ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിനോട് ചേര്‍ന്ന്, വേമ്പനാട്ട് കായലിന്റെ ശാന്തമായ ജലപ്പരപ്പിനരികിലായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു പച്ചത്തുരുത്തുണ്ട്. അതാണ് കാക്കത്തുരുത്ത്…
ആദ്യമായാണ് ഈ തുരുത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. വള്ളത്തില്‍ ഇരിക്കുമ്പോള്‍, അങ്ങകലെ ചാറ്റല്‍ മഴ പുഴയിലേക്ക് ഇറ്റ് വീഴുന്നത് കാണാമായിരുന്നു. ആ മഴയിങ്ങ് എത്തുമോ എന്ന ആധി വള്ളത്തിലുണ്ടായിരുന്ന പ്രായമായ യാത്രക്കാരി ആരോടെന്നില്ലാതെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു… ആ ഗ്രാമത്തിന്റെ നിഷ്‌കളങ്കത പോലെ.
ഇക്കരെ നിന്നാല്‍ അക്കരെ കാണാം. അത്രമേല്‍ അടുത്തായുള്ള ചെറിയൊരു ദ്വീപാണ് കാക്കത്തുരുത്ത്. സര്‍ക്കാര്‍ വക കടത്തുവള്ളമാണ് ഇവിടേക്കുള്ള ഏക ആശ്രയം. ഈ പുഴ കടന്നുചെന്നാല്‍ പഞ്ചസാര മണല്‍ വിരിച്ച നേര്‍ത്ത നടവഴികള്‍. ചുറ്റും കണ്ണിന് കുളിരേകുന്ന പച്ചപ്പ്. എങ്ങും ശാന്തതയുടെ നേര്‍ത്തൊരു മൂളനക്കം മാത്രം.

അരൂര്‍-തുറവൂര്‍ ദേശീയപാതയുടെ തിരക്കുകളില്‍ നിന്നും വെറും ഒരു കിലോമീറ്റര്‍ മാത്രം അകലെയാണെങ്കിലും, വികസനത്തിന്റെ അലകള്‍ ഇനിയും എത്തിച്ചേരാത്ത, പ്രകൃതിയുടെ തനിമ ഒട്ടും ചോരാത്തൊരു ഗ്രാമം…

2016 ല്‍, എഴുപുന്ന പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ, കാക്കത്തുരുത്തിന്റെ ഈ പ്രകൃതി സൗന്ദര്യം ലോകശ്രദ്ധ നേടി. നാഷണല്‍ ജ്യോഗ്രഫിക് മാസിക ‘എറൗണ്ട് ദി വേള്‍ഡ് ഇന്‍ 24 ഹവേഴ്‌സ്’ എന്ന യാത്രാ ഫീച്ചറില്‍, ഒരു ദിവസം ലോകം ചുറ്റിയാല്‍ കണ്ടിരിക്കേണ്ട 24 സ്ഥലങ്ങളില്‍ ഒന്നായി ഈ കൊച്ചുഗ്രാമത്തെ അടയാളപ്പെടുത്തി. നിശബ്ദതയും നാട്ടുനന്മയും ഇടകലര്‍ന്ന കാക്കത്തുരുത്ത് അങ്ങനെ ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടി.
”സഞ്ചാരസ്വാതന്ത്ര്യം ഇല്ലാത്തവരാണ് ഞങ്ങള്‍. കഴിഞ്ഞ മൂന്ന് തലമുറകളായി ഇവിടെ തന്നെയാണ് താമസം. ഒരു ആശുപത്രി കേസ് വന്നാല്‍ പോലും ഈ കടത്ത് കടന്ന് അക്കരെ എത്താതെ രക്ഷയില്ല” പ്രദേശവാസിയായ വിനോദ് അഴിമുഖത്തോട് പ്രതികരിച്ചു.
