June 03, 2026 |
Share on

മാക്‌സ്വെല്‍ ഫെര്‍ണാണ്ടസ് ജേണലിസം അവാര്‍ഡ്; ധന്യാ രാജേന്ദ്രനും, അഴിമുഖവും ഏറ്റുവാങ്ങി

‘ദി ക്യൂ’ വിന് പ്രത്യേക ജൂറി പരാമര്‍ശം

മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ മാക്‌സ്വെല്‍ ഫെര്‍ണാണ്ടസ് ജേണലിസം അവാര്‍ഡ് ധന്യാ രാജേന്ദ്രനും, അഴിമുഖവും ഏറ്റുവാങ്ങി. നവ മാധ്യമ സങ്കേതങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് സ്വതന്ത്രവും ധീരവുമായ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന പോര്‍ട്ടല്‍ ആയി ദ ന്യൂസ് മിനിറ്റിനെ വളര്‍ത്തിയെടുത്തതിനാണ് 2024 ലെ മാക്‌സ്വെല്‍ ഫെര്‍ണാണ്ടസ് മാധ്യമ അവാര്‍ഡിന്, ദ ന്യൂസ് മിനിറ്റ് എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രന്‍ അര്‍ഹയായത്. 2020 ല്‍ ജൂറി പ്രത്യേക പരാമര്‍ശം നടത്തിയ ‘ദി ക്യൂ’ വിനും പുരസ്‌കാരം സമ്മാനിച്ചു.

മലയാളത്തിലെ സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലായാണ് അഴിമുഖത്തെ തിരഞ്ഞെടുത്തത്. 2020 ജനുവരിയില്‍ അവാര്‍ഡ് പ്രഖ്യാപിച്ചെങ്കിലും കോവിഡിനെ തുടര്‍ന്ന് ഇപ്പോഴാണ് വിതരണം നടത്തിയത്. കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ അഴിമുഖം എഡിറ്റര്‍ ശ്രീജിത്ത് ദിവാകരന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 10,000 രൂപയും പ്രശസ്തി ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അഴിമുഖത്തിന് പുരസ്‌കാരമായി ലഭിച്ചത്. പക്ഷേ, പുരസ്‌കാര തുക കേരള സര്‍വ്വകലാശാല എം.സി.ജെ ഡിപ്പാര്‍ട്മെന്റിന്റെ ലൈബ്രറിക്കായി അവാര്‍ഡ് കമ്മിറ്റിയെ തിരികെ ഏല്‍പിച്ചു.

”അഴിമുഖം ഒരു മാധ്യമ ആദര്‍ശത്തിന്റെ തുടര്‍ച്ചയാണ്. ഞങ്ങള്‍ യാതൊരു തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാകാതെ, ലോങ്ഫോം ജേണലിസവും ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസവും അടിസ്ഥാനമാക്കിയാണ് ഈ കാലത്തും മുന്നേറുന്നത്. മത്സരബുദ്ധിയല്ല, ഓണ്‍ലൈന്‍ ജേണലിസത്തിന്റെ അടിസ്ഥാനം, വസ്തുതകളും ശരികളുമാണ് എന്ന് വിശ്വസിച്ച് തന്നെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്” അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് എഡിറ്റര്‍ ശ്രീജിത്ത് ദിവാകരന്‍ പറഞ്ഞു.

”നാട്ടുരാജ്യങ്ങളുടെ കാലം മുതല്‍ അടിച്ചമര്‍ത്തലിനെതിരെ നിലകൊണ്ട ചരിത്രമുള്ള മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ സമ്പന്നമായ പാരമ്പര്യത്തിന് അനുസരിച്ചുള്ളതാണ് അഴിമുഖം പോലുള്ള ഒരു വെബ് പോര്‍ട്ടലിന്റെ ഉയര്‍ച്ച. അഴിമുഖത്തിന് ധീരമായ എഡിറ്റോറിയല്‍ നയമുണ്ട്. വേട്ടക്കാരും ഇരകളും തമ്മിലുള്ള പോരാട്ടത്തില്‍ ഇരകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിക്കുന്നു. റിപ്പോര്‍ട്ടിംഗില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാന്‍ അഴിമുഖം ടീം നടത്തിയ ശ്രമങ്ങളില്‍ ഞങ്ങള്‍ വളരെയധികം സന്തുഷ്ടരാണ്” മാക്‌സ്വെല്‍ ഫെര്‍ണാണ്ടസ് അവാര്‍ഡ് അഴിമുഖത്തിന് നല്‍കവേ ജൂറി പരാമര്‍ശിച്ചു.

സ്വതന്ത്ര ന്യൂസ് മീഡിയ ഓര്‍ഗനൈസേഷന്റെ മികച്ച എഡിറ്ററായാണ് ദ ന്യൂസ് മിനിറ്റ് എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രനെ തിരഞ്ഞെടുത്തത്. 10,000 രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവുമായിരുന്നു പുരസ്‌കാരം. പല നിര്‍ണായക ഘട്ടങ്ങളിലും ഇരകള്‍ക്ക് വേണ്ടി സംസാരിക്കാനും അധികാര കേന്ദ്രങ്ങളോട് ഏറ്റുമുട്ടാനും പത്രപ്രവര്‍ത്തനപരമായ കടമ ന്യൂസ് മിനിറ്റ് ഏറ്റെടുത്തതായി അവാര്‍ഡ് കമ്മിറ്റി പറഞ്ഞു.

മലയാളത്തിലെ ഒരു വളര്‍ന്നുവരുന്ന ഡിജിറ്റല്‍ മാധ്യമമെന്ന നിലയില്‍, ദി ക്യൂ ഒരു മികച്ച പ്ലാറ്റ്ഫോമാണ്. വിനോദം, കായികം തുടങ്ങിയ പ്രത്യേക മേഖലകളില്‍ ദി ക്യൂ നല്‍കുന്ന ശ്രദ്ധ ശ്രദ്ധേയമാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

കേരള സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം പഠനവകുപ്പിന്റെ സ്ഥാപകനും പ്രഥമ അധ്യക്ഷനുമായ പ്രൊഫസര്‍ മാക്‌സ്വെല്‍ ഫെര്‍ണാണ്ടസിന്റെ സ്മരണയ്ക്കായി, അദ്ദേഹത്തിന്റെ കുടുംബവും എം സി ജെ ആലുമ്നി അസോസിയേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയതായിരുന്നു അവാര്‍ഡ്. Maxwell fernandes journalism award; Dhanya Rajendran and azhimukham received 

Content Summary: Maxwell fernandes journalism award; Dhanya Rajendran and azhimukham received

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×