February 17, 2025 |

ഏകീകൃത സിവില്‍ കോഡ്; ഉത്തരാഖണ്ഡ് മാതൃക ആരൊക്കെ പിന്തുടരും?

2025 ജനുവരി മുതല്‍ യുസിസി നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ബുധനാഴ്ച പ്രഖ്യാപിച്ചത്

യൂണിഫോം സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാവുകയാണ് ഉത്തരാഖണ്ഡ്. 2025 ജനുവരി മുതല്‍ യുസിസി നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ബുധനാഴ്ച പ്രഖ്യാപിച്ചത്. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മതേതര സിവില്‍ കോഡ് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചിരുന്നു. ഈ ലക്ഷ്യത്തിനായി ‘പൂര്‍ണ്ണ ശക്തിയോടെ’ പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രി എടുത്തു പറഞ്ഞത്. ഇതിനു ചുവടു പിടിച്ചാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന വരുന്നത്.

ഡെറാഡൂണില്‍ നടന്ന ഉത്തരാഖണ്ഡ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ബോര്‍ഡിന്റെ (യുഐഐഡിബി) യോഗത്തില്‍, യുസിസി നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ‘ഗൃഹപാഠങ്ങളും’ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി ധാമി വ്യക്തമാക്കിയിരുന്നു. 2022ലെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സംസ്ഥാനത്ത്ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നതാണ്.

2022 മാര്‍ച്ചില്‍, ഉത്തരാഖണ്ഡില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ, സംസ്ഥാനത്ത് യുസിസി നടപ്പിലാക്കുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കാന്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമായി. ഇതേതുടര്‍ന്ന് വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി രൂപവത്കരിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ‘യൂണിഫോം സിവില്‍ കോഡ്, ഉത്തരാഖണ്ഡ്, 2024’ ബില്‍ 2024 ഫെബ്രുവരി 7-ന് സംസ്ഥാന നിയമസഭയില്‍ പാസാക്കി. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും 2024 മാര്‍ച്ച് 12-ന് വിജ്ഞാപനം ചെയ്യുകയും ചെയ്തു. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്നിവയുടെ അടിസ്ഥാന തത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, സമൂഹത്തിന് ഒരു പുതിയ ദിശ കൊണ്ടുവരുന്ന ഒരു പരിവര്‍ത്തന നിയമമായാണ് ധാമി യുസിസിയെ വിശേഷിപ്പിച്ചത്. ആത്മീയ പ്രാധാന്യമുള്ള ദേവഭൂമിയില്‍ (ഉത്തരാഖണ്ഡ്) നിയമം സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവാഹം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ രാജ്യത്ത് ഒരു ഏകീകൃത നിയമം കൊണ്ടുവരിക എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിലൂന്നിക്കൊണ്ട്, തുല്യതയും നീതിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പായാണ് സംസ്ഥാനത്ത് യുസിസി നടപ്പിലാക്കുന്നതിനെ മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്.

യുസിസിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന്, നിര്‍വ്വഹണോദ്യോഗസ്ഥര്‍ക്ക് മതിയായ പരിശീലനവും സൗകര്യങ്ങളും നല്‍കാന്‍ ധാമി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു പോര്‍ട്ടലും മൊബൈല്‍ ആപ്പും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ പൗരന്മാരെ യുസിസിയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷനും അപ്പീലുകളും പോലുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായിക്കും.

ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും യുസിസി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഉത്തരാഖണ്ഡില്‍ അതിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ മാതൃക ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും വൈകാതെ സ്വീകരിച്ചേക്കും. സമീപ വര്‍ഷങ്ങളിലായി ഏകീകൃത സിവില്‍ കോഡ് എന്ന ആശയം ശക്തി പ്രാപിച്ചിട്ടുണ്ട്. ഈ സുപ്രധാന ചുവടുവെപ്പിലൂടെ, എല്ലാവര്‍ക്കുമായി, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും പോലുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിന് തുല്യതയും നീതിയും ശാക്തീകരണവും ഉറപ്പാക്കുന്ന ഒരു ഏകീകൃത നിയമ ചട്ടക്കൂട് ഉണ്ടാക്കുന്നതിന് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളും തങ്ങളെ മാതൃകയാക്കുമെന്നാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പറയുന്നത്.  Uttarakhand to implement uniform civil code from january 2025

Content Summary; Uttarakhand to implement uniform civil code from january 2025

uniform civil code  uttarakhand 2025 january latest news UCC 

×