June 04, 2026 |

36 കോടി രൂപ അനുവദിക്കാനാവില്ല; കിഫ്ബി റിപ്പോര്‍ട്ടും കാക്കത്തുരുത്തിന്റെ നിലച്ചുപോയ വികസനവും

പാലം മുന്നില്‍ കണ്ട് റിയല്‍ എസ്‌റ്റേറ്റ് മാഫിയ വാങ്ങിക്കൂട്ടിയത് ഏക്കറ് കണക്കിന് ഭൂമിയോ?

ഏഷ്യ വന്‍ കരയിലെ ശാന്തസുന്ദരമായ ഭൂമികയാണ് എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത്. ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നമാണ് ഒരു പാലം. എഴുപുന്ന പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിന്റെ ഭാഗമായ കാക്കത്തുരുത്തില്‍, 700 ഓളം വോട്ടര്‍മാരാണുള്ളത്. 38 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയില്‍, ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനത്തോടെ 2009 ലാണ് കാക്കത്തുരുത്തിലേക്ക് പാലം നിര്‍മാണം ആരംഭിച്ചത്. കായലില്‍ തൂണുകള്‍ നാട്ടി പാതിവഴിയില്‍ നിര്‍മാണം നിലച്ചപ്പോള്‍, വെള്ളത്തിലായത് കോടികള്‍ കൂടിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ക്കപ്പുറം, പാലം നിര്‍മ്മാണം നിലച്ചതിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളും, റിയല്‍ എസ്റ്റേറ്റ് മാഫിയയും, സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും ചൂണ്ടിക്കാട്ടപ്പെടുന്നു.

പാലം പണി നിലച്ചതിലെ മുഖ്യ കാരണം അപ്രോച്ച് റോഡിനായുള്ള ഭൂമി ഏറ്റെടുക്കലിലെ തര്‍ക്കങ്ങളാണ്. സ്ഥലമുടമകളുമായി വേണ്ടത്ര ചര്‍ച്ചകളോ ധാരണയോ ഉണ്ടാക്കാതെ കായലില്‍ തൂണുകള്‍ വാര്‍ത്ത് പാലം നിര്‍മാണം ആരംഭിക്കുകയായിരുന്നു. ഇത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ചയായിരുന്നുവെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

”ഒരു പാലം വരുമ്പോള്‍ അതിന്റെ ഇരുഭാഗങ്ങളിലുമുള്ളവരുമായി സംസാരിച്ച് ധാരണയിലെത്തിയ ശേഷമാണല്ലോ തീരുമാനത്തിലെത്തുക. എന്നാല്‍ ഇവിടെ സ്ഥലമുടമകളുമായി വേണ്ടത്ര ചര്‍ച്ചകള്‍ ഒന്നുമുണ്ടാകാതെ കായലില്‍ തൂണുകള്‍ വാര്‍ത്ത് ഇടുകയായിരുന്നു” പ്രദേശവാസി കുറ്റപ്പെടുത്തുന്നു.

2005 ല്‍ അന്നത്തെ എം.എല്‍.എ. കെ.ആര്‍. ഗൗരിയമ്മ പാലത്തിനായി പ്രാരംഭ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ പിന്നീട് വന്ന എംഎല്‍എ, എ.എം. ആരിഫ് സ്ഥലമുടമകളുമായി വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെ, സ്ഥലത്തെ രാഷ്ട്രീയ നേതാക്കളെ വിശ്വാസത്തിലെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍, 2012 ല്‍ സ്ഥലയുടമ കെ.എസ്. അരവിന്ദാക്ഷന്‍, അനുവാദമില്ലാതെ തന്റെ സ്ഥലം കയ്യേറി തൂണുകള്‍ നാട്ടുന്നു എന്നാരോപിച്ച് കോടതിയെ സമീപിച്ചതോടെ പാലം പണി നിലച്ചു.

