കുടിയേറ്റ നിയമം വീണ്ടും കടുപ്പിച്ച് യുഎസ്; തൊഴില്‍ നഷ്ട സാധ്യതയില്‍ ഇന്ത്യക്കാര്‍

ഗ്രേസ് പിരീഡ് ഇല്ലാതായി

യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (DHS) നടപ്പാക്കിയ പുതിയ നിയമം ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് തിരിച്ചടിയാകും. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ നിയമമനുസരിച്ച്, വിദേശ പൗരന്മാര്‍ക്ക് ജോലി ചെയ്യാന്‍ വേണ്ട തൊഴില്‍ അനുമതി രേഖകളുടെ ഓട്ടിമാറ്റിക്കായുള്ള കാലാവധി നീട്ടല്‍ (EAD) ഇനിമുതല്‍ ഉണ്ടാകില്ല.

ഇത് മൂലം, സമയബന്ധിതമായി രേഖകള്‍ പുതുക്കി നല്‍കിയില്ലെങ്കില്‍, ഇന്ത്യന്‍ പ്രൊഫഷണലുകളും അവരുടെ ആശ്രിതരും ജോലി നിര്‍ത്താന്‍ നിര്‍ബന്ധിതരാകും.

2025 ഒക്ടോബര്‍ 30-നോ അതിനുശേഷമോ രേഖകള്‍ പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഓട്ടോമാറ്റിക്കായി കാലാവധി നീട്ടാനുള്ള സൗകര്യം ലഭ്യമാകില്ല. ഇത് അമേരിക്കയില്‍ ജോലിക്ക് അപേക്ഷിക്കുന്ന വിദേശീയരുടെ അപേക്ഷകള്‍ കൂടുതല്‍ തവണ സൂക്ഷ്മപരിശോധന നടത്തുന്നതിന് കാരണമാകും. ഇതുവരെ, രേഖകള്‍ പുതുക്കാനുള്ള അപേക്ഷയില്‍ തീര്‍പ്പാകാതെ കിടക്കുന്നിരുന്ന തൊഴിലാളികള്‍ക്ക് 540 ദിവസം വരെ ജോലി തുടരാന്‍ അനുവാദമുണ്ടായിരുന്നതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ നിയമം അനുസരിച്ച്, നിലവിലെ EAD-യുടെ കാലാവധി തീരുന്നതിന് മുന്‍പ് പുതുക്കാനുള്ള അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചില്ലെങ്കില്‍, ആ വ്യക്തി ഉടന്‍ തന്നെ ജോലി നിര്‍ത്തണം എന്നാണ്.

‘EADയുടെ കാലാവധി അവസാനിക്കുന്നതിന് 180 ദിവസം മുന്‍പ് തന്നെ പുതുക്കാനുള്ള അപേക്ഷ ശരിയായ രീതിയില്‍ സമര്‍പ്പിക്കാന്‍ USCIS (യുഎസ് പൗരത്വ, കുടിയേറ്റ സേവനങ്ങള്‍) ശുപാര്‍ശ ചെയ്യുന്നു. അപേക്ഷ സമര്‍പ്പിക്കാന്‍ വൈകുന്നതനുസരിച്ച്, തൊഴില്‍ ചെയ്യാനുള്ള നിയമപരമായ അംഗീകാരത്തില്‍ താല്‍ക്കാലികമായി തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ട്,’ DHS അറിയിച്ചു.

പ്രതിസന്ധിയിലാകുക ഇന്ത്യക്കാര്‍

വിദേശ തൊഴിലാളികളില്‍ ഏറ്റവും വലിയ വിഭാഗമായ ഇന്ത്യന്‍ പൗരന്മാരെയാണ് പുതിയ നയം ഏറ്റവുമധികം ബാധിക്കുക. ഗ്രീന്‍ കാര്‍ഡ്, വിസ അപേക്ഷകളിലെ നീണ്ട കാലതാമസം ഇവ മൂലം വര്‍ഷങ്ങളായി കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും.

പ്രധാനമായും ബാധിക്കപ്പെടുന്ന വിഭാഗങ്ങള്‍:

ഗ്രീന്‍ കാര്‍ഡിനായി വര്‍ഷങ്ങളോളം കാത്തിരിക്കുന്ന H-1B വിസ ഉടമകള്‍.

ജോലിക്ക് വര്‍ക്ക് പെര്‍മിറ്റിനെ ആശ്രയിക്കുന്ന H-4 വിസയിലുള്ള പങ്കാളികള്‍.

STEM OPT (വിജ്ഞാന-സാങ്കേതിക മേഖലയിലെ വിപുലീകരിച്ച പരിശീലനം) ഉള്ള വിദ്യാര്‍ത്ഥികള്‍.

നിലവില്‍ ‘സ്റ്റാറ്റസ് അഡ്ജസ്റ്റ്മെന്റ്’ (സ്ഥിരതാമസത്തിനായുള്ള അപേക്ഷ) തീര്‍പ്പാകാത്ത ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍.

