ജനുവരി 7നാണ് മുഹമ്മദ് ഷാനുവും, ആകാൻഷ കാന്ദാരിയും ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലെ സബ് ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിൽ വിവാഹത്തിനുള്ള നോട്ടീസ് സമർപ്പിച്ചത്. സാധാരണ ഒരു വിവാഹത്തിന് നൽകേണ്ട രേഖകളെല്ലാം നൽകി ഇരുവരും നടപടി ക്രമങ്ങൾ പൂർത്തിയാക്കി. ഇതോടെ നടപടി ക്രമങ്ങൾ അവസാനിച്ചുവെന്ന് ഇരുവരും കരുതി, എന്നാൽ ഏകീകൃത സിവിൽകോഡ് പ്രകാരം യുസിസി പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നതിനെ കുറിച്ച് ഇവർക്ക് ധാരണയുണ്ടായിരുന്നില്ല. തങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടുന്ന നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലാകുമെന്ന് അവർ ചിന്തിച്ചിരുന്നില്ല.
ഇത്തരം ഉദാഹരണങ്ങളിലൂടെ ഏകീകൃത സിവിൽ കോഡ് എങ്ങനെയൊക്കെയാണ് ദ്രോഹമാകുന്നതെന്ന് ഉത്തരാഖണ്ഡ് വെളിപ്പെടുത്തുകയാണ്.
‘വിവരങ്ങൾ സമർപ്പിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷം എനിക്ക് ഒരു ഫോൺ സന്ദേശം ലഭിച്ചു. സന്ദേശത്തിൽ ഞങ്ങൾ വിവാഹത്തിന് വേണ്ടി സമർപ്പിച്ച സ്വകാര്യവിവരങ്ങളടങ്ങുന്ന ഫയലിന്റെ ആദ്യ പേജായിരുന്നു. ‘ലൗ ജിഹാദ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.” ബാസ്പൂരിൽ സലൂൺ ഉടമയായ ഷാനു വ്യക്തമാക്കി.
ഡിസംബർ 16ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദമ്പതികൾക്ക് പോലിസ് സംരക്ഷണം നൽകിയിരുന്നു. ഇരുവരും നൽകിയ ഹർജിയിൽ, തങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ കാന്ദാരിയുടെ അമ്മയുടെയും മറ്റ് സംഘടനകളുടെയും ഭീഷണിയുള്ളതിനാൽ സാധിച്ചില്ലെന്നും പറയുന്നു. തങ്ങളുടെ ജീവൻ അപകടത്തിലാണെന്നും ഇരുവരും വ്യക്തമാക്കി.
ആറ് ആഴ്ച്ചത്തേക്ക് ഇരുവർക്കും പോലിസ് സംരക്ഷണം ഏർപ്പെടുത്താനാണ് കോടതി ഉത്തരവിട്ടത്. കൂടാതെ ഭീഷണി വിലയിരുത്താനും സംരക്ഷണത്തിന്റെ കാലാവധി സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാനും ബാസ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസറോട് കോടതി നിർദേശിച്ചു.
കോടതി ഉത്തരവുകൾ അവഗണിച്ച് ഇപ്പോഴും വലതുപക്ഷ ഗ്രൂപ്പുകൾ എതിർപ്പ് പ്രകടിപ്പിക്കുന്നുവെന്ന് ദമ്പതികൾ പറഞ്ഞു. ജനുവരി 30ന് വിവാഹത്തെ എതിർക്കുന്നതിന് ബജ്‌റംഗ്ദൾ പോലുള്ള ഗ്രൂപ്പുകൾ കാന്ദാരിയുടെ അമ്മയുമായി എസ്ഡിഎം ഓഫീസിലേക്ക് പോയിരുന്നു.
ലൗ ജിഹാദ് അനുസരിച്ച് ഷാനു തന്റെ മകളെ പ്രലോഭിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്തു എന്നും നോട്ടീസ് പരിശോധിക്കുന്നത് വരെ മകളെ കസ്റ്റഡിയിൽ വേണമെന്നും കാന്ദാരിയുടെ അമ്മ റീന ദേവി എസ്ഡിഎമിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് താൻ കല്യാണം കഴിക്കുന്നതെന്ന് കാന്ദാരി ഓഫീസിൽ മൊഴി നൽകിയതായി ഷാനു വ്യക്തമാക്കി.