”കാക്കത്തുരുത്തിലേക്ക് ഒരു കാര്‍ട്ടബിള്‍ പാലമായിരുന്നു നിര്‍മിക്കാന്‍ ഉദേശിച്ചിരുന്നത്. 10 കോടിയില്‍ താഴെയായിരുന്നു നിര്‍മാണ ചെലവ്. അപ്രോച്ച് റോഡിനുള്ള ഭൂമി വിട്ടുതരാമെന്ന് സ്ഥലം ഉടമകള്‍ പലരും സ്വമേധയാ സമ്മതിച്ചതായാണ് അന്നത്തെ എഴുപുന്ന പഞ്ചായത്ത് മെമ്പറും സിപിഎമ്മിന്റെ പ്രാദേശിക ലോക്കല്‍ നേതൃത്വമൊക്കെ പറഞ്ഞിരുന്നത്. ഇതനുസരിച്ച് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ച് നിര്‍മാണവും തുടങ്ങി. എന്നാല്‍ പൈലിങ് നടപടികള്‍ പകുതിയായപ്പോള്‍ ആണ് ഒരു സ്ഥലമുടമ എതിര്‍പ്പുമായി രംഗത്ത് വന്നത്. സ്ഥലമെടുക്കാന്‍ അനുവാദം തരില്ലെന്ന് പറഞ്ഞ് ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. അതോടെ കരാറുകാര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ചു” അരൂര്‍ മുന്‍ എംഎല്‍എ എഎം ആരിഫ് അഴിമുഖത്തോട് പറഞ്ഞു.

”പിന്നീട് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍, 2013 ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ CRZ നിയമപ്രകാരമായി മാറി. പുതിയ നിയമപ്രകാരമുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സംസ്ഥാനത്ത് അന്ന് ആരംഭിച്ചിരുന്നില്ല. കാരണം, നിയമം നിലവില്‍ വന്നെങ്കിലും അതിന്റെ നടപടിക്രമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര അവബോധം ഇല്ലാതിരുന്നതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നടന്നിരുന്നില്ല. പിന്നീട് തര്‍ക്കത്തിലിരുന്ന ഭൂവുടമയുമായി സമവായത്തിന് ശ്രമിച്ചെങ്കിലും, ചിലര്‍ ബോധപൂര്‍വം അദ്ദേഹത്തെ പിന്തിരിപ്പിച്ചു” ആരിഫ് കൂട്ടിച്ചേര്‍ത്തു.

കേസ് കോടതിയുടെ പരിഗണനയിലിരിക്കെ 2019 ല്‍ ഭൂവുടമ മരണപ്പെട്ടു. തുടര്‍ന്ന് കോടതി നിര്‍ബന്ധിതമായി സ്ഥലം ഏറ്റെടുക്കാന്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു.

കരകയറാത്ത സ്വപ്നം

ഭൂമി സംബന്ധമായ കേസുകള്‍ തീര്‍പ്പാക്കുകയും 35 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി പണം നല്‍കുകയും ചെയ്ത സാഹചര്യത്തിലും പാലം നിര്‍മ്മാണം തുടങ്ങാത്തതാണ് നിലവിലെ പ്രധാന പ്രശ്‌നം. കാക്കത്തുരുത്തില്‍ എട്ട് പേരും ബാക്കി ഇക്കരെയുള്ളവരുമാണ് സ്ഥലമുടമകള്‍. പാലം പണി പൂര്‍ത്തിയാകുമ്പോള്‍ പാലത്തിന് ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്ക് മൂന്ന് മീറ്റര്‍ വീതിയില്‍ പാത നിര്‍മിക്കേണ്ടി വരും. സ്ഥലമുടമകള്‍ക്കായി 22 കോടി 83 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കേരള റോഡ് ഫണ്ട് ബോര്‍ഡ്, കിഫ്ബി വഴിയാണ് തുക വിതരണം ചെയ്തത്.

