July 13, 2025 |
Share on

യു എസ് വിസ; വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ പരിശോധിക്കും

യുഎസ്-ഇസ്രയേല്‍ വിരുദ്ധര്‍ അമേരിക്കയിലേക്ക് വരേണ്ടെന്നാണ് പുതിയ തീരുമാനത്തിന്റെ പിന്നില്‍

അമേരിക്ക-ഇസ്രയേല്‍ വിമര്‍ശകരെ മുന്‍കൂട്ടി കണ്ട് തടയാന്‍ യു എസ് തീരുമാനം. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ വിസ പരിഗണിക്കുമ്പോള്‍ അവരുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ കൂടി പരിശോധിക്കണമെന്നാണ് അമേരിക്കയുടെ നയതന്ത്ര പ്രതിനിധികളോട് ആഭ്യന്തര സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ നിര്‍ദേശം. സോഷ്യല്‍ മീഡിയ അകൗണ്ടുകളില്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമുണ്ടെങ്കില്‍ അവരെ ഇങ്ങോട്ടേക്ക് വരാന്‍ അനുവദിക്കാതിരിക്കാനാണ് ശ്രമം. യു എസ് സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കം പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയത് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഗാസ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിനും അമേരിക്കയുടെ ശത്രുക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരെ അനുകൂലിച്ചതിനുമെല്ലാം പലരെയും നാടുകടത്തിയിട്ടുമുണ്ട്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയാണ് ഇത്തരമൊരു നീക്കത്തിന് ന്യായമായി പറയുന്നതെങ്കിലും, ഇത് ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ഹനിക്കലാണെന്നാണ് വിമര്‍ശനം. ഒരാള്‍ തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടില്‍ തന്റെതായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഈ സ്വാതന്ത്ര്യമാണ് ട്രംപ് ഭരണകൂടം ഹനിക്കുന്നതെന്നാണ് പരാതി.

മാര്‍ച്ച് 25 ന് വിദേശത്തുള്ള അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കായി അമേരിക്കയുടെ നയതന്ത്ര ദൗത്യം വിവരിക്കുന്ന ഒരു വിശദമായ കേബിള്‍ അയിച്ചിരുന്നു. ഇതിലാണ് വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പരിശോധനയും നടത്തണമെന്ന നിര്‍ദേശമുള്ളത്. സ്റ്റുഡന്റ് വിസ അപേക്ഷകര്‍, എക്‌സ്‌ചേഞ്ച് വിസിറ്റര്‍ വിസ അപേക്ഷകര്‍ എന്നിവരെ നിര്‍ബന്ധിത സോഷ്യല്‍ മീഡിയ പരിശോധനയ്ക്കായി ‘ഫ്രോഡ് പ്രിവന്റേഷന്‍ .യൂണിറ്റിന്റെ’ പരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് കേബിളില്‍ പറയുന്നത്. അപേക്ഷകരെ പ്രസ്തുത യൂണിറ്റ് വിശദമായ സ്‌ക്രീനിംഗിന് വിധേയരാക്കും, രാജ്യത്തിന് ഭീഷണിയാകുന്നവരാണോയെന്ന് കണ്ടെത്തുകയും ചെയ്യുമെന്നാണ് വിശദീകരണം.

അമേരിക്കന്‍ പൗരത്വം, സംസ്‌കാരം, ഭരണകൂടം, ഫെഡറല്‍ സ്ഥാപനങ്ങള്‍, രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍’ എന്നിവയോട് ‘ശത്രുതാപരമായ മനോഭാവം’ പുലര്‍ത്തുന്നവര്‍ ഉള്‍പ്പെടെയുള്ള വിദേശ പൗരന്മാരെ നാടുകടത്തുന്നതിനുള്ള ഒരു കാമ്പെയ്ന്‍ ആരംഭിക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചിരുന്നു. ഈ ഓര്‍ഡര്‍ അടിസ്ഥാനമാക്കിയാണ്, ഒമ്പത് ആഴ്ചകള്‍ക്ക് ശേഷം ഇത്തരമൊരു നിര്‍ദേശം ആഭ്യന്തര സെക്രട്ടറിയില്‍ നിന്നുണ്ടായിരിക്കുന്നത്.
ഗാസയുദ്ധത്തില്‍ ഇസ്രയേല്‍ വിരുദ്ധ കാമ്പയിനുകള്‍ യു എസ് കാമ്പസുകള്‍ വ്യാപകമായിരുന്നു. ജൂതവിരുദ്ധ പ്രതിഷേധങ്ങള്‍ നിശബ്ദമാക്കുന്നതിന്റെ ഭാഗമായി, പ്രതിഷേധത്തിന്റെ ഭാഗമായിട്ടുള്ള വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടി ആരംഭിക്കാനും ട്രംപ് മറ്റൊരു എക്സിക്യൂട്ടീവ് ഉത്തരവും പുറപ്പെടുവിച്ചു. ഉടന്‍ പ്രാബല്യത്തില്‍ വരുന്ന നിര്‍ദേശമായിട്ടാണ് ആഭ്യന്തര സെക്രട്ടറി കേബിളില്‍ സോഷ്യല്‍ മീഡിയ പരിശോധനയുടെ കാര്യം പറഞ്ഞിരിക്കുന്നതെന്നാണ്, ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയാവുന്ന ഉദ്യോഗസ്ഥര്‍ ദി ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

