July 08, 2025 |
Share on

അനധികൃത കുടിയേറ്റം; ഇന്ത്യന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തി യുഎസ്

അറിഞ്ഞുകൊണ്ട് നിയമവിരുദ്ധ കുടിയേറ്റത്തിന് സൗകര്യമൊരുക്കുന്നുവെന്നാണ് ആരോപണം

ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയത്തിന്റെ പ്രഹരം ഇന്ത്യന്‍ ട്രാവല്‍ എജന്‍സികള്‍ക്കുനേരെയും. അമേരിക്കയിലേക്ക് ‘നിയമവിരുദ്ധ കുടിയേറ്റം’ നടത്താന്‍ അറിഞ്ഞുകൊണ്ട് സൗകര്യമൊരുക്കിയെന്ന കുറ്റാരോപണത്തോടെ ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സി ഉടമകള്‍, എക്‌സിക്യൂട്ടീവുകള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നാണ് തിങ്കളാഴ്ച യുഎസ് അറിയിച്ചിരിക്കുന്നത്.

നിയമവിരുദ്ധ കുടിയേറ്റം, മനുഷ്യക്കടത്ത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ വേഗത്തില്‍ കണ്ടെത്തുന്നതിനും ഇവരെ പിടികൂടുന്നതിനുമായി മിഷന്‍ ഇന്ത്യയുടെ കോണ്‍സുലാര്‍ അഫയേഴ്സ് ആന്‍ഡ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സര്‍വീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ എംബസിയിലും കോണ്‍സുലേറ്റുകളിലും നടന്നുവരുന്നുണ്ടെന്നാണ്, യു എസ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയൊരു പ്രസ്താവനയില്‍ പറയുന്നു. ‘അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് അറിഞ്ഞുകൊണ്ട് സൗകര്യമൊരുക്കിയതിന്, ഇന്ത്യയില്‍ ആസ്ഥാനമായുള്ളതും പ്രവര്‍ത്തിക്കുന്നതുമായ ട്രാവല്‍ ഏജന്‍സികളുടെ ഉടമകള്‍, എക്‌സിക്യൂട്ടീവുകള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന കാര്യവും ഇതേ പ്രസ്താവനയിലാണ് പറയുന്നത്. വിദേശത്ത് നിന്നുള്ള മനുഷ്യക്കടത്ത് ശൃംഖലകള്‍ ഇല്ലാതാക്കുന്നതിനായി ഇത്തരത്തിലുള്ള വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ യുഎസ് തുടരുമെന്നാണ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്.

‘അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് വിദേശ പൗരന്മാരെ അറിയിക്കുക മാത്രമല്ല, നിയമവിരുദ്ധ കുടിയേറ്റത്തിന് സൗകര്യമൊരുക്കുന്നവര്‍ ഉള്‍പ്പെടെ ഞങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്നവരെ, അക്കാര്യങ്ങളില്‍ ഉത്തരവാദികളാക്കുകയെന്നതും ഞങ്ങളുടെ കുടിയേറ്റ നയത്തിന്റെ ലക്ഷ്യമാണെന്നാണ് പ്രസ്താവനയില്‍ യു എസ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിനും അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനും യുഎസ് ഇമിഗ്രേഷന്‍ നിയമങ്ങളും നയങ്ങളും നടപ്പിലാക്കുന്നത് തങ്ങള്‍ക്ക് നിര്‍ണായകമാണെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. ഈ വിസ നിയന്ത്രണ നയം ആഗോളതലത്തില്‍ ഏര്‍പ്പെടുത്തുന്നതാണെന്നും, വിസ ഒഴിവാക്കല്‍ പ്രോഗ്രാമിന് അര്‍ഹത നേടിയവര്‍ക്ക് പോലും ഈ നയം ബാധകമായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള ഏതൊക്കെ ട്രാവല്‍ ഏജന്‍സികള്‍ക്കും അതിന്റെ പ്രതിനിധികള്‍ക്കുമാണ് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് യു എസ് വ്യക്തമാക്കിയിട്ടില്ല. വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ന്യൂഡല്‍ഹിയിലെ യു എസ് കോണ്‍സുലേറ്റില്‍ നിന്നും അറിയിച്ചത്. വിസ രേഖകളുടെ രഹസ്യസ്വഭാവം കാരണം, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നവരുടെ വിവരങ്ങള്‍ പരസ്യമാക്കാന്‍ സാധിക്കില്ലെന്നാണ് യുഎസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ക്രമസമാധാന പ്രശ്‌നത്തിന്റെ മുഖ്യകാരണം അനധികൃത കുടിയേറ്റമാണെന്ന ധാരണയിലാണ് നയങ്ങള്‍ കടുപ്പിക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറാകുന്നത്.

നിയമവിരുദ്ധമായി അമേരിക്കയില്‍ പ്രവേശിച്ച കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാന്‍ തയ്യാറാണെന്ന നിലപാടാണ് ഇന്ത്യ അമേരിക്കയെ അറിയിച്ചിരിക്കുന്നത്. ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് വഴി ഇന്ത്യക്ക് മറ്റ് ചില ലക്ഷ്യങ്ങളുണ്ടെന്ന് പറയുന്നു. ട്രംപിന്റെ കൂട്ട നാടുകടത്തല്‍ പദ്ധതികളുടെ ഭാഗമായി ഏകദേശം 20,000 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരികെ അയക്കാന്‍ യുഎസ് തീരുമാനിച്ചിട്ടുണ്ട്. ഇവരെയെല്ലാം തങ്ങള്‍ തിരികെ സ്വീകരിച്ചോളം എന്ന് ഇന്ത്യ പറയുന്നതിലൂടെ ലക്ഷ്യമിടുന്നത്, യുഎസിലേക്കുള്ള ഇന്ത്യക്കാരുടെ നിയമപരമായ യാത്രകള്‍ക്ക് ഒരുവിധ തടസവും നേരിടില്ലെന്ന് ഉറപ്പാക്കുകയാണ്. ഇന്ത്യക്കാര്‍ യാത്ര വിലക്കുകളോ വിസ നിഷേധിക്കലോ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകരുത്, അതാണ് ഇന്ത്യയുടെ ലക്ഷ്യവും ആവശ്യവും. ഇതുറപ്പിക്കാനാണ് അമേരിക്കയുടെ കുടിയേറ്റ നയത്തിനും കൂട്ട നാടുകടത്തലിനും ഇന്ത്യ അനുകൂലമായി നില്‍ക്കുന്നത്.  Illegal Immigration US Government imposing visa restrictions on Indian travel agencies

Content Summary; Illegal Immigration US Government imposing visa restrictions on Indian travel agencies

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×