വന്ദേമാതരം ആദരവിനും വിവാദത്തിനും മധ്യേ

'വന്ദേമാതരം' ദേശീയ ഗാനമോ? എന്ന ചോദ്യം വീണ്ടും ഉയര്‍ന്നുവന്നു

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 ജനുവരി അവസാനം പുറത്തിറക്കിയ ഉത്തരവ് പ്രകാരം, വന്ദേമാതരം ആറ് പദ്യങ്ങളോടുകൂടിയ പൂര്‍ണ്ണ പതിപ്പ് (3 മിനിറ്റ് 10 സെക്കന്റ്) രാജ്യത്തെ വിവിധ ഔദ്യോഗിക ചടങ്ങുകളില്‍ നിര്‍ബന്ധമാക്കി. ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണ രൂപത്തിലുള്ള ആറ് പദ്യങ്ങളും ആലപിക്കണമെന്ന് നിര്‍ബന്ധമാണ്: ഔദ്യോഗിക സര്‍ക്കാര്‍ ചടങ്ങുകളില്‍ വന്ദേ മാതരം പാടുമ്പോള്‍ എല്ലാവരും ‘attention’ നായി നില്‍ക്കണം.

നൂറ്റമ്പത് വര്‍ഷം മുന്‍പ് ബങ്കിം ചന്ദ്രചാറ്റര്‍ജി എഴുതിയ ഇന്ത്യന്‍ ജനതയുടെ ദേശീയ ബോധത്തെ ഉണര്‍ത്തി, കാത്തുസൂക്ഷിച്ച്, ദേശീയ മന്ത്രമായി മാറിയ വന്ദേമാതരം ഇപ്പോള്‍ വീണ്ടും പൂര്‍ണ്ണരൂപത്തില്‍ സര്‍ക്കാറിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ മുഴങ്ങാന്‍ തുടങ്ങുകയാണ്. വന്ദേമാതരത്തിന്റെ ആലാപന ചരിത്രത്തില്‍ വിവാദങ്ങളും ഒപ്പം തന്നെ മുഴങ്ങിയിരുന്നു. ഇനിയും വിവാദങ്ങള്‍ ആരംഭിക്കാം, അലയടിക്കാം. എങ്കിലും നൂറ്റമ്പത് വയസായ വന്ദേമാതരം ഇപ്പോഴും ദേശീയഗാനമായ ജനഗണമനയ്‌ക്കൊപ്പം തന്നെ ഇന്ത്യക്കാരുടെ മനസിലും ചുണ്ടിലും ദേശീയ ഗീതമായി സ്ഥാനം നേടിയിരിക്കുന്നു.

വന്ദേമാതരം

1886 ഡിസംബര്‍ 27, കൊല്‍ക്കത്ത. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ സമ്മേളനം ആരംഭിക്കുകയാണ്. ബംഗാളി കവിയായ
ഹേം ചന്ദ്ര ബന്ദോപാധ്യായ ഒരു ഗാനത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ പാടാന്‍ ആരംഭിച്ചു. പ്രതിനിധികള്‍ എഴുന്നേറ്റു നിന്ന് അത് ദേശസ്‌നേഹത്തിന്റെ പ്രതീകമായി ആവേശത്തോടെ ഏറ്റുപാടി, ഒരു രാഷ്ട്രീയ സമ്മേളനത്തില്‍ ആ ഗാനം ആദ്യമായി പാടിയത് ഇങ്ങനെ ആരംഭിച്ചു:

വന്ദേമാതരം
സുജലാം സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം മാതരം
ശുഭ്രജ്യോല്‍സ്‌നാ പുളകിത യാമിനീം
ഫുല്ല കുസുമിത ദ്രമദല ശോഭിനീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം…

ഒരു പൊതു സമ്മേളനത്തില്‍ ആദ്യമായി അന്ന് പാടിയ വന്ദേമാതരം എന്ന ഗാനം തലമുറകളായി ഭാരതീയരെ ആവേശം കൊള്ളിക്കുകയും വശീകരിക്കുകയും ചെയ്യുന്ന അനശ്വരമായ ഗീതമാണ്. ഈ ഗാനം ദേശാഭിമാനത്തെ തട്ടിയുണത്തുന്ന, ഇന്ത്യയുടെ ടാഗോറിന്റെ ജനഗണമന പോലെ ഇന്ത്യന്‍ സമൂഹം ഏറ്റെടുത്ത ഗാനമാണ്.

വന്ദേമാതരം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും വലിയ പ്രതീകമായി അലയടിച്ച ഗാനങ്ങളൊന്നായിരുന്നു. രാഷ്ട്രീയമായ ചില കാരണങ്ങളാല്‍ ഇന്ത്യയുടെ ദേശീയ ഗാനമാകാതെ പോയ വന്ദേമാതരം ദേശീയ ഗാനമായ ജനഗണമനക്കൊപ്പം ഇപ്പോഴും ആദരിക്കപ്പെടുന്നു. വന്ദേമാതരം പ്രക്ഷേപണം ചെയ്തു കൊണ്ടാണ് ആകാശവാണിയുടെ പ്രഭാത പരിപാടികള്‍ ആരംഭിക്കുന്നത്. സൃഷ്ടി മുതല്‍ ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ വിവാദങ്ങളിലൂടെ കടന്നുപോയ, ഇന്ത്യന്‍ സമൂഹത്തില്‍ എല്ലായ്‌പ്പോഴും അലയടിച്ച ഒരു ഗാനമാണ് ബങ്കിം ചന്ദ്രചാറ്റര്‍ജി എഴുതിയ വന്ദേമാതരം.

ആനന്ദ മഠം നോവൽ ഇംഗ്ലീഷ്

ബംഗാളിലെ നെയ്ഹതിയിലെ കാന്താള്‍പരഗ്രാമത്തില്‍ ഒരു യാഥാസ്ഥിതിക ബ്രാഹ്‌മണകുടുംബത്തില്‍ 1838 ജൂണ്‍ 27 നാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി ജനിച്ചത്. പിതാവ് മിഡ്നാപ്പൂര്‍ ഡപ്യൂട്ടി കലക്ടറായിരുന്ന യാദവ് ചന്ദ്ര ചതോപാധ്യായ ബങ്കിംചന്ദ്ര എന്ന വാക്കിന് ബംഗാളി ഭാഷയില്‍ വെളുത്തവാവിന് മുമ്പുള്ള ചന്ദ്രക്കല എന്നാണര്‍ത്ഥം.

ചന്ദ്രക്കല വളര്‍ന്ന് വെളുത്ത വാവിന് പൂര്‍ണചന്ദ്രനാകുന്നതുപോലെ ബങ്കിമിന്റെ ജനനത്തോടെ കുടുംബം ഐശ്വര്യത്തിലായതായിരുന്നു. ഇത്തരമൊരു പേരിടാന്‍ കാരണം, സര്‍ക്കാര്‍ സര്‍വീസിലായിരുന്ന അച്ഛന്‍ യാദവ് ചന്ദ്ര ഡെപ്യൂട്ടി കലക്ടറാകുന്നത് ബങ്കിമിന്റെ ജനനത്തിനുശേഷമാണ്. ചെറുപ്പത്തിലേ അതി ബുദ്ധിമാനായിരുന്നു ബങ്കിം ചന്ദ്ര. മിഡ്നാപ്പൂരിലെ പ്രാഥമിക വിദ്യാഭ്യാസകാലത്തുതന്നെ അധ്യാപകര്‍ അവനെ ശ്രദ്ധിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് അക്ഷരമാല മുഴുവന്‍ പഠിച്ച ബങ്കിം എല്ലാവര്‍ക്കുമൊരു അദ്ഭുതമായിരുന്നു. ഏതെങ്കിലുമൊരു മിടുക്കന്‍ കുട്ടിയെ കണ്ടാല്‍ ‘അടുത്ത ബങ്കിം ചന്ദ്രനാവുമോ? എന്നായിരുന്നു പിന്നീട് അധ്യാപകര്‍ ചോദിച്ചിരുന്നത്.

മിഡ്നാപ്പൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഹൂഗ്ലിയിലെ മുഹ്സിന്‍ കോളേജിലായിരുന്നു ബങ്കിമിന്റെ വിദ്യാഭ്യാസം. പഠനത്തില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ബങ്കിം വെറും പുസ്തകപ്പുഴുവായിരുന്നില്ല. സംസ്‌കൃതപഠനത്തിലും സ്‌പോര്‍ട്‌സിലും ബങ്കിം ഒന്നാമനായിരുന്നു. 1856-ല്‍ കല്‍ക്കട്ടയിലെ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ബംഗാളില്‍ കലാപം പടര്‍ന്ന സമയം. പക്ഷേ, ബങ്കിം ചന്ദ്ര ബിരുദപഠനം പൂര്‍ത്തിയാക്കി. 1857-ല്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജി ഡെപ്യൂട്ടി കലക്ടറായി. പിന്നീട് നിയമകാര്യങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം നിയമപഠനത്തിനു ചേര്‍ന്നു. തുടര്‍ന്ന് ഡെപ്യൂട്ടി മജിസ്‌ട്രേറ്റായി.