കോണ്‍സുലേറ്റുകള്‍, എംബസികള്‍ എന്നിവിടങ്ങളിലെ കോണ്‍സുലര്‍ അഫയേഴ്‌സ് വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതാണ് ഫ്രോഡ് പ്രിവന്റേഷന്‍ യൂണിറ്റ്. ഇവരായിരിക്കും സോഷ്യല്‍ മീഡിയ പരിശോധനകള്‍ നടത്തി, വിസ നല്‍കണോ വേണ്ടയോ എന്ന അഭിപ്രായം അറിയിക്കുന്നത്. ഒരു വിസ നിഷേധക്കണോ, അംഗീകരിക്കണോ എന്നു തീരുമാനിക്കാനുള്ള വിശാലമായ മാനദണ്ഡങ്ങളെക്കുറിച്ചും ആഭ്യന്തര സെക്രട്ടറിയുടെ കേബിളിലുണ്ട്.

ഈ രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും ഇവിടുത്തെ ദേശീയ സുരക്ഷയെയോ പൊതുസുരക്ഷയെയോ ദുര്‍ബലപ്പെടുത്തുന്നവരും ഇവിടേക്ക് വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു മാര്‍ച്ച് 16 ന് സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍ക്ക് റൂബിയോ വ്യക്തമാക്കിയിരിക്കുന്നത്. ഇതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ കേബില്‍ രൂപത്തില്‍ നയതന്ത്ര കാര്യാലയങ്ങളിലേക്കും അറിയിച്ചിരിക്കുന്നത്. ഒരാള്‍ക്ക് വിസ അനുവദിക്കുന്ന എന്നതിന്, അയാള്‍ ഇവിടെ അതിഥിയായി വരുന്നു എന്നുമാത്രമാണ് അര്‍ത്ഥമെന്നു കൂടി റൂബിയോ ഓര്‍മിപ്പിച്ചിരുന്നു. ട്രംപ് ഭരണകൂടം മാറ്റുന്ന അമേരിക്കന്‍ നയങ്ങളുടെ പ്രതിഫലനമാണ് റൂബിയോയുടെ വാക്കുകളില്‍.

പ്രത്യേകമായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പരിശോധിക്കേണ്ട അപേക്ഷകര്‍ ഏതൊക്കെ തരത്തില്‍പ്പെട്ടവരാണെന്നും കേബിളില്‍ വ്യക്തമാക്കുന്നുണ്ട്. തീവ്രവാദ ബന്ധങ്ങളോ അനുഭാവമോ ഉണ്ടെന്ന് സംശയിക്കപ്പെടുന്നവര്‍, 2023 ഒക്ടോബര്‍ 7 നും 2024 ഓഗസ്റ്റ് 31 നും ഇടയില്‍ വിദ്യാര്‍ത്ഥി അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് വിസ ഉണ്ടായിരുന്നയാള്‍; അല്ലെങ്കില്‍ ഒക്ടോബറിലെ പ്രസ്തുത തീയതി മുതല്‍ വിസ അവസാനിപ്പിച്ചയാള്‍. 2023 ഒക്ടോബര്‍ 7 നായിരുന്നു ഹമാസ് ഇസ്രയേലില്‍ കയറി കൂട്ടക്കൊല നടത്തിയത്. 1200 പേരെ കൊലപ്പെടുത്തിയ ഹമാസ്, 250 പേരെ ബന്ദികളാക്കി. അതിനു പിന്നാലെ ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന വംശഹത്യയില്‍ ഇതുവരെ അരലക്ഷത്തിന് മുകളില്‍ ആളുകളാണ് കൊല്ലപ്പെട്ടത്. ദശലക്ഷകണക്കിന് പേര്‍ സ്വന്തം നാട്ടില്‍ തന്നെ അഭയാര്‍ത്ഥികളായി.

പ്രസ്തുത തീയതി വച്ച് പരിശോധിക്കാന്‍ നിര്‍ദേശിക്കുക വഴി മാര്‍ക്ക് റൂബിയോ ലക്ഷ്യം വയ്ക്കുന്നത്, പലസ്തീനോട് അനുഭാവമോ ഐകദാര്‍ഢ്യമോ പ്രകടിപ്പിക്കുന്നവരെ അമേരിക്കയിലേക്ക് എത്തിക്കാതിരിക്കുകയെന്നത് തന്നെയാണ്. ഗാസയ്ക്കു വേണ്ടി സോഷ്യല്‍ മീഡിയ വഴി ശബ്ദിച്ചവര്‍ ആരാണെങ്കിലും അവര്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും ശത്രുക്കളാണെന്നാണ് ട്രംപ് ഭരണകൂടം തീര്‍ച്ചപ്പെടുത്തിയിരിക്കുന്നത്.  US to scrutinize social media accounts of students for visa approval

Content Summary; US to scrutinize social media accounts of students for visa approval

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×