ഇന്ന് ഏകദേശം 312-ഓളം വീടുകളിലായി ആയിരത്തിലധികം ആളുകള്‍ ഈ തുരുത്തില്‍ താമസിക്കുന്നു. 30 ശതമാനം ആളുകള്‍ മാത്രമാണ് ഇവിടെ കാലങ്ങളായി താമസിക്കുന്നവരായി ഉള്ളൂ. ബാക്കി ഭൂരിഭാഗവും ഭൂപരിഷ്‌കരണ നിയമത്തിന്റെ ഭാഗമായി മിച്ചഭൂമി ലഭിച്ച് തുരുത്തില്‍ ജീവിതം തുടങ്ങിയവരാണ്. മത്സ്യബന്ധനവും പീലിങ് ഷെഡുകളിലെ (ചെമ്മീന്‍ കിള്ളല്‍) ജോലിയുമാണ് ഇവിടുത്തുകാരുടെ പ്രധാന ഉപജീവനമാര്‍ഗം.
”വീട്ടാവശ്യങ്ങള്‍ക്കോ, അടിയന്തിരമായി ആശുപത്രിയില്‍ പോകാനോ പോലും കടത്ത് കടന്ന് അക്കരെ എത്താതെ രക്ഷയില്ല. ഞങ്ങളെ ഏറ്റവും അധികം അലട്ടുന്നത് സഞ്ചാരസ്വാതന്ത്ര്യം ഇല്ലാത്തത് തന്നെയാണ്” വിനോദ് ചെറുചിരിയോടെ ഇത് പറയുമ്പോഴും ആ വാക്കുകളില്‍ വെള്ളത്തിന് നടുവിലെ ജീവിതത്തിന്റെ മുഴുവന്‍ നിസ്സഹായതയും നിഴലിച്ചിരുന്നു.
ചുറ്റിനും പച്ചപ്പ് വിരിച്ച് നില്‍ക്കുന്ന കാക്കത്തുരുത്തിന്റെ ഇടവഴികളില്‍ മനുഷ്യസഞ്ചാരവും നന്നേ കുറവായിരുന്നു. അങ്ങ് ദൂരെ ഒരു പറമ്പിനോട് ചേര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികളായ കുറേ സ്ത്രീകളും പുരുഷന്മാരും പണിയെടുക്കുന്നുണ്ട്. അതൊഴിച്ചാല്‍ എങ്ങും ശാന്തത. കിളികളുടെ ശബ്ദങ്ങള്‍ ഇടയ്ക്കിടെ സംഗീതം പോലെ കായല്‍ കാറ്റിനോടൊപ്പം ചെവികളെ തലോടി കടന്നുപോയി.
”കോഴിക്കുഞ്ഞുങ്ങളെ സൂക്ഷിക്കുന്നതുപോലെയാണ് ഞങ്ങള്‍ കുഞ്ഞുങ്ങളെ അക്കരയ്ക്കും ഇക്കരയ്ക്കും എത്തിക്കുന്നത്. എല്‍.കെ.ജി. മുതല്‍ ഈ കാണുന്ന ചെറിയ വള്ളങ്ങളില്‍ കയറിയാണ് കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നത്” ഇത് പറയുമ്പോള്‍ ഒരു പിതാവിന്റെ ആധി വിനോദിന്റെ കണ്ണുകളിലും പരന്നു.
സമയം അപ്പോള്‍ വൈകിട്ട് മൂന്നര… എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാമെന്ന മട്ടില്‍ ആകാശം കാര്‍മേഘങ്ങളാല്‍ മൂടുപടം തീര്‍ത്തിരുന്നു. അപ്പോഴാണ് അക്കരെ നിന്ന് വരുന്ന വള്ളത്തില്‍ സ്‌കൂള്‍ യൂണിഫോം അണിഞ്ഞ രണ്ട് കുട്ടികള്‍ അമ്മയോടൊപ്പം വരുന്നത് ശ്രദ്ധയില്‍പെട്ടത്. വിനോദ് പറഞ്ഞതുപോലെ, യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് ആ വള്ളം കരയിലേക്ക് അടുക്കുന്നത്. കുട്ടികളുടെ കൈകളില്‍ ഓരോ ലെയ്സ് പാക്കറ്റുകളുണ്ട്. അവര്‍ ചിരിച്ചും വര്‍ത്തമാനം പറഞ്ഞും ഇടയ്ക്കിടെ ആ പായ്ക്കറ്റില്‍ നിന്ന് ഓരോന്നും എടുത്ത് വായിലേക്ക് വയ്ക്കുകയാണ്. അപകടത്തിന്റെ നൂല്‍പ്പാലത്തിലൂടെയുള്ള ആ യാത്ര, അവര്‍ക്ക് അങ്ങനെ ശീലമായി.
