റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിൽ ഇന്ത്യയ്ക്ക് മേൽ നികുതി ചുമത്തുമെന്നാണ് യുഎസ് ഭീഷണി മുഴക്കിയിരിക്കുന്നത്. താരിഫ് വിഷയത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വർഷങ്ങളായി യുഎസ് പാകിസ്ഥാനെ പിന്തുണക്കുകയാണെന്ന് വ്യക്തമാക്കുന്ന വാർത്താക്കുറിപ്പ് പങ്കുവെച്ച് ഇന്ത്യൻ സൈന്യം. 1971 ലെ പത്രവാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്.
1971 ഓഗസ്റ്റ് 5 ൽ പ്രസിദ്ധീകരിച്ച് പത്രക്കുറിപ്പിൽ 1971 ലെ യുദ്ധത്തിന് മുമ്പ് തന്നെ അമേരിക്ക പാകിസ്ഥാന് ആയുധങ്ങൾ വിതരണം ചെയ്തിരുന്നതായി വ്യക്തമാക്കുന്നു. ദിസ് ഡേ, ദാറ്റ് ഇയർ ബിൽഡ് അപ് ഫോർ വാർ – ഓഗസ്റ്റ് 5, 1971 എന്ന അടിക്കുറിപ്പോട് കൂടിയാണ് ഇന്ത്യൻ സൈന്യം പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
രണ്ട് ബില്ല്യൺ വിലമതിക്കുന്ന യുഎസ് ആയുധങ്ങളാണ് 1954 മുതൽ പാകിസ്ഥാനിലേക്ക് അയച്ചിരിക്കുന്നതെന്നാണ് അന്നത്തെ വാർത്തയിലെ തലക്കെട്ട്. ബംഗ്ലാദേശ് രൂപീകരണത്തിലേക്ക് നയിച്ച ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന് മാസങ്ങൾക്ക് മുമ്പ് നടന്ന 1971 ലെ രാജ്യസഭാ സമ്മേളനമാണ് ഈ വാർത്താക്കുറിപ്പിൽ പറയുന്നത്. ബംഗ്ലാദേശിലെ ആക്രമണത്തിനിടയിൽ പാകിസ്ഥാൻ ആയുധങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച് നാറ്റോ രാജ്യങ്ങളെയും സോവിയറ്റ് യൂണിയനെയും ബന്ധപ്പെട്ടിരുന്നുവെന്ന് അന്നത്തെ പ്രതിരോധ ഉൽപാദന മന്ത്രി വി.സി. ശുക്ല പറഞ്ഞിരുന്നതായി സൈന്യം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സോവിയറ്റ് യൂണിയനും ഫ്രാൻസും ആയുധങ്ങൾ നൽകുന്നത് നിഷേധിച്ചെങ്കിലും, യുഎസ് പാകിസ്ഥാനുള്ള തങ്ങളുടെ പിന്തുണ തുടർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
യുഎസും ചൈനയും വളരെ കുറഞ്ഞ വിലയ്ക്ക് പാകിസ്ഥാന് ആയുധങ്ങൾ വിറ്റതായാണ് അന്നത്തെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 1971ലെ യുദ്ധത്തിൽ പാകിസ്ഥാൻ ഈ രണ്ട് രാജ്യങ്ങളുടെയും ആയുധങ്ങൾ ഉപയോഗിച്ചിരിക്കാമെന്നുള്ള സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ദി ഹിന്ദുസ്ഥാൻ ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെയുള്ള യുഎസിന്റെ വിമർശനത്തിന് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമായ പരാമർശമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്. അത്യാവശ്യ ഘട്ടങ്ങളിലാണ് ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതെന്നും യുഎസും യൂറോപ്പും റഷ്യയുമായി വിശാലമായ വ്യാപാരം തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഊർജ്ജം, രാസവസ്തുക്കൾ, ലോഹങ്ങൾ, യന്ത്രങ്ങൾ, ആണവ വ്യവസായത്തിനുള്ള യുറേനിയം എന്നിവയുൾപ്പെടെ യുഎസ് റഷ്യയിൽ നിന്നാണ് വാങ്ങുന്നതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് പരമ്പരാഗത വിതരണക്കാർ യൂറോപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിനുശേഷമാണ് ഇന്ത്യ റഷ്യൻ എണ്ണയിലേക്ക് തിരിഞ്ഞതെന്നും ഇന്ത്യ അറിയിച്ചു. അന്ന് ആഗോള ഊർജ്ജ വിപണികളെ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നതിന് ഇന്ത്യയുടെ ഇറക്കുമതിയെ പോലും യുഎസ് പ്രോത്സാഹിപ്പിച്ചിരുന്നു.
ഇന്ത്യയിലെ ജനങ്ങൾക്ക് ഊർജ്ജം ഉറപ്പാക്കാൻ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലുകൾ അത്യാവശ്യമാണെന്ന് അറിയിച്ച ഇന്ത്യ ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
Content Summary: ‘US was supplying weapons to Pakistan even then’: Indian Army shares 1971 news clip
This post was last modified on August 5, 2025 5:21 pm
Leave a Comment