April 28, 2025 |
Share on

വാളയാര്‍ കേസ്: പെണ്‍മക്കളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തത് അമ്മ; മാതാപിതാക്കള്‍ക്കെതിരെ സിബിഐ

മൂത്ത മകള്‍ മരിച്ചിട്ടും ഇളയ മകളെ പ്രതിയുടെ അടുത്തേക്ക് മാതാപിതാക്കള്‍ പറഞ്ഞയച്ചിരുന്നു

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സിബിഐ കുറ്റപത്രം. പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നില്‍ വച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഇളയ കുട്ടിയെ ഒന്നാം പ്രതിക്ക് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.valayar case; cbi charge sheet parents favour to sexually abuse girls

മൂത്തമകളെ ഒന്നാം പ്രതി പീഡിപ്പിച്ചുവെന്ന് അറിഞ്ഞിട്ടും ഇളയ മകളെയും ഇതേ പ്രതിയുമായി ലൈംഗിക ബന്ധത്തിന് ഏര്‍പ്പെടുന്നതിന് അമ്മ കൂട്ടുനിന്നു. മൂത്തമകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ ഒന്നാം പ്രതിയാണെന്ന് അമ്മയ്ക്കറിയാമെന്നും ബലാത്സംഗത്തിന് കുഞ്ഞുങ്ങളെ ഇട്ടുകൊടുക്കുകയായിരുന്നുവെന്നുമാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.

ഒന്നാം പ്രതി മദ്യവുമായി വീട്ടില്‍ വരുന്നത് അമ്മ പ്രോത്സാഹിപ്പിച്ചു. അവധി ദിവസങ്ങളില്‍ ഒന്നാം പ്രതിയെ മാതാപിതാക്കള്‍ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കുകയും മൂത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കുകയും ചെയ്തു. കുറ്റപത്രത്തില്‍ പറയുന്നത് പ്രകാരം, 2016 ഏപ്രിലില്‍ മൂത്ത മകളെ ഒന്നാം പ്രതി ചൂഷണം ചെയ്യുന്നതിന് അമ്മ സാക്ഷിയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം അച്ഛനും ഇതേ കാഴ്ച കണ്ടു. എന്നിട്ടും ഇക്കാര്യം മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചില്ലെന്നും പ്രതിയുമായി വീണ്ടും അടുത്ത സൗഹൃദം പുലര്‍ത്തുകയും ചെയ്തു. മൂത്ത മകള്‍ മരിച്ചിട്ടും ഇളയ മകളെ പ്രതിയുടെ അടുത്തേക്ക് മാതാപിതാക്കള്‍ പറഞ്ഞയച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ വര്‍ഷങ്ങളായി അനുഭവിച്ച ലൈംഗിക ചൂഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സിബിഐയുടെ കുറ്റപത്രത്തില്‍ ഒന്നാംപ്രതി വി മധുവും അമ്മ രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്.

2017 ജനുവരി 13ന് ആണ് വാളയാറില്‍ മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മാര്‍ച്ച് നാലിന് ഇളയ പെണ്‍കുട്ടിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പതിമൂന്നും ഒമ്പതും വയസായിരുന്നു കുട്ടികള്‍ക്ക്.

വിചാരണക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടതിനെ തുടര്‍ന്നാണ് കേസ് സിബിഐയിലേക്കെത്തുന്നത്. മക്കള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ അമ്മ വലിയ പ്രതിഷേധമാണ് നടത്തിയത്. നീതി വൈകുന്നതില്‍ പ്രതിഷേധിച്ച് 2021 ഫെബ്രുവരി മുതല്‍ ഇവര്‍ തല മുണ്ഡനം ചെയ്താണ് സമരത്തില്‍ മുന്‍പന്തിയില്‍ നിന്നത്.valayar case; cbi charge sheet parents favour to sexually abuse girls

Content Summary: valayar case; cbi charge sheet parents favour to sexually abuse girls

Leave a Reply

Your email address will not be published. Required fields are marked *

×