ഈ ദ്വീപുവാസികളുടെ യാത്രാ ദുരിതങ്ങള്‍ക്കെല്ലാമുള്ള പരിഹാരമായി, 20 വര്‍ഷം മുമ്പാണ് ഇവിടെ കാര്‍ട്ടബിള്‍ പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്ത പദ്ധതി, പൈലിങ് തുടങ്ങി പാതിവഴിയില്‍ നിലച്ചു. സമീപവാസിയുടെ പരാതിയായിരുന്നു കാരണം. 2005-ല്‍ നിര്‍മാണം ആരംഭിച്ച ആ പാലം, രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ദ്വീപുവാസികളുടെ സ്വപ്നമായി അവശേഷിക്കുന്നു.
”തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ പല വാഗ്ദാനങ്ങളും ഞങ്ങള്‍ക്ക് നേരെ ഉയര്‍ന്ന് വരാറുണ്ട്. മാറിമാറി എല്ലാ സര്‍ക്കാരുകളും പാലം ഉടനെ വരുമെന്ന് പറയും. പാലം വേണമെന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം” ദ്വീപ് നിവാസിയായ തങ്കമ്മ അഴിമുഖത്തോട് പറയുന്നു.
എഴുപുന്ന പഞ്ചായത്ത് വകയുള്ള സൗജന്യ കടത്തുവള്ളമാണ് ഈ തുരുത്തിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ജീവനാഡി. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന കടത്ത് രാത്രി ഒമ്പതരയ്ക്ക് അവസാനിക്കും. ഈ സമയപരിധിക്കുള്ളില്‍ ഒതുങ്ങുന്നതാണ് ഇവരുടെ ജീവിതവും.
ഈ ചെറുദ്വീപില്‍ സര്‍ക്കാര്‍ വകയായി രണ്ട് സ്ഥാപനങ്ങളാണ് ഉള്ളത്. ഒരു ആയുര്‍വേദ ഡിസ്പെന്‍സറിയും അങ്കണവാടിയും. 45 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയവയാണ് ഇവ. പിഎസ് ശ്രീനിവാസന്‍, ഗൗരിയമ്മയ്ക്ക് എതിരെ മത്സരിച്ച് ജയിച്ചപ്പോള്‍ അദ്ദേഹം കൊണ്ടുവന്നതാണീ ആയുര്‍വേദ ഡിസ്പെന്‍സറി. അതിന് ശേഷമാണ് അങ്കണവാടി പ്രവര്‍ത്തനം ആരംഭിച്ചത്.
”ജലഗതാഗത മാര്‍ഗം സുലഭമായിരുന്ന കാലത്ത് പണിത വീടാണ് എന്റേത്. നിലവില്‍ ഇവിടെ ഒരു വീട് വെക്കുക ആലോചിക്കാന്‍ പോലും പറ്റുന്ന കാര്യമല്ല. ഇപ്പോ വീട് പണിയുന്നതിനേക്കാള്‍ കൂടുതല്‍ കാശാകും സാധനസാമഗ്രികള്‍ ഇറക്കുന്നതിന്. ചെറിയ ചെറിയ സ്വപ്നങ്ങളോടെ അന്നന്നേക്കുള്ള ജീവിതമാണ് ഞങ്ങളില്‍ പലരുടെയും” വിനോദ് ഒരു നെടുവീര്‍പ്പോടെ പറഞ്ഞു.