ബങ്കിം ചന്ദ്രചാറ്റര്‍ജി

മേലുദ്യോഗസ്ഥരെല്ലാം വെള്ളക്കാരായിരുന്നതിനാല്‍ ജോലി, എഴുത്തിന് തടസമാകുമെന്ന് ബങ്കിം ചന്ദ്ര ചാറ്റര്‍ജിക്ക് മനസ്സിലായി. അതിനാല്‍ അദ്ദേഹം നിര്‍ബന്ധിത വിരമിക്കലിന് തയ്യാറയി. ജോലിയില്‍ കൃത്യനിഷ്ഠയും കര്‍ത്തവ്യബോധവും പാലിച്ചിരുന്ന ബങ്കിമിന്റെ ഈ ആവശ്യം മേലുദ്യോഗസ്ഥര്‍ നിരസിച്ചു. ആയിടയ്ക്കാണ് ചാള്‍സ് എലിയട്ട് പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി ചാര്‍ജെടുക്കുന്നത്. ബങ്കിം അദ്ദേഹത്തെ സമീപിച്ചു. ‘എഴുത്തിനായി എനിക്ക് സമയം ആവശ്യമുണ്ട്. അതിനാല്‍ സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ ചാള്‍സ് സമ്മതം മൂളിയതോടെ 1891-ല്‍ മുപ്പത്തിരണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം അദ്ദേഹം സര്‍വീസില്‍ നിന്നും അന്‍പത്തിമൂന്നാം വയസില്‍ വിരമിച്ചു. ബങ്കിംമിന്റെ സേവനങ്ങളെ കണക്കിലെടുത്ത് സര്‍ക്കാര്‍ അദ്ദേഹത്തിന് ”റായ്ബഹദൂര്‍’ സ്ഥാനം നല്‍കി. പിന്നീട് ‘കമ്പാനിയന്‍ ഓഫ് ദി ഇന്ത്യന്‍ എമ്പയര്‍’ ബഹുമതിയും അദ്ദേഹത്തിനു ലഭിച്ചു.

1875 നവംബര്‍ 7, ബംഗാളില്‍ എല്ലാവരും ആഘോഷിക്കുന്ന പുണ്യദിനമായിരുന്നു അക്ഷയ നവമി. പശ്ചിമ ബംഗാളില്‍, ദുര്‍ഗ്ഗയുടെ ഒരു രൂപമായ സത്ത ദേവിയെ ആദരിക്കുന്ന ജഗദ്ധാത്രി പൂജയായി ഈ ദിവസം ആഘോഷിക്കുന്നു. ആ ദിവസം, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നൈഹതിയിലെ കാന്തല്‍പാദ എന്ന ശാന്തമായ ഗ്രാമത്തില്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി ഒരു മാവിന്‍ ചുവട്ടിലിരുന്ന് ആറ് ഖണ്ഡങ്ങളുള്ള ഒരു ഗീതം എഴുതി.

അദ്ദേഹം എഴുതിയ ‘ആനന്ദമഠം’ എന്ന നോവലിന്റെ ഭാഗമായിരുന്നു വന്ദേമാതരം എന്ന ഗാനം. അദ്ദേഹം എഴുതിയ 14 നോവലുകളിലെ 12-ാമത്തെ നോവലായിരുന്നു ആനന്ദമഠം. ബങ്കിം ചന്ദ്രന്‍ എഡിറ്ററായ ബംഗാളി സാഹിത്യ മാസികയായ ‘ബംഗദര്‍ശന്‍’ നില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ആനന്ദമഠം എന്ന നോവലാണ് അദ്ദേഹത്തെ രാജ്യമെമ്പാടും പ്രശസ്തനാക്കിയത്. ഈ നോവലിലെ ‘വന്ദേമാതരം’ എന്ന ഗാനം ആ നോവലിനെ പ്രശസ്തവും, ജനപ്രിയവുമാക്കി. 1880 മാര്‍ച്ച്-ഏപ്രില്‍ മുതല്‍ 1882 മെയ്-ജൂണ്‍ വരെ ബങ്കദര്‍ശന്‍ മാസികയില്‍ ഖണ്ഡശ്ശയായി ഈ നോവല്‍ ആദ്യമായി പ്രസിദ്ധീകരിച്ചു. പിന്നീട് 1882-ല്‍ പുസ്തക രൂപത്തില്‍ പുറത്തുവന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലെ മഹാ ബംഗാള്‍ ക്ഷാമം, ‘ഒരു നൂറ്റാണ്ട് മുന്‍പ് ബംഗാളില്‍ വൈഷ്ണവ സന്യാസിമാരുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം’ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നോവല്‍.

ആനന്ദമഠം അമർ ചിത്രക്കഥ (1975)

ആനന്ദമഠം നോവലിന്റെ പിറവിക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ രസകരമായ സാഹചര്യത്തിലാണ് ബങ്കിം ചന്ദ്ര ഈ ഗാനം രചിച്ചത്. 1875 സെപ്റ്റംബറില്‍, ‘ബംഗ ദര്‍ശന്‍’ ന്റെ എഡിറ്ററായിരുന്ന ബങ്കിം ചന്ദ്ര, കല്‍ക്കട്ടയില്‍ നിന്ന് വൈകുന്നേരം ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രകൃതിയുടെ വനഭംഗി ആസ്വദിക്കുന്നതില്‍ അദ്ദേഹം പൂര്‍ണ്ണമായും മുഴുകി. വൈകുന്നേരം വൈകി വീട്ടിലെത്തി. അടുത്തുള്ള മാന്തോപ്പില്‍ വിശ്രമിക്കുമ്പോഴും, ആ ചിന്തകള്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെ മനസില്‍ അന്തര്‍ലീനമായ ആശയങ്ങള്‍ ഒരു കവിതയുടെ ഏതാനും വരികളായി ഉടനടി പ്രകടമായി. ഉടനെ അദ്ദേഹം അവ ഒരു കടലാസില്‍ എഴുതി. ചില വരികള്‍ അദ്ദേഹത്തിന്റെ മാതൃഭാഷയായ ബംഗാളിയിലും ചിലത് സംസ്‌കൃതത്തിലുമായിരുന്നു. അങ്ങനെ ദേശീയ ബോധമുണര്‍ത്തുന്ന ‘വന്ദേ മാതരം’ രൂപപ്പെട്ടു. ഒരാഴ്ചയില്‍, ‘ബംഗദര്‍ശന്‍’ പുതിയ ലക്കം അച്ചടിക്കുന്ന സമയത്ത് രണ്ട് ഇഞ്ച് നീളമുള്ള ഒരു ശൂന്യമായ സ്ഥലം പ്രസ്സിലെ പ്രൂഫ് റീഡറുടെ ശ്രദ്ധയില്‍ പതിഞ്ഞു. അദ്ദേഹം എഡിറ്ററുടെ അടുത്തേക്ക് ഓടിച്ചെന്ന് ആ സ്ഥലത്തിലേക്ക് ഒരു മാറ്റര്‍ ചോദിച്ചു. അരമണിക്കൂറിനുശേഷം പ്രൂഫ് റീഡര്‍ മാറ്റര്‍ വാങ്ങാന്‍ എത്തിയപ്പോള്‍, എഡിറ്ററായ ബങ്കിം ചന്ദ്ര കുറച്ച് വരികള്‍ എഴുതിയ ഒരു കടലാസ് നല്‍കി. അങ്ങനെ ആ കവിത അച്ചടിച്ചു. പിറ്റേന്ന് രാവിലെ ‘ബംഗ ദര്‍ശന്‍’ ന്യൂസ് സ്റ്റാന്‍ഡുകളില്‍ എത്തി. ആദ്യമായി ‘വന്ദേമാതരം’ എന്ന കവിത വായനക്കാരുടെ മുന്നിലെത്തി, ‘വന്ദേമാതരം’ എന്ന് തന്നെയായിരുന്നു ബങ്കിം തന്റെ കവിതയ്ക്ക് നല്‍കിയ തലക്കെട്ട്. എന്നിരുന്നാലും, അക്കാലത്ത് ആ കവിത ശ്രദ്ധിക്കപ്പെടാതെ പോയി.

ഇന്ത്യന്‍ സാഹിത്യത്തിലെ ആദ്യകാല നോവലിസ്റ്റുകളില്‍ ഏറ്റവും മികച്ച പ്രതിഭാസമ്പന്നനായ എഴുത്തുകാരനായിരുന്നു ബങ്കിം ചന്ദ്ര ചാറ്റര്‍ജി. 1865-ല്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ‘ദുര്‍ഗേശനന്ദിനി’ പുറത്തുവന്നതോടെയാണ്, നോവല്‍ എന്ന സാഹിത്യപ്രസ്ഥാനം ബംഗാളിയില്‍ വേരുറച്ചത്. അതിനുമുമ്പ് മറ്റൊരു ഭാരതീയ ഭാഷ യിലും ഇത്തരം ഗദ്യകൃതികള്‍ ഉണ്ടായിട്ടില്ല. ദുര്‍ഗേശനന്ദിനിയ്ക്കു ശേഷം കപാലകുണ്ഡല, മൃണാളിനി, വിഷവൃക്ഷം, ഇന്ദിര, രാധാ റാണി, ചന്ദ്രശേഖര്‍, രജനി, കൃഷ്ണകാന്തന്റെ മരണപത്രം, ആനന്ദ മഠം, ദേവി ചൗധുറാണി, രാജസിംഹന്‍, സീതാരാമ എന്നിങ്ങനെ ഒട്ടേറെ നോവലുകള്‍ അദ്ദേഹം തുടര്‍ച്ചയായി എഴുതി. സാഹിത്യചരിത്രകാരന്മാര്‍ ബംഗാളിയിലെ നോവല്‍ പ്രസ്ഥാനത്തിന്റെ പ്രാരംഭകന്‍ എന്ന ബഹുമതി ബങ്കിംചന്ദ്ര ചാറ്റര്‍ജിക്കാണ് നല്‍കിയിരിക്കുന്നത്. രാജാറാം മോഹന്‍ റായിയുടെയും, ഈശ്വര ചന്ദ്രവിദ്യാസാഗറിന്റെയും പരിഷ്‌കരണപ്രസ്ഥാനങ്ങളും ആശയങ്ങളും വലിയ ചലനങ്ങള്‍ സൃഷ്ടിച്ച കാലത്താണ് ബങ്കിംചന്ദ്ര ജീവിച്ചിരുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിലും മറ്റിടങ്ങളിലും സൃഷ്ടിച്ച കുഴപ്പങ്ങള്‍ ബങ്കിം ചന്ദ്ര മനസ്സിലാക്കി. ആധുനിക വിദ്യാഭ്യാസം സിദ്ധിച്ചവരും സാധാരണക്കാരും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചുവരുന്നത് അദ്ദേഹം കണ്ടു. സോഷ്യലിസ്റ്റാശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ബങ്കിം ചന്ദ്ര, ബംഗാളിലെ കര്‍ഷകജീവിതവും കര്‍ഷകരുടെ പ്രശ്‌നങ്ങളും നന്നായി മനസ്സിലാക്കിയിരുന്നു.

