കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള അന്താരാഷ്ട്ര കരാറുകളിൽ നിന്ന് അമേരിക്ക പിന്മാറുന്നതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസമാണ് യുഎൻ കാലാവസ്ഥാ കൺവെൻഷനിൽ (UNFCCC) നിന്നും പിന്മാറാനുള്ള മെമ്മോറാണ്ടത്തിൽ ട്രംപ് ഭരണകൂടം ഒപ്പുവെച്ചത്. യുഎൻഎഫ്സിസിയുടെ 65 അന്താരാഷ്ട്ര സംഘടനകളിൽ നിന്നും പിന്മാറുന്നതായാണ് യുഎസ് അറിയിച്ചിരിക്കുന്നത്. ഈ സംഘടനകൾ അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് ട്രംപിന്റെ വാദം.
ഭൂമിയിലെ താപനില വർദ്ധിക്കുന്നത് തടയുന്നതിനും ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുന്നതിനുമായി 1992-ൽ രൂപീകരിച്ച ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് യുഎൻഎഫ്സിസി. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ‘എർത്ത് സമ്മിറ്റിൽ’ വെച്ചാണ് ഇത് അംഗീകരിക്കപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന യുഎൻ സമിതിയായ ഐപിസിസി, അന്താരാഷ്ട്ര പുനരുപയോഗ ഊർജ്ജ ഏജൻസി (IRENA) എന്നിവയിൽ നിന്നും യുഎസ് പിന്മാറുകയാണ്. കാലാവസ്ഥാ വ്യതിയാനം ഒരു തട്ടിപ്പാണെന്നാണ് ട്രംപ് വിശേഷിപ്പിക്കാറുള്ളത്. കഴിഞ്ഞ വർഷം പാരിസ് കാലാവസ്ഥാ കരാറിൽ നിന്നും അമേരിക്ക പിന്മാറുമെന്ന് പറഞ്ഞിരുന്നു.
എന്താണ് UNFCCC?
കഴിഞ്ഞ 34 വർഷമായി ലോകത്തെ എല്ലാ രാജ്യങ്ങളും ഒപ്പുവെച്ച ഒന്നാണ് UNFCCC കരാർ. ആഗോള താപനം കുറയ്ക്കാനുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ അടിസ്ഥാനശിലയാണിത്. 1992-ൽ അമേരിക്കൻ സെനറ്റ് ഇതിന് അംഗീകാരം നൽകിയിരുന്നു. ഇതിൽ നിന്ന് പിന്മാറുന്ന ലോകത്തിലെ ഏക രാജ്യമായി മാറിയിരിക്കുകയാണ് അമേരിക്ക.
ട്രംപിന്റെ ഈ തീരുമാനത്തിനെതിരെ ലോകമെമ്പാടുമുള്ള പ്രമുഖർ വിമർശനവുമായി രംഗത്തെത്തി. ശതകോടീശ്വരന്മാർക്കും എണ്ണ കമ്പനികൾക്കും കൂടുതൽ പണമുണ്ടാക്കാൻ വേണ്ടി ഭൂമിയെയും ജനങ്ങളെയും അപകടത്തിലാക്കുന്ന നടപടിയാണിതെന്ന് മുൻ യുഎസ് വൈസ് പ്രസിഡന്റ് അൽ ഗോർ പറഞ്ഞു. ഇ ത് വിഡ്ഢിത്തവും ലജ്ജാകരവുമായ തീരുമാനമാണെന്നും ലോകത്തിന് മുന്നിൽ അമേരിക്കയുടെ നേതൃസ്ഥാനം നഷ്ടപ്പെടുത്തുമെന്നും മുൻ കാലാവസ്ഥാ ഉപദേഷ്ടാവ് ജിന മക്കാർത്തി പ്രതികരിച്ചു.
അതേസമയം, ഈ കരാറുകൾ പലപ്പോഴും പുരോഗമനപരമായ പ്രത്യയശാസ്ത്രങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അമേരിക്കയുടെ ദേശീയ താൽപ്പര്യങ്ങളുമായി ഇവയ്ക്ക് ബന്ധമില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് പ്രകാരം ലോകം കടുത്ത ഉഷ്ണതരംഗങ്ങളിലൂടെയും പ്രകൃതിക്ഷോഭങ്ങളിലൂടെയും കടന്നുപോകുമ്പോൾ അമേരിക്കയെപ്പോലെ ഒരു രാജ്യം ഇതിൽ നിന്ന് വിട്ടുനിൽക്കുന്നത് ആഗോള കാലാവസ്ഥാ പോരാട്ടത്തെ ദുർബലപ്പെടുത്തും.
Content Summary: US withdraws from UN climate pact, saying it is against national interest
This post was last modified on January 8, 2026 12:46 pm
Leave a Comment