Read more : കോഴിക്കുഞ്ഞുങ്ങളെ സൂക്ഷിക്കുന്ന പോലെയാണ് മക്കളെ കരയ്‌ക്കെത്തിക്കുന്നത് ; ലോകം കണ്ട കാക്കത്തുരുത്തിന്റെ വിങ്ങല്‍

2016-2017 വര്‍ഷത്തെ ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പാലം പണി പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ രൂപരേഖ തയാറാക്കി. വിശദ പരിശോധനകള്‍ക്ക് ശേഷം, നിര്‍മാണത്തിന് ഭരണാനുമതിയും ലഭിച്ചിരുന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മാണച്ചുമതല. പിന്നീട് ഫണ്ടില്ലെന്ന കാരണത്താല്‍ പാലം നിര്‍മാണം അനന്തമായി നീളുകയായിരുന്നു.

എഎം ആരിഫ്‌

”2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം, കാക്കത്തുരുത്തിലേക്ക് പാലം നിര്‍മിക്കാന്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ധാരണയാവുകയും 36 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. എന്നാല്‍ ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമേ ഇവിടെ താമസിക്കുന്നുള്ളൂ എന്ന കാരണത്താല്‍, അവര്‍ക്കായി 36 കോടി രൂപ ചെലവഴിക്കുന്നത് അനുവദനീയമല്ലെന്ന് ചൂണ്ടിക്കാട്ടി റോഡ് ഫണ്ട് അതോറിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി” മുന്‍ എംഎല്‍എ ആരിഫ് പറയുന്നു.

”ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കിഫ്ബി പദ്ധതി താല്കാലികമായി നിര്‍ത്തിവച്ചു. നിലവിലെ ടൂറിസം സാധ്യതകള്‍ ചൂണ്ടിക്കാട്ടി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല; കിഫ്ബിക്ക് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുമില്ല” ആരിഫ് വ്യക്തമാക്കുന്നു.

”കാക്കത്തുരുത്ത് പാലത്തിന്റെ നിര്‍മാണം നിലവില്‍ കിഫ്ബിയാണ് തടഞ്ഞ് വച്ചിരിക്കുന്നത്. ലാന്‍ഡ് അക്യുസിഷന്‍ ചെയ്തശേഷം, കിഫ്ബിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് സ്ഥലം ഏറ്റെടുക്കാമെന്നായിരുന്നു പറഞ്ഞത്. റോഡ് ഫണ്ട് ബോര്‍ഡ് ഒരുതരത്തിലുള്ള റിപ്പോര്‍ട്ടും സര്‍ക്കാരിന് നല്‍കിയിട്ടില്ല. കിഫ്ബിയാണ് അത്തരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്” റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അഴിമുഖത്തോട് പറഞ്ഞു.

ഭൂപരിഷ്‌കരണ നിയമത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മിച്ചഭൂമി ലഭിച്ച് തുരുത്തില്‍ താമസമാക്കിയവരാണ് ഏറെയും. അതുകൊണ്ട് തന്നെ ഇവര്‍ക്കിനി മറ്റൊരു ഭൂമി വാങ്ങാനോ വീട് വയ്ക്കാനോ ഉള്ള പ്രാപ്തിയില്ല. അതുകൊണ്ട് തന്നെ പാലം ഇവരുടെ ചിരകാല സ്വപ്നമാണ്.

”ഒരു പാലം നിര്‍മ്മിക്കുമ്പോള്‍ അത് എത്ര ജനങ്ങളുമായി ബന്ധപ്പെടും, എത്ര പേര്‍ക്ക് ഉപകാരപ്രദമാകും എന്നതിനെ ആശ്രയിച്ചാണ് മുന്‍ഗണന നിശ്ചയിക്കുന്നത്. കാക്കത്തുരുത്ത് പാലത്തിനായി അഞ്ച് കോടിയോളം രൂപയാണ് സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രം അനുവദിച്ചത്. ഏതാനും മനുഷ്യര്‍ക്ക് വേണ്ടി മാത്രമാണ് കോടികള്‍ കൊടുത്തിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ ഇവിടെ കഴിയുമ്പോള്‍, വെറും 200 കുടുംബം മാത്രമുള്ള സ്ഥലത്ത് കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ ആവശ്യപ്പെട്ടാലും ലഭ്യമാകില്ല” അരൂര്‍ എംഎല്‍എ ദലീമ അഴിമുഖത്തോട് പറഞ്ഞു.

200 കുടുംബം എന്ന് എംഎല്‍എ പറയുമ്പോഴും, എല്‍കെജി മുതലുള്ള കുട്ടികളും സ്ത്രീകളും വൃദ്ധരുമെല്ലാം ചെറിയൊരു കടത്തുവള്ളത്തെ മാത്രം ആശ്രയിച്ചാണ് മറുകര കടക്കുന്നത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാരസ്വാതന്ത്ര്യം ഈ ജനതയ്ക്ക് കൂടി അവകാശപ്പെട്ടതല്ലേ എന്നാണ് ഇവിടുത്തുകാര്‍ ചോദിക്കുന്നത്.

ദലീമ

”പാലം പണിക്ക് തടസ്സങ്ങളൊന്നുമില്ല. ഫണ്ട് വകയിരുത്തി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ഇനി വേണ്ടത്. സര്‍ക്കാര്‍ അത് ഇതുവരെ ചെയ്തിട്ടില്ല. അതിന്റെ കാരണങ്ങള്‍ അറിയില്ല. ആരെങ്കിലും തടസ്സം നില്‍ക്കുന്നുണ്ടോ എന്നതാണ് സംശയം” പ്രദേശവാസി ആരോപിക്കുന്നു.

”അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേയുടെ ഭാഗമായി റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു. അതുകൊണ്ട് തന്നെ ഫണ്ട് കൂടുതല്‍ കണ്ടെത്തേണ്ടിവന്നു. ഇതിനെല്ലാം പുറമെയാണ് കോവിഡും പ്രളയവും നിപ്പയും പോലുള്ള പ്രകൃതി ദുരന്തങ്ങളും സംസ്ഥാനത്ത് ഉണ്ടായത്. മറ്റൊരു സര്‍ക്കാരിന്റെ കാലത്തും ഇത്ര വലിയ പ്രകൃതി ദുരന്തം ഉണ്ടായിട്ടില്ല. ഒരു സംസ്ഥാനത്ത് ഇത്ര വലിയ പ്രകൃതി ദുരന്തം ഉണ്ടാകുമ്പോള്‍ അതിനനുസരിച്ച് കേന്ദ്രം ഫണ്ട് അനുവദിക്കണം” ദലീമ കൂട്ടിച്ചേര്‍ത്തു.

”ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും പാലം ഇന്നു വരും, നാളെ വരുമെന്ന് പറഞ്ഞ് പൊതുജനങ്ങളെ കഴുതകളാക്കുകയാണ് ചെയ്തിരുന്നത്,” നാട്ടുകാരനായ ഗിരീഷ് പറയുന്നു.

കോടതി നിര്‍ബന്ധിതമായി സ്ഥലം ഏറ്റെടുക്കാന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികള്‍ മന്ദഗതിയിലാണെന്നാണ് ഇപ്പോഴത്തെ ആക്ഷേപം. പാലത്തിനായി ഏകദേശം 20 വര്‍ഷം മുമ്പ് പുഴയില്‍ സ്ഥാപിച്ച തൂണുകള്‍ ഇപ്പോള്‍ ഉപയോഗശൂന്യമായി. നിര്‍മ്മാണം പുനരാരംഭിക്കുമ്പോള്‍ ഈ തൂണുകളെല്ലാം പിഴുതുമാറ്റേണ്ടി വരും.

