‘ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്’ ; വിഎസിനെ നെഞ്ചേറ്റിയവർക്ക് നന്ദി പറഞ്ഞ് മകൻ

വിഎസിന് താങ്ങായും തണലായും അരുൺകുമാറുണ്ടായിരുന്നു

തൊഴിലാളി വ‌ർ​ഗത്തിന്റെ നേതാവായും വർ​ഗസമരങ്ങളുടെ മുഖമായും വിഎസിനെ രേഖപ്പെടുത്തുമ്പോൾ മറക്കരുതാത്ത ഒരു ഐഡന്റിറ്റി കൂടിയുണ്ട് സഖാവ് വിഎസിന്. അതേ, വേലിക്കകത്ത് വീടിന്റെ സ്വന്തം വിഎസ്. വി എ അരുൺകുമാറിന്റെയും വി വി ആശയുടെയും പ്രിയപ്പെട്ട അച്ഛൻ. വസമുതി സിസ്റ്ററിന്റെ സ്വന്തം സഖാവ്. വിഎസിന്റെ അവസാന നാളുകളെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും വിട്ടുപോകരുതാത്ത പേരാണ് മകൻ വി എ അരുൺകുമാറിന്റേത്. ആശുപത്രി വാസക്കാലത്തും രോ​ഗാവസ്ഥയിലും വിഎസിന് താങ്ങായും തണലായും അരുൺകുമാറുണ്ടായിരുന്നു. കേരളത്തിന്റെ സമരനായകന്റെ തിരിച്ചു വരവിനായി പ്രതീക്ഷയോടെ കാത്തിരുന്ന ആ എണ്ണമറ്റ ജനക്കൂട്ടത്തിന് തങ്ങളുടെ പ്രിയനേതാവിനെക്കുറിച്ചുള്ള ചെറിയ വിവരങ്ങൾ വരെ കൃത്യമായി അറിയിക്കാൻ അയാൾ മറന്നില്ല. അച്ഛനെന്നതിൽ അപ്പുറത്ത് വിഎസിലെ നേതാവിനെ അടുത്തറിഞ്ഞ വ്യക്തിയായത് കൊണ്ടാവാം തന്റെ കർത്തവ്യം അയാൾ കൃത്യമായി പാലിച്ചത്.

പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസ് അന്തിമവിശ്രമം കൊള്ളാൻ തുടങ്ങിയിട്ട് ഒരു രാവ് പിന്നിടുമ്പോൾ തന്റെ അച്ഛനെ കുറിച്ച് വി എ അരുൺകുമാർ പങ്കുവച്ച കുറിപ്പ് ചർച്ചയാവുന്നു. അച്ഛനൊപ്പമില്ലാത്ത തന്റെ ജീവിതത്തിലെ ആദ്യ ദിനത്തിൽ അച്ഛനെ സ്നേഹിച്ചവരോടും നെഞ്ചിലേറ്റിയവരോടും ആശുപത്രിയിലെ ഡോക്ടർമാരോട്, സമാശ്വസിപ്പിച്ചവരോട്, എല്ലാമെല്ലാമായ പാർട്ടിയോടും നന്ദി അറിയിക്കുകയാണ് വി എ അരുൺകുമാർ.

വി. എ ആരുൺകുമാറിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം;

ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്. കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി. രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ താൽപ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടർമാരുടെ കർശന നിർദ്ദേശം നിലവിലുണ്ടായിരുന്നതിനാൽ അന്ത്യ നാളുകളിൽ ആരെയും കാണാൻ അനുവദിക്കാൻ കഴിഞ്ഞില്ല. പലർക്കും ഇക്കാര്യത്തിൽ വിഷമമുണ്ടായിട്ടുണ്ടാവും. ആശുപത്രിയിൽ വന്ന് സമാശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചുവോ എന്ന് സംശയമുണ്ട്. അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാൻ പോലും ഏറെ സമയമെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമേ ഓർത്തെടുക്കാനാവുന്നുള്ളു. അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും അന്ത്യാഭിവാദ്യം അർപ്പിക്കാൻ പോലും കഴിയാതെ നിരാശരായവരുണ്ട് എന്ന് മനസ്സിലാക്കുന്നു. എല്ലാവരോടും നന്ദിയുണ്ട്. ആശുപത്രിയിലെ ഡോക്ടർമാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാർട്ടിയോട്….

content summary: V. A. Arun Kumar, son of V. S. Achuthanandan, thanks all those who love and support his father

അഴിമുഖം ഡെസ്‌ക്:
Leave a Comment