പമുള്ള കിലോ ബാറിനാണ് ഡിമാന്‍ഡ്.

ഈ വര്‍ഷം സ്വര്‍ണ്ണ വില ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. സമീപകാലത്തെ കണക്കുകള്‍ പ്രകാരം, സ്വര്‍ണ്ണത്തിന്റെ ഇപ്പോഴത്തെ വില ട്രോയ് ഔണ്‍സിന് ഏകദേശം 3,396.24 ഡോളര്‍ ആണ്. അടുത്തിടെ ഇത് 3,500 ഡോളറില്‍ എത്തിരുന്നു. അമേരിക്കയുടെ താരിഫ് നയം ഇന്ത്യയില്‍ ഉള്‍പ്പെടെ സ്വര്‍ണത്തിന്റെ വിലയുയര്‍ത്തുമെന്നാണ് പറയുന്നത്.  US tariff hike poses threat to global gold market

Content Summary; US tariff hike poses threat to global gold market

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment