July 12, 2025 |

‘ഭാരതാംബയും ഭരണഘടനയും ഒന്നല്ല, ആര്‍എസ്എസിന് പൂജ നടത്താനുള്ളതല്ല രാജ്ഭവന്‍’

ഭരണഘടന അം​ഗീകരിക്കാത്ത ഒന്നും ഔദ്യോ​ഗിക ചടങ്ങുകളിൽ പ്രദർശിപ്പിക്കരുത്

ഭാരതാംബ വിഷയത്തിൽ സർക്കാരുമായി വീണ്ടും ഇടഞ്ഞിരിക്കുകയാണ് കേരള ​ഗവർണർ രാജേന്ദ്ര അർലേക്കർ. ​ഗവർണറുടെ പ്രവൃത്തി ജനാധിപത്യവിരുദ്ധമാണെന്നും രാജ്ഭവൻ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തല്ലെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അഴിമുഖത്തോട് പ്രതികരിച്ചു. ഭാരതാംബയെ പൂജിക്കണമെങ്കിൽ ആർഎസ്എസിന്റെ ശാഖകളിൽ വെച്ചാകാമെന്നും രാജ്ഭവനിൽ അത് നടക്കില്ലെന്നും അഴിമുഖത്തോട് സംസാരിച്ചപ്പോൾ മന്ത്രി പറഞ്ഞു. രാജ്ഭവനിൽ സംഘടിപ്പിച്ച സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സർട്ടിഫിക്കേറ്റ് വിതരണ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്ന് പരിപാടിയിൽ നിന്ന് മന്ത്രി ഇറങ്ങിപ്പോവുകയായിരുന്നു.

‘ഇന്ത്യൻ ഭരണഘടനയുടെ 163 പ്രകാരം സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളെ അനുസരിക്കുകയാണ് ഒരു ​ഗവർണർ ചെയ്യുന്നത്. മാത്രമല്ല, ഇന്ത്യയുടെ ദേശീയതയും മതനിരപേക്ഷതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആർട്ടിൾ 51 എ(ഇ) യിൽ പറയുന്നു. എന്നാൽ ​ഗവർണർ എന്താണ് ഇവിടെ ചെയ്യുന്നത്. രാജ്ഭവനെ ആർഎസ്എസിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ​ഗവർണർ. സർക്കാർ പരിപാടിയിൽ കാവി കൊടിയും ഒരു വനിതയുടെ ചിത്രവും വെച്ച് പൂജ നടത്തുക എന്ന് പറഞ്ഞാൽ അത് അം​ഗീകരിക്കാൻ കഴിയുന്നതല്ല. അതൊന്നും ​ഗവർണറുടെ അധികാരത്തിൽ പെടുന്ന കാര്യവുമല്ല. രാജ്ഭവൻ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തല്ല. ജനങ്ങൾ ഒരിക്കലും ഇത് അം​ഗീകരിക്കില്ല. ​ഗവർണറുടെ പ്രവൃത്തി തീർത്തും ജനാധിപത്യ വിരുദ്ധമാണ്. തിരുവനന്തപുരത്ത് ആർഎസ്എസിന്റെ ശാഖകളുണ്ടല്ലോ, അവിടെ കൊണ്ട് വെച്ച് ഭാരതാംബയെ പൂജിക്കൂ, രാജ്ഭവനിൽ അത് നടക്കില്ല,’ വി.ശിവൻകുട്ടി അഴിമുഖത്തോട് പറഞ്ഞു.

ഭരണഘടന അം​ഗീകരിക്കാത്ത ഒന്നും ഔദ്യോ​ഗിക ചടങ്ങുകളിൽ നടത്തരുതെന്ന് ഭരണഘടന വിദ​ഗ്ധനും ലോക്സഭ മുൻ സെക്രട്ടറി ജനറലുമായ പി.ഡി.ടി ആചാരി അഴിമുഖത്തോട് പ്രതികരിച്ചു.

‘​ഗവർണർ എന്ന് പറയുന്നത് ഒരു ഭരണഘടന പദവിയാണ്. അതുകൊണ്ട് തന്നെ ​ഗവർണർ പൊതുസ്ഥലങ്ങളിൽ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ഔദ്യോ​ഗികമാണ്. ഔദ്യോ​ഗികമായ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഭരണഘടനയും നിയമവുമെല്ലാം അനുവദിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാകണം ചെയ്യേണ്ടത്.

തന്റെ പൂജാമുറിയിലോ വീട്ടിലോ ​ഗസ്റ്റ് ഹൗസിലോ ഏത് ദൈവത്തിന്റെ ചിത്രം വെച്ചാലും ആർക്കും പ്രശ്നമില്ല. അദ്ദേഹത്തിന് ഭാരതാംബയുടേയും ഭാരതപിതാവിന്റെയുമെല്ലാം ചിത്രങ്ങൾ സ്വകാര്യ അവസരങ്ങളിൽ പൂജിക്കാം. അതിനിവിടെ ആർക്കും എതിർത്ത് പറയാനാകില്ല. അതേസമയം, ഔദ്യോ​ഗിക മീറ്റുങ്ങുകൾ നടക്കുന്ന ഇടങ്ങളിൽ ഭാരതാംബയുടെ ചിത്രം വെച്ച് വിളക്ക് കത്തിക്കുകയും അവിടെയെത്തുന്നവർ എല്ലാം അതിന് മുന്നിൽ വന്ന് വണങ്ങണം എന്ന് പറയുകയും ചെയ്യുന്നത് ശരിയായ കാര്യമല്ല.

ഗാന്ധിജിയുടേയോ നെഹ്റുവിൻ്റേയോ മോദിയുടേയോ ദ്രൗപതി മുർമുവിന്റോയോ ചിത്രം രാജ്ഭവനിൽ വെക്കുന്നതിൽ പ്രശ്നമില്ല. ഇവരെല്ലാം ഭരണഘടനാപദവിയിലുള്ളവരാണ്. ഭരണഘടനാപരമായിട്ട് ​ഗാന്ധിജിക്ക് ഒരു പദവി പറയുന്നില്ലെങ്കിലും ​ഗാന്ധി രാഷ്ട്രപിതാവാണ്. അദ്ദേഹത്തിനെ രാഷ്ട്രപിതാവായി രാജ്യം അം​ഗീകരിച്ചതാണ്. എന്നാൽ ഇവിടെ ഭാരതമാതാവിന്റെ ചിത്രം വെച്ച് പൂജിച്ചത് ഇതിന്റെയൊന്നും അടിസ്ഥാനത്തിലായിരുന്നില്ലല്ലോ? ഭാരതാംബ എന്നൊരു സങ്കൽപ്പം തന്നെ യാഥാർത്ഥ്യമല്ല. 18ാം നൂറ്റാണ്ടിൽ ബം​ഗാളിലെ സാഹിത്യകാരന്മാർ ഉണ്ടാക്കിയ ഒരു സങ്കൽപ്പം മാത്രമാണത്. ദേശീയ ​ഗാനത്തിനെ രാജ്യത്തിന്റെ ഭരണഘടന അം​ഗീകരിച്ചതാണ്. എന്നാൽ ആർഎസ്എസ് പുകഴ്ത്തുന്ന ഭാരതാംബയെ ഭരണഘടന അം​ഗീകരിച്ചിട്ടുള്ളതല്ല. ബിജെപി, ആർഎസ്എസ് സമ്മേളനങ്ങളിൽ മാത്രമാണ് ഞാൻ ഈ ചിത്രം കണ്ടിട്ടുള്ളത്. അം​ഗീകരിച്ചിട്ടില്ലാത്ത കാര്യം ഔദ്യോ​ഗിക പരിപാടികളിൽ ​ഗവർണർക്ക് സ്ഥാപിക്കാൻ കഴിയില്ല. സംസ്ഥാന സർക്കാരിന് ​ഗവർണറോട് വ്യക്തമാക്കാൻ കഴിയുന്ന ഒരു കാര്യമാണിത്.

കേരളമുണ്ടാക്കിയത് പരശുരാമൻ ആണെന്നാണല്ലോ ഐതിഹ്യം. നാളെയൊരിക്കൽ കേരളത്തിന്റെ ഐതിഹ്യങ്ങളോട് താൽപര്യമുള്ള ഒരു ​ഗവർണർ വന്ന് പരശുരാമന്റെ ചിത്രം വെച്ച് പൂജിച്ചാൽ എന്തായിരിക്കും അവസ്ഥ? ആരും അത്തരത്തിൽ പ്രവർത്തിക്കാറില്ല. എന്തുകൊണ്ടാണ് കേരള ​ഗവർണർ ഇങ്ങനെ ചെയ്യുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല’, പി.ഡി.ടി ആചാരി അഴിമുഖത്തോട് പറഞ്ഞു.

നേരത്തെ പരിസ്ഥിതി ദിനത്തിൽ രാജ് ഭവൻ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് വിവാദമായിരുന്നു. ഇതേ തുടർന്ന് കൃഷി മന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു.

Content Summary: bharatamba picture in rajbhavan; pdt Achary criticize Kerala governor

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×