പുഴയുടെ ഒഴുക്കിനനുസരിച്ച് വയലറ്റ് പൂക്കള്‍ വിരിച്ച പോളപ്പായലുകള്‍ ഒഴുകി നീങ്ങുന്നുണ്ടായിരുന്നു. എന്നാല്‍, ഈ സൗന്ദര്യത്തിനുമുണ്ട് ഒരു മറുവശം. വേലിയേറ്റ സമയത്ത് കായല്‍ നിറയെ പോളപ്പായലുകള്‍ നിറയുന്നതോടെ വള്ളം അനങ്ങില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന പരാതി.
”പുഴയില്‍ പോളപ്പായല്‍ നിറഞ്ഞാല്‍ പിന്നെ ആര്‍ക്കും ദ്വീപില്‍ നിന്ന് പുറത്തേക്ക് പോകാന്‍ കഴിയില്ല. ഹര്‍ത്താലിന്റെ പ്രതീതിയായിരിക്കും. വേലിയിറക്കത്തില്‍ ഈ പോളപ്പായലുകള്‍ തനിയെ ഒഴുകി മാറിയാല്‍ മാത്രമേ, ഞങ്ങളുടെ ജീവിതവും സാധാരണ നിലയിലാകൂ. ഇതുപോലെ തന്നെയാണ് പെട്ടെന്നുള്ള കാറ്റും മഴയും. പുഴയുടെ ഒത്തനടുവില്‍ വെച്ചൊക്കെ മഴ പെയ്യുമ്പോള്‍ നെഞ്ചില്‍ ഒരാന്തലാണ്” പ്രദേശവാസിയായ സരോജിനി പറയുന്നു.
കാക്കത്തുരുത്ത് ദ്വീപ് ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയിട്ട് ഒരു പതിറ്റാണ്ടിലേക്ക് അടുക്കുമ്പോഴും, ഈ ഗ്രാമത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പഞ്ചായത്തിനോ സംസ്ഥാന ടൂറിസം വകുപ്പിനോ കഴിഞ്ഞിട്ടില്ല. ദ്വീപിലെത്തുന്ന സഞ്ചാരികള്‍ക്കായി കുടിക്കാന്‍ വെള്ളമോ, ഭക്ഷണമോ, പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള ടോയ്‌ലറ്റ് സൗകര്യമോ ഒരുക്കാന്‍ പോലും സംസ്ഥാനത്തെ ‘എ ഗ്രേഡ്’ പഞ്ചായത്തായ എഴുപുന്നയ്ക്ക് കഴിഞ്ഞിട്ടില്ല.
കാക്കത്തുരുത്തിലെത്തിയപ്പോള്‍ പ്രതീക്ഷിച്ചത്, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമോ, ഒരു ചായക്കട എങ്കിലും കാണുമെന്നായിരുന്നു. ഗ്രാമത്തിന്റെ ഇടവഴികളിലൂടെയെല്ലാം നടന്നു. ശീമക്കൊന്നയുടെ കമ്പുകള്‍ പാകി ഷീറ്റ് കൊണ്ട് മറച്ച വീടുകളെല്ലാം അടഞ്ഞ നിലയിലായിരുന്നു. ഒന്ന് തിരക്കാന്‍ പോലും ആരേയും പുറത്ത് കാണുന്നില്ല. അങ്ങനെ മുന്നോട്ട് നടക്കുമ്പോഴാണ്, പഞ്ചായത്തിലേക്ക് പോകാനായി വസുമതിയമ്മ വരുന്നത്.
”കാക്കത്തുരുത്തിന്റെ ടൂറിസം വികസനമൊക്കെ അന്ന് പറഞ്ഞ് പോയതില്‍പ്പിന്നെ ഇവിടെ കാണുന്നതൊക്കെയേയുള്ളൂ. അടിസ്ഥാനപരമായ വികസനങ്ങളൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല” വസുമതിയമ്മ കൂട്ടിച്ചേര്‍ത്തു.
മൂന്ന് എ ഗ്രേഡ് സിനിമാ തിയേറ്ററുകളും, മൂന്നോളം ബാറുകളും, നിരവധി വ്യവസായ ശാലകളും ഉള്‍പ്പെടെ എഴുപുന്ന പഞ്ചായത്തില്‍ ഉണ്ട്. എന്നിട്ടും ലോക ടൂറിസം പട്ടികയില്‍ ഇടം നേടിയ കാക്കത്തുരുത്തില്‍ ഒരു പൊതു ടോയ്ലെറ്റ് സംവിധാനം പോലും നിര്‍മിക്കപ്പെട്ടിട്ടില്ല.
”ആഗോള ടൂറിസം പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് വരുന്നതിനായുള്ള യാതൊരു പ്രമോഷനും ഇതുവരെ ഈ പ്രദേശം സംബന്ധിച്ച് ഉണ്ടായിട്ടില്ല” പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു. ”ആകെ നടന്നത് മുന്‍ പഞ്ചായത്ത് മെമ്പര്‍ കൊണ്ടുവന്ന ഒരു കോടി രൂപയുടെ ടൂറിസം പദ്ധതിയാണ്. അതും നിരന്തരം സമരം ചെയ്ത് നേടിയെടുത്തതാണ്” പ്രദേശവാസി കൂട്ടിച്ചേര്‍ത്തു.
Read more: 36 കോടി രൂപ അനുവദിക്കാനാവില്ല; കിഫ്ബി റിപ്പോര്‍ട്ടും കാക്കത്തുരുത്തിന്റെ നിലച്ചുപോയ വികസനവും
കാക്കത്തുരുത്തിലെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, കായലോരങ്ങള്‍ മനോഹരമാക്കുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് എഴുപുന്ന ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്‍ പ്രദീപ് അഴിമുഖത്തോട് പറഞ്ഞു. ഒരു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. 50 ലക്ഷം രൂപ എഴുപുന്ന പഞ്ചായത്തും ബാക്കി 50 ലക്ഷം രൂപ ടൂറിസം വകുപ്പുമാണ് സംയുക്തമായി മുടക്കുന്നത്. കായലോരങ്ങളില്‍ ആളുകള്‍ക്ക് ഇരിക്കാനും കാഴ്ചകള്‍ കാണാനുമായി സൗകര്യങ്ങള്‍ ഒരുക്കി പ്രദേശത്തെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു.
കൈയെത്തും ദൂരെ പ്രകൃതി സുന്ദരമായൊരിടമുണ്ടെന്നത്, നിര്‍മാണം പുരോഗമിക്കുന്ന ഉയരപ്പാതയിലൂടെ സഞ്ചരിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് പോലും അറിയാന്‍ കഴിയാത്ത അവസ്ഥയാണ്. കാക്കത്തുരുത്തിലേക്കുള്ള പാലം നിര്‍മാണം പൂര്‍ത്തിയായാല്‍, ഇവിടം നല്ലൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ സാധിക്കുമെന്നും പ്രദേശവാസികള്‍ ഉറച്ച് വിശ്വസിക്കുന്നു.
20 വര്‍ഷം മുമ്പായിരുന്നു കാക്കത്തുരുത്തിലേക്ക് കാര്‍ട്ടബിള്‍ പാലത്തിന്റെ നിര്‍മാണം തുടങ്ങിവച്ചത്. പൈലിങ് തുടങ്ങി പാതിവഴിയില്‍ നിര്‍മാണവും നിലച്ചു. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെയായിരുന്നു പാലത്തിന്റെ അലൈന്‍മെന്റ്. 45 കോടി രൂപ അനുവദിക്കപ്പെട്ടതോടെ, മുന്‍ അരൂര്‍ എംഎല്‍എ, എഎം ആരിഫ് നിര്‍മാണം തുടങ്ങിവച്ചു. എന്നാല്‍ പിന്നീട് ഭൂമി വിട്ടുനല്‍കാന്‍ സ്ഥലമുടമ വിസമ്മതിക്കുകയായിരുന്നു. ഇതോടെ നിര്‍മാണവും നിലച്ചു.
കാക്കത്തുരുത്തുകാരില്‍ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് ചെറുപ്പക്കാരായ പുരുഷന്മാരാണ്. 40-45 വയസ്സുള്ള പുരുഷന്മാര്‍ വരെ വിവാഹം നടക്കാതെ ജീവിക്കുന്നു. മെയിന്‍ ലാന്റില്‍ താമസിക്കുന്നവരാരും ഈ തുരുത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് ജോലിയുള്ള പുരുഷന്മാരുടെ പോലും വിവാഹം നടക്കാത്തതിന് കാരണമായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.