അലൈന്‍മെന്റിലെ റിയല്‍ എസ്റ്റേറ്റ് നിഴലുകള്‍

കാക്കത്തുരുത്തിലേക്ക് പാലം വരാത്തതിന് നാട്ടുകാര്‍ പലവിധ കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. പാലം നിര്‍മ്മാണം നിലച്ചതിന് പിന്നിലെ ഏറ്റവും ശക്തമായ ആരോപണങ്ങളില്‍ ഒന്ന് റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഇടപെടലാണ്. വര്‍ഷങ്ങളായി സ്ഥലത്തര്‍ക്കം നിലനില്‍ക്കുമ്പോഴും ആ ഭൂമിയിലൂടെ തന്നെ പാലം വേണമെന്ന് അധികാരികള്‍ പിടിവാശി കാണിക്കുന്നത് റിയല്‍ എസ്റ്റേറ്റ് താല്പര്യം കൂടി കണക്കിലെടുത്ത് ആകാമെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു.

”കാര്‍ട്ടബിള്‍ പാലം നിര്‍മ്മാണത്തിനായി സ്ഥലമുടമകളുമായി മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നില്ല. പൈലിങ് നടപടികള്‍ 90% പൂര്‍ത്തിയാക്കിയ ശേഷമാണ് സ്ഥലമുടമ ഭൂമി വിട്ടുനല്‍കില്ലെന്ന നിലപാടെടുത്തത്. അതിനാല്‍, പാലത്തിന്റെ അലൈന്‍മെന്റ് മാറ്റാന്‍ സാധിക്കുമായിരുന്നില്ല. അലൈന്‍മെന്റ് മാറ്റണമെങ്കില്‍ പുതിയ എസ്റ്റിമേറ്റ് എടുത്ത് ടെന്‍ഡര്‍ നടപടികള്‍ ആദ്യം മുതല്‍ ആരംഭിക്കേണ്ട അവസ്ഥ വരുമായിരുന്നു” മുന്‍ എംഎല്‍എ എംഎം ആരിഫ് വ്യക്തമാക്കി.

കാക്കത്തുരുത്തിന്റെ വടക്കേ അറ്റത്താണ് പാലത്തിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. എന്നാല്‍ തെക്കേ അറ്റത്ത് കൂടി പാലം വന്നിരുന്നതെങ്കില്‍ ദൂരക്കൂറവും വീതികൂടിയ റോഡും ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍, എരമല്ലൂര്‍ ജംഗ്ഷനില്‍ നിന്ന് വേഗത്തില്‍ കാക്കത്തുരുത്ത് പാലത്തിലേക്ക് പ്രവേശിക്കാമെന്നതാണ് വടക്ക് വശത്തുകൂടിയുള്ള പാലം നിര്‍മാണത്തിന് അധികാരികള്‍ കാരണമായി പറയുന്നത്.

”കാക്കത്തുരുത്തിലേക്ക് പാലം വരരുതെന്ന് ആഗ്രഹിക്കുന്നവര്‍ പോലുമുണ്ട്. പാലം വന്നാല്‍ പുറത്ത് നിന്ന് സാമൂഹിക വിരുദ്ധര്‍ തുരുത്തിലേക്ക് വരുമെന്നാണ് ഒരു വിഭാഗം ആളുകള്‍ ആരോപിക്കുന്നത്. എന്നാല്‍, ഏറ്റവും വലിയ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ച് പാലം പണി തടസ്സപ്പെടുത്തുന്നത്” പ്രദേശവാസികളിലൊരാള്‍ അഴിമുഖത്തോട് പറഞ്ഞു.

”പാലം വരുമെന്ന് കണ്ടതോടെ അരൂരിലെയും ചന്തിരൂരിലെയും വന്‍കിട വ്യവസായികള്‍ ഏക്കറ് കണക്കിന് ഭൂമി തുരുത്തില്‍ വാങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ഗുണകരമാകുന്ന രീതിയിലാണ് പാലം നിര്‍മാണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മാറിമാറി വന്ന ഭരണകൂടങ്ങള്‍ ഇവരുടെ താല്പര്യങ്ങള്‍ കൂടി സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഇതിനാണ് ഇടുങ്ങിയ വഴിയിലൂടെ പാലത്തിനായി വഴിയൊരുക്കിയത്” പേര് വെളിപ്പെടുത്താത്ത പ്രദേശവാസി ആരോപിക്കുന്നു.

