‘രണ്ടാനമ്മയും രണ്ടാനച്ഛനുമുള്ള കുട്ടികളുടെ കണക്കെടുപ്പ് വിപരീത ഫലമുണ്ടാക്കാൻ സാധ്യത, വിഷയത്തിൽ പൊതുവായ പഠനം വേണം’

കുട്ടികളെ നന്നായി നോക്കുന്ന മാതാപിതാക്കൾക്ക് ഒരു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല

കേരളത്തില്‍ സ്വന്തം വീടുകൾക്കുള്ളിൽ നമ്മുടെ കുട്ടികൾ എത്രത്തോളം സുരക്ഷിതരാണെന്ന ചോദ്യമാണ് ആലപ്പുഴ ആതിക്കാട്ടുകുളങ്ങരയിൽ രണ്ടാനമ്മയിൽ നിന്നും പിതാവിൽ നിന്നും നാലാം ക്ലാസുകാരി പീഡനം നേരിട്ട സംഭവം ഉയർത്തുന്നത്. തെരുവുകളിലും പൊതുവിടങ്ങളിലും മാത്രമല്ല, ഓരോ വീടുകൾക്കുള്ളിലും അന്വേഷണം വെണമെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. ​​ആലപ്പുഴയിലുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ രണ്ടാനമ്മയും രണ്ടാനച്ഛനും വളർത്തുന്ന കുട്ടികളുടെ കണക്കെടുക്കാനൊരുങ്ങിയിരിക്കുകയാണ് പൊതു വിദ്യാഭ്യാസവകുപ്പ്. കുട്ടികൾക്ക് അവരുടെ പരാതികളറിയിക്കാനായി പ്രധാന അധ്യാപികയുടെ കീഴിൽ പരാതിപ്പെട്ടികൾ വെയ്ക്കാനും തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

രണ്ടാനമ്മയും രണ്ടാനച്ഛനും എന്ന വേർതിരിവ് നടത്തിക്കൊണ്ടുള്ള അന്വേഷണം വിപരീത ഫലമുണ്ടാക്കുമെന്നും വിഷയത്തിൽ പൊതുവായ പഠനം നടത്തുന്നുന്നതാണ് ഉചിതമെന്നും മുൻ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. നസീർ ചാലിയം അഴിമുഖത്തോട് പ്രതികരിച്ചു.

‘രണ്ടാനമ്മയും രണ്ടാനച്ഛനും ഉള്ള കുട്ടികളുടെ കണക്ക് എടുക്കുന്നു എന്ന് പറയുമ്പോൾ അതിൽ രണ്ട് വശങ്ങളുണ്ടെന്ന കാര്യമാണ് ആദ്യം മനസിലാക്കേണ്ടത്. ഒന്ന് കുട്ടികളുടെ സംരക്ഷണത്തിനായി കൂടുതൽ സംവിധാനങ്ങൾ വരുന്നുവെന്ന് പറയുന്നത് ആശംസയർഹിക്കുന്ന കാര്യം തന്നെയാണ്. പ്രത്യേകിച്ച് ആലപ്പുഴയിലെ നാലാം ക്ലാസുകാരി നേരിട്ട ദുരനഭുവങ്ങൾ മറ്റൊരു കുട്ടിക്കും ഇനിയുണ്ടാകാൻ പാടില്ല. എന്നാൽ, ഇത്തരത്തിലൊരു കണക്കെടുപ്പ് സംഭവിക്കുമ്പോൾ ഒരു വിഭാ​ഗത്തെ പ്രത്യേകമായി സംശയിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങാൻ സാധ്യതയുണ്ട്.

ഇവരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിവരശേഖരണം ശരിയായ രീതിയല്ലായെന്നാണ് എനിക്ക് തോന്നുന്നത്. സ്വന്തം മാതാപിതാക്കളിൽ നിന്നും കുട്ടികൾ മാനസികമായും ശാരീരികമായും പീഡനങ്ങൾ നേരിടുന്നില്ലേ? അവയും പരിശോധിക്കപ്പെടേണ്ടതാണ്. മുൻപ് കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകൾ സമൂഹത്തിലെ വൾണറബിൾ ​ഗ്രൂപ്പിന് വേണ്ടി ഒരു മാപ്പ് തയ്യാറാക്കിയിരുന്നു. കുട്ടികൾക്കെതിരായുള്ള എല്ലാ പ്രശ്നങ്ങളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള സംവിധാനമാണ് വേണ്ടത്. അല്ലാതെ രണ്ടാനമ്മയും രണ്ടാനച്ഛനും വളർത്തുന്ന കുട്ടികളുടെ കണക്കെടുക്കുകയാണെങ്കിൽ അത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം പോലെയാകും. അവരെ സമൂഹം ഒറ്റപ്പെടുത്തുന്നുവെന്ന ചിന്ത പോലും ഉണ്ടാകാൻ സാധ്യതയുണ്ട്.

മാതാപിതാക്കൾക്ക് മാത്രമല്ല, രണ്ടാനമ്മയോ രണ്ടാനച്ഛനോ നോക്കുന്ന കുട്ടികൾക്കും ഈ നടപടി ഒരു ബുദ്ധിമുട്ടായി മാറാൻ സാധ്യതയുണ്ട്. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളാണ് പുറംലോകറിയുന്നത്. കുട്ടികളെ സ്വന്തം മക്കളെ പോലെ നോക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. അങ്ങനെ വളരുന്ന കുട്ടികൾക്ക് ഇങ്ങനെയൊരു കണക്കെടുപ്പ് വരുന്നതിൽ പ്രശ്നമുണ്ടായേക്കാം.