50 ലക്ഷം രൂപയ്ക്ക് വീട് പണിയാന്‍ പ്ലാന്‍ ചെയ്താല്‍ 30 ലക്ഷവും സാധനസാമഗ്രികളുടെ ട്രാന്‍സ്‌പോര്‍ട്ടേഷനും ലേബര്‍ ചാര്‍ജ്ജിനുമായി നല്‍കേണ്ട അവസ്ഥയാണ്. ചെറുകിട ബിസിനസ് ചെയ്ത് പോലും ഇവിടെ വിജയിക്കുക വളരെ പ്രയാസമാണ്.
വികസനം എത്തിനോക്കാത്ത ഈ ഗ്രാമം, പക്ഷേ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണാണ്. തൊട്ടപ്പുറത്ത് ഉപ്പുവെള്ളം നിറഞ്ഞ കായലാണെങ്കിലും, ഉപ്പ് കയറാത്ത ഈ ഫലഭൂയിഷ്ഠമായ മണ്ണില്‍ ജാതി, അടക്ക, തെങ്ങ്, വാഴ തുടങ്ങി പച്ചക്കറികള്‍ വരെ സമൃദ്ധമായി വിളയുന്നു. 2018-ലെ പ്രളയത്തില്‍ പോലും ഈ മണ്ണില്‍ വെള്ളം കയറിയിട്ടില്ല! പ്രകൃതി ഈ മണ്ണിനെ കൈവിട്ടിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
പഴയ അമ്പലങ്ങളുടെ അവശിഷ്ടങ്ങള്‍ ഒക്കെ ഇവിടെ കണ്ട് കിട്ടിയിട്ടുണ്ട്. കൊച്ചി രാജകുടുംബങ്ങളുടെയും എളങ്ങല്ലൂര്‍ സ്വരൂപത്തിന്റെയും ഉടമസ്ഥതയിലുള്ള പഴയ പ്രമാണങ്ങള്‍ ഈ തുരുത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ഈ ഭൂമി ഒരു പൈതൃകമാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.
കാക്കത്തുരുത്തില്‍ രണ്ട് ബോട്ട് ജെട്ടികളാണ് ഉള്ളത്. ഒന്ന് തെക്കും മറ്റൊന്ന് വടക്കും. തെല്ലൊരു പരിഭ്രമത്തോടെ വള്ളത്തില്‍ കയറി, തെക്കേ കടത്തിലിറങ്ങിയ ശേഷം എത്രയാ എന്ന് ചോദിച്ചു. 20 എന്ന് മറുപടി.
പിന്നെയാണറിയുന്നത് ഈ കടത്ത് സര്‍ക്കാര്‍ വക സൗജന്യമാണെന്ന്. പുറത്ത് നിന്നെത്തുന്ന ആര്‍ക്കും ഇത് സൗജന്യ കടത്താണെന്നോ കാശ് കൊടുക്കണ്ടെന്നോ അറിയില്ല. മാസം 27,000 രൂപയ്ക്കാണ് ഈ കടത്ത് സര്‍ക്കാരില്‍ നിന്നും ക്വട്ടേഷനിലൂടെ എടുത്തിരിക്കുന്നത്.
”ഇത് സര്‍ക്കാര്‍ വക സൗജന്യ കടത്താണ്. പക്ഷേ, പശുവിന് ഒരു ചാക്ക് കാലിത്തീറ്റ എടുത്ത് കൊണ്ടുവരണമെങ്കില്‍ പോലും പ്രത്യേകം പണം കൊടുക്കണം” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പ്രദേശവാസി പറഞ്ഞു. ”അനുവദിച്ചിരിക്കുന്ന റൂട്ടിന് പുറമെ, ആളുകള്‍ക്ക് ഗ്യാസ് കുറ്റിയും വീട്ടാവശ്യത്തിനുള്ള സാധനങ്ങളുമൊക്കെ എത്തിച്ച് കൊടുക്കുന്നത് പതിവാണ്. പലപ്പോഴും ഇവിടെ താമസിക്കുന്നവരുടെ സാധനങ്ങള്‍ കയറ്റാതെയാകും ഇത്തരത്തിലുള്ള ചെയ്തികള്‍” പ്രദേശവാസി പറയുന്നു.