തന്റെ ആശയാദര്‍ശങ്ങളുടെ പ്രചാരണത്തിനാണ് ‘ബംഗദര്‍ശന്‍’ എന്ന പേരില്‍ ഒരു മാസിക ബങ്കിംചന്ദ്ര, ആരംഭിച്ചത്. ‘വിഷവൃക്ഷം’ തൊട്ടുള്ള അദ്ദേഹത്തിന്റെ നോവലുകള്‍ ബംഗദര്‍ശനില്‍ ഖണ്ഡശ്ശഃ പ്രസിദ്ധപ്പെടുത്തിയതിന് ശേഷമാണ് പുസ്തകരൂപത്തില്‍ പുറത്ത് വന്നത്.

വന്ദേമാതരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ അരവിന്ദഘോഷ്
(1909 നവംബർ 9)

നോവലുകള്‍ പ്രസിദ്ധപ്പെടുത്താന്‍വേണ്ടി മാത്രമല്ല. ബങ്കിംചന്ദ്രന്‍, ‘ബംഗദര്‍ശന്‍’ ഉപയോഗപ്പെടുത്തിയത്. മതപരവും ചരിത്രപരവും ശാസ്ത്രീയവും സാമൂഹികവുമായ വിവിധ വിഷയങ്ങളെ ആസ്പദമാക്കി അദ്ദേഹം ലേഖനങ്ങളെഴുതുകയും അവ ബംഗദര്‍ശനില്‍ തുടരെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ദേശീയബോധവും നാട്ടില്‍ നടമാടുന്ന അനീതികളെക്കുറിച്ചുള്ള ബോധവും ജനങ്ങളിലുണര്‍ത്താന്‍ അദ്ദേഹം ബംഗദര്‍ശനിലൂടെ പരിശ്രമിച്ചു. രൂക്ഷമായ പരിഹാസവും വിമര്‍ശനങ്ങളുമടങ്ങിയ പല ലേഖനങ്ങള്‍ക്കും മറുപടി പറയാന്‍ കഴിയാതെ പല എതിരാളികളും നിശബ്ദരായി. ബങ്കിം ചന്ദ്രയുടെ ദേശീയവീക്ഷണം അക്കാലത്തെ പല ദേശാഭിമാനികള്‍ക്കും ഉത്തേജനം നല്‍കിയിരുന്നു.

ബങ്കിംചന്ദ്രയുടെ ഏറ്റവും മഹത്തായ നോവലാണു ആനന്ദമഠം. ആനന്ദമഠത്തിലെ ഒരു കഥാപാത്രമായ ഭവാനന്ദന്‍ ചൊല്ലുന്നതാണ് വന്ദേമാതരഗാനം. ഭാരത ഭൂമിയുടെ പ്രകൃതിഭംഗിയും ആദ്ധ്യാത്മികശോഭയും വര്‍ണ്ണിച്ച് കൊണ്ടുള്ളതാണ് അത്യന്തമനോഹരമായ ഈ ഗാനം. നോവലില്‍ ഒരു കഥാപാത്രമായ ഭവാനന്ദന്‍ വികാരവിവശനായി വന്ദേമാതരം ചൊല്ലുന്നു.

ബങ്കിംചന്ദ്ര ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ സവിശേഷതകള്‍ അറിഞ്ഞെങ്കില്‍ മാത്രമേ വന്ദേമാതരത്തിന്റെ ദേശീയപ്രാധാന്യം മനസ്സിലാക്കാന്‍ കഴിയൂ. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം ബ്രിട്ടീഷ് ഇന്ത്യ ഭരിക്കാനുള്ള അധികാരം ചക്രവര്‍ത്തിയില്‍ നിക്ഷിപ്തമായി. ചക്രവര്‍ത്തിയുടെ പ്രതിപുരുഷനായി വൈസ്രോയി നിയമിക്കപ്പെട്ടു. പാശ്ചാത്യരുടെ ആചാരവിചാരങ്ങളെ അന്ധമായി അനുകരിക്കുന്ന ഒരു കാലമായിരുന്നു അത്. ഇന്ത്യന്‍ സംസ്‌കാരപാരമ്പര്യം പാടേ അവഗണിക്കപ്പെട്ടു. ഈ ഘട്ടത്തില്‍ നാട്ടുകാര്‍ക്കിടയില്‍ ദേശീയബോധവും ദേശാഭിമാനവും സ്വന്തം പാരമ്പര്യബോധവും വളര്‍ത്തിയെടുക്കുന്നതില്‍ ബങ്കിംചന്ദ്രയുടെ സാഹിത്യം വലിയൊരു പങ്കുവഹിച്ചു.

1882-ലാണ് ആനന്ദമഠം പ്രസിദ്ധപ്പെടുത്തിയത്. അതിനും ഒരു നൂറ്റാണ്ടുമുമ്പ് ബംഗാളില്‍ നടന്ന ചില സംഭവങ്ങളില്‍നിന്നു രൂപപ്പെടുത്തിയതാണ് അതിന്റെ ഇതിവൃത്തം. പ്ലാസിയുദ്ധത്തില്‍ സിറാജ് ദൗള പരാജയപ്പെടുകയും ചെയ്തതിന് ശേഷമുള്ള കാലഘട്ടം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആഭ്യന്തരസമരങ്ങളില്‍ കക്ഷിപിടിച്ച് രാജ്യം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. ബംഗാളില്‍ കൊടുംക്ഷാമം പടര്‍ന്നുപിടിച്ചു. നാടാകെ പട്ടിണിയിലമര്‍ന്നു. ജനങ്ങള്‍ വിശപ്പടക്കാന്‍ വഴികാണാതെ പലവഴിക്കും തെണ്ടിത്തിരിഞ്ഞു. അനേകമാളുകള്‍ വിശന്നുപൊരിഞ്ഞു മരിച്ചു. ജനങ്ങളുടെ കഷ്ടപ്പാടിനും ദുരിതങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാതെ ഭരണകൂടം ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് ഖജനാവ് നിറയ്ക്കാന്‍ നവാബിന്റെ, കണ്ണില്‍ച്ചോരയില്ലാത്ത ഉദ്യോഗസ്ഥന്മാര്‍ ശ്രമിച്ചു. ഈ ഘട്ടത്തില്‍, ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു

വന്ദേമാതരം ആദ്യ ബംഗാളി പതിപ്പ്

വൈഷ്ണവമതക്കാരായ സന്യാസിമാരാണ് അതിനു നേതൃത്വം നല്‍കിയത്. ജീവിതം ദുസ്സഹമായിത്തീര്‍ന്ന ജനങ്ങള്‍ കലാപത്തില്‍ പങ്കുചേര്‍ന്നു. കര്‍ഷകരും പിരിച്ചുവിടപ്പെട്ട പട്ടാളക്കാരും സ്വത്ത് നഷ്ടപ്പെട്ട ജമീന്ദാരന്മാരുമെല്ലാം കലാപത്തിനു കലവറയില്ലാതെ പിന്തുണ നല്‍കി. നവാബിന്റെ പക്ഷംചേര്‍ന്നു കലാപത്തെ അടിച്ചമര്‍ത്താന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പട്ടാളവുമിറങ്ങിയപ്പോള്‍ കലാപകാരികള്‍ വെള്ളക്കാര്‍ക്കെതിരെ തിരിഞ്ഞു. രംഗപൂര്‍, ഡാക്ക, മൈമന്‍ സിംഗ്, ബോഗ്ര മുതലായ പ്രദേശങ്ങള്‍ കലാപകാരികള്‍ കൈയടക്കി. പല സ്ഥലത്തുവച്ചും ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് കനത്ത പരാജയം നേരിട്ടു. ഈ കലാപത്തിന്റെ നേതൃത്വം സന്യാസിമാര്‍ക്കായിരുന്നതിനാല്‍ ബ്രിട്ടീഷുകാര്‍ ഇതിന് ‘സന്യാസികലാപം’ എന്നു പേരിട്ടു. ഈ കലാപം അവസാനം ബ്രിട്ടീഷ് ഭരണകൂടം അടിച്ചമര്‍ത്തി.
ഈ കലാപമാണ് ആനന്ദമഠം നോവലിന്റെ പശ്ചാത്തലം. ആ കലാപത്തില്‍ പങ്കെടുത്തവരുടെ ആശയും ആവേശവും ആദര്‍ശവുമെല്ലാം പ്രതിഫലിപ്പിക്കുന്ന ഗാനമായാണ് ബങ്കിംചന്ദ്ര ചാറ്റര്‍ജി ‘വന്ദേമാതരം’ നോവലില്‍ ഉള്‍പ്പെടുത്തിയത്. ആനന്ദമഠത്തിലെ ഒരു കഥാപാത്രമായ ഭവാനന്ദന്‍ ആലപിക്കുന്നതാണ് വന്ദേമാതരഗാനം. ഭാരതത്തിന്റെ പ്രകൃതിഭംഗിയും ആദ്ധ്യാത്മികശോഭയും വണ്ണിച്ചുകൊണ്ടുള്ളതാണ് അത്യന്തമനോഹരമായ ഈ ഗാനം. ഭവാനന്ദന്‍ വികാരവിവശനായി വന്ദേമാതരം ചൊല്ലുന്നതായി നോവലില്‍ ചിത്രീകരിച്ചു.