സര്‍ക്കാര്‍ പ്രൊജക്ടുകള്‍ ആരംഭിക്കുന്നതിന് മുമ്പ് അതിന്റെ സര്‍വെ ഉള്‍പ്പെടെ നടക്കേണ്ടതാണ്. പ്രത്യേകിച്ച് ഒരു പാലം വരുമ്പോള്‍, ഇരുഭാഗങ്ങളിലുമുള്ളവരുമായി ധാരണയിലെത്തണം. എന്നാല്‍ ഇവിടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. സ്ഥലമുടമകളുമായി വേണ്ടത്ര ചര്‍ച്ചകളോ ധാരണയോ ഉണ്ടാക്കാതെ കായലില്‍ കൊണ്ടുവന്ന് തൂണുകള്‍ വാര്‍ത്ത് ഇടുകയായിരുന്നു. ഇതിന് ശേഷം തുരുത്തിലേക്കുള്ള പണികള്‍ ആരംഭിച്ചപ്പോഴാണ് പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

”ഒരു പ്രൊജക്ട് ആരംഭിക്കുമ്പോള്‍ തന്നെ അതിന്റെ സ്‌കെച്ച് ഉള്‍പ്പെടെയുള്ള കരട് തയ്യാറാക്കുമ്പോള്‍, അത് എവിടെ വരുന്നുവെന്നും എങ്ങോട്ടാണ് അതിന്റെ ദിശയെന്നും അതിന്റെ ലാന്റിംഗിന്റെ ഭാഗമായി അവിടുത്തെ ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നുള്ള കാര്യങ്ങളൊക്കെ നോക്കിയല്ലേ സാധാരണ നിര്‍മാണം ആരംഭിക്കുക” പ്രദേശവാസി ഗിരീഷ് ചോദിക്കുന്നു.

20 വര്‍ഷം മുമ്പ് പുഴയില്‍ സ്ഥാപിച്ച തൂണുകള്‍

കാക്കത്തുരുത്ത് ദ്വീപിനെ വികസിപ്പിക്കാനായി ഒരു പാലം എന്ന പ്രൊജക്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആലോചിച്ച് തുടങ്ങിയപ്പോള്‍ തന്നെ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഇന്‍ഫോര്‍മേഷന്‍ ലഭിച്ചിരുന്നു. തുരുത്തിന്റെ കിഴക്കന്‍ മേഖലയില്‍ 65 ഏക്കറിലധികം ഭൂമി ഈ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. സ്ഥിരമായി നെല്‍കൃഷിയും മത്സ്യകൃഷിയും നടത്തിക്കൊണ്ടിരുന്ന പാടങ്ങളാണ് ഭൂമി മാഫിയ ഏറ്റെടുത്തത്. എന്നാല്‍ തീരദേശ പരിപാലന നിയമം വന്നതോടെ ഇവരുടെ പല പ്രൊജക്റ്റുകളും പാതിവഴിയില്‍ മുടങ്ങി. നിലവില്‍ ആ പ്രദേശം മുഴുവന്‍ കാട് പിടിച്ച് കിടക്കുകയാണെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു.

കോടതിയുടെ നിര്‍ബന്ധിത നടപടികളിലൂടെ സ്ഥലമേറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയായ സാഹചര്യത്തില്‍, കാക്കത്തുരുത്ത് നിവാസികളുടെ പ്രധാന ആവശ്യം ഇനി ഒന്നുമാത്രമാണ്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഫണ്ട് വകയിരുത്തി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പാലം നിര്‍മാണം ആരംഭിക്കണം. അല്ലാത്തപക്ഷം, ഈ ചിരകാല സ്വപ്‌നം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും വെറുമൊരു വാഗ്ദാനമായി മാത്രം അവശേഷിക്കും.

(അവസാനിച്ചു….)

Content Summary: Why 1000 peoples in Kakkathuruthu are still waiting for a bridge

രാജേശ്വരി പി ആര്‍

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×