പ്രകൃതി സൗന്ദര്യം കൊണ്ട് ലോകം കീഴടക്കിയ കാക്കത്തുരുത്ത്, പച്ചപ്പരവതാനി വിരിച്ച് നില്‍ക്കുമ്പോഴും, പുഴയുടെ തീരത്ത് ചില സന്ദര്‍ഭങ്ങളില്‍ മൂക്ക് പൊത്താതെ നില്‍ക്കാനാവില്ല. സമീപത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യസംസ്‌കരണ പ്ലാന്റുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഈ പുഴയിലേക്കാണ് തള്ളുന്നത്. എന്നാല്‍ പുഴയിലേക്ക് മാലിന്യങ്ങള്‍ തള്ളരുതെന്ന മുന്നറിയിപ്പ് ബോര്‍ഡുകളെയൊക്കെ അവഗണിച്ചാണ് നിര്‍ബാധം പുഴയിലേക്ക് മാലിന്യം തള്ളുന്നത്. പഞ്ചായത്തിന്റെ ക്യാമറ സംവിധാനം ഉള്‍പ്പെടെയുള്ള പ്രദേശമായിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ഒരുവശത്ത് പകര്‍ച്ചവ്യാധികളെ കുറിച്ചുള്ള ബോര്‍ഡ് വച്ചിരിക്കുമ്പോള്‍ മറുഭാഗത്ത് രോഗം പരത്തുന്ന മാലിന്യങ്ങളും നിക്ഷേപിക്കപ്പെടുന്നു.

വികസനം കാത്ത് കാലം എണ്ണിക്കഴിയുന്ന ഒരു ജനതയുടെ വേദനയായി ഈ തുരുത്ത് ഇന്നും അലയടിക്കുന്നു. പാലം കടക്കാത്ത ആ രണ്ട് പതിറ്റാണ്ടുകള്‍ ഈ ജനതയുടെ സ്വപ്നങ്ങളെ തന്നെ മരവിപ്പിക്കുന്നു. എന്നാല്‍ പ്രകൃതിയുടെ സൗന്ദര്യം, ഈ തുരുത്തില്‍ പ്രത്യാശയുടെ വെളിച്ചമായി ഇന്നും നിലനില്‍ക്കുന്നു.
”ആറ് വര്‍ഷം മുമ്പ് ഒരു രാത്രി എന്റെ അമ്മയ്ക്ക് സ്ട്രോക്ക് വന്നു. സ്ട്രോക്കിനൊപ്പം ഹൃദയസ്തംഭനം കൂടി ആയപ്പോള്‍ ഞങ്ങളാകെ ഭയന്നു. രാത്രി ഒരു മണിയായപ്പോഴായിരുന്നു സംഭവം. ഭാഗ്യത്തിന് കടത്തുകാരന്‍ തൊട്ടടുത്ത് തന്നെയാണ് താമസിക്കുന്നത്. അതുകൊണ്ട് വേഗം ആളെ വിളിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞു. അമ്മയെ കസേരയില്‍ ഇരുത്തിയാണ് വള്ളത്തില്‍ അക്കരെ കടത്തിയത്. കടത്തുകാരന് ഓട്ടോ കൂടി ഉണ്ടായത് കൊണ്ട് ആശുപത്രിയില്‍ ഉടനെ എത്താനായി. ഈയൊരു അനുഭവം ആര്‍ക്കും ഇപ്പോ വേണമെങ്കിലും ഉണ്ടാകാവുന്നതാണ്” പ്രദേശവാസിയായ വിനോദ് ഒരു നെടുവീര്‍പ്പോടെ പറഞ്ഞ് നിര്‍ത്തുന്നു.
(തുടരും…)
Content Summary: Despite global recognition, the long wait for a bridge continues in Kakkathuruthu