2018 മുതൽ ഫേസ്ബുക്കിൽ സുഹൃത്തുക്കളായിരുന്ന ഇരുവരും നേരിട്ട് കാണുന്നത് 2022ൽ ആയിരുന്നു.
”ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ ഞാൻ അവളുടെ സഹോദരനെയും അമ്മയെയും കണ്ട് സംസാരിച്ചിരുന്നു. തുടക്കത്തിൽ അവർ അതിനെ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിലും, പതിയെ പതിയെ ഇരുവരെയും അനുനയിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ, പിന്നീട് ബജ്‌റംഗ്ദൾ (വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗം) കാര്യം അറിയുകയും അമ്മയെ സമ്മർദത്തിലാക്കുകയുമായിരുന്നു.” ഷാനു പറഞ്ഞു. ഫെബ്രുവരി 7ന് വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് ദമ്പതികൾ പ്രതീക്ഷിക്കുന്നത്.
ഈ അടുത്ത കാലത്തായി നിരവധി മിശ്രവിവാഹ ദമ്പതികൾ ഹൈക്കോടതിയിൽ സംരക്ഷണമാവിശ്യപ്പെട്ടിട്ടുള്ളതായി അഭിഭാഷകൻ രാഹുൽ അധികാരി വ്യക്തമാക്കി. ” ഈ വിവാഹങ്ങളിലെല്ലാം രാഷ്ട്രീയ പാർട്ടികളുടെ സാരമായ ഇടപെടലും ഉണ്ടായിട്ടുള്ളതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രാഷ്ട്രീയ പാർട്ടികളുടെ ഈ ഭീഷണി തന്റെ ഉപജീവനെ മാർഗത്തെയും ബാധിച്ചതായി ഷാനു പറഞ്ഞു.” നേരത്തെ ആളുകൾ വൈകുന്നേരം 6 മണി സമയത്തൊക്കെ കടയിൽ വരുമായിരുന്നു, അതുകൊണ്ട് കട അടയ്ക്കാൻ 10 മണിയാകും. എന്നാൽ ഇപ്പോൾ വൈകുന്നേരം 6 മണിയാകുമ്പോൾ കട അടക്കേണ്ടി വരുന്നു.” ഷാനു കൂട്ടിച്ചേർത്തു.
ഉധംസിംഗ് നഗർ വിഎച്ച്പി പ്രതികരിക്കാൻ തയ്യാറായില്ല., ബജ്‌റംഗ്ദൾ യൂണിറ്റിലേക്കുള്ള കോളുകൾ മുഴുവൻ ബെല്ലടിച്ച് നിന്നു. എന്നാൽ തങ്ങൾ കാന്ദാരിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെന്നും അവൾ ഷാനുവിനോടൊപ്പം പോകാൻ തന്നെ തീരുമാനിച്ചുവെന്നും ഉധംസിംഗ് നഗറിലെ ബജ്‌റംഗ്ദൾ തലവൻ യശ്പാൽ രാജ്ഹൻസ് ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.
“ഉത്തരാഖണ്ഡിൽ ലൗ ജിഹാദിനെതിരെ നിയമമുണ്ട്. സംരക്ഷണത്തിനായി അവർ ഹൈക്കോടതിയിൽ പോയി, എസ്ഡിഎം ഓഫീസിൽ വിവാഹത്തിന് അപേക്ഷ നൽകി. ഞങ്ങൾ ഇതിനെ ശക്തമായി എതിർക്കുന്നു. ബജ്‌റംഗ്ദളും വിഎച്ച്‌പിയും ലൗ ജിഹാദ് തടയാൻ ശ്രമിക്കുന്നു. ഞങ്ങൾ പെൺകുട്ടിയോട് സംസാരിച്ചിട്ടില്ല, പക്ഷേ ഞങ്ങൾ ഇത് അവളുടെ വീട്ടുകാരിൽ നിന്നാണ് മനസ്സിലാക്കിയത്. എല്ലാവരും അവരുടെ സഹോദരിമാരെയും പെൺമക്കളെയും ലൗ ജിഹാദിൽ നിന്ന് സംരക്ഷിക്കണം” യശ്പാൽ വീഡിയോയിൽ പറഞ്ഞു.
content summary; Uttarakhand reveals how the Uniform Civil Code is harmful