June 26, 2026 |
Share on

വാട്‌സ് ആപ്പിനും ടെലഗ്രാമിനും നിയന്ത്രണം ഏര്‍പ്പെടുത്തി റഷ്യ

സ്വന്തം ആപ്പ് വികസിപ്പിക്കാനും പുടിന്‍ ഭരണകൂടം

മെസേജിംഗ് അപ്ലിക്കേഷനുകളായ വാട്‌സ് ആപ്പിനും ടെലഗ്രാമിനും നിയന്ത്രണം ഏര്‍പ്പെടുത്തി റഷ്യ. വഞ്ചന, തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിയമപാലകരുമായി വിവരങ്ങള്‍ പങ്കിടുന്നതില്‍ വിദേശ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പരാജയപ്പെടുന്നു എന്നു കാണിച്ചാണ് നിയന്ത്രണം. ഈ മെസേജിംഗ് ആപ്പുകള്‍ വഴിയുള്ള വോയ്‌സ് കോളുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം റഷ്യ വിദേശ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തന സ്വാതന്ത്ര്യം നിയന്ത്രിക്കുന്നുണ്ട്. അവയുടെ ഉള്ളടക്കത്തിന്റെയും ഡാറ്റ സംഭരണത്തിന്റെയും പേരിലാണ് മോസ്‌കോ വിദേശ ആപ്പുകളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്. രാജ്യത്തെ ഇന്റര്‍നെറ്റ് മേഖലയില്‍ പുടിന്‍ ഭരണകൂടം അതിന്റെ നിയന്ത്രണം വിപുലമാക്കാനാണ് ശ്രമിക്കുന്നതെന്നാണ് വിമര്‍ശകര്‍ ഇപ്പോഴത്തെ നടപടിയെ എതിര്‍ത്തുകൊണ്ട് പറയുന്നത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു മെസേജിംഗ് ആപ്പ് വികസിപ്പിക്കാനാണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. സര്‍ക്കാര്‍ സേവനങ്ങള്‍ ഈ ആപ്പുവഴി ബന്ധപ്പെടുത്തി തദ്ദേശീയ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അതോടൊപ്പം വിദേശ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത് കുറച്ചും ഡിജിറ്റല്‍ പരമാധികാരം സ്ഥാപിക്കുകയാണ് മോസ്‌കോ ഇതിലൂടെ ലക്ഷ്യമിടുന്നത്.

കുറ്റവാളികളെ പിടിക്കുക എന്ന ലക്ഷ്യത്തില്‍ വാട്‌സ് ആപ്പ്, ടെലഗ്രാം വഴിയുള്ള കോളുകള്‍ ഭാഗികമായി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ് എന്നാണ് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററായ റോസ്‌കോംനാഡ്സറിനെ ഉദ്ധരിച്ച് ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് നിയന്ത്രണങ്ങളൊന്നും തന്നെ ഈ മെസേജിംഗ് ആപ്പുകള്‍ക്ക് മേല്‍ ചുമത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ പ്രസ്താവനായി വാര്‍ത്ത ഏജന്‍സി പറയുന്നുണ്ട്.

റഷ്യയുടെ നിയമങ്ങള്‍ പാലിക്കാന്‍ വിദേശ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ തയ്യാറായാല്‍ കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുമെന്നാണ് റഷ്യന്‍ ഡിജിറ്റല്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വഞ്ചന, തീവ്രവാദം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ ടെലിഗ്രാമും വാട്ട്സ്ആപ്പും അവഗണിച്ചുവെന്നും ഡിജിറ്റല്‍ വികസന മന്ത്രാലയം പറയുന്നു.

വാട്ട്സ്ആപ്പ് സ്വകാര്യവും, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തതുമാണ്, കൂടാതെ സര്‍ക്കാരിന്റെ കൈകടത്തലുകള്‍ പ്രതിരോധിച്ച് ആശയവിനിമയം സുരക്ഷിതമാക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നു. അതുകൊണ്ടാണ് 100 ദശലക്ഷത്തിലധികം റഷ്യക്കാരില്‍ നിന്നും റഷ്യന്‍ ഭരണകൂടം ഇത് തടയാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു മോസ്‌കോയുടെ തീരുമാനത്തിനു പിന്നാലെ വാട്ട്സ്ആപ്പിന്റെ ഉടമയായ മെറ്റ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. റഷ്യ ഉള്‍പ്പെടെ എല്ലായിടത്തും ആളുകള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആശയവിനിമയം ലഭ്യമാക്കുന്നതിന് ഞങ്ങളാല്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ തുടര്‍ന്നും ചെയ്യും എന്നും മെറ്റ പറയുന്നുണ്ട്.

തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ ദുരുപയോഗത്തിനെതിരെ സജീവമായി പോരാടുന്നുണ്ടെന്നാണ് ടെലഗ്രാം അവരുടെ പ്രസ്താവനയില്‍ പറയുന്നത്. ആപ്പ് വഴി അട്ടിമറി അല്ലെങ്കില്‍ അക്രമത്തിനുള്ള ആഹ്വാനങ്ങളും വഞ്ചനയും നടക്കുന്നുണ്ട്. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ദോഷകരമായ ഉള്ളടക്കങ്ങള്‍ ഞങ്ങള്‍ നീക്കം ചെയ്യുന്നുണ്ട് എന്നും ടെലിഗ്രാം പറയുന്നു.

ഓഗസ്റ്റ് 11 മുതല്‍ റഷ്യയില്‍ ടെലിഗ്രാമില്‍ വോയ്സ് കോള്‍ ചെയ്യുന്നത് വളരെ കുറച്ച് മാത്രമേ സാധ്യമാകുന്നുള്ളൂ എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുപോലെ ഇടയ്ക്കിടെയുള്ള ശബ്ദവും മെറ്റാലിക് ബസിംഗും കാരണം വാട്ട്സ്ആപ്പ് കോളുകളും ബുദ്ധിമുട്ടായിരിക്കുന്നുവെന്നും റോയിട്ടേഴ്‌സ് പറയുന്നു.  Russia has partially restricted calls on Whatsapp and Telegram

Content Summary; Russia has partially restricted calls on Whatsapp and Telegram

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×