ആലപ്പുഴയിലേത് പോലുള്ള സംഭവങ്ങളുണ്ടാകുന്നതിന് വേറെയും കാരണങ്ങളുണ്ട്. കുടുംബത്തിന്റെ സാമൂഹിക പശ്ചാത്തലവും ഇതിന് ഒരു പ്രധാനകാരണമാണ്. വിദ്യാഭ്യാസപരമായി പിന്നോട്ട് നിൽക്കുന്നതും ഒരു പ്രശ്നമാണ്. ലഹരിയുടെയും മറ്റും ഉപയോ​ഗമാണ് മറ്റൊരു പ്രശ്നമായി ചൂണ്ടിക്കാണിക്കാനുള്ളത്. അങ്ങനെയുള്ളവർക്ക് ബോധവൽക്കരണം നൽകികയാണ് വേണ്ടത്. അല്ലാതെ രണ്ടാനച്ഛനും രണ്ടാനമ്മയും മാത്രമല്ല ഇതിൽ വില്ലന്മാർ.

ഈ വിഷയത്തിൽ പൊതുവെ ഒരു പഠനം നടത്തുന്നത് വളരെ ഉചിതമായ ഒരു തീരുമാനമായിരിക്കും. അതാണ് ശരിയായ മാർ​ഗവും. കുടുംബശ്രീ, റെസിഡൻസ് അസോസിയേഷൻ, ജാ​ഗ്രതാ സമിതികൾ തുടങ്ങി താഴേ തട്ടിൽ നിന്നുമാണ് ഇതിനുവേണ്ടിയിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതും’, അഡ്വ. നസീർ ചാലിയം അഴിമുഖത്തോട് പ്രതികരിച്ചു.

രണ്ടാനച്ഛന്മാരെയും അമ്മമാരെയും മാത്രം കേന്ദീകരിച്ചുള്ള പരിശോധന കുട്ടികൾക്കിയിലും ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നും കുട്ടികളുടെ മനസിൽ ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ കാരണമാകുമെന്നും സൈക്കോളജിസ്റ്റ് അഞ്ജു മിനേഷ് അഴിമുഖത്തോട് പറഞ്ഞു.

‘ഇങ്ങനെയൊരു ഉത്തരവ് നടപ്പിലാക്കുകയാണെങ്കിൽ അത് കുട്ടികളുടെയുള്ളിൽ നെ​ഗറ്റീവ് ആയുള്ള മനോഭാവമായിരിക്കും ഉണ്ടാക്കുക. ഒറ്റപ്പെട്ട സംഭവങ്ങൾ ഉദാഹരണങ്ങളല്ലായെന്ന് പറയുന്നത് പോലെയാണ് ഇവിടെയും മനസിലാക്കേണ്ടത്. കുറച്ചുപേർ മോശമായി കുട്ടികളോട് പെരുമാറിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ നന്നായി നോക്കുന്ന മാതാപിതാക്കൾക്ക് ഒരു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല. രണ്ടാനച്ഛനും രണ്ടാനമ്മയുമെല്ലാം വളർത്തുന്ന കുട്ടികളുടെ മനസിൽ സ്വാഭാവികമായും ഒരു അരക്ഷിതാവസ്ഥ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. പല കുട്ടികൾക്കും രണ്ടാനമ്മയാണ് തന്നെ നോക്കുന്നതെന്ന് പുറത്ത് പറയാൻ തന്നെ ബുദ്ധിമുട്ടാണ്. സമൂഹം തങ്ങളെ മാറ്റിനിർത്തുമോ എന്ന ഭയം അവർക്കുള്ളിലുണ്ടാകും. അത് കൂട്ടാൻ മാത്രമാണ് ഇങ്ങനെയൊരു കണക്കെടുപ്പ് വഴിവെക്കുക എന്നാണ് ഞാൻ മനസിലാക്കുന്നത്.

എല്ലാ സ്കൂളുകളിലും ഇപ്പോൾ കൗൺസിലർമാരുണ്ട്. എല്ലാ വീടുകളിലും കുട്ടികൾ സുരക്ഷിതരോണോയെന്ന അന്വേഷണമാണ് ഇവിടെ വേണ്ടത്. വേർതിരിച്ച് പറയുന്നത് കുട്ടികളിൽ മാനസികസംഘർഷത്തിനാകും കാരണമാവുക’, അഞ്ജു മിനേഷ് അഴിമുഖത്തോട് പറഞ്ഞു.

കേരളത്തിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ​ഗൗരവമായി കണ്ട് വേണ്ട നടപടികൾ സ്വീകരിക്കാൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ജില്ലാ അടിസ്ഥാനത്തിൽ സ്കൂളുകളിലെ കൗൺസിലർമാരുടെ യോ​ഗം വിളിച്ചുചേർക്കാനും കുട്ടികളുടെ പ്രശ്നങ്ങൾ കൂടുതൽ മനസിലാക്കാനും തീരുമാനിച്ചതായി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Content Summary: v. Sivankutty against attack against students; A general study should be conducted on the issue 

This post was last modified on August 10, 2025 5:58 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment