June 03, 2026 |

‘ദി കേരള സ്‌റ്റോറി’ യുടെ ലക്ഷ്യം മതസ്പര്‍ദ; അവാര്‍ഡ് അപമാനകരം- ജി.പി രാമചന്ദ്രന്‍

ഇന്ത്യയെന്ന സങ്കല്പത്തിനും ആശയത്തിനും വിരുദ്ധം

‘ദി കേരള സ്‌റ്റോറി’ എന്ന സിനിമയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നല്‍കിയതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മലയാള ചലച്ചിത്ര നിരൂപകന്‍ ജി.പി രാമചന്ദ്രന്‍ അഴിമുഖത്തോട് പ്രതികരിക്കുന്നു. കേരളത്തെ തെറ്റായി അവതരിപ്പിക്കുന്ന സിനിമയ്ക്ക് അവാര്‍ഡ് നല്‍കിയത് സംസ്ഥാനത്തിന് അപമാനകരമാണ്. 35,000 പെണ്‍കുട്ടികളെ ലൗ ജിഹാദിന് വിധേയരാക്കി എന്നത് നുണപ്രചരണമാണ്. പിന്നീട് ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അത് തിരുത്തുകയായിരുന്നു.

ഇതിനൊക്കെ പുറമെയായിരുന്നു ഈ സിനിമയ്ക്ക് പ്രധാനമന്ത്രി ഉള്‍പ്പെടെ അമിതമായ പ്രമോഷന്‍ നല്‍കിയത്. തെറ്റായ പ്രചരണം സിനിമയിലൂടെ ഉണ്ടാക്കി എന്ന് മാത്രമല്ല അനാവശ്യ പ്രമോഷന്‍ കൂടിയാണ് അതുവഴി നല്‍കപ്പെട്ടത്. ഭരണകര്‍ത്താക്കള്‍ തന്നെ ആ തെറ്റിനെ യാഥാര്‍ത്ഥ്യമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇതിലൂടെ ശ്രമം നടത്തിയത്. ഇതിന് പുറമെയാണ് ഇപ്പോഴത്തെ ഈ അവാര്‍ഡ്.

ഒരു തരത്തിലും കലാപരമായിട്ട് പോലും ബന്ധമില്ലാത്ത സിനിമയാണ് ‘ദി കേരള സ്‌റ്റോറി’. ബോധപൂര്‍വം കേരളത്തെ ഇകഴ്ത്തുന്നതോടൊപ്പം രാജ്യത്ത് സമുദായ സ്പര്‍ദയുണ്ടാക്കുക എന്ന ലക്ഷ്യം കൂടിയാണ് ഈ സിനിമയിലൂടെ ലക്ഷ്യമാക്കുന്നത്. നിലവില്‍ ഛത്തീസ്ഗഡില്‍ അടക്കം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സമുദായ സ്പര്‍ദയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയെന്ന സങ്കല്പത്തിനും ആശയത്തിനും ഒക്കെ വിരുദ്ധമായി അതിനെയൊക്കെ വിഘടിപ്പിക്കുന്ന ഇതിവൃത്തമാണ് ‘ദി കേരള സ്‌റ്റോറി’ എന്ന സിനിമയില്‍ ഉള്ളത്. മുന്‍പ് ‘കശ്മീര്‍ സ്‌റ്റോറി’ എന്ന സിനിമ ഗോവ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇസ്രയേലില്‍ നിന്നുള്ള ജൂറിയായിരുന്നു അധ്യക്ഷന്‍. ആ സിനിമയെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചത് പോലും സിനിമ എന്ന സങ്കല്പത്തിന് അപമാനമാണെന്നായിരുന്നു. അന്നും ജൂറി ചെയര്‍മാനോട് വിയോജിച്ചത് സുദീപ്‌തോ സെന്‍ മാത്രമായിരുന്നു. അന്നും അതൊരു അജണ്ടയുടെ ഭാഗമായിരുന്നു. സുദീപ്‌തോ സെന്‍ നേരത്തെയും ഈ ആശയത്തില്‍ മറ്റൊരു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. ഇതിലൂടെ മനസ്സിലാക്കേണ്ടത് അവര്‍ ഒരു പ്രൊപ്പഗണ്ടയുണ്ടാക്കി രാജ്യത്ത് സ്പദര്‍യുണ്ടാക്കുന്നു എന്നത് തന്നെയാണ്.

ഇത്തരം സിനിമകളെ പ്രദര്‍ശിപ്പിക്കുകയും അനാവശ്യ പബ്ലിസിറ്റി നല്‍കുകയും ചെയ്യുക എന്നത് പ്രത്യേകം പ്രൊപ്പഗണ്ടയുള്ളവര്‍ മാത്രമാണ്. ഈ നിലപാടുകള്‍ അപലപിക്കപ്പെടേണ്ടത് തന്നെയാണെന്നും ജിപി രാമചന്ദ്രന്‍ വ്യക്തമാക്കി.

മികച്ച സംവിധായകനുള്ള അവാര്‍ഡാണ് ‘ദി കേരള സ്‌റ്റോറി’ ക്ക് ലഭിച്ചത്. സുധീപ്‌തോ സെന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചലച്ചിത്ര പുരസ്‌കാരങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്നതായി ആരോപിച്ച് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷം ഒറ്റക്കെട്ടായി തന്നെ ‘ദി കേരള സ്‌റ്റോറി’ ക്ക് എതിരെ രംഗത്ത് വന്നിരുന്നു. ‘The kerala story’ aims at religious rivalry; award is insulting – GP Ramachandran 

Content Summary: ‘The kerala story’ aims at religious rivalry; award is insulting – GP Ramachandran

Leave a Reply

Your email address will not be published. Required fields are marked *

×