ദേശീയപ്രസ്ഥാനത്തിന് ഉണര്‍വും ഊര്‍ജസ്വലതയും നല്‍കാന്‍ വന്ദേമാതരം സഹായിച്ചു. പതിനായിരക്കണക്കിനു ദേശാഭിമാനികളെ കര്‍മോന്മുഖരാക്കാന്‍ കഴിഞ്ഞ മഹാമന്ത്രമാണ് വന്ദേമാതരം. ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് പിടികൂടി തൂക്കിലേറ്റിയ അര ഡസന്‍ സായുധവിപ്ലവകാരികളെങ്കിലും കഴുമരത്തില്‍ കയറുമ്പോള്‍ അവസാനം ഉച്ചരിച്ചത് ‘വന്ദേമാതരം’ എന്നായിരുന്നു. 1909-ല്‍, ഇന്ത്യാ സെക്രട്ടറിയുടെ പൊളിറ്റിക്കല്‍ എ.ഡി.സി.യുമായിരുന്ന സര്‍ കഴ്‌സണ്‍ വൈലിയെ വെടിവെച്ച് കൊന്ന വിപ്ലവകാരി മദന്‍ ലാല്‍ ദിംഗ്ര തൂക്കുമരത്തിന് കീഴില്‍ നിന്നപ്പോള്‍ അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ ‘വന്ദേമാതരം’ എന്നായിരുന്നു. അതേവര്‍ഷം തന്നെ, പാരീസിലെ ഇന്ത്യന്‍ ദേശസ്‌നേഹികള്‍ ജനീവയില്‍ നിന്ന് ‘വന്ദേമാതരം’ ഒരു മാസിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. 1912-ല്‍, ഗോപാലകൃഷ്ണ ഗോഖലെ കേപ് ടൗണില്‍ എത്തിയപ്പോള്‍, വന്ദേമാതരം എന്ന മന്ത്രങ്ങളാലാണ് ഇന്ത്യന്‍ സമൂഹം അദ്ദേഹത്തെ സ്വാഗതം ചെയ്തത്. വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിംചന്ദ്രചാറ്റര്‍ജി അതുല്യനായ ദേശസ്‌നേഹിയും സാഹിത്യകാരനുമെന്ന നിലയില്‍ ഇന്നും സര്‍വ്വരാല്‍ ആരാധിക്കപ്പെടുന്നു.

നാഷണൽ ആർക്കെവ്സിൽ സൂക്ഷിച്ചിരിക്കുന്ന വന്ദേമാതരത്തിൻ്റെ കയ്യെഴുത്തുപ്രതി

20 വര്‍ഷങ്ങള്‍ക്ക് ശേഷം, 1896-ല്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊല്‍ക്കത്ത സമ്മേളനം നടത്തിയപ്പോള്‍, ‘വന്ദേമാതരം’ എന്ന പ്രാര്‍ത്ഥനാ ഗാനമായി ആലപിച്ചാണ് സമ്മേളനം ആരംഭിച്ചത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ രബീന്ദ്രനാഥ് ടാഗോര്‍ അവിടെ ആലപിച്ചു. അവിടെയുണ്ടായിരുന്ന ബങ്കിം ചന്ദ്രയുടെ സാന്നിധ്യത്തില്‍ അത് ആലപിക്കാന്‍ അവസരം ലഭിച്ച ടാഗോറാണ് ആദ്യമായി, വന്ദേമാതരത്തിന് ഈണം നല്‍കിയത് എന്ന് രേഖകള്‍ പറയുന്നു. അദ്ദേഹം രണ്ട് ചരണങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഗാനത്തിന്റെ ബാക്കി ഭാഗങ്ങള്‍ രബീന്ദ്രനാഥിന്റെ അനന്തരവതിയായ സരളാ ദേവിയാണ് സംഗീതം നല്‍കിയത്. ആദ്യം ഇത് പൊതുസദസ്സില്‍ ആലപിച്ച ഹേം ചന്ദ്ര ബന്ദോപാധ്യായയും രവീന്ദ്രനാഥ ടാഗോറും ഒരേ ചരണങ്ങള്‍ തന്നെയാണ് തിരഞ്ഞെടുത്തത് എന്നത് ശ്രദ്ധേയമാണ്. അഞ്ച് വര്‍ഷത്തിന് ശേഷം 1901-ല്‍ കൊല്‍ക്കത്തയില്‍ നടന്ന മറ്റൊരു കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ ചരണ്‍ സെന്‍ ഇത് ആലപിച്ചു. 1905-ല്‍ ബനാറസ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ സരളാ ദേവി ചൗധരാനി ഈ ഗാനം ആലപിച്ചു.

ആദ്യകാലത്ത് ഗവണ്മെന്റും കോണ്‍ഗ്രസ്സിനെ അംഗീകരിച്ചു. ഇന്ത്യന്‍ ജനതയുടെ വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഔദ്യോഗികസംഘടനയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍, വികാരപ്രകടനം കാലാനുസൃതമായി വളര്‍ന്നുവരികയും ഗവണ്മെന്റിനു നിയന്ത്രിക്കാന്‍ സാധിക്കാത്ത മട്ടില്‍ വിപുലമാവുകയും ചെയ്തു. അതോടെ കോണ്‍ഗ്രസ്സും മറ്റു ദേശീയപ്രസ്ഥാനങ്ങളും ആപത്കരങ്ങളാണെന്ന് ഭരണാധികാരികള്‍ തിരിച്ചറിഞ്ഞു.

സുചേതാ കൃപലാനി

1905-ലെ ബംഗാള്‍ വിഭജനം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ സംഭവമായിരുന്നു. ഭരണസൗകര്യത്തിനുവേണ്ടി വൈസ്രോയിയായ കഴ്‌സണ്‍ പ്രഭുവാണ് ബംഗാള്‍ വിഭജനത്തിനു നേതൃത്വം നല്‍കിയത്. ബംഗാള്‍ വിഭജനത്തിനു മുമ്പുതന്നെ വന്ദേമാതരം വേഗത്തില്‍ പ്രചാരം നേടിയിരുന്നു. ബംഗാളികളുടെ വികാരങ്ങള്‍ മുറിപ്പെടുത്തിയ വിഭജനം രാഷ്ട്രീയ-സാമൂഹ്യരംഗത്തു വന്‍ കോളിളക്കമുണ്ടാക്കി. ആദ്യമാദ്യം ചെറിയ തോതില്‍ ജനങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. അധികാരികള്‍ അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ പ്രതിഷേധം കൂടുതല്‍ വ്യാപിച്ചു.

ബംഗാള്‍ വിഭജനത്തെ തുടന്നുണ്ടായ വമ്പിച്ച പ്രതിഷേധ യോഗങ്ങളില്‍ ദേശസ്‌നേഹികള്‍ വന്ദേമാതരത്തെ അംഗീകരിച്ച് ഔപചാരികമായ ആലപിച്ചുപോന്നു. പക്ഷേ, അധികാരികള്‍ കുപിതരായി. അവര്‍ വന്ദേമാതരം ആലപിക്കുന്നതു കുറ്റകരമാണെന്ന് വിധിച്ചു.

1906-ല്‍ ബാരിസാളില്‍ ചരിത്രപ്രാധാന്യമുള്ള ഒരു രാഷ്ട്രീയ സമ്മേളനം നടന്നു. ബംഗാളികള്‍ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനായി കൂട്ടമായി അവിടെ എത്തിച്ചേര്‍ന്നു. ദേശീയപ്രസ്ഥാനത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലാക്കിയ ഒന്നായിരുന്നു ഈ സമ്മേളനം.

സമ്മേളനത്തിന് മുമ്പുതന്നെ വന്ദേമാതരം ചൊല്ലുന്നത് കുറ്റകരമാണെന്ന സര്‍ക്കാരിന്റെ വിളംബരം വന്നു. ദേശാഭിമാനികളായ ബംഗാളികള്‍ അവര്‍ ഗവണ്മെന്റിന്റെ കല്പന തൃണവല്‍കരിച്ച് യോഗത്തില്‍ വന്ദേമാതരം ചൊല്ലി. വന്ദേമാതരഗാനം ചൊല്ലിക്കൊണ്ടു നടത്തിയ ഘോഷയാത്രയില്‍ ദേശാഭിമാനികളെ മൃഗീയമായി മര്‍ദനം നടത്തി പിരിച്ചുവിടാന്‍ ഭരണാധികാരികള്‍ ശ്രമിച്ചു. ലാത്തിയടിയേറ്റ് നൂറുകണക്കിന് ദേശസ്‌നേഹികള്‍ക്ക് പരിക്കേറ്റു. പക്ഷേ, അവര്‍ കരഞ്ഞില്ല. വര്‍ദ്ധിച്ച ആവേശത്തോടെ വിളിച്ചു: വന്ദേമാതരം! ഗവണ്മെന്റിന്റെ ഈ നടപടിക്കെതിരെ ഇന്ത്യയൊട്ടാകെ പ്രതിഷധമുയര്‍ന്നു.

കറൻ്റ് വാരികയുടെ എഡിറ്ററായ ഡി.എഫ്. കാരക

അതോടെ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനക്കാര്‍ ഏതു ചടങ്ങിന്റെ തുടക്കത്തിലും ഇത് ആലപിച്ചു തുടങ്ങി. കൊച്ചുകുട്ടികള്‍പോലും ഈ ദേശഭക്തി ഗാനത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു ബ്രിട്ടീഷുകാരെ ഏറ്റവുമധികം വിറളികൊള്ളിച്ചതും ഈ ഗാനമായിരുന്നു. അതുകാരണം വന്ദേമാതരം അത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്നതും കുറ്റകരമാക്കി. വന്ദേമാതരം പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും രാജദ്രോഹമായി. വന്ദേ മാതരം ആലപിക്കുന്നവരെ ജയിലിലിട്ടു. കൊച്ചുകുട്ടികളെപോലും നിയമം പിടികൂടി ശിക്ഷിച്ചു. എന്നിട്ടും ജനങ്ങള്‍ വന്ദേമാതരം കൈ വെടിയാന്‍ തയ്യാറായില്ല.

‘വന്ദേമാതരം’ എന്ന ഗാനത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശകരമായ മന്ത്രമാക്കി മാറ്റിയതില്‍ ശ്രീ അരവിന്ദഘോഷ് പ്രധാന പങ്കുവഹിച്ചു. ബിപിന്‍ ചന്ദ്രപാല്‍ ആരംഭിച്ച ‘ബന്ദേ മാതരം’ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്ററായിരുന്ന അദ്ദേഹം, ഈ ബംഗാളി ഗാനത്തിന്റെ അര്‍ത്ഥതലങ്ങള്‍ പരിഭാഷയിലൂടെ ജനങ്ങളിലെത്തിക്കുകയും, ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെ (1909) ഇതിനെ ദേശീയതയുടെ പ്രതീകമാക്കുകയും ചെയ്തു. ബങ്കിം ചന്ദ്രയുടെ ഗാനത്തിന് ഒരു പുതിയ വ്യാഖ്യാനം നല്‍കി അതിനെ ഒരു രാഷ്ട്രത്തിന്റെ ‘മന്ത്രം’ ആക്കി മാറ്റിയത് അരബിന്ദോ ആയിരുന്നു.

1904-05 കാലത്ത് രവീന്ദ്രനാഥ ടാഗോറിന്റ ശബ്ദത്തില്‍ ആദ്യത്തെ വന്ദേമാതരം ഗ്രാമഫോണ്‍ റെക്കോര്‍ഡ് വിപണിയില്‍ വന്നു. അതോടെ ഗാനത്തിന്റെ ജനപ്രീതി ഒന്നുകൂടി ഉയര്‍ന്നു. അതിനിടയില്‍, ബ്രിട്ടീഷുകാര്‍ വന്ദേമാതരം ആലപിക്കുന്നത് നിരോധിച്ചു. 1907-ല്‍ പോലീസ് ഗ്രാമാഫോണ്‍ ഫാക്ടറിയും നിലവിലുള്ള റെക്കോര്‍ഡുകളുടെ സ്റ്റോക്കും നശിപ്പിച്ചു. എന്നാല്‍ റെക്കോഡുകളുടെ കുറച്ച് പകര്‍പ്പുകള്‍ ഇന്ത്യയ്ക്ക് പുറത്ത് ബെല്‍ജിയത്തിലും പാരീസിലും എത്തിയിരുന്നു അങ്ങനെ രവീന്ദ്രനാഥ ടാഗോറിന്റെ വന്ദേമാതരത്തിന്റെ ചില റെക്കോര്‍ഡുകള്‍ വരും തലമുറയ്ക്കായി നിലനിന്നു. ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍ ലഭ്യമായ വന്ദേമാതരത്തിന്റെ ഏറ്റവും പഴയ റെക്കോര്‍ഡാണ് രവീന്ദ്രനാഥ ടാഗോറിന്റെ ആലാപന പതിപ്പ്.

സുചേതാ കൃപലാനി പാർലമെൻ്റിൽ വന്ദേ മാതരം ആലപിക്കുന്നു. ഇടത്ത് രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് വലത്ത് പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു- ചിത്രകാരൻ്റെ ഭാവനയിൽ (1947 ഓഗസ്റ്റ് 14)

1905 നും 1920 നും ഇടയിലുള്ള കാലയളവില്‍, നിരവധി ബംഗാളി സംഗീതസംവിധായകരും ഗായകരും ഗാനത്തിന്റെ ജനപ്രീതി കാരണം വ്യത്യസ്ത ഈണങ്ങളില്‍ ഈ ഗാനം ആലപിച്ചു. നാരായണ്‍ ചന്ദ്ര മുഖര്‍ജി, ബാബു സുരേന്ദ്ര നാഥ് ബാനര്‍ജി, ദേശ് ദാസ്, സത്യ ഭൂഷണ്‍ ഗുപ്ത, ഹേം ചന്ദ്ര സെന്‍, ഹരേന്ദ്ര നാഥ് ദത്ത് തുടങ്ങിയവരുടെ ശബ്ദത്തില്‍ വ്യത്യസ്ത ലേബലുകളില്‍ റെക്കോര്‍ഡുകള്‍ പുറത്തുവന്നു.

ബംഗാള്‍ വിഭജനം ആ ഗാനത്തെ ഒരു പ്രാര്‍ത്ഥനാ ഗാനമാക്കി. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന സിസ്റ്റര്‍ നിവേദിത കൊല്‍ക്കത്തയില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ക്കും വേണ്ടി തുടങ്ങിയ ‘നിവേദിതാ വിദ്യാലയ’ത്തില്‍ വന്ദേമാതരം തങ്ങളുടെ പ്രഭാത പ്രാര്‍ത്ഥനാ ഗാനമാക്കി.

വന്ദേ മാതരം ആദ്യമായി കോൺഗ്രസ് യോഗത്തിൽ ആലപിച്ച ബംഗാളി കവിയായ ഹേം ചന്ദ്ര ബന്ദോപാധ്യായ

എന്നാല്‍ ഗാനത്തിന് മറ്റൊരു പ്രതിസന്ധി നേരിടേണ്ടി വന്നു. ‘വന്ദേമാതരം’ സംബന്ധിച്ച് ഒരു തര്‍ക്കം ഗാനത്തിന്റെ പിറവിയില്‍ തന്നെ ഉടലെടുത്തിരുന്നു. ഇന്ത്യയിലെ വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരമുള്ള ഒരു ജനതയെ ഏകീകരിച്ച ഗീതമായിട്ടും വിവാദങ്ങള്‍ പൊട്ടിമുളച്ചു. ആനന്ദമഠം നോവലില്‍ ദുര്‍ഗ്ഗയെ മാതൃരാജ്യമായി ചിത്രീകരിക്കുന്നതും അതിലെ മുസ്ലീംവിരുദ്ധ ഭാഗങ്ങളും മുസ്ലീം ലീഗിനെ ആശങ്കയിലാക്കി. പിന്നീടുള്ള ഗാനത്തിന്റെ ഖണ്ഡങ്ങളില്‍ വരുന്ന ഹിന്ദു ദേവതകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ അവര്‍ എതിര്‍ത്തു.

The Betrayal in India (1950) എന്ന തന്റെ പുസ്തകത്തില്‍ ഡി.എഫ് കാരക എഴുതുന്നു. (പ്രശസ്തമായ കറന്റ് വാരികയുടെ(1949) സ്ഥാപക എഡിറ്ററായ കാരക നെഹ്‌റുവിന്റെ നിശിത വിമര്‍ശകനായിരുന്നു. കശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ നെഹ്റുവിന്റെ രാഷ്ട്രീയ തീരുമാനങ്ങളെയും വ്യക്തിപരമായ പശ്ചാത്തലത്തെയും വിമര്‍ശനാത്മക നിലപാടില്‍ കാരക എഴുതിയ പുസ്തകമാണ് Nehru – The Lotus Eater of Kashmir’ )

കാരക എഴുത്രി ”വളരെക്കാലമായി രണ്ട് ഗാനങ്ങള്‍ ഇന്ത്യന്‍ ദേശീയ ഗാനമെന്ന നിലയില്‍ പരസ്പരം മത്സരിച്ചിരുന്നു. ഒന്ന് ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേമാതരം, മറ്റൊന്ന് ടാഗോറിന്റെ മഹത്തായ ഗാനമായ ജനഗണമന.”

സർദാർ പട്ടേലിൻ്റെ ക്ഷണ പ്രകാരം 1947 ഓഗസ്റ്റ് 15 ന് ആകാശവാണിയിൽ വന്ദേ മാതരം ആലപിച്ച സംഗീതജ്ഞൻ പണ്ഡിറ്റ് ഓംകാർനാഥ്

രണ്ട് ഗാനങ്ങളില്‍ ഏറ്റവും പുരാതനമായിരുന്നു ആദ്യത്തേത്. പേര് സൂചിപ്പിക്കുന്നത് പോലെ, ഭാരത മാതാവിനുള്ള ഒരു സ്തുതിഗീതമായി ഇത് പ്രത്യേകമായി എഴുതിയതല്ല. ചാറ്റര്‍ജി ഒരു ബംഗാളി നോവലിസ്റ്റായിരുന്നു, ഗാനരചയിതാവല്ല. ബംഗാളിലെ വിദേശ ഭരണത്തിനെതിരെ കലാപം നടത്തുന്ന ഒരു കൂട്ടം ബ്രാഹ്‌മണരെക്കുറിച്ചാണ് ഈ ഗാനം. അതിലെ കഥ അനുസരിച്ച്, അവര്‍ യഥാര്‍ത്ഥ റോബിന്‍ ഹുഡ് പാരമ്പര്യത്തില്‍ കൊള്ളക്കാരായി മാറുകയും ഒരു നിഗൂഢ ആരാധനാക്രമം പിന്തുടരുകയും ചെയ്തു. തങ്ങളുടെ മലയോര ഒളിത്താവളങ്ങളില്‍, അവര്‍ ആരാധിച്ചിരുന്ന ദേവിയെ സ്തുതിച്ചുകൊണ്ട് പാടിയിരുന്ന ഗാനമായിരുന്നു വന്ദേമാതരം. ഈ ഗാനത്തെ ഇന്ത്യയ്ക്കുള്ള ആദരവായി വ്യാഖ്യാനിക്കാം, ആരാധിക്കുകയും ചെയ്യാം.

എന്നാല്‍ വിഗ്രഹാരാധന മുസ്ലീം മതത്തിന് വിരുദ്ധമായതിനാല്‍, മുസ്ലീങ്ങള്‍ വന്ദേമാതരത്തെ എതിര്‍ത്തു. ആദ്യ കോണ്‍ഗ്രസ് മന്ത്രിസഭകളുടെ കാലത്ത് (1937-39), ഈ ഗാനം ആലപിക്കുന്ന വിഷയത്തില്‍ തര്‍ക്കം ഉയര്‍ന്ന്, പ്രവിശ്യാ അസംബ്ലികളില്‍ നിരവധി കൊടുങ്കാറ്റുള്ള ചര്‍ച്ചകളും കോപാകുലമായ വാക്കൗട്ടുകളും നടന്നു. ഇന്ത്യയിലെ മുസ്ലീംകള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ അടിച്ചമര്‍ത്തലുകളും അതിക്രമങ്ങളും ആരോപിച്ച് മുസ്ലീം ലീഗ്, വന്ദേമാതരം ആലപിക്കുന്നത് അതിലൊന്നായി കണക്കാക്കി. അതിനുശേഷം കോണ്‍ഗ്രസ് വന്ദേമാതരത്തിന്റെ ചില ഖണ്ഡിക ഒഴിവാക്കി ദേശീയ ഗാനമായി സ്വീകരിക്കാന്‍ തീരുമാനിച്ചു.
എന്നിരുന്നാലും, വന്ദേമാതരം ഒരു ദേശീയഗാനത്തിന്റെ നിലയില്‍ അത്ര തൃപ്തികരമായി ഒരിക്കലും കണക്കാക്കപ്പെട്ടിരുന്നില്ല. അതിലെ വാക്കുകളും സംഗീതവും വളരെ ശോകാത്മകമാണ്. അല്ലെങ്കില്‍ ഒരു സൈനിക ബാന്‍ഡിന് അത് എളുപ്പത്തില്‍ വായിക്കാന്‍ കഴിയുന്നതല്ല. അത് ഒരു ഗായകസംഘത്തിന് പാടാന്‍ അനുയോജ്യമല്ലായിരുന്നു. വളര്‍ന്ന് വികസിക്കേണ്ട ഒരു രാജ്യത്തിന്റെ ഗാനമാകേണ്ട അത് വിജയത്തിന്റ ഒരു സൂചനയും നല്‍കുന്നില്ല.

ബംഗാളി സാഹിത്യമാസികയായ ‘ബംഗദർശൻ’ നിൽ പ്രസിദ്ധീകരിച്ചു ആനന്ദമഠം നോവലിൻ്റെ പേജുകൾ

തല്‍ഫലമായി, ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു ബദല്‍ മാര്‍ഗം അന്വേഷിച്ചു, ഇന്ത്യയുടെ ദേശീയഗാനം ഇതുവരെ ഔദ്യോഗികമായി നിശ്ചയിച്ചിട്ടില്ലെങ്കിലും, ഒരു താല്‍ക്കാലിക ഗാനം ടാഗോറിന്റെ ‘ജനഗണമന’യാണ്. ഈ ഗാനത്തിന്, വെല്ലുവിളി നിറഞ്ഞ ഒരു പശ്ചാത്തലം ഉണ്ടായിരുന്നു. ടാഗോര്‍ എഴുതിയ ഉടന്‍ തന്നെ ബംഗാളിലെ തീവ്ര ദേശീയവാദികള്‍ അതിനെ എതിര്‍ത്തു. 1911-ലെ ഡല്‍ഹി ദര്‍ബാറിനിടെയാണ് ടാഗോര്‍ ഇത് എഴുതിയതെന്നും, ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെ അപദാനങ്ങളാണെന്നും ആരോപിച്ച് അവര്‍ ഒരു കുശുകുശുപ്പ് പ്രചാരണം ആരംഭിച്ചു.

ടാഗോറിന്റേതാണ് കൂടുതല്‍ ആവേശകരമായ ഗാനം എന്നതില്‍ സംശയമില്ല. എന്നാല്‍ രീതിയില്‍ ദക്ഷിണേന്ത്യന്‍ ദേശീയവാദികള്‍ അതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചു. കാരണം കവി ഇന്ത്യയിലെ പ്രവിശ്യകളെ ഗാനത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍, മദ്രാസിനെ ഒരു യൂണിറ്റായി അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേപോലെ ‘എന്റെ പ്രവിശ്യയെ പരാമര്‍ശിക്കാത്ത ഒരു ദേശീയഗാനത്തിന് ഞാന്‍ എങ്ങനെ പിന്‍തുണ നല്‍കും?’ എന്ന് അസാമില്‍ നിന്നുള്ള മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞു. 1948 ജൂലൈ 1-ന്, അസമിലെ ഷില്ലോങ്ങില്‍ ഒരു റേഡിയോ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍, ജനഗണമന ആലപിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ഒരു കൂട്ടം കലാകാരന്മാര്‍ ആകാശവാണി പിക്കറ്റ് ചെയ്തു. മാത്രമല്ല, വിഭജനത്തിന്റെ ഫലമായി ഭൂമിശാസ്ത്രപരമായ അപാകതകള്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, കാരണം ബംഗാളിന്റെ പകുതിയും പഞ്ചാബിന്റെ പകുതിയും ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമല്ല. ഒരു ദേശീയഗാനം വേണമെന്ന് ഇത്രയധികം ദൃഢനിശ്ചയം ചെയ്ത്, ദേശീയ ചൈതന്യം ഉള്‍ക്കൊള്ളുന്നതിനുമുമ്പ് അതിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് തര്‍ക്കിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് തോന്നുന്നു. തന്റെ പുസ്തത്തിലെ ‘Fads and Fetishes’ എന്ന ലേഖനത്തില്‍ കാരക എഴുതി.

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഇത് ആഭ്യന്തര ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. സുഭാഷ് ചന്ദ്രബോസിന് എഴുതിയ ഒരു കത്തില്‍, ജവഹര്‍ലാല്‍ നെഹ്റു ഈ വിഷയത്തോടുള്ള തന്റെ സമീപനം വിശദീകരിച്ചു. ഗാനത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാന്‍ നെഹ്റു ആനന്ദമഠത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം വായിച്ചു. ‘ഈ പശ്ചാത്തലം മുസ്ലീങ്ങളെ അലോസരപ്പെടുത്താന്‍ സാധ്യതയുണ്ട്’. ഭാഷാ തടസ്സം നെഹ്‌റു തിരിച്ചറിഞ്ഞു – ഒരു നിഘണ്ടു ഇല്ലാതെ മിക്ക ആളുകള്‍ക്കും ബംഗാളി മനസ്സിലാക്കാന്‍ കഴിയില്ല – കൂടാതെ ‘വന്ദേമാതരത്തിനെതിരായ ഇപ്പോഴത്തെ പ്രതിഷേധം വലിയ തോതില്‍ വര്‍ഗീയവാദികള്‍ നിര്‍മ്മിച്ചതാണ്’ എങ്കിലും, അവര്‍ പറയുന്നതില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നെഹ്റു തന്റെ തത്വത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞു: ‘നമ്മള്‍ എന്തുതന്നെ ചെയ്താലും വര്‍ഗീയവാദികളുടെ വികാരങ്ങളെ മാനിക്കരുത്, മറിച്ച് അവയിലെ യഥാര്‍ത്ഥ പരാതികള്‍ പരിഹരിക്കുക എന്നതാണ് ചെയ്യേണ്ടത്.’ പിന്നീട് കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റിയുടെ നിലപാട് വ്യക്തമാക്കുന്നതിനായി രവീന്ദ്രനാഥ ടാഗോറുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു.

രബീന്ദ്ര നാഥ് ടാഗോര്‍

1937 ഡിസംബറില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി, വന്ദേമാതരം നേരത്തെ രചിക്കപ്പെട്ടതാണെന്നും പിന്നീട് മാത്രമാണ് നോവലില്‍ ഉള്‍പ്പെടുത്തിയതെന്നും വ്യക്തമാക്കി. ആ പ്രമേയം നിര്‍ണായകമായ ഒരു വ്യത്യാസം വരുത്തി: മാതൃരാജ്യത്തിന്റെ സൗന്ദര്യത്തെയും സമൃദ്ധിയെയും പ്രശംസിച്ച ആദ്യ രണ്ട് ഖണ്ഡികകള്‍ ദേശീയമായി അംഗീകരിച്ചു. എല്ലാ ജനങ്ങള്‍ക്കും പ്രാപ്യമായ ഒരു രാഷ്ട്രമായി ഇന്ത്യയെ ഈ ഖണ്ഡികകള്‍ ആഘോഷിച്ചു. എന്നിരുന്നാലും, മതപരമായ പ്രതിച്ഛായകള്‍ അടങ്ങിയ പിന്നീടുള്ള ഖണ്ഡികകളെക്കുറിച്ച് മുസ്ലീം സഹപ്രവര്‍ത്തകര്‍ ഉന്നയിച്ച ആശങ്കകള്‍ വര്‍ക്കിങ്ങ് കമ്മിറ്റി അംഗീകരിച്ചു. അവരുടെ ശുപാര്‍ശ വ്യക്തമായിരുന്നു – വന്ദേമാതരം ഗാനത്തിലെ ആദ്യ രണ്ട് ഖണ്ഡങ്ങള്‍ മാത്രം സ്വീകരിക്കുക.

‘വന്ദേമാതരം’ ഒരിക്കലും ദേശീയ ഗാനമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും, എന്നാല്‍ ദേശീയ ജീവിതത്തില്‍ അതിന് സവിശേഷവും വിലപ്പെട്ടതുമായ ഒരു സ്ഥാനമുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി. ഔദ്യോഗിക അംഗീകാരത്തിനായി ദേശീയ ഗാനങ്ങളെ വിലയിരുത്തുന്നതിനായി മൗലാന ആസാദ്, നെഹ്റു, സുഭാഷ് ചന്ദ്രബോസ് എന്നിവരടങ്ങുന്ന ഒരു ഉപസമിതിയെ അവര്‍ നിയമിച്ചു, ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ജനങ്ങള്‍ക്ക് വേണ്ടി ഉള്‍ക്കൊള്ളുന്ന അവരുടെ പ്രതിബദ്ധത ഇതില്‍ അവര്‍ പ്രകടമാക്കി.

ഒരു ബഹുസ്വര സമൂഹത്തില്‍ ദേശീയ ചിഹ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളെ സ്വതന്ത്ര ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന് ഒരു മാതൃക സ്ഥാപിച്ചുകൊണ്ട്, ഗാനത്തിന്റെ ചരിത്രപരവും വൈകാരികവുമായ പ്രാധാന്യത്തെ സാമുദായിക സംവേദനക്ഷമതയുമായി സന്തുലിതമാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമത്തെ ഈ പ്രമേയം വെളിപ്പെടുത്തുന്നു. ഈ സംഭവം ലളിതമായ ഒന്നല്ലെന്ന് കാണിക്കുന്നു. വര്‍ഗീയ പ്രക്ഷോഭത്തെയും യഥാര്‍ത്ഥ മതപരമായ ആശങ്കകളെയും കുറിച്ച് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം നന്നായി ബോധവാന്മാരായിരുന്നു.

കുറെക്കാലം മുന്‍പ് ദേശീയ ഗാനത്തെ ചൊല്ലി ഒരു വിവാദമുണ്ടായപ്പോള്‍ ഒരു മുന്‍ സ്വാതന്ത്ര്യ സമരസേനാനി കൂടിയായ കുങ്കുമം ഗ്രൂപ്പിന്റെ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായ എന്‍.വി. കൃഷ്ണവാര്യര്‍ കേരള ശബ്ദം വാരികയില്‍ (1985 ഡിസംബര്‍ 26 ലക്കം) ‘ ജനഗണമന’ എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനമെഴുതി.
ബങ്കിം ചന്ദ്രചാറ്റര്‍ജി എഴുതിയതും ആദ്യം ആനന്ദമഠം നോവലില്‍ പ്രസിദ്ധീകരിച്ചതുമായ ‘വന്ദേമാതരം’ എന്ന ഗാനം ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിക്കപ്പെടാതിരുന്നതിന് കാരണമുണ്ട്. ‘സുഫലയും സുജലയും മലയജശീതളയും സസ്യശ്യാമളയും’ എന്ന് ഇന്ത്യയുടെ ഭൂപ്രകൃതിയെ വര്‍ണിച്ചുകൊണ്ടു തുടങ്ങുന്നതെങ്കിലും ഈ ഗാനം തുടര്‍ന്നു വരുന്ന വരികളില്‍ ഹിന്ദുക്കള്‍ ആരാധിച്ചുവരുന്ന ദുര്‍ഗ, ലക്ഷ്മി എന്നീ ദേവിമാര്‍ക്കും ഇന്ത്യയ്ക്കും തമ്മില്‍ അഭേദം കല്പിക്കുന്നു.

‘ത്വംഹി ദുര്‍ഗാ ദശപ്രഹരണ ധാരിണീ
കമലാ കമല ദളവിഹാരിണീ’

ഇക്കാരണത്താല്‍, വന്ദേമാതരഗാനത്തിന് ഹിന്ദുമതപരമായ ഒരു കീര്‍ത്തനത്തിന്റെ സ്വഭാവമുണ്ടെന്നും, അതുകൊണ്ട് ദേശീയഗീതമായി അത് അംഗീകരിച്ചുകൂടെന്നും മുസ്ലീം ലീഗ് നിരന്തരമായി വാദിച്ചുവന്നു. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണെന്ന കോണ്‍ഗ്രസ്സുകാരുടെ അവകാശവാദം കളവാണെന്നും, സ്വതന്ത്രഭാരതത്തില്‍ നടപ്പില്‍വരുക ഹിന്ദുഭരണമായിരിക്കുമെന്നും സ്ഥിരമായ പ്രചാരണം ഇവിടെ വര്‍ഷങ്ങളോളം നടന്നുകൊണ്ടിരുന്നു. ഇന്ത്യയുടെ മതനിരപേക്ഷതയില്‍ ന്യൂനപക്ഷങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന ആശങ്ക ഒഴിവാക്കാനാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിര്‍ദേശപ്രകാരം ഭരണഘടനാനിര്‍മാണസഭ ‘വന്ദേമാതരം ദേശീയഗാനമെന്ന പദവിയില്‍നിന്നും ഒഴിച്ചുനിര്‍ത്തിയത്’ എന്‍.വി. വ്യക്തമായി എഴുതി.

ആനന്ദമഠം നോവലിലെ, ഒരു ഭാഗം – ഗുൽബർഗയിലെ സന്യാസി കലാപം ചിത്രകാരൻ്റെ ഭാവനയിൽ

ഇന്ത്യ സ്വാതന്ത്രമായ വര്‍ഷം, പുതിയ റിപ്പബ്ലിക്കിന്റെ ചിഹ്നങ്ങളും സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിനായി ഇന്ത്യയുടെ ഭരണഘടനാ അസംബ്ലി ചേര്‍ന്നപ്പോള്‍ ‘വന്ദേമാതരം’ ദേശീയ ഗാനമോ? എന്ന ചോദ്യം വീണ്ടും ഉയര്‍ന്നുവന്നു. 1947 നും 1950 നും ഇടയില്‍ നടന്ന ചര്‍ച്ചകള്‍ തീരുമാനത്തിലെത്താതെ പിരിഞ്ഞു. 1937 ലെ പ്രമേയം അപ്പോഴും വിഷയം പരിഹരിക്കാതെ, സ്വാതന്ത്ര്യത്തിന് ശേഷം സങ്കീര്‍ണമായി നിലനിന്നു.

പില്‍ക്കാലത്ത് ഇന്ത്യയുടെ ‘ദേശീയഗീതം’ ആയി ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ച മഹാകവി ടാഗോറിന്റെ ‘ജനഗണമന’ യെ അവരോധിച്ചു. 1947 ജൂലൈ 31-ന്, മധ്യപ്രദേശില്‍ നിന്നുള്ള എം.പി. എച്ച്.വി. കാമത്ത് നിയമസഭയോട് മറ്റ് ദേശസ്‌നേഹ ഗാനങ്ങള്‍ക്കൊപ്പം ‘വന്ദേമാതരം’ കൂടി ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ച കഴിഞ്ഞ്, 1947 ഓഗസ്റ്റ് 14-ന് വിധിയുമായി സന്ധിച്ച ആ ചരിത്രപ്രസിദ്ധമായ രാത്രിയില്‍, സുചേത കൃപലാനി അധികാരമേല്‍ക്കല്‍ ചടങ്ങിന്റെ ആരംഭത്തില്‍ ‘വന്ദേമാതരം’ എന്ന ഗാനത്തിന്റെ ആദ്യവരി ആലപിച്ചു, അതോടെ ‘വന്ദേമാതരം’ സ്വതന്ത്ര ഇന്ത്യയുടെ പിറവിയില്‍ ആ ഗാനത്തിന്റെ പ്രചോദനാത്മക പങ്ക് അടയാളപ്പെടുത്തി.

1947 ല്‍, തന്നെ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്വാതന്ത്ര്യത്തിന്റെ പ്രഭാതം ഉണരുന്ന വേളയില്‍ അത് റേഡിയോയില്‍ പാടാന്‍ സംഗീതജ്ഞനായ പണ്ഡിറ്റ് ഓംകാര്‍നാഥ് താക്കൂറിനെ ക്ഷണിച്ചു. അങ്ങനെ, 1947 ഓഗസ്റ്റ് 15 ന് രാവിലെ 6:30 ന് പണ്ഡിറ്റ് ഓംകാര്‍നാഥ് താക്കൂറിന്റെ ആഴമേറിയ ശബ്ദം, ആകാശവാണി പ്രക്ഷേപണം ചെയ്തതോടെ വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ചൊല്ലുന്നത് ഇന്ത്യ മുഴുവന്‍ കേള്‍ക്കാന്‍ കഴിഞ്ഞു.

‘1950 ജനുവരി 24-ന് ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പുവയ്ക്കാന്‍ ഭരണഘടനാ അസംബ്ലി യോഗം ചേര്‍ന്നപ്പോള്‍, പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് ജനഗണമനയെ ഇന്ത്യയുടെ ദേശീയഗാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ”ചരിത്രപരമായ പങ്കുവഹിച്ച ഗീതമായ വന്ദേമാതരം എന്ന ഗാനം ദേശീയ ഗാനമായ ജനഗണമനയ്ക്ക് തുല്യമായി രാജ്യത്ത് ബഹുമാനിക്കപ്പെടണം” രാഷ്ട്രപതി പറഞ്ഞു.

രണ്ട് ഗാനങ്ങളും ഉള്‍ക്കൊള്ളുന്ന ദേശസ്നേഹത്തിന്റെയും സാംസ്‌കാരിക ബഹുത്വത്തിന്റെയും ഇരട്ട പാരമ്പര്യത്തെ സമന്വയിപ്പിക്കാനുള്ള ശ്രമത്തെ പ്രതിനിധീകരിക്കുന്ന ഈ പ്രഖ്യാപനത്തിന് ഏകപക്ഷീയമായി സഭയില്‍ കരഘോഷം മുഴങ്ങി. വന്ദേമാതരത്തിന് ആദ്യമായി സംഗീതം നല്‍കിയത് രബീന്ദ്രനാഥ ടാഗോറാണെന്നും 1896-ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അത് ആദ്യമായി ആലപിച്ചത് അദ്ദേഹമാണെന്നും പറയുന്നു. അത് മുന്‍പേ ഈണം നല്‍കിയെന്ന് പറയുന്ന മറ്റ് ചില സന്ദര്‍ഭങ്ങളും വ്യക്തികളും ഉണ്ടെങ്കിലും അവ ശരി വെയ്ക്കുന്ന കൃത്യമായ രേഖകള്‍ ലഭ്യമല്ല.

ബങ്കിം ചന്ദ്രയുടെ ശതാബ്ദി പോസ്റ്റ് കാർഡും സ്റ്റാമ്പും

സ്വാതന്ത്ര്യത്തിനു ശേഷം വന്ദേമാതരം എന്ന ഗാനം ഉള്‍ക്കൊള്ളുന്ന ആദ്യത്തെ ചലച്ചിത്രം 1947-ല്‍ വി.എം. വ്യാസ് സംവിധാനം ചെയ്ത് സണ്‍റൈസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘അമര്‍ ആശ’ എന്ന ഹിന്ദി ചിത്രമായിരുന്നു. ശാന്തി കുമാറായിരുന്നു ഇതിന്റെ സംഗീത സംവിധായകന്‍. അതിന് മുന്‍പ് 1935-ല്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ ‘വന്ദേമാതരം’ എന്ന ചിത്രത്തിലാണ് ‘വന്ദേമാതരം’ എന്ന ഗാനത്തിന്റെ ആദ്യ ഉപയോഗം ഉണ്ടായത്. സുകീര്‍ത്തി സെന്‍ ഈണം പകര്‍ന്ന ഒരു കോറസ് ആയിരുന്നു അത്.

ആകാശവാണി സിഗ്‌നേച്ചര്‍ ട്യൂണിന്റെ ശില്‍പ്പിയായ വിദേശിയായ വാള്‍ട്ടര്‍ കോഫ്മാനാണ് ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യുന്ന വന്ദേമാതരം ഒരുക്കിയത് എന്ന് പറയുന്നു. പക്ഷേ അത് സ്ഥിരീകരിക്കുന്ന രേഖകളൊന്നുമില്ല. ഈണം ചിട്ടപ്പെടുത്തിയത് പണ്ഡിറ്റ് രവിശങ്കറാണെന്നു ഒരു അഭിപ്രായമുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇതേക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ല. അതിനാല്‍ ആകാശവാണിയിലെ വന്ദേമാതരത്തിന്റെ സംഗീതസംവിധായകനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ ഏറെയുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് 1997 ഓഗസ്റ്റ് 12-ന് എ ആര്‍. റഹ്‌മാന്‍ 1997-ല്‍ പുറത്തിറക്കിയ ഒരു ആല്‍ബമാണ് ‘വന്ദേമാതരം’. സോണി മ്യൂസിക് ഇന്ത്യയിലെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട നോണ്‍-ഫിലിം ആല്‍ബമാണിത്. എ.ആര്‍. റഹ്‌മാന്‍ കഴിഞ്ഞ ജനുവരി 22 ന് ഒരു ലൈവ് പരിപാടിയില്‍ തന്റെ പ്രശസ്തമായ ആല്‍ബത്തിലെ ‘വന്ദേമാതരം’ ആലപിച്ചു. തന്നെ അഭിനന്ദിച്ച പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും എആര്‍ റഹ്‌മാന്‍ ഈ ഗാനം സമര്‍പ്പിച്ചു.

അടുത്ത കാലത്തായി രാജസ്ഥാന്‍, ജമ്മു കശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. സ്‌കൂളുകളിലും മദ്രസകളിലും വന്ദേമാതരം പാടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടപ്പോള്‍ മുസ്ലീം സംഘടനകളില്‍ നിന്ന് എതിര്‍പ്പ് നേരിടേണ്ടി വന്നു. അവര്‍ തങ്ങളുടെ മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് ആവശ്യപ്പെട്ടു.

എ. ആർ. റഹ്മാൻ

രാജ്യസ്‌നേഹം സേവനത്തിലൂടെയും കാരുണ്യത്തിലൂടെയും പ്രകടിപ്പിക്കണമെന്ന് ഈ മുസ്ലീം സംഘടനകള്‍ ഊന്നിപ്പറയുന്നു, അവരുടെ വിശ്വാസത്തിന് വിരുദ്ധമെന്ന് കരുതുന്ന ആചാരങ്ങളില്‍ നിര്‍ബന്ധിതമായി പങ്കെടുക്കുക്കാന്‍ ഇതുവഴി പ്രേരിപ്പിക്കരുത് അവര്‍ പറയുന്നു

മദ്രാസ് ഹൈക്കോടതി ഉള്‍പ്പെടെയുള്ള വിവിധ കോടതികളിലെ നിയമപരമായ നിലപാട് വന്ദേമാതരം ആലപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. പക്ഷേ അത് ആലപിക്കാന്‍ ആരെയും നിര്‍ബന്ധിക്കുകയല്ല. ബിജെപിയും കോണ്‍ഗ്രസും പോലുള്ള പാര്‍ട്ടികള്‍ ഇതിനെ ദേശസ്നേഹത്തിന്റെ പ്രതീകമായി മാറിമാറി മുദ്രകുത്തുകയോ അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് പരസ്പരം ആരോപിക്കുകയോ ചെയ്യുന്നതോടെ, വന്ദേമാതരത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദങ്ങളും ഉയര്‍ന്നു.

നൂറാം വയസ്സിലെത്തിയ തീവ്രമായ നിലപാടുള്ള സംഘടന ആര്‍.എസ്.എസ് വന്ദേമാതരത്തെ എങ്ങനെ കാണുന്നു? പത്രപ്രവര്‍ത്തകനായ ദിനേഷ് നാരായണ്‍ എഴുതിയ ‘The RSS And The Making Of The Deep Nation ‘ (2020) എന്ന പുസ്തകത്തില്‍ വന്ദേമാതരത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഇങ്ങനെ പറയുന്നു:
”Although not an official policy, Sangh Parivar volunteers often insist that everyone chant ‘Vande Mataram’ and say ‘Bharat Mata ki Jai, more aggressively represented in the slogan: Bharat mein rahna hai toh Vande Mataram kahna hoga (You will have to chant Vande Mataram if you want to live in India).”page 26.

എല്ലാ നംവബര്‍ 7 നും, അക്ഷയ നവമി ദിവസം 24 പര്‍ഗാനാസിലെ ഗ്രാമമായ കാന്തള്‍ പരയാല്‍ ബങ്കിം ചന്ദ്ര 150 വര്‍ഷം മുന്‍പ് ഇരുന്ന് വന്ദേ മാതരം എഴുതിയ ആ മാമ്പഴത്തോട്ടത്തില്‍ ഒരു ചെറിയ ഗായകസംഘം ഇപ്പോഴും ഒത്തുകൂടി വന്ദേമാതരം ആലപിച്ച് ബങ്കിം ചന്ദ്രയേയും അദ്ദേഹത്തിന്റെ ദേശീയ ഗീതത്തേയും ആദരിക്കുന്നു.

ദേശീയ ഗാനമായ ജനഗണമന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഔപചാരിക മുഖമാണെങ്കില്‍, വന്ദേമാതരം അതിന്റെ വൈകാരിക ഹൃദയമാണ്. ടാഗോര്‍ മുതല്‍ എ.ആര്‍. റഹ്‌മാന്‍ വരെ വന്ദേമാതരം ആലപിച്ചു എന്നതല്ല അതിന്റെ യഥാര്‍ത്ഥ വിജയം, മറിച്ച് എല്ലാവരും അത് ഏറ്റ് പാടിയിരുന്നു എന്നതാണ്. ഇന്നും, വന്ദേമാതരം എക്കാലത്തും രാജ്യത്തിന്റെ ദേശീയ സ്വരമാണ്.

Content Summary: Vande Mataram is the national song of the country

This post was last modified on February 18, 2026 12:54 pm

അമർനാഥ്‌:
Related Post
Leave a Comment