‘യു.എസില്‍ തൊഴില്‍ അംഗീകാര രേഖകള്‍ പുതുക്കുന്ന രീതിയില്‍ ഈ നിയമം വലിയൊരു മാറ്റമാണ് യുഎസില്‍ കൊണ്ടുവരുന്നത്’ മാനിഫെസ്റ്റ് ലോയിലെ ഇമിഗ്രേഷന്‍ നിയമ സീനിയര്‍ കൗണ്‍സല്‍ ഹെന്റി ലിന്ദ്പെരെ അഭിപ്രായപ്പെടുന്നു.

‘ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, OPT-യിലുള്ള വിദ്യാര്‍ത്ഥികള്‍, H-4 വിസയുള്ള ദമ്പതികള്‍, ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ എന്നിവരെയാണ് ഈ മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യത’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രേസ് പിരീഡ് ഇല്ലാതായി

ഇതുവരെ, വിദേശ തൊഴിലാളികള്‍ക്ക് അവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി ലഭിക്കുന്നതുവരെ നിയമപരമായി ജോലിയില്‍ തുടരാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഇന്ന് മുതല്‍ ഈ ‘ഗ്രേസ് പിരീഡ്’ സംരക്ഷണം ഇല്ലാതാവുകയാണ്.

‘നിലവിലെ കാര്‍ഡ് കാലഹരണപ്പെടുന്നതിന് മുന്‍പ് പുതുക്കലിന് അംഗീകാരം ലഭിച്ചില്ലെങ്കില്‍, ഏകദേശം എല്ലാവര്‍ക്കും തൊഴില്‍ ചെയ്യാനുള്ള നിയമപരമായ അധികാരം നഷ്ടപ്പെടും’ ഇമിഗ്രേഷന്‍ നിയമ വിദഗ്ദ്ധനായ ലിന്ദ്പെരെ മുന്നറിയിപ്പ് നല്‍കി.

യു.എസ്.സി.ഐ.എസ്സില്‍ (USCIS) പുതുക്കല്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നിലവില്‍ മൂന്ന് മാസം മുതല്‍ 12 മാസം വരെ സമയമെടുക്കുന്നുണ്ട്. ഇതിനാല്‍, നിരവധി തൊഴിലാളികള്‍ക്ക് ജോലിയില്‍ നിര്‍ബന്ധിത ഇടവേളകള്‍ നേരിടേണ്ടിവരും.

ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതില്‍ നിലവിലുള്ള രാജ്യപരിധി കാരണം, ഇന്ത്യന്‍ പൗരന്മാര്‍ക്ക് യു.എസ്. ഇമിഗ്രേഷന്‍ സംവിധാനത്തില്‍ 20 വര്‍ഷത്തിലധികം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. സ്ഥിരതാമസത്തിനായി കാത്തിരിക്കുന്ന ഈ തൊഴിലാളികള്‍ക്ക്, ജോലിയില്‍ തുടരാന്‍ ഇടയ്ക്കിടെ ഇടക്കാല വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കണം.

പുതിയ നിയമപ്രകാരം, വന്‍തോതിലുള്ള തൊഴില്‍ തടസ്സങ്ങള്‍ക്കും വരുമാന നഷ്ടത്തിനും സാധ്യതയുണ്ടെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകര്‍ പറയുന്നു. മാത്രമല്ല, നിലവില്‍ ബാക്ക്ലോഗുകളില്‍ വലയുന്ന കുടുംബങ്ങള്‍ക്ക് വിസ സ്റ്റാറ്റസ് ലംഘനങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്.

കര്‍ശനമാക്കുന്ന കുടിയേറ്റ നയങ്ങള്‍

കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തുടര്‍ച്ചയായ നടപടികളുടെ ഭാഗമായാണ് ഈ പുതിയ തീരുമാനം വന്നിരിക്കുന്നത്. ഈ വര്‍ഷം ആദ്യം H-1B വിസ ഫീസ് 100,000 ഡോളറായി കുത്തനെ ഉയര്‍ത്തുകയും, H-1B വിസയില്‍ വിദേശികളെ നിയമിക്കുന്നത് നിര്‍ത്താന്‍ ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് സര്‍വകലാശാലകള്‍ക്ക് ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു.

‘അമേരിക്കന്‍ ജോലികള്‍ സംരക്ഷിക്കുന്നതിനും’, ‘അത്യധികം വൈദഗ്ധ്യമുള്ള’ വിദേശ തൊഴിലാളികള്‍ മാത്രമേ യുഎസ് തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളായാണ് ഭരണകൂടം ഈ നീക്കങ്ങളെ വിശേഷിപ്പിക്കുന്നത്.

നിലവില്‍, യുഎസ്സിലെ ടെക്‌നോളജി, ആരോഗ്യ സംരക്ഷണം, ഗവേഷണ മേഖലകളിലെ നട്ടെല്ലായ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് DHS ന്റെ ഈ പുതിയ നിയമം കൂടുതല്‍ അനിശ്ചിതത്വം നല്‍കിയിരിക്കുകയാണ്.

Content Summary: US tightens immigration law again; Indians face potential job loss

This post was last modified on October 30, 